1
അവസാനത്തെ കനല്‍
കൊടുങ്കാട്ടില്‍
ദൈവവും മനുഷ്യരും മുമ്പെന്നോ മറന്നുപോയ
കോവിലിലേറി കഞ്ഞിവെച്ച് മടങ്ങിയ ഭ്രാന്തന്‍
അണയ്ക്കാതെപോയ അടുപ്പിലെ
അവസാനത്തെ കനലിനെന്ന പോലെ
പഴയ ഓര്‍മകള്‍ക്കും വിശ്വാസങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും നാം കാവല്‍ നില്‍ക്കുന്നു
ഒന്നു തീര്‍ച്ചയാണ്
ചാരം മൂടുന്ന ഈ കനല്‍ച്ചുവപ്പ്
ഏറെച്ചെല്ലും മുമ്പ് കെട്ട് കരിക്കട്ടയാവും
പിന്നെ ബാക്കിയാവും
ഈ വഴി വന്ന ഏത് ഭൂതമാണ്
അടുപ്പിലേക്ക് കാറിത്തുപ്പിയതെന്നതിനെച്ചൊല്ലി
നമ്മളാരംഭിക്കാന്‍ പോവുന്ന
അന്തമില്ലാത്ത ആ തര്‍ക്കം .
2
ഫോട്ടോ
തെരുവും മൈതാനവും കടല്‍ത്തീരവും കടന്ന്
ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫര്‍
എന്നെ കോട്ടയ്ക്കകത്തേക്ക് കൊണ്ടുപോയി
ഇരുള്‍ മാത്രം കണ്ണുതുറക്കുന്ന
ഇടുങ്ങിയ സെല്ലുകളുടെ നീണ്ട നിരയ്ക്കു മുന്നില്‍
കുതിക്കുന്ന കുതിരയുടെ കറുത്ത പ്രതിമക്കും
നിറഞ്ഞു പൂവിട്ട ചെറിയ ചെമ്പകത്തിനുമിടയില്‍
എനിക്കയാള്‍ ഇടം കണ്ടു
കണ്ണീരിന്റെ ഉപ്പളങ്ങള്‍
കരിങ്കല്‍ച്ചുവരായി എഴുന്നുറച്ച തടവറയില്‍ നിന്ന്
ഒരു കടല്‍ത്തിരയുടെ നിലവിളി പോലെ ഞാന്‍ പുറത്തുചാടി
പിന്നെ,കയ്യിലൊരു കൊച്ചു ചെമ്പകപ്പൂവുമായി
കരിംകുതിരപ്പുറത്ത് ഞാന്‍ കുതികൊണ്ടുതുടങ്ങേ
ഫോട്ടോഗ്രാഫര്‍ പറഞ്ഞു: ഓകെ; മതി,മതി
ഒന്നാന്തരമാണീ ഫ്രെയിം.
(പ്രസക്തി മാസിക,കണ്ണൂര്‍,കവിതപ്പതിപ്പ് 2011 )
No comments:
Post a Comment