ലോകമെമ്പാടുമുള്ള കവികളും കഥാകാരന്മാരും എഴുത്തില്‍ കൈവരിക്കാവുന്ന പൂര്‍ണതയുടെ പരമോന്നത മാതൃകകളായി ചൂണ്ടിക്കാണിക്കാറുള്ളവയാണ് ഗോര്‍ഗ് ലൂയി ബോര്‍ഹസിന്റെ രചനകള്‍.വെടിപ്പും കൃത്യതയുമാണ് ബോര്‍ഹസ്സിന്റെ കൃതികള്‍ രൂപതലത്തില്‍ അനുഭവവേദ്യമാക്കുന്ന പ്രാഥമികമായ പ്രത്യേകതകള്‍.അവ തീര്‍ച്ചയായും ഏതെഴുത്തുകാരെയും മോഹിപ്പിക്കുക തന്നെ ചെയ്യും.അദ്ദേഹത്തിന്റെ പ്രമേയങ്ങള്‍ പക്ഷേ പരിമിതമായ ഒരു വൃത്തത്തിനകത്ത് കുരുങ്ങിക്കിടക്കുന്നവയാണ്.അവയ്ക്കു തന്നെയും അത്ഭുതകരമായ മൌലികതയൊന്നും അവകാശപ്പെടാനുമാവില്ല.ജീവിതത്തിന്റെ സ്വപ്നാത്മകത,കാലത്തിന്റെ വര്‍ത്തുളത,അനശ്വരതയുടെ അര്‍ത്ഥം,കാലദേശാദികള്‍ ഭേദിച്ചുള്ള അനുഭവങ്ങളുടെ ആവര്‍ത്തനം,മൌലികതയുടെ മിഥ്യാപരത എന്നിങ്ങനെ അവ ഓരോന്നോരാന്നായി ചൂണ്ടിക്കാണിക്കാനാവും.ഇവയില്‍ ഒട്ടുമിക്കതും ബോര്‍ഹസ്സിന്റെ ഇഷ്ട എഴുത്തുകാരിലൊരാളായ സെര്‍വാന്റിസിന്റെ പ്രമേയങ്ങള്‍ തന്നെയാണ്.അവയില്‍ പലതും ബോര്‍ഹസ്സിനേക്കാള്‍ അല്പം മുമ്പേ കൂടുതല്‍ വൈകാരിക തീക്ഷ്ണതയോടും മാനുഷികതയുടേതായ ആര്‍ദ്രതയോടും കൂടി ഫെര്‍ണാണ്‍ഡോ പെസ്സാവോ എന്ന പോര്‍ത്തുഗീസ് എഴുത്തുകാരന്‍ ആവിഷ്ക്കരിച്ചിട്ടുള്ളതുമാണ്.
ബോര്‍ഹസ്സിന്റെ ഇഷ്ടവിഷയങ്ങള്‍ കേവലം സാഹിത്യവിഷയങ്ങളല്ലെന്നും അവ തത്വശാസ്ത്രം അതിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ക്കേ ആഴത്തില്‍ പരിശോധിച്ചിട്ടുള്ളവയാണെന്നും ഇന്ത്യക്കാരെ പ്രത്യേകിച്ചാരും ബോധ്യപ്പെടുത്തേണ്ടതില്ല.അതിനപ്പുറത്തേക്ക് കടന്ന് ഈ ശാശ്വതമാനവികപ്രശ്നങ്ങളെ,അല്ലെങ്കില്‍ അസ്തിത്വസമസ്യകളെ പുതിയൊരു പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനൊന്നും ബോര്‍ഹസ്സിന് സാധിച്ചിട്ടില്ല.അദ്ദേഹം ചെയ്ത വ്യതിരിക്തമായ കാര്യം ഈ വിഷയങ്ങളുടെ സൌന്ദര്യാത്മകസാധ്യതകളെ അങ്ങേയറ്റത്തെ അവധാനതയോടെ,സമര്‍പ്പണബോധത്തോടെ അന്വേഷിച്ചു എന്നതാണ്.ഭൂമിയും സ്വര്‍ഗനരകങ്ങളും ചരിത്രമുഹൂര്‍ത്തങ്ങളും ഭാവാനാത്മകസന്ദര്‍ഭങ്ങളും മനുഷ്യരും കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യങ്ങളും സാധ്യതകളും സ്വതന്ത്രമായി കൂടിക്കലരുന്ന ആ ലോകത്തിന് ഉല്‍പാദിപ്പിക്കാനാവുന്ന സൌന്ദര്യാനുഭൂതികള്‍ അത്യധികം സാന്ദ്രമാണ്.ഭാവുകത്വത്തെ അതിനൂതനവും നിശിതവുമാക്കാന്‍ അത് നല്‍കുന്ന പ്രേരണകള്‍ അതിശക്തമാണ്.
ഒരുപാട് ചപലതകളും നിസ്സാരതകളും നിറഞ്ഞതാണ് ഓരോ മനുഷ്യജന് മവും.അവയെ മുഴുവന്‍ മാറ്റിനിര്‍ത്തിക്കൊണ്ട് സാഹിത്യരചനകളോ ഇതരമേഖലകളിലെ കലാനിര്‍മിതികളോ സുസാധ്യവുമല്ല.മാത്രവുമല്ല മനസ്സിനെ ആയാസരഹിതമാക്കാനും അതുവഴി ആനന്ദിക്കാനുമുള്ള വക ഏതാണ്ട് എല്ലാ മനുഷ്യരും കലയുടെ ലോകത്തു നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.ആവര്‍ത്തനം വഴിയോ അപാരമായ ബുദ്ധിശൂന്യത വഴിയോ അവ കേവലം വളിപ്പായി മാറുമ്പോഴാണ് അവയെ നാം വെറുത്തു പോകുന്നത്.അതല്ലെങ്കില്‍ അവയുടെ സാന്നിധ്യം സാധാരണക്കാര്‍ക്കും ബുദ്ധജീവികള്‍ക്കുമെല്ലാം ഒരു പോലെ സ്വീകാര്യമാവും.അതാണ് വാസ്തവം.ഷെയ്ക്സ്പിയര്‍നാടകങ്ങളിലെ കോമിക്റിലീഫിനുവേണ്ടിയുള്ള ചെറുദൃശ്യങ്ങള്‍ മുതല്‍ സര്‍ക്കസ്സിലെ കോമാളികളുടെ പ്രകടനങ്ങള്‍ വരെ ഈയൊരു വാസ്തവത്തിന് അടിവരയിടുന്നുണ്ട്.മനുഷ്യജീവിതത്തിലെ അനേകമനേകം ആശങ്കാകുലമായ നിമിഷങ്ങളെ അതിവിദഗ്ധമായി പ്രതീകവല്‍ക്കരിച്ചിരിക്കുന്ന അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ ആ പാവം കോമാളികളുടെ സാന്നിധ്യം കൂടി ഇല്ലെങ്കില്‍ ഒരു സര്‍ക്കസ്ഷോ ഉടനീളം കണ്ടിരിക്കാന്‍ എത്ര പേര്‍ക്ക് കഴിയും?
ബോര്‍ഹസ്സിന്റെ കഥകളോ കവിതകളോ അലസവായനയെ അല്പമായിപ്പോലും അനുവദിക്കുന്നവയല്ല.ചിരിക്കാനോ ജീവിതത്തിന്റെ പുറംകാഴ്ചകളില്‍ മനസ്സിനെ അലയാനോ അനുവദിക്കുന്ന സന്ദര്‍ഭങ്ങള്‍ അവയില്‍ ഇല്ല തന്നെ.ജീവിതത്തെ ദൈനംദിനവ്യവഹാരങ്ങളുടെ ചൂടും ചൂരും അഴുക്കും ആനന്ദവും സ്പര്‍ശിക്കാത്ത അവാസ്തിവകതയുടെ സ്പര്‍ശമുള്ള അഭൌമമായൊരിടത്തുവെച്ച് അഭിമുഖീകരിക്കുന്നതിന്റെ വൈചിത്യ്രപൂര്‍ണമായ അനുഭവമാണ് അവ നമുക്ക് നല്‍കുന്നത്.യാഥാര്‍ത്ഥ്യം സ്വപ്നത്തിന്റെ മറുപേരായിത്തീരുന്ന ആ ലോകം സാമൂഹ്യമാനമുള്ള ഏതെങ്കിലും പ്രശ്നത്തിന്റെ അവലോകനത്തിലേക്ക് നമ്മെ നയിക്കുകയില്ല.നമ്മുടെ വ്യക്തിഗതവേദനകളുടെ പകര്‍പ്പോ നിഴലുകളോ അവയില്‍ കണ്ടെത്താനുമാവില്ല.എങ്കിലും അവ ആധുനികകാലത്ത് ലോകസാഹിത്യത്തിലുണ്ടായ സര്‍വാദൃതമായ രചനകളുടെ ഗണത്തിലേക്കുയര്‍ന്നത് അവയുടെ ഘടനാപരമായ കണിശതയും പൂര്‍ണതയും വഴി നാളിതുവരെയുള്ള എല്ലാ സര്‍ഗാത്മകവ്യവഹാരങ്ങളെയും മനുഷ്യവംശം നിര്‍വഹിച്ച ഏറ്റവും ഗഹനമായ കര്‍മങ്ങളായി അംഗീകരിക്കാന്‍ വായനാസമൂഹത്തെ പ്രേരിപ്പിക്കുകയും ധൈഷണികതയെ വലിയൊരാനന്ദാനുഭവമായി ബോധ്യപ്പെടുത്തുകയും ചെയ്തത് വഴിയാണ്.സര്‍ഗാത്മകതയുടെ ഇത്തരം ഗിരിശൃംഗങ്ങളിലേക്കുള്ള യാത്രകള്‍ക്കിടയിലാണ് വായനക്ക് നല്‍കാനാവുന്ന അനന്യമായ സൌന്ദര്യാനുഭവത്തിന്റെ അപൂര്‍വതലങ്ങളില്‍ ചിലതിനെ നാം മുഖാമുഖം കാണുന്നത്.
(മാതൃകാന്വേഷി-ആഗസ്ത് 2011)
No comments:
Post a Comment