ഞാനൊരു തുറന്ന മൃഗശാലയായിത്തീര്‍ന്നതും
കാട്ടുപോത്തും കുറുനരിയും
പുലിയും പെരുമ്പാമ്പും ഇവിടെ
താന്താങ്ങളുടെ ഇടം കണ്ടെത്തിയതും
എന്റെ കുറ്റമല്ല
അറപ്പും വെറുപ്പും പ്രകടിപ്പിക്കാന്‍ മാത്രമായി
മാന്യമഹാജനങ്ങളേ,
നിങ്ങളീ മൃഗശാല കാണാന്‍ വരരുത്
ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്
എന്റെ സന്തോഷം നശിപ്പിക്കരുത്
എന്നെ നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍
ഒരു കൂടോത്രവും ചെയ്യരുത്
മൃഗങ്ങളുടെയും പക്ഷികളുടെയും
മഞ്ഞും വെയിലും നിലാവും
കാമവും വെറിയും വിശപ്പും
വേദനയും മരണവും എനിക്കന്യമാക്കരുത്.
No comments:
Post a Comment