നമ്മുടെ സാഹിത്യനിരൂപണത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? കാര്യമായ ഒരു മുന്നേറ്റവും സാധ്യമാവാതെ അത് തട്ടിത്തടഞ്ഞു നില്‍ക്കുന്നത് എവിടെയൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയുന്നതില്‍ എഴുത്തുകാരും നിരൂപകരും വായനക്കാരുമെല്ലാം ഉദാസീനരായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ വിഷയത്തെ കുറിച്ചുള്ള വിശദമായ ഒരന്വേഷണത്തിനു പറ്റിയ ഇടമല്ല ഇത്.എന്റെ നിരീക്ഷണത്തില്‍ വന്നിട്ടുള്ള ഏതാനും കാര്യങ്ങള്‍ മാത്രം ഏറ്റവും സംഗ്രഹീതമായി അവതരിപ്പിക്കുകയേ ഈ ചെറു ലേഖനം കൊണ്ട് ലക്ഷ്യമാക്കുന്നുള്ളൂ.
1 മലയാളത്തിലെ സാഹിത്യനിരൂപകര്‍ ഇപ്പോഴും ഏറ്റവും പുതിയ മാതൃകകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വേണ്ടി സദാസമയവും യൂറോപ്പിലും അമേരിക്കയിലും കണ്ണും നട്ടിരിക്കുന്നവരാണ്. ഇത് തികച്ചും അരുതാത്ത സംഗതിയൊന്നുമല്ല.കേസരിബാലകൃഷ്ണപിള്ളയുടെ കാലം മുതല്‍ക്കെങ്കിലും പുറത്തേക്ക് നോക്കലാണ് വളരാനുള്ള ഒരു വഴി എന്ന് നാം ശരിയായിത്തന്നെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.നമുക്ക് എക്കാലത്തേക്കും പ്രയോജനപ്പെടുന്ന നിരൂപണസിദ്ധാന്തങ്ങളും വിശകലനരീതികളും മറ്റും സംസ്കൃതത്തിലെ കാവ്യശാസ്ത്രത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കാമെന്നോ പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ പുനര്‍നിര്‍മിച്ചും പൊലിപ്പിച്ചെടുത്തും പുതിയ ജീവിതപ്രതിസന്ധികളെ സാര്‍ത്ഥകമായി വ്യാഖ്യാനിക്കാമെന്നോ കരുതുന്നതിലെ അയുക്തികതയും മൌഢ്യവും ഇന്നിപ്പോള്‍ ആരെയും പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല.പക്ഷേ,പാശ്ചാത്യരാജ്യങ്ങളില സാഹിത്യസൈദ്ധാന്തികരുടെ ദര്‍ശനങ്ങളോ അപഗ്രഥന സങ്കേതങ്ങളോ അതേപടി സ്വീകരിച്ച് മലയാളത്തിലെ സമകാലികസാഹിത്യത്തിന്റെ പഠനവും മൂല്യനിര്‍ണയനവും നടത്തിക്കളയാമെന്ന് കരുതുന്നതില്‍ അടങ്ങിയിരിക്കുന്ന അബദ്ധവും അസംബന്ധവും പലരും തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.കേരളീയജീവിതത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഒരു സാഹിത്യകൃതി ഈ ആഗോളീകരണകാലത്തുപോലും കേരളീയമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള ശ്രദ്ധയും സാവകാശവും നമ്മുടെ നിരൂപകരുടെ ഭാഗത്തു നിന്ന് ഉണ്ടാവാതിരിക്കുന്നത് സാഹിത്യത്തിന് മൊത്തത്തില്‍ വലിയ നഷ്ടം വരുത്തും.അപനിര്‍മാണത്തെയോ കോളനിയാനന്തരസാഹിത്യസിദ്ധാന്തങ്ങളെയോ അതും കഴിഞ്ഞ് വന്നുകൊണ്ടിരിക്കുന്ന ആള്‍ട്ടര്‍മോഡേണിസം തുടങ്ങിയ പരികല്പനകളെയോ പൂര്‍ണമായി ആശ്രയിച്ച് നിര്‍വഹിക്കുന്ന ഏത് സാഹിത്യവിശകലനത്തിലും നമ്മുടെ സാഹിത്യം ഉന്നയിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥജീവിത പ്രശ്നങ്ങള്‍ അലേയമായി നില്‍ക്കും.മലയാളത്തിലെ ഏത് പുതിയ സാഹിത്യരചനകളുടെയും അന്തര്‍ലോകങ്ങളിലേക്കുള്ള ശരിയായ വഴി മലയാളിയുടെ സമകാലികജീവിതം അഭിമുഖീകരിക്കുന്ന ഭൌതികവും ദാര്‍ശനികവുമായ പ്രശ്നങ്ങളെ കുറിച്ചുള്ള സമഗ്രാവബോധമാണ്.അത്തരത്തിലുള്ള ഒരു ബോധത്തിന്റെ രൂപീകരണം തീര്‍ച്ചയായും കേരളത്തെ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സര്‍വതന്ത്രസ്വതന്ത്രമായ ഒരിടമെന്ന നിലയില്‍ സങ്കല്പിച്ചുകൊണ്ട് സാധ്യമല്ല.അതേ സമയം സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടതും മലയാളിയുടെ ജീവിതത്തെയും പ്രകൃതത്തെയും സ്വഭാവത്തെയും നിര്‍ണയിക്കുന്നതുമായ അടിസ്ഥാനഘടകങ്ങളെ അവഗണിച്ചുകൊണ്ട് രപപ്പെടുത്തുന്ന ഏത് ധാരണയും സമഗ്രമായിരിക്കില്ലെന്നു മാത്രമല്ല വലിയൊരളവോളം അബദ്ധമായിരിക്കുകയും ചെയ്യും.മലയാളത്തിലെ സാഹിത്യപഠനത്തിനുമേല്‍ യൂറോപ്യന്‍/അമേരിക്കന്‍ സാഹിത്യസിദ്ധാന്തങ്ങള്‍ക്കും വിശകലനപദ്ധതികള്‍ക്കും മേല്‍ക്കൈ ലഭിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്.
കൃതി പ്രത്യക്ഷതലത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും നേര്‍വിപരീതമായ ചിലത് കൃതിയുടെ ആന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി അവയെ വിശദീകരിക്കലാണ് സാമാന്യമായി പറഞ്ഞാല്‍ സമകാലിക പാശ്ചാത്യനിരൂപണത്തില്‍ ഘടനാവാദത്തിന്റെ കാലം മുതല്‍ ഇങ്ങോട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്.സൂചകത്തിനടിയിലെ സൂചിതത്തെ വെളിപ്പെടുത്തുകയോ സൂചിതം അനന്തമായി വഴുതിമാറുകയാണെന്ന് സ്ഥാപിക്കുകയോ സൂചകത്തിന്റെ വിന്യാസത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ഭാവുകത്വപ്രശ്നങ്ങളും രാഷ്ട്രീയപ്രശ്നങ്ങളുമൊക്കെ വിശദമാക്കുയോ ചെയ്യുന്നത് സാഹിത്യപഠനത്തിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്ന പ്രവൃത്തികള്‍ തന്നെയാണ്.പക്ഷേ,ലോകത്തില്‍ എല്ലായിടത്തും ഒരേ ജീവിതമാണെന്നോ എല്ലാ ജനതകളുടെയും ഭൌതികവും ആത്മീയവുമായ സമസ്യകളും ആവശ്യങ്ങളും ഒന്നാണെന്നോ ഉള്ള ധാരണയില്‍ നിന്ന് ആരംഭിക്കുന്ന നിരൂപണം വ്യത്യസ്തഭാഷാസാഹിത്യങ്ങളെ വ്യത്യസ്തമായി തന്നെ നിലനിര്‍ത്തുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളെ സ്പര്‍ശിക്കുകയയേയില്ല.ഇംഗ്ളീഷിലൂടെ പരിഭാഷയായി വന്നുചേരുന്ന അനേകം വൈദേശികഭാഷാസാഹിത്യങ്ങളുടെ പ്രളയത്തിനു നടുവിലാണ് മലയാളിയുടെ പുതിയ സാഹിത്യഭാവുകത്വം നിലകൊള്ളുന്നത്.സ്വാഭാവികമായും ഇത് മലയാളസാഹിത്യത്തിന്റെ പല പരിമിതികളിലേക്കും വായനക്കാരുടെ കണ്ണ് തുറപ്പിക്കും.ഇംഗ്ളീഷ് പരിഭാഷകളായി വന്നുചേരുന്ന അന്യഭാഷാസാഹിത്യങ്ങളെ മുഴുവന്‍ ഏറെക്കുറെ ഒറ്റ സാഹിത്യമെന്ന നിലയില്‍ പരിഗണിച്ച് നമ്മുടെ സാഹിത്യത്തിന്റെ ചെറുപ്പത്തെക്കുറിച്ച് തെറ്റായ അനുപാതത്തിലുള്ള ധാരണയില്‍ വായനക്കാര്‍ അബോധമായി എത്തിച്ചേര്‍ന്നേക്കും എന്ന അപകടസാധ്യതയും ഇതോടൊപ്പമുണ്ട്.ഇതരവ്യവഹാരങ്ങളിലെന്ന പോലെ സാഹിത്യത്തിലും തങ്ങള്‍ക്ക് അനുകൂലമായ അഭിരുചികള്‍ക്കും മൂല്യസങ്കല്പങ്ങള്‍ക്കും സാര്‍വലൌകികമായ അംഗീകാരവും ആധിപത്യവും കൈവരുത്തുന്നതില്‍ അങ്ങേയറ്റം ജാഗരൂകമാണ് ആഗോളീകരണത്തെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്ന ബഹുരാഷ്ട്രമുതലാളിത്തം.അതിന്റെ സമഗ്രാധിപത്യശ്രമങ്ങളില്‍ നിന്നും എല്ലാ സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും നേരെ പുതിയ ലോകസാഹചര്യത്തില്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നുവരുന്ന സംഹാരാത്മകശക്തികളില്‍ നിന്നും നമ്മുടെ സാഹിത്യഭാവുകത്വത്തെ രക്ഷിക്കാന്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധവും ജാഗ്രതയും ഉള്ള പുതിയൊരു നിരൂപണം മലയാളത്തില്‍ ഉണ്ടായിവരേണ്ടതുണ്ട്. അത്തരമൊരു നിരൂപണത്തിന്റെ അഭാവത്തിലാണ് മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നോവലുകളിലും കഥകളിലും കവിതകളിലും ഏറ്റവും ശ്രദ്ധേയമായവ പോലും പഠിക്കപ്പെടാതെ പോവുന്നത്.നമ്മുടെ സമകാലികസാഹിത്യകൃതികള്‍ക്ക് സാമൂഹികത കൈവരുന്ന ഒരു ഭാവുകത്വപരിസരം രൂപപ്പെടുത്തുന്നതിനു വേണ്ടി ഉത്തരവാദിത്വബോധത്തോടെ പരിശ്രമിക്കുന്നതിനു പകരം ഏറ്റവും പുതിയ പാശ്ചാത്യസാഹിത്യസിദ്ധാന്തം ഏതെന്ന് അന്വേഷിച്ച് പരക്കം പായുന്നിടത്താണ് നമ്മുടെ നിരൂപണം മിക്കവാറും അവസാനിക്കുന്നത്.
ഇന്നത്തെ അവസ്ഥയില്‍ നിരൂപണത്തിന്റെ പുതിയ സാധ്യതകളും ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ള ധാര്‍മികബാധ്യത അക്കാദമിക് നിരൂപണത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകമായിത്തന്നെ ഉണ്ട്.പക്ഷേ,കാലാകാലമായി നിലനിന്നു വരുന്ന ഒരു പരാധീനത നമ്മുടെ സര്‍വകലാശാലകളിലെ ഭാഷാസാഹിത്യവിഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്.അത് സമകാലിക സാഹിത്യത്തിന്റെ സാമൂഹികതയുടെ തലങ്ങള്‍ അന്വേഷിക്കുന്നതിലുള്ള വൈമുഖ്യമാണ്.പഴയ കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ ഭാഷകളുടെയും പുതിയ സിലബസ്സില്‍ പുതിയ സാഹിത്യരചനകള്‍ ഇടം നേടുന്നുണ്ട്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സിലബസ്സിനെ സമകാലികമാക്കാന്‍ ബന്ധപ്പെട്ടവര്‍ മനസ്സുവെക്കുന്നുണ്ട്.പക്ഷേ,നമ്മുടെ സാഹിത്യത്തെ നമ്മുടെ സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളുടെയും സൌന്ദര്യസങ്കല്പങ്ങളുടെയും പരിസരങ്ങളില്‍ വെച്ച് പരിശോധിക്കാനുള്ള നമ്മുടേതായ നിരൂപണസിദ്ധാന്തങ്ങളും അപഗ്രഥനസങ്കേതങ്ങളും രൂപപ്പെടാത്തിടത്തോളം അവയുടെ പഠനം കൊണ്ടുള്ള ഫലങ്ങള്‍ വളരെ പരമമിതമായിരിക്കും.മാര്‍ക്സിസം ഇന്ത്യയില്‍ അര്‍ത്ഥവത്തായിത്തീരുക ഇന്ത്യന്‍സാഹചര്യങ്ങളില്‍ അത് ദാര്‍ശനികമായും പ്രായോഗികമായും പുന:സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്.അല്ലെങ്കില്‍ അത് വരട്ടുതത്വവാദമോ കമ്യൂണിസ്റ് വിരുദ്ധരാഷ്ട്രീയത്തിന്റെ തന്നെ വികൃതാനുകരണമോ മാത്രമേ ആവുകയുള്ളൂ.രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ നാം തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ വാസ്തവം സാഹിത്യസാംസ്കാരിക പഠനങ്ങള്‍ക്കും ബാധകമാണ്.അതിന്റെ അര്‍ത്ഥം നാം പാരമ്പര്യത്തിന്റെ വിശ്വസ്തരായ പിന്തുടര്‍ച്ചക്കാരോ പ്രാദേശികവാദികളോ ആകണമെന്നല്ല.പാരമ്പര്യവും പ്രാദേശികതയുമെല്ലാം വാസ്തവങ്ങളാണെന്ന് അംഗീകരിച്ചുകൊണ്ട് അവയുടെ ഇടുക്കങ്ങളില്‍ നിന്ന് പുറത്തുകടന്ന് കലയെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാനുള്ള ശേഷി കൈവരിക്കുന്നതിലൂടെയേ
നമുക്ക് നമ്മുടേതായ ഭാഷയില്‍ സ്വതന്ത്രരായി സംസാരിക്കാനാവൂ.
2
സ്വത്വരാഷ്ട്രീയം പല കാരണങ്ങളാല്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്.അതേ സമയം ജാതിയും മതവും ഇപ്പോഴും ഇന്ത്യന്‍ജീവിതത്തിലെ നിര്‍ണായകയാഥാര്‍ത്ഥ്യങ്ങളാണ് താനും.തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം പൊതുജീവിതത്തിന്റെ അനേകം തലങ്ങളില്‍ അവയുടെ ഇടപെടല്‍ അതിശക്തമാണ്. പുതിയ ലോകസാഹചര്യങ്ങളെയും പ്രാദേശികസാഹചര്യങ്ങളെയും ശാസ്ത്രീയമായി അവധാരണം ചെയ്തു രൂപപ്പെടുത്തുന്നതും ജാതിമതചിന്തകള്‍ക്ക് ഒരു തരത്തിലും കീഴ്പ്പെടാത്തതുമായ വര്‍ഗരാഷ്ട്രീയം ജനാധിപത്യബോധം കൈവിടാതെ ഉയര്‍ത്തിപ്പിടിക്കുക എന്ന ശ്രമകരമായ മാര്‍ഗത്തിലൂടെ തന്നെയേ അതിനെ എതിര്‍ത്ത് പരാജയപ്പെടുത്താനാവൂ.സാഹിത്യത്തിന്റെ മേഖലയില്‍ നടക്കേണ്ടുന്ന സമരം പക്ഷേ അല്പം വ്യത്യസ്തമായ തരത്തിലുള്ള ഒന്നാണ്. മലയാളിയുടെ സാഹിത്യഭാവുകത്വം ഇപ്പോഴും വലിയ തോതില്‍ സവര്‍ണഭാവുകത്വത്തിന് കീഴ്പ്പെട്ടാണിരിക്കുന്നത്.അതിനെ ഉപരിവര്‍ഗഭാവുകത്വം എന്ന് വിളിക്കുന്നതിനേക്കാള്‍ ശരി സവര്‍ണഭാവുകത്വം എന്ന് വിളിക്കുന്നത് തന്നെയാണ്.വാക്കുകളുടെയും ബിംബങ്ങളുടെയും വസ്തുതകളുടെയും ആശയങ്ങളുടെയും ഒരു തരം ധൂര്‍ത്ത്,അനുഭവങ്ങളുടെ ആത്മീയതലങ്ങളിലുള്ള ഊന്നല്‍,നിലനില്പിന്റെ ഭാഗമായുള്ള കേവല മനുഷ്യാനുഭവങ്ങളെ പോലും ഭൌതികതയുടെയും ദുരിതങ്ങളുടെയും അടയാളങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് സൌന്ദര്യവല്‍ക്കരിച്ച് പ്രദര്‍ശിപ്പിക്കുന്ന ശീലം, പുരാണേതിഹാസങ്ങളില്‍ നിന്ന് ഇതിവൃത്തം സ്വരൂപിക്കാനുള്ള പ്രവണത,ഏത് സാധാരണമനുഷ്യാനുഭവത്തെയും അതിന് അന്യമായ വിവരങ്ങളും ആശയശകലങ്ങളും കൊണ്ട് ആവരണം ചെയ്ത് നിഗൂഢവല്‍ക്കരിക്കാനുള്ള ആസക്തി എന്നിങ്ങനെ ഈ ഭാവുകത്വത്തിന്റെ ഘടകങ്ങള്‍ ഓരോന്നോരോന്നായി ഇഴപിരിച്ചെടുക്കാനാവും.എഴുതുന്ന ആള്‍ ഏത് ജാതിക്കാരനായാലും/ജാതിക്കാരിയായാലും ഈ ഭാവുകത്വത്തിന് കീഴ്പ്പെടാം.അതിന്റെ ആശയമണ്ഡലം മുതല്‍ ഉപരിതലസവിശേഷതകള്‍ വരെ എല്ലാം നമ്മുടെ എഴുത്തിന്റെ ലോകത്ത് അത്രമേല്‍ പ്രാമാണ്യം പുലര്‍ത്തിവരുന്നുണ്ട്.ചില തലങ്ങളില്‍ വളരെ വിപ്ളവകരമായ ഉള്ളടക്കമുള്ള കൃതികള്‍ തന്നെയും മറ്റു ചില തലങ്ങളില്‍ അതിനോട് വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
സവര്‍ണഭാവുകത്വത്തിന് എളുപ്പം കൈകോര്‍ക്കാവുന്ന ഒന്നാണ് വിവരങ്ങളുടെ അതിവേഗപാതയിലൂടെ സഞ്ചരിച്ച് മുന്നേറുന്ന ഐ.ടി.ആശ്രിതഭാവുകത്വം.മലയാളത്തില്‍ ഇവ രണ്ടും ഒറ്റയൊറ്റയായും കൂട്ടായും പ്രവര്‍ത്തിക്കുന്ന ഒരു ഭാവുകത്വപരിസരമാണ് നിലവിലുള്ളത്.അത് സൃഷ്ടിക്കുന്ന കാലുഷ്യത്തില്‍ നിന്ന് വായനയെ സ്വതന്ത്രമാക്കുക എന്ന ശ്രമകരമായ ജോലിയും നമ്മുടെ സാഹിത്യനിരൂപണം അടിയന്തിര കടമയായിത്തന്നെ ഏറ്റെടുക്കണം.പ്രാചീനകാലത്തെ സവര്‍ണഗൂഢശാസ്ത്രങ്ങളുടെ പാത പിന്തുടരുന്നതും പുറംമോടികളാല്‍ അധുനാതനം എന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ ജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ സഞ്ചാരം തുടരുന്നതില്‍ നിന്ന് നമ്മുടെ സര്‍ഗാത്മകതയെ രക്ഷിക്കാനും ഭാവുകത്വമേഖലയില്‍ വ്യാജ ആത്മീയതയുടെയും മറ്റ് പൊങ്ങച്ചങ്ങളുടെയും ആധിപത്യം അവസാനിപ്പിക്കാനും അതേ വഴിയുള്ളൂ.ഇക്കാര്യത്തില്‍ നിരൂപകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്ത പക്ഷം സവര്‍ണഭാവുകത്വത്തിന്റെ ആധിപത്യം മാറ്റമില്ലാതെ തുടരുകയും അതിനെ എതിരിടാനെന്ന നാട്യത്തില്‍ ജാതിചിന്തയുടെയും മതാന്ധതയുടെയും ഇന്ധനമുപയോഗിച്ചുള്ള വിനാശകരമായ സ്ഫോടനങ്ങള്‍ ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. സാഹിത്യം എന്ന വ്യവഹാരത്തിന്റെ മണ്ഡലത്തില്‍ മലയാളിയുടെ സര്‍ഗാത്മകത യഥാര്‍ത്ഥത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് വിമര്‍ശനാത്കമായും നിര്‍മാണാത്മകമായും പരിശോധിക്കുന്നതിന് ആ അവസ്ഥയ്ക്ക് അന്ത്യം കുറിക്കുക തന്നെ വേണം.
(ജനശക്തി 2011 ഏപ്രില്‍ 2-8)
No comments:
Post a Comment