അസംബ്ളി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വന്ന ശേഷമാണ് ഈ കുറിപ്പെഴുതുന്നത്.ഇതിനുമുമ്പ് ചില തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നിട്ടുണ്ട്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇത്തവണയും അങ്ങനെ മാറിനില്‍ക്കേണ്ടെന്ന് തീരുമാനിച്ചു.
വോട്ട് ചെയ്ത് പോളിംഗ്ബൂത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താന്‍ രാഷ്ട്രീയമായി അര്‍ത്ഥവത്തായ ഒരിടപെടല്‍ നടത്തിയിരിക്കുന്നതിന്റെ അഭിമാനം വോട്ടര്‍ക്ക് കൈവരണം.അത് ഉണ്ടാവുന്നില്ലെങ്കില്‍ അതിന്റെ പൂര്‍ണഉത്തരവാദിത്വം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്.സാമൂഹ്യസംവിധാനത്തെയും രാഷ്ട്രപുരോഗതിയെയും സംബന്ധിച്ച് വ്യത്യസ്തനിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ ബഹുജനങ്ങളുടെ സമ്മതി നേടി അധികാരത്തിലെത്തുന്ന ഏര്‍പ്പാടിന് എല്ലാ പരിമിതികള്‍ക്കിടയിലും ചില നന്മകളുണ്ടെന്ന് നാം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.ജനാധിപത്യത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടാതെ പോവുന്നത് പാര്‍ട്ടികള്‍ സംഘടനാതലത്തിലും നയപരിപാടികളുടെ തലത്തിലും ജീര്‍ണിച്ചുപോവുമ്പോഴാണ്.ജാതി,മതം,പ്രദേശം എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികളില്‍ വിഘടനത്തിനും നാശത്തിനും ഉള്ള പ്രേരണകള്‍ ജ•നാ തന്നെ ഉണ്ടാവും.നോതൃസ്ഥാനത്തെത്തുന്നവരുടെ വ്യക്തിപരമായ ഉല്‍ക്കര്‍ഷേച്ഛ,വര്‍ഗീയവികാരം,ചില മിഥ്യാഭിമാനങ്ങള്‍ തുടങ്ങിയവയാകും ആരംഭം മുതല്‍ക്കേ അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ദേശീയ തലത്തില്‍ വിശാലമായ ചില രാഷ്ട്രതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ കാര്യം അങ്ങനെയല്ല.സാമൂഹ്യപുരോഗതിയെ കുറിച്ചും ജനജീവിതത്തിന്റെ എല്ലാ തലങ്ങളുടെയും നവീകരണം സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ സ്വരൂപിക്കാനും അവയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഈ പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്.സി.പി.ഐ(എം)ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമൊക്കെ ഇങ്ങനെയുള്ള പാര്‍ട്ടികളാണ്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആരംഭം മുതല്‍ക്കേ രണ്ട് താല്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നുള്ളതാണ് ഇതില്‍ ഒന്നാമത്തേത്.ഉപരിവര്‍ഗതാല്പര്യങ്ങള്‍ക്ക് എല്ലാ തരത്തിലും സംരക്ഷണം ഉറപ്പുവരുത്തണമെന്നുള്ള നേര്‍വിപരീതമായ താല്പര്യമാണ് രണ്ടാമത്തേത്.ഇവയില്‍ ആദ്യം പറഞ്ഞത് എക്കാലത്തും അതീവ ദുര്‍ബലമായിരുന്നു.മാത്രവുമല്ല,അടിസ്ഥാനവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഉപരിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കടിഞ്ഞാണിടുക എന്നതോ അവരുടെ അമിതസമ്പത്തിന്റെ ഒരു ഭാഗമെങ്കിലും രാഷ്ട്രത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി പിടിച്ചെടുക്കുക എന്നതോ കോണ്‍ഗ്രസ്സിന്റെ നയമേ ആയിരുന്നില്ല.ആഹാരവും വസ്ത്രവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ദരിദ്രജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള അത്ഭുതകരമായ ഇച്ഛാശക്തിയും അസാധാരണമായ വ്യക്തിശുദ്ധിയും കൊണ്ട് മഹാത്മാഗാന്ധി മാതൃക കാട്ടിയിരുന്നെങ്കിലും ആ ജീവിതത്തിന്റെ സന്ദേശങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയമായി മാറിയില്ല.പകരം തങ്ങളുടെ എല്ലാ അഴിമതികളെയും വഞ്ചനകളെയും മാപ്പാക്കി വീണ്ടും വീണ്ടും തങ്ങളെ അധികാരത്തിലെത്തിക്കാനുള്ള പ്രേരണ രാജ്യത്തെ ദരിദ്രജനകോടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഏറ്റവും കരുത്തുറ്റ ബിംബമായി മാറ്റപ്പെടുകയായിരുന്നു മാഹാത്മജി.
രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികകുത്തകള്‍ക്ക് എല്ലാ തരത്തിലും പ്രോത്സാഹനവും സഹകരണവും സുരക്ഷയും നല്‍കി പകരം തിരിച്ചിങ്ങോട്ട് അവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി നിലനില്‍ക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സിന്റേത്.മുതലാളിത്ത ശക്തികളെ മാത്രമല്ല ഫ്യൂഡല്‍പ്രഭുക്കന്ന്മാരെയും എക്കാലത്തും പിന്‍തുണച്ചുപോന്നിട്ടുണ്ട് ഈ പാര്‍ട്ടി.കേരളമൊഴിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളില്‍ ഇന്നും നിലനിന്നു വരുന്ന കടുത്ത സാമ്പത്തികചൂഷണത്തിനും അസമത്വത്തിനും അജ്ഞതയ്ക്കും മുഖ്യഉത്തരവാദി കോണ്‍ഗ്രസ്സും അടിസ്ഥാനകാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രവര്‍ത്തനശൈലി തന്നെ പിന്‍പറ്റുന്ന പ്രാദേശികപ്പാര്‍ട്ടികളുമാണ്.
ജ•ിമാരുടെയും വന്‍കിട മുതലാളിമാരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നതിനിടയില്‍ സമൂഹത്തിലെ സാമ്പത്തികസന്തുലിതത്വം അപ്പാടെ തകര്‍ന്നുപോവുന്നത് തടയാനെന്ന പോലെ ചെയ്തുവരുന്ന ചില പ്രവൃത്തികളാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ജനക്ഷേമ നടപടികള്‍.അത്തരം നടപടികള്‍ക്ക് ഒരു ക്ഷേമരാഷ്ട്രനിര്‍മാണത്തിനുള്ള പ്രവര്‍ത്തനത്തിന്റെ സ്വഭാവമല്ല ഉള്ളത്.ഉപരിവര്‍ഗ താല്പര്യങ്ങള്‍ക്കുള്ള സുരക്ഷാസംവിധാനമായും അവരുടെ വികസനമോഹങ്ങള്‍ക്ക് വ്യാപരിക്കാനുള്ള പുതിയ മേച്ചില്‍പുറങ്ങളുടെ നിര്‍മിതിയുമായി അവ മാറുന്നുവെന്നതാണ് നാളിതുവരെയുള്ള അനുഭവം.ചുരുക്കം ചില സാമൂഹ്യസുരക്ഷാ നടപടികള്‍ മാത്രമാണ് അങ്ങയെല്ലാതെ നടക്കുന്നത്.അവ പക്ഷേ പാതിവഴിയില്‍ നിന്നുപോവുകയോ തകിടം മറിക്കപ്പെടുകയോ ആണ് പതിവ്.
പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ ആദ്യകാലം മുതല്‍ക്കേ ഉള്‍ച്ചേര്‍ന്നിരുന്ന ഉപരിവര്‍ഗാഭിമുഖ്യത്തിനും സാമ്പത്തികമേലാളന്മാരില്‍ നിന്ന് ഏറെക്കുറെ പരസ്യമായി തന്നെ പണം പറ്റിക്കൊണ്ടുള്ള അതിന്റെ പ്രവര്‍ത്തനശൈലിക്കും കോട്ടം തട്ടാതുള്ള നയപരിപാടികളാണ് കോണ്‍ഗ്രസ് എന്നും ആവിഷ്ക്കരിച്ചു പോന്നിട്ടുള്ളത്.രാഷ്ട്രീയം എന്നതിന് സാമ്പത്തികകുത്തകകളുടെ താല്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാത്ത വിധത്തിലും അതേ സമയം ജനസാമാന്യത്തിന്റെ നില അപ്പാടെ തകര്‍ന്നുപോവാത്ത വിധത്തിലും ഉപായത്തില്‍ സംഘര്‍ഷരഹിതമായി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിനായി അധികാരം കൈക്കലാക്കാനുള്ള വ്യവഹാരം എന്നു മാത്രമേ കോണ്‍ഗ്രസ് അര്‍ത്ഥമാക്കുന്നുള്ളൂ.പൌരന്മാരുടെ അഭിപ്രായസ്വാതന്ത്യ്രവും വളരെ അടിസ്ഥാനപരമായ അവകാകങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തി എന്നതാണ് സ്വതന്ത്രഭാരത്തിന് കോണ്‍ഗ്രസ് നല്‍കിയ ഏറ്റവും വലിയ സംഭാവന.പക്ഷേ സാമ്പത്തികശേഷിയും അധികാരകേന്ദ്രങ്ങളുമായുള്ള ബന്ധവും വ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ ജീവിതവ്യവഹാരങ്ങളിലെയും നിര്‍ണായകഘടകമായി ഇന്നും തുടരുന്നു എന്ന വസ്തുത ഈ സംഭാവനയ്ക്ക് വലിയ തോതില്‍ മൂല്യശോഷണം വരുത്തുന്നുണ്ട്.
ഗഹനമായ പഠനമോ ദാര്‍ശനികാന്വേഷണങ്ങളോ ആവശ്യമില്ലാത്തത ഒരു തരം പ്രായോഗികരാഷ്ട്രീയമാണ് കോണ്‍ഗ്രസ് ആരംഭകാലം മുതല്‍ക്കേ അതിന്റെ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചുപോന്നിട്ടുള്ളത്.അതു കാരണം പൊതുവേ കോണ്‍ഗ്രസ്സുകാര്‍ക്ക് ദര്‍ശനം,പ്രത്യയശാസ്ത്രം എന്നൊക്കെ കേട്ടാല്‍ കലി കയറും.അന്തര്‍ദ്ദേശീയ കാര്യങ്ങളെ കുറിച്ചുള്ള കമ്യൂണിസ്റുകാരുടെ വിശദീകരണങ്ങളെ അനാവശ്യംപറച്ചിലായിട്ടേ അവര്‍ക്ക് മനസ്സിലാക്കാനാവൂ.ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായിരുന്ന ആളും ആദ്യത്തെ ഉര്‍ദുപുരോഗമനസാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടകനുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ വാപൊളിക്കും.സംസ്ഥാനത്തിനകത്തെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒന്നായിട്ടും ആവശ്യമായ സാമ്പത്തികസമാഹരണത്തിന്റെ കാര്യത്തില്‍ എല്ലാ അനുകൂലഘടകങ്ങളുമുണ്ടായിട്ടും ഇത്രയും കാലമായിട്ടും ഒരു രാഷ്ട്രീയ വാരികയോ സാഹിത്യവാരികയോ നടത്തിക്കൊണ്ടുപോവാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.അത്രയും പരിതാപകരമാണ് രാഷ്ട്രീയദര്‍ശനത്തിലും സാഹിത്യാന്വേഷണങ്ങളിലുമൊക്കെയുള്ള കോണ്‍ഗ്രസ്സുകാരുടെ താല്പര്യം.ഈ രംഗങ്ങളിലൊക്കെ എന്തെങ്കിലുമൊന്നു തുടങ്ങിവെക്കുമ്പോള്‍ത്തന്നെ അധികാരമോഹികളും ഉപജാപതല്‍പരരും താന്‍പ്രമാണിത്തക്കാരുമൊക്കെ വന്നുകയറി അതിന്റെ കഥ കഴിച്ച അനുഭവമാണ് കോണ്‍ഗ്രസ്സിനുള്ളത്.
രാജ്യത്ത് ഇത്രയും കാലം പാര്‍ലിമെന്ററി ജനാധിപത്യം നിലനിര്‍ത്തിയതിലും ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവും താല്പര്യവും നഷ്ടപ്പെടാതെ സൂക്ഷിച്ചതിലും ഏറ്റവും വലിയ പങ്ക് വഹിച്ച പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്.പക്ഷേ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമെന്നത് കോണ്‍ഗ്രസ്സിനും അന്യമാണ്.സോണിയാഗാന്ധിയെയോ രാഹുല്‍ഗാന്ധിയെയോ വിമര്‍ശിക്കുക,കുത്തകമുതലാളിത്തവുമായുള്ള പാര്‍ട്ടിയുടെ ചങ്ങാത്തത്തിന് എതിര്‍ നില്‍ക്കുക,പാര്‍ട്ടി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ സമരത്തിനു പുറപ്പെടുക,അധികാരത്തിലെത്തുന്നതിനു വേണ്ടി ഓരോ കാലത്തും ജാതിമതശക്തികളെ പ്രീണിപ്പിക്കുന്നതിനായി പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ അപ്പപ്പോള്‍ വിമര്‍ശിക്കുക ഇതൊന്നും കോണ്‍ഗ്രസ്സിനകത്ത് സാധ്യമല്ല.ഒന്നും കാണുന്നില്ല,കേള്‍ക്കുന്നില്ല എന്ന് ഭാവിച്ചും ഒന്നും തുറന്നുപറയാതെയും ഇരിക്കാന്‍ തയ്യാറാണെങ്കില്‍ തന്റെ വ്യക്തിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് കോണ്‍ഗ്രസ്സിനകത്തും കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റിനകത്തും ഉന്നതസ്ഥാനത്തെത്തിച്ചേരാം.പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും ഏ.കെ.ആന്റണിയുമെല്ലാം കോണ്‍ഗ്രസ്സിലെ അത്തരം 'ആദര്‍ശശാലികളാ'ണ്.അവരുടെ ആദര്‍ശവും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയവും സഞ്ചരിക്കുന്നത് വിപരീതദിശയിലാണെന്നു മാത്രം.അത് കോണ്‍ഗ്രസ്സിനെയോ അവരെയോ അലോസരപ്പെടുത്താറില്ല.കാരണം ഇങ്ങനെയൊരു വൈരുധ്യത്തിനുള്ള സാധ്യത ഇരുകൂട്ടര്‍ക്കും ആവശ്യമാണ്.
കോണ്‍ഗ്രസ്സിന്റേതിന് നേര്‍വിപരീതമായ രാഷ്ട്രീയദര്‍ശനവും നയപരിപാടികളുമൊക്കെയുള്ള പാര്‍ട്ടിയാണ് സി.പി.ഐ(എം).അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ക്കുള്ള ലക്ഷക്കണക്കായ സാധാരണപ്രവര്‍ത്തകര്‍ തൊട്ട് ദേശീയനേതാക്കള്‍ വരെയുള്ളവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെയും പാരമ്പര്യം അവകാശപ്പെടാനുള്ള പാര്‍ട്ടിയാണത്.കര്‍ഷകത്തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന വെള്ളക്കോളര്‍ ജീവനക്കാര്‍ വരെയുള്ളവരെ തൊഴിലാളികള്‍ എന്ന നിലയില്‍ തന്നെ സംഘടിപ്പിച്ച് നിലനിര്‍ത്തിപ്പോരുന്നുണ്ട് പാര്‍ട്ടി.പാര്‍ട്ടിയുടെ ബഹുജന അടിത്തറ എന്നു പറയുന്നത് ഇപ്പോഴും വലിയൊരളവോളം സാധാരണ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരും തന്നെയാണ്.മധ്യവര്‍ഗത്തില്‍ പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും വിപുലമായ പിന്‍തുണയും പാര്‍ട്ടിക്കുണ്ട്.ഇപ്പറഞ്ഞവയെല്ലാം രാജ്യത്തിന്റെ ഏതാനും മൂലകളിലായി ഒതുങ്ങുന്നു എന്നുമാത്രം.
ഇന്ത്യയെപ്പോലെ ഇത്രയുമേറെ സാംസ്കാരികവും സാമൂഹ്യഘടനാപരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന വിശാലമായ ഒരു രാജ്യത്തെ ജനജീവിതത്തില്‍ ശക്തമായ ഇടപെടലുകള്‍ സാധിച്ച് മുന്നേറാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കമ്യൂണിസ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നത് തര്‍ക്കത്തിന് ഇടമില്ലാത്ത വസ്തുതയാണ്.കോണ്‍ഗ്രസ്സിനെ പോലെ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അണുപോലും ചോദ്യം ചെയ്യാതെയും ഇന്ത്യയിലെ ഗ്രാമീണസമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തികളെയും മുതലാളിത്ത ശക്തികളെയും പ്രീണിപ്പിച്ചുകൊണ്ടും ഉള്ള പ്രവര്‍ത്തനശൈലി സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വീകാര്യമാവില്ല.പകരം എന്ത് എന്ന ചോദ്യത്തിന് പാര്‍ട്ടി കണ്ടെത്തിയ ഉത്തരമാകട്ടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും സ്പര്‍ശിച്ചുമില്ല.
അന്തര്‍ദ്ദേശീയതലത്തില്‍ സംഭവിക്കുന്ന വമ്പിച്ച രാഷ്ട്രീയസാമ്പത്തിക മാറ്റങ്ങളെ അതാത് സമയത്ത് വിശകലനം ചെയ്യാനും മനസ്സിലാക്കാനുമുള്ള രാഷ്ട്രീയധീരതയും സത്യസന്ധതയും കാണിച്ചില്ല എന്നതാണ് പാര്‍ട്ടിക്ക് സംഭവിച്ച മറ്റൊരു വലിയ പിഴവ്.സോവിയറ്റ് യൂനിയനില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഞങ്ങളുടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ട് മറുപടി പറയാം എന്ന് ഉത്തരം നല്‍കിയ മൌഢ്യത്തിന് ചരിത്രം മാപ്പ് കൊടുക്കില്ല.അത്തരം മൌഢ്യങ്ങളും സാമൂഹ്യപരിണാമത്തിന്റെ മൂര്‍ത്തമായ അനുഭവങ്ങളുമായി പൊരുത്തപ്പെടാത്ത പ്രത്യയശാസ്ത്രനാട്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ടാക്കിയ വിശ്വാസത്തകര്‍ച്ചയും ദാര്‍ശനികലഘുത്വവുമൊക്കെയാണ് എ.പി.അബ്ദുള്ളക്കുട്ടിയും സിന്ധുജോയിയുമെല്ലാം പാര്‍ട്ടിലേബലണിഞ്ഞ ജനപ്രിയനേതാക്കളായി വളരുന്ന അവസ്ഥ സൃഷ്ടിച്ചത്.അവരുടെ ഗണത്തില്‍ പെടുന്ന എത്രയെത്ര നേതാക്കള്‍ ഇനിയും പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് അക്കൂട്ടര്‍ ഓരോരുത്തരായി പുറത്തുപോവുന്ന ഘട്ടം വരെ പാര്‍ട്ടിക്ക് മനസ്സിലാവുമെന്നു തോന്നില്ല.
രാഷ്ട്രീയദര്‍ശനത്തിന്റെ തലത്തില്‍ ജാഗ്രത പുലര്‍ത്താനും സ്വയം നവീകരിച്ചുകൊണ്ടേയിരിക്കാനുമുള്ള സന്നദ്ധതയില്ലായ്കയാണ് പ്രഖ്യാപിതനയങ്ങള്‍ക്കെതിരായ പല തരം ഇടപാടുകളിലേക്കും സാമ്പത്തികബന്ധങ്ങളിലേക്കും പാര്‍ട്ടിയെ നയിച്ചത്.ഇക്കാര്യത്തില്‍ അളവിലും തരത്തിലുമുള്ള വ്യത്യാസങ്ങളൊഴിച്ചാല്‍ കോണ്‍ഗ്രസ്സുമായി വലിയ അകലമില്ല സി.പി.ഐ(എം)ന്.അതിന്റെയൊക്കെ ഫലമായി രൂപപ്പെട്ടു കഴിഞ്ഞ കടുത്ത സന്ദിഗ്ധതയില്‍നിന്നും പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ ഇനി പാര്‍ട്ടിക്ക് കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.
പ്രായോഗികതയെ മാനദണ്ഡമാക്കിയാണ് പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്നത്.പ്രഖ്യാപിത നയങ്ങളും അവയുടെ പ്രയോഗവും തമ്മിലുള്ള അകലം ഇങ്ങനെ വര്‍ധിച്ചുകൊണ്ടേയിരുന്നാല്‍ രാഷ്ട്രീയദര്‍ശനം, പ്രത്യയശാസ്ത്രം എന്നൊക്കെ പറയുന്നത് കോണ്‍ഗ്രസ്സുകാര്‍ക്കെന്ന പോലെ മാര്‍ക്സിസ്റുകാര്‍ക്കും അലര്‍ജിയായിത്തീരും.ഇപ്പോള്‍ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വസ്തുത.പ്രായോഗികതയെ മുഖ്യആധാരമാക്കി സ്വീകരിക്കുകയാണെങ്കില്‍ പ്രത്യയശാസ്ത്ര തലത്തിലുള്ള എല്ലാ അന്വേഷണങ്ങളെയും അവജ്ഞയോടെ തള്ളിക്കളയാനും അഴിമതിയെ പോലും ന്യായീകരിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയും. "രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരുപാട് പണം വേണം.അഴിമതിയില്ലാതെ പണം സ്വരൂപിക്കാനാവില്ല.അഴിമതി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പര്യായമാണിന്ന്.മഹാത്മാഗാന്ധി ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അദ്ദേഹവും അഴിമതിക്കാരനായിരിക്കും'' എന്നൊക്കെ കര്‍ണാടകത്തിലെ ജനതാദള്‍(സെക്കുലര്‍) നേതാവ് കുമാരസ്വാമി പറഞ്ഞുകളഞ്ഞത് ഈയടുത്ത ദിവസമാണ്. കോണ്‍ഗ്രസ്സും സി.പി.ഐ(എം)ഉം ഇങ്ങനെ പരസ്യമായി പ്രസ്താവിച്ചിട്ടൊന്നുമില്ല.പക്ഷേ,എല്ലാ പാര്‍ട്ടികള്‍ക്കും പാര്‍ട്ടികളെ നിരീക്ഷിക്കുന്ന ജനങ്ങള്‍ക്കും കുമാരസ്വാമി പറഞ്ഞത് വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമകാലിക പ്രവര്‍ത്തനശൈലിയെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം സത്യമാണെന്ന് വ്യക്തമായി അറിയാം.പ്രായോഗികതയുടെ ഭീഷണവും ബീഭത്സവുമായ യുക്തിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ്സില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.കമ്യൂണിസ്റ്കാരില്‍ നിന്നുകൂടിയും അത് പ്രതീക്ഷിക്കുക സാധ്യമല്ലെങ്കില്‍ ജനങ്ങള്‍ പിന്നെ ആരുടെ നേര്‍ക്കാണ് ഉറ്റുനോക്കുക?
അസംബ്ളി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെത്തിയതിനു ശേഷമുണ്ടായ ആത്മനിന്ദയെ പറ്റി സൂചിപ്പിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിച്ചത്.തങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇല്ലെന്നു വന്നാല്‍ ജനങ്ങളുടെ സ്വാഭാവിക പ്രതികരണം എന്തായിരിക്കും? രണ്ടോ മുന്നോ തിരഞ്ഞെടുപ്പുകളില്‍ ആ അനുഭവം ആവര്‍ത്തിച്ചു കഴിഞ്ഞാല്‍ അവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചേക്കും.ആ ഒരു സാധ്യത യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന അവസ്ഥ വിഭാവനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം അന്തരിച്ച നോബല്‍ സമ്മാനജേതാവായ പോര്‍ത്തുഗീസ് നോവലിസ്റ് ഷൂസെ സരമാഗോ എഴുതിയ നോവലാണ് കാണല്‍ (SEEING).ലോകമെങ്ങുമുള്ള നോവല്‍വായനക്കാരെ ത്രസിപ്പിച്ച 'അന്ധത' എന്ന നോവലിന്റെ രചനയ്ക്കു ശേഷം പത്തുവര്‍ഷം കഴിഞ്ഞ് 2004ല്‍ ആണ് സരമാഗോ 'കാണല്‍' എഴുതിയത്. ഒരു രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ (നോവലില്‍ രാജ്യത്തിന്റെയോ നഗരത്തിന്റെയോ പേര് പറയുന്നില്ല)നടക്കുന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടര്‍മാരും ബാലറ്റ് പേപ്പര്‍ വോട്ട് രേഖപ്പെടുത്താതെ പെട്ടിയിലിടുന്നു.ഗവണ്മെന്റിനെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും അമ്പരപ്പിച്ച ഈ സംഭവത്തിനു ശേഷം കടുത്ത മുന്നറിയിപ്പുകളും വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നു.ഇത്തവണ 83 ശതമാനം വോട്ടര്‍മാരാണ് ഒഴിഞ്ഞ ബാലറ്റ് പേപ്പര്‍ പെട്ടിയിലിടുന്നത്.സമ്മതിദാനാവകാശം രേഖപ്പെടുത്താതെ രാജ്യദ്രോഹകുറ്റം ചെയ്ത വോട്ടര്‍മാരെ ശിക്ഷിക്കാന്‍ ഗവണ്മെന്റും ഗവണ്മെന്റിനെ പിന്തുണക്കാന്‍ മാധ്യമങ്ങളും രംഗത്തിറങ്ങുന്നു.തലസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു.ഉപരോധമേര്‍പ്പെടുത്തുന്നു.അഗ്നിശമനസേനക്കാരൊഴിച്ചുള്ള സകലരും അവിടം വിട്ടുപോകുന്നു.നഗരം മുദ്രവെക്കപ്പെടുന്നു.സരമാഗോവിന്റെ നോവലിലെ ഇതിവൃത്തം ഇങ്ങനെയാണ് മുന്നോട്ട് പോവുന്നത്.ജനാധിപത്യം ഒരു ഘട്ടം കഴിയുമ്പോള്‍ ജനങ്ങള്‍ക്കു തന്നെ ഭാരവും ഭീഷണിയുമായിത്തീരുന്നതിന്റെ ഈ ദൃഷ്ടാന്തകഥ ഒട്ടും ദുര്‍ഗ്രഹമാവാതെ നേരിട്ട് ഉള്ളില്‍ തറച്ചുകയറുന്ന അവസ്ഥയിലാണ് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മുടെ നാട്ടിലെ കൂടുതല്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ്ബൂത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്.വിവിധ രാഷ്ട്രീയ കക്ഷികളിലെ ചെറുതും വലുതുമായ നേതൃസ്ഥാനങ്ങളില്‍ ആത്മവിശ്വാസത്തോടെ അമര്‍ന്നിരിക്കുന്ന ആളുകള്‍ ഇക്കാര്യം അറിയുന്നേ ഉണ്ടാവില്ല.സമ്മതിദായകരുടെ മനോവികാരങ്ങള്‍ അവരുടെ കാഴ്ചയുടെ പരിധിയില്‍ വരികയേയില്ല.അധികാരവും അതുമായി ബന്ധപ്പെട്ട ഉപജാപങ്ങളും സാമ്പത്തികവ്യവഹാരങ്ങളും മാത്രമേ അവരുടെ അകക്കണ്ണിലും പുറംകണ്ണിലും തെളിയുകയുള്ളൂ.
ജനശക്തി (2011 ഏപ്രില്‍ 23-29)
No comments:
Post a Comment