Pages

Thursday, November 10, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

41
നാല് പതിറ്റാണ്ടിനു മുമ്പ് എന്റെ കഥകളും കവിതകളും അങ്ങിങ്ങായി അച്ചടിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലെ ഒരധ്യാപകന്‍ ഉപദേശിച്ചു:"ഇതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.പ്രതിഭാശാലികള്‍ അതൊക്കെ ചെയ്യട്ടെ.നമ്മള് ലേഖനങ്ങളും മറ്റും എഴുതുന്നതാണ് നല്ലത്.വള്ളത്തോള്‍ കവിതയിലെ ദേശീയത,ജി.യും മിസ്റിസിസവും എന്നിങ്ങനെയൊക്കെ.''ഞാന്‍ അദ്ദേഹം പറഞ്ഞത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു.
ആദ്യം എരിപുരം പ്രഭാകരന്‍ എന്നും പിന്നെ എന്‍.പി.എരിപുരം എന്നും ഉള്ള പേരിലാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്.എന്‍.പ്രഭാകരന്‍ എന്ന പേരുപയോഗിച്ച് ആദ്യമായി എഴുതിയ കഥ 'ഒറ്റയാന്റെ പാപ്പാന്‍' ആണ്.1971 ഏപ്രിലില്‍ ആ കഥ മാതൃഭൂമി വിഷുപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ ഞാന്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു"മാതൃഭൂമിക്കു വേണ്ടി പ്രത്യേകം കാച്ചിയതാണല്ലേ; എന്തായാലും ഈ വഴി അത്ര നല്ലതല്ല.''ആ പറച്ചില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു.കാരണം രണ്ടു മാസത്തെ എന്റെ രാപ്പകലില്ലാത്ത മാനസികാധ്വാനത്തിന്റെ ഫലമായിരുന്നു ആ കഥ.
ഞാന്‍ നോവലിലേക്ക് കടന്നപ്പോഴും നാടകമെഴുതിയപ്പോഴുമെല്ലാം ആദ്യപ്രതികരണങ്ങള്‍ ഏറെക്കുറെ ഇതേ മട്ടിലായിരുന്നു.എന്തിന,് മുപ്പത്തിനാലാം വയസ്സില്‍ സ്വന്തം ചെലവില്‍ ആദ്യകഥാസമാഹാരം അച്ചടിച്ചിറക്കിയപ്പോള്‍ ' ഒരു പുസ്തകമിറക്കാനൊക്കെ ആയോ,കുറച്ചുകൂടി കഴിഞ്ഞിട്ടുപോരേ?'എന്ന് ചോദിക്കാനും ആളുണ്ടായി.
നോവലുകളില്‍ 'ജീവന്റെ തെളിവുകളും' 'ജനകഥ'യുമാണ് ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെട്ടത്.ആദ്യത്തേത് അതിന്റെ ഭാഷാപരമായ സൌന്ദര്യമില്ലായ്കയുടെയും രണ്ടാമത്തേത് ശില്പപരമായ അപൂര്‍ണതയുടെയും പേരില്‍.'ഈ ചെയ്യുന്നതൊന്നും ശരിയേയല്ല' എന്ന് ഞാന്‍ വലിയൊരു സാമൂഹ്യശല്യം ചെയ്യുന്നു എന്ന മട്ടില്‍ നേരില്‍ വന്നുകണ്ട് പറയാനും ചിലര്‍ മടി കാണിച്ചില്ല.കവിതയില്‍ ആരംഭിച്ച ഞാന്‍ പല വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുടരെത്തുടരെ കവിതകളെഴുതിത്തുടങ്ങിയപ്പോള്‍ വായനക്കാരില്‍ വലിയൊരു വിഭാഗത്തിന് അത് രസിച്ചതേയില്ല.'കവിത എന്താണെന്ന് ഞാന്‍ പഠിപ്പിച്ചു തരാം'എന്ന മട്ടിലുള്ള അഹന്താപൂര്‍ണമായ ഫോണ്‍വിളികള്‍, ഞാന്‍ കവിതയെഴുത്ത് നിര്‍ത്തണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യപ്രസ്താവങ്ങള്‍,കവിത വിട്ടേക്ക്,കഥ തന്നെയാണ് നല്ലത് എന്ന സദുദ്ദേശത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം ഞാന്‍ തുറന്ന മനസ്സോടെ കേട്ടു.ആര് എന്തൊക്കെ.എങ്ങനെയൊക്കെ പറഞ്ഞാലും ഞാന്‍ തന്നെ എന്റെ മേല്‍ നിയന്ത്രണത്തിനു ശ്രമിച്ചാലും ഒരു രക്ഷയും കിട്ടില്ല.നട്ടുച്ചയെന്നും നട്ടപ്പാതിരയെന്നുമില്ലാതെ ഏതോ ഒരു നാട്ടുദൈവം തന്നിഷ്ടത്തിന് ചാടിപ്പുറപ്പെട്ടുവരുന്നതുപോലെയാണ് എഴുത്തിന്റെ വരവ്. ആ വരവില്‍ പെട്ടുപോയാല്‍ അകത്തുനിന്നും പുറത്തുനിന്നുള്ള ഏതെതിര്‍പ്പും ഞൊടിയിടയില്‍ വെന്ത് വെണ്ണീറാവും.
എഴുത്തിന്റെ ലോകത്ത് ആരും അധികാരികളല്ല.ഭാവുകത്വത്തിന്റെ രൂപീകരണത്തിലും നിര്‍ണയനത്തിലുമെല്ലാം തങ്ങള്‍ക്ക് പ്രത്യേകമായ എന്തോ ചില അധികാരങ്ങളുണ്ടെന്ന് ധരിച്ചുവെച്ചിട്ടുള്ള ചില വായനക്കാരും നിരൂപകരുമുണ്ട്.കേവല വിഡ്ഡികളാണ് അവരില്‍ ബഹുഭൂരിപക്ഷവും.എഴുത്തുകാര്‍ക്കിടയില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമേ ഒരു സാഹിത്യ രചന യഥാര്‍ത്ഥത്തില്‍ ഏതൊക്കെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു,എഴുത്തിന്റെ ഏത് അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു എന്നെല്ലാം കൃത്യമായി തിരിച്ചറിയാറുള്ളൂ.ഓരോ ഘട്ടത്തിലും എഴുത്തിന്റെ ലോകത്ത് മേല്‍ക്കൈ നേടുന്ന രചനാതന്ത്രങ്ങളില്‍ നിന്ന് കേവല തന്ത്രങ്ങളെയും ജൈവികമായ അന്വേഷണങ്ങളെയും വേര്‍തിരിച്ചറിയുന്നതില്‍ നല്ല എഴുത്തുകാര്‍ പോലും ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം.ആഗോള തലത്തില്‍ അംഗീകൃതരായ എഴുത്തുകാര്‍ക്കു തന്നെയും എല്ലായ്പ്പോഴും ഒരേ അളവിലുള്ള സര്‍ഗാത്മകതയോ ധൈഷണിക ജാഗ്രതയോ സൂക്ഷിക്കാനാവാറില്ല.നാല് ദശകത്തിലേറെയായുള്ള സാഹിത്യബന്ധത്തില്‍ നിന്ന് ഇങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ എനിക്ക് സംശയ രഹിതമായി ബോധ്യം വന്നിട്ടുണ്ട്.
എന്റെ എഴുത്തിനെ കുറിച്ചുള്ള എന്റെ ധാരണകളില്‍ നിന്ന് വളരെ വ്യത്യസ്തവും ചില തലങ്ങളില്‍ കൂടുതല്‍ കൃത്യത അവകാശപ്പെടാനാവുന്നതുമായ നിരീക്ഷണങ്ങള്‍ ആരില്‍ നിന്നെങ്കിലുമൊക്കെ ഉണ്ടായേക്കാം.പക്ഷേ എന്നെ ഞാന്‍ എപ്പോള്‍,എങ്ങനെ,എന്ത് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് തിരുത്തണം,അല്ലെങ്കില്‍ തിരുത്താതിരിക്കണം എന്നൊക്കെ നിര്‍ണയിക്കുന്നതിന് ഞാന്‍ ആധാരമാക്കുന്ന ധാരണകളെ കുറിച്ച് അറിയാനിടയാല്‍ സ്വന്തം നിരീക്ഷണങ്ങളെ കുറിച്ച് അവര്‍ക്ക് പോലും വലിയ തോതില്‍ മതിപ്പ് തോന്നാനിടയില്ല.തങ്ങളുടെ അടിസ്ഥാനരഹിതമായ ഉല്‍ക്കര്‍ഷബോധത്തിന്റെയും അഹന്തയുടെയും പിന്‍ബലത്തോടെ എന്നെ സമീപിക്കുന്നവര്‍ക്കാണെങ്കില്‍ തീര്‍ച്ചയായും കടുത്ത നിരാശയോടെ പിന്‍വാങ്ങേണ്ടി വരികയും ചെയ്യും.അപ്പോഴും അവരുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു നേരെ മനസ്സിന്റെ വാതിലുകളും ജാലകങ്ങളുമെല്ലാം മലര്‍ക്കെ തുറന്നിടാന്‍ എനിക്ക് കഴിയും.അത് എന്റെ ഔദാര്യം കൊണ്ടൊന്നുമല്ല.ഉയര്‍ന്ന നിരൂപകരായാലും സാധാരണ വായനക്കാരായാലും ഒരു കൃതിയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചേക്കാം.സ്വന്തം ഇച്ഛാഭംഗങ്ങള്‍ തൊട്ട് സാഹിത്യത്തിലെയും സമൂഹത്തിലെയും അധികാരകേന്ദ്രങ്ങളുടെ പരോക്ഷ സമ്മര്‍ദ്ദങ്ങള്‍ വരെ പലതും അതിനെ നിയന്ത്രിച്ചേക്കാം.അതുകൊണ്ട് എത്ര വലിയവരുടെയും എത്രമേല്‍ അശിക്ഷിതരായവരുടെയും അഭിപ്രായങ്ങളെ അതിവൈകാരികമായി ഉള്‍ക്കൊള്ളരുത് എന്ന് ഞാന്‍ ഉള്ളില്‍ ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അതുവഴി ലഭിച്ച നിര്‍മമമതയും മന:സ്വാസ്ഥ്യവും കുറച്ചുകാലമായി ഞാന്‍ അനുഭവിക്കുന്നുണ്ട്.ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും അവയെ ഇല്ലായ്മ ചെയ്യാനാവില്ല.വിസ്തരിക്കാന്‍ അത്ര സുഖം തോന്നാത്ത ഈ പ്രശ്നം ഇനിയും വലിച്ചുനീട്ടുന്നില്ല.കഴിഞ്ഞ ദിവസം എഴുതിയ ഒരു കവിതയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
ശീര്‍ഷകം
ഇന്നലെ ഞാന്‍ ദൃഷ്ടാന്തകഥകളിലൂടെ സംസാരിച്ചു
ഇന്നും അങ്ങനെ തന്നെ തുടരാന്‍
ഞാന്‍ ദൈവത്തിന്റെ പുത്രനോ ദൂതനോ അല്ല
അന്നൊരു നാള്‍ ഒരുപാട് ഞാന്‍ കരഞ്ഞു
എന്നും കരഞ്ഞുകൊണ്ടിരിക്കാന്‍
എനിക്ക് കരച്ചിലിന്റെ അസുഖമില്ല
ഇന്നലെ ഞാന്‍ ഒരുപാട് ചിരിച്ചു
ഇന്നും ചിരിച്ചുകൊണ്ടിരിക്കാന്‍
ഞാനൊരു ചിരിപ്പിരാന്തനല്ല
ഉറുമ്പ് വന്ന് വിളിച്ചാല്‍
ഉള്‍മണ്ണില്‍ അതിന്റെ വീട്ടിലേക്ക് ഞാന്‍ വിരുന്നു പോവും
പരുന്താണ് വിളിക്കുന്നതെങ്കില്‍
വിണ്ണിലെ വളയങ്ങളാവും എന്റെ വഴികള്‍
ആത്മാവില്‍ കടലലകളലറാന്‍ തുടങ്ങുമ്പോള്‍
ആകാശമൌനം കൊണ്ടത് മൂടിവെക്കാന്‍
ഞാനൊരു ഭീരുവോ മൂഢനോ സന്യാസിയോ അല്ല
സുഹൃത്തേ,എന്റെ സ്വാതന്ത്യ്രത്തിന് ശീര്‍ഷകമായിട്ടാണ്
കവിത എന്നു ഞാന്‍ കുറിച്ചുവെക്കുന്നത്.
(പ്ളാവില മാസിക, നവംബര്‍ 2011)

1 comment:

  1. അക്ഷരങ്ങളിലെ ആണത്തത്തിനും തുറന്നെഴുത്തിന്റെ കൂസലില്ലായ്മക്കും ധീരമായ തെളിവ്.

    ReplyDelete