ഹൃദ്രോഗവിദഗ്ധന്റെ മുറിക്കുമുന്നില്‍
നെഞ്ചിടിപ്പോരോന്നോരോന്നുമെണ്ണി
എത്രയോ മണിക്കൂറായുള്ള കാത്തുനില്പ്
നേരം വൈകിയ നേരത്ത്
ഈ നാശം പിടിച്ച ഹൃദയം
ഇനി എന്തൊക്കെ രഹസ്യങ്ങളാവും
അദ്ദേഹത്തോട്പറയുക
മിടിച്ചുമിടിച്ച് മടുത്തിരിക്കുന്നുവെന്നോ
അങ്ങിങ്ങ് അഴുക്ക് കട്ടപിടിച്ചിരിക്കുന്നുവെന്നോ
ഒരു പാട് പേര്‍ കയറിയിറങ്ങി
ഒരു പുരാതനസത്രം പോലെ
നാനാവിധമായിരിക്കുന്നുവെന്നോ
ഒന്നു രോമാഞ്ചമണിഞ്ഞ കാലം
എന്നോ മറന്നുപോയെന്നോ
എന്തെന്തൊക്കെ പറഞ്ഞാലും
ഒന്നുമാത്രം അത് പറയാതെ വെക്കും
ഇപ്പോള്‍ താങ്കള്‍ കേട്ടുകൊണ്ടിരിക്കുന്നത്
ശൂന്യതയുടെ പിറുപിറുപ്പുകള്‍ മാത്രമാണെന്ന
ആ പരമമായ രഹസ്യം.
No comments:
Post a Comment