Pages

Friday, April 29, 2011

എന്‍ഡോസള്‍ഫാനിലെ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ തന്നെ നിരോധിച്ചിരിക്കുന്നു എന്ന വാര്‍ത്ത ലോകത്തെങ്ങുമുള്ള പരിസ്ഥിതിപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും അത്യധികം ആഹ്ളാദിപ്പിക്കുന്ന ഒന്നാണ്.കാസര്‍ഗോഡ് പ്രദേശത്ത് ഒന്നരദശകത്തോളമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം പ്രത്യേകമായും വളരെ അഭിമാനകരമാണ്.അവര്‍ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയ ഒരു സമരത്തിന്റെ വികാരം പങ്കുവെക്കാന്‍ അനേകം ലോകരാഷ്ടങ്ങള്‍ ഉണ്ടായി എന്നതും സ്റോക്ഹോം കണ്‍വന്‍ഷനില്‍ അനുകൂലതീരുമാനം കൈക്കൊള്ളുന്നിടത്തോളം അത് ചെന്നെത്തി എന്നതും സമാനതകളില്ലാത്ത നേട്ടം തന്നെയാണ്.ഈ പ്രശ്നത്തിലേക്ക് ഒരു പത്രറിപ്പോര്‍ട്ടിലൂടെ ആദ്യം ജനശ്രദ്ധ ക്ഷണിച്ച ശ്രീ പെഡ്രെ,എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതില്‍ തികച്ചും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയ ഡോ.മോഹന്‍കുമാര്‍,എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി നിയമയുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട ലീലാകുമാരിയമ്മ,അരജീവിതം എന്ന പ്രശസ്തമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഡോക്യുമെന്ററിയുടെ സംവിധായകനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എഴുത്തുകാരനുമായ എം.എ.റഹ്മാന്‍,പുഞ്ചിരിക്ളബ്ബിന്റെ പ്രവര്‍ത്തകര്‍,ഫോട്ടോഗ്രാഫര്‍ മധുരാജ്,നോവലിസ്റ് അംബികാസുതന്‍ മാങ്ങാട്,ചിത്രകാരന്‍ ഭാഗ്യനാഥന്‍ എന്നിങ്ങനെയുള്ള അനേകം പേരുടെ ദീര്‍ഘകാലപരിശ്രമവും ആ പരിശ്രമങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും മലയാളത്തിലെ പത്രദൃശ്യമാധ്യമങ്ങള്‍ നല്‍കിയ പിന്തുണയുമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി പദത്തില്‍ എത്തിയതിനുശേഷവും സ:വി.എസ്.അച്യുതാനന്ദന്‍ കൈക്കൊണ്ട നടപടികള്‍ തീര്‍ച്ചയായും ഈ സമരത്തിന് അത്യധികം ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.കേരളത്തിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും യുവജനസംഘടനകളുമെല്ലാം വൈകിയാണെങ്കിലും ഈ സമരത്തോട് ഐക്യപ്പെടുകയും അങ്ങനെ എന്‍ഡോസള്‍ഫാന്‍ നിരോധനം കേരളത്തിന്റെ ഒരു പൊതു ആവശ്യവും വികാരവുമായിത്തീരുകയും ചെയ്തു.ഒടുവില്‍ ഈ സമരം വിജയത്തിന്റെ ആദ്യപടി പിന്നിട്ടിരിക്കുന്നു എന്ന വാര്‍ത്ത ഉയര്‍ത്തിയ ആഹ്ളാദവും ആവേശവും കേരളജനത മൊത്തത്തില്‍ പങ്കിടുകയാണ്.
ഈ സന്ദര്‍ഭത്തില്‍ രണ്ടു കാര്യങ്ങള്‍ നാം പ്രത്യേകമായി ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.ഒന്ന് ,എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെടുന്നതും മറ്റൊന്ന് ഈ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയവുമായി ബന്ധപ്പെടുന്നതും ആണ്. എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമായി നടപ്പാക്കുന്നത്തിന് ഇന്ത്യാഗവണ്മെന്റ് പതിനൊന്നു വര്‍ഷത്തെ കാലയിളവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്റോക്ഹോം കണ്‍വന്‍ഷന്‍ അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു.പതിനൊന്നു വര്‍ഷം രാജ്യത്തിന്റെ പലഭാഗങ്ങളിലും പരസ്യമായും മറ്റ് സ്ഥലങ്ങളില്‍ രഹസ്യമായും ഈ കീടനാശിനി ഉപയോഗിക്കപ്പെടും എന്നര്‍ത്ഥം.ഇന്ത്യാ ഗവണ്‍മെന്റ് ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നയം തികച്ചും ജനവിരുദ്ധവും വഞ്ചനാപരവുമാണെന്നതില്‍ ഒരു സംശയത്തിനും ഇടയില്ല.കാസര്‍ഗോഡുകാര്‍ നടത്തിയ ജനകീയസമരം കുറേക്കൂടി വിപുലമായും ശക്തമായും ഇനിയും വര്‍ഷങ്ങളോളം തുടരേണ്ടി വരും.ആ സമരം വളരെ വേഗം വിജയം കാണുന്നില്ലെങ്കില്‍ ഈ മഹാരാജ്യത്തിന്റെ അനേകം കോണുകളില്‍ തലമുറകള്‍ തന്നെ ഈ മാരകകീടനാശിനിയില്‍ നിന്ന് ദുരന്തങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വരും..കേന്ദ്രഗവണ്മെന്റ് കൈക്കൊള്ളുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാടിന്റെ ഫലമാണിത്.ഇന്ത്യാഗവണ്‍മെന്റ് ആകാശത്ത് പൊട്ടിമുളച്ച ഒരത്ഭുതമല്ല.കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന മുന്നണിയാണ് കേന്ദ്രം ഭരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ് എന്നതാണ് അതിന്റെ അര്‍ത്ഥം.കാസര്‍ഗോഡ് പ്രദേശത്ത് ഇരകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇക്കാര്യം ഊന്നിപ്പറയാന്‍ ബാധ്യസ്ഥരല്ല.അവരുടെ മുഖ്യപരിഗണന അതല്ല.പക്ഷേ,ഈ പ്രശ്നത്തിന്റെ മറ്റ് മാനങ്ങളെ കുറിച്ച് അറിയുന്നവരും അന്വേഷിക്കുന്നവരും തീര്‍ച്ചയായും അത് തുറന്നു പറയണം.ഒരു ശരദ്പവാറോ ഒരു ജയറാം രമേഷോ മാത്രം കുറ്റക്കാരായി പരിഗണിക്കപ്പെടേണ്ട വിഷയമല്ല ഇത്.എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദം ഭരിക്കുന്ന ഗവണ്‍മെന്റിന്റെ രാഷ്ട്രീയമാണ് യഥാര്‍ത്ഥ കുറ്റവാളി.കീടനാശിനി ലോബി ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുഴുവന്‍ നിയന്ത്രിക്കുന്ന കുത്തകകളോട് വിനീതവിധേയത്വം പുലര്‍ത്തുന്നതാണ് ആ രാഷ്ട്രീയം.ഈ വസ്തുത തുറന്നു പറയാത്ത ഒരാളുടെയും രാഷ്ട്രീയം സത്യസന്ധമല്ല.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം ആദ്യമായി ബഹുജനശ്രദ്ധയില്‍ കൊണ്ടു വന്നത് കാസര്‍ഗോഡ് പ്രദേശത്തെ ഏതാനും മനുഷ്യസ്നേഹികളാണ്,അവിടത്തെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമല്ല എന്ന് എല്ലാവര്‍ക്കും അറിയാം.അവസാന ഘട്ടമായപ്പോള്‍ എല്ലാ കക്ഷികളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധനിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായത് തീര്‍ച്ചയായും വളരെ ഗുണകരമായിത്തീര്‍ന്നു എന്നത് വസ്തുതയായിരിക്കെത്തന്നെ ആരംഭത്തിലെ അവഗണന വാസ്തവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നം ഏറ്റെടുക്കാന്‍ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല എതിര്‍ക്കുക കൂടി ചെയ്യുന്ന തരത്തിലാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോലും പ്രാദേശിക നേതൃത്വത്തിലുള്ള പലരും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് സംഭവങ്ങള്‍ കൃത്യമായി വിവരിച്ച് എം.എ.റഹ്മാന്‍ നേരത്തേ എഴുതുകയുണ്ടായി.വി.എസ്.അച്യുതാനന്ദന്റെ ഇടപെടല്‍ മിക്കവാറും പാര്‍ട്ടിയുടേതെന്നതിനേക്കാള്‍ വ്യക്തിയുടേതായിരുന്നു.കാര്യങ്ങള്‍ ഇത്തരത്തില്‍ ആവുന്നത് എന്തുകൊണ്ടാണ്?എല്ലാവര്‍ക്കും ബോധ്യമാവുന്നതും അനേകായിരങ്ങളെ ബാധിക്കുന്നതുമായ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍,കമ്യൂണിസ്റ് പാര്‍ട്ടികള്‍ പോലും വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ്?പാര്‍ട്ടികളുടെ സ്ഥാനം സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കുന്ന അവസ്ഥ എന്താണ് സൂചിപ്പിക്കുന്നത്?ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് നില കൊള്ളുന്നത്?

No comments:

Post a Comment