Pages

Tuesday, February 10, 2015

ഈ വിജയം ആവേശകരം

ദില്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ മഹാവിജയം അങ്ങേയറ്റം ആവേശകരമാണ്.'കെജ്‌റിവാൾകൊടുങ്കാറ്റിൽ ദില്ലി ഞെട്ടി 'എന്നാണ് ഒരു ടി.വി.ചാനലിൽ കണ്ടത്.ദില്ലി മാത്രമല്ല,രാജ്യം മുഴുവൻ,രാജ്യത്തെ ജീർണ രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവൻ ഞെട്ടി വിറച്ചിരിക്കുന്നു എന്നതാണ് വാസ്തവം.ബി.ജെ.പിയുടെ കാര്യം വിടാം.അത് ഭാവിയിലും നിലനിൽകണമെന്ന്  ഒരു ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കില്ല.കോൺഗ്രസ്സിന്റെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും കാര്യം അങ്ങനെയല്ല.അവ നന്നാവുകയാണെങ്കിൽ തീർച്ചയായും നല്ലതാണ്.രാജ്യം ഏക കക്ഷി ഭരണത്തിനു കീഴിൽ വരുന്നത്,അത് ആം ആദ്മി പാർട്ടിയുടെതായാലും,ജനദ്രോഹപരമായ നടപടികളിലേക്ക് നയിച്ചേക്കും.ഭരിക്കുന്നവരെ ചോദ്യം ചെയ്യാനും തിരുത്താനും മറ്റ് രാഷ്ട്രീയ പാർട്ടികൾ വേണം.അത് ഇല്ലാതായിപ്പോവുമോ എന്ന ആശങ്കയാണ് ദില്ലി തിരഞ്ഞെടുപ്പ് ഫലങ്ങൾ ഉണ്ടാക്കുന്നത്.
ശരിയായ നേതൃത്വമില്ല,ലോകരാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ശേഷിയില്ല,രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായൊരു ധാരണയില്ല,പാർട്ടി ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ നേതാക്കളുടെ പകൽക്കൊള്ളക്കെതിരെ ശബ്ദിക്കാൻ പാർട്ടിക്കുള്ളിലുള്ള ആരും ധൈര്യപ്പെടുന്നില്ല,അണികളെ ബൗദ്ധികമായി ഉണർത്താനുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെ പറ്റിയുള്ള ആലോചന പോലുമില്ല എന്നിങ്ങനെ കോൺഗ്രസ്സിന്റെ ഇല്ലായ്മകൾ പലതാണ്.
നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസ്സുകാർ ഇപ്പോഴും ഭയപ്പെടുന്നു എന്നതു തന്നെ ആ പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നില്ല എന്ന് സകലരെയും നിസ്സംശയം ബോധ്യപ്പെടുത്തുന്നുണ്ട്.അങ്ങനെയുള്ള ഒരു പാർട്ടി പെട്ടെന്നൊന്നും നന്നാവുമെന്ന് പ്രതീക്ഷിച്ചു കൂടാ.
മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രധാനപ്രശ്‌നം അതിനകത്ത് ശീലങ്ങൾ ഉറച്ചുറച്ച് ശാഠ്യങ്ങളായിത്തീർന്നു എന്നതാണ്.പ്രത്യയശാസ്ത്ര തലത്തിലോ രാഷ്ട്രീയ പ്രയോഗങ്ങളുടെ ശൈലിയിലോ പല ദശകങ്ങളായി കാതലായ യാതൊരു മാറ്റവും വരുത്താത്ത പാർട്ടിയാണത്.എവിടെയൊക്കെ എന്തൊക്കെ തകർച്ചകളുണ്ടായാലും യാതൊരു കൂസലുമില്ലാത 'പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല,സംഭവിക്കില്ല ' എന്നു പ്രസംഗിച്ച് സ്വയം കബളിപ്പിക്കുന്ന വൻകിടനേതാക്കൾ,ഫ്യൂഡൽ കാലഘട്ടത്തിലെ കാര്യസ്ഥന്മാരുടെ മനോഘടനയുമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട നേതാക്കൾ,തങ്ങൾ നിരന്തരം ഇടപെടുന്ന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുപോലും ഗൗരവമായ യാതൊരു പഠനത്തിനും ആലോചനക്കും മുതിരാത്ത വിദ്യാർത്ഥി യുവജന നേതാക്കൾ ഇവരുടെയൊക്കെ പെരുപ്പം കൊണ്ട് സ്വയം വീർപ്പുമുട്ടുന്നതിന്റെ ലക്ഷണങ്ങളാണ് ആ പാർട്ടി  തുടർച്ചയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 
ജനങ്ങൾക്കു വേണ്ടത് യജമാനന്മാരെയല്ല,അവരോടൊപ്പം അവരിലൊരാളായി നിന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള ്േനതാക്കളല്ലാത്ത നേതാക്കളെയാണ്.ചരിത്രവും പ്രത്യയശാസ്ത്രവും പാർട്ടി അച്ചടക്കവുമെല്ലാം നല്ല കാര്യങ്ങൾ തന്നെ.പക്ഷേ,കോൺഗ്രസ്സുകാരായാലും കമ്യൂണിസ്റ്റുകാരായാലും ഭരണവ്യവഹാരവുമായി ബന്ധപ്പെട്ട അടവുകൾക്കും തന്ത്രങ്ങൾക്കും അപ്പുറത്ത് ഒന്നും കയ്യിലില്ലാത്തവരെ മേലിൽ ജനം സ്വീകരിക്കില്ല.ദില്ലിയിലെ വോട്ടർമാർ കാണിച്ച ആർജ്ജവം രാജ്യം മുഴുക്കെയുമുള്ളവർ പെട്ടെന്ന് കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.പക്ഷേ,അടിമിുടി മാറാൻ തയ്യാറില്ലാത്തവരുടെ ഭാവി ഇരുണ്ടതാണെന്ന് ദില്ലി തെളിയിച്ചു കഴിഞ്ഞു.
വ്യക്തിഗത നേട്ടങ്ങളെ കുറിച്ചുള്ള യാതൊരു കണക്കുകൂട്ടലുകളുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുറച്ചു പേർ കോൺഗ്രസ്സിലും അതിനേക്കാൾ കുറച്ചു കൂടുതലാളുകൾ മാർക്‌സിസറ്റ് പാർട്ടിയിലും ഉണ്ട്.പക്ഷേ,ഇരു കൂട്ടരും പ്രവർത്തിക്കുന്ന പാർട്ടിയുടെ സംഘടനാ സംവിധാനവും മൊത്തത്തിലുള്ള പ്രവർത്തന ശൈലിയും ദീർഘകാലമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്.ദില്ലിയിലെ ആം ആദ്മി വിജയം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെങ്കിൽ നല്ലത് .  
(10/2/2015)
                                        (10/2/2015)

ഭാവി

നാളെ
ഈ രാത്രിയുടെ അങ്ങേത്തലയ്ക്കൽ
ഒരു തരി വെളിച്ചമുണ്ട്
നേരം വെളുത്തോട്ടെ                                                                                                        ഒരു രാജ്യത്തിനു മുഴുവനുമുള്ള
വെളിച്ചമായ് അത് വളർന്നിരിക്കും.
(9/2/2015  രാത്രി 11.50)

 കിഴക്ക് വെള്ളകീറി

കിഴക്ക് വെള്ളകീറി
ക്ഷമയോടെ കാത്തിരിക്കൂ
പകലൊന്ന് വളർന്നോട്ടെ
ഒരു രാജ്യം മുഴുവൻ പടരാനുള്ളതല്ലേ.
(10/2/2015 രാവിലെ 6 മണി)


ഭാവി

ഈ വെളിച്ചം പ്രകൃതിയുടെ സംഭാവനയല്ല
ഒരു പിടി മനുഷ്യർ അവരുടെ ഇച്ഛാശക്തിയും
സത്യസന്ധതയും കൊണ്ട് നിർമിച്ചെടുത്തതാണ്
നാളെ അതിനെ ഊതിക്കെടുത്താൻ
ആരെയും,അവരെത്തന്നെയും
അനുവദിക്കാതിരിക്കുന്നതിലാണ്
ഒരു ജനതയുടെ ഭാവി മുഴുവൻ
(10/2/2015 രാവിലെ 10 മണി)








Monday, February 9, 2015

പു.ക.സക്ക് എന്ത് സംഭവിച്ചു?

1992 ഏപ്രിൽ 26 ന്  'ഭാഷാപോഷിണി'യുടെ ജന്മശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇ.എം.എസ് പറഞ്ഞു :'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.'
ഇ.എം.എസ്സിന്റെ ഈ പ്രസ്താവം  പു.ക.സക്ക്  ദിശാബോധം നഷ്ടപ്പെടുത്തി എന്നതാണ് വാസ്തവം. സ്വന്തം ചരിത്രത്തിന്റെ അന്ത:സത്തയെ പാടെ നിരാകരിക്കും വിധത്തിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് പിന്നീട് പു.ക.സയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.(എം.എൻ.വിജയനും ഏതാനും ചിലരും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിസ്മരിക്കുന്നില്ല).ലക്ഷ്യബോധം,സാമൂഹ്യപപ്രതിബദ്ധത തുടങ്ങിയ വാക്കുകൾ ആവർത്തിക്കുന്നതിൽ പു.ക.സ ഇപ്പോഴും വൈമുഖ്യമൊന്നും കാണിക്കാറില്ലെങ്കിലും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരിൽ ചിലരെ സ്വന്തം എന്നു ഭാവിച്ച് കൊണ്ടുനടക്കുന്നതിലാണ് സംഘടനയുടെ പ്രധാനശ്രദ്ധ.കലയുടെ രാഷ്ട്രീയം ഗൗരവമായി ചർച്ചചെയ്യുന്നതിലോ, മലയാള സാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ അപഗ്രഥിക്കുന്നതിലോ  ഈയിടെയായി പു.ക.സ അൽപമായ താൽപര്യം പോലും പുലർത്താറില്ല.
ഔപചാരികമായ  ചർച്ചകളിലും ചടങ്ങുകളിലും ഒതുങ്ങുകയാണ് സംഘടനയുടെ പ്രവർത്തനം.                                                                                        മുപ്പതുകളുടെ അന്ത്യത്തിലും നാൽപതുകളിലും മലയാള സാഹിത്യം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാസാഹിത്യങ്ങളിലും പുത്തനുണർവുകൾ ഉണ്ടാക്കിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് പിൽക്കാലത്ത് കേരളത്തിൽ സംഭവിച്ച വിപര്യയം ആരെയും കാര്യമായി അലട്ടുന്നുണ്ടെന്ന് തോന്നുന്നില്ല.പു.ക.സയുടെ  പ്രവർത്തനങ്ങളിൽ അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും കാതലായ താല്പര്യം കാണിക്കുന്നതായി കാണുന്നില്ല.
പുരോഗമനസാഹിത്യ പ്രസ്ഥാനം മലയാളത്തിൽ ഓജസ്സോടെ പ്രവർത്തിച്ചത് ഏകദേശം ഒരു ദശകക്കാലത്തോളമാണ്,1940കളുടെ അന്ത്യത്തോടെ പ്രസ്ഥാനം പരിക്ഷീണമായിത്തുടങ്ങി.പിന്നീട് 70കളുടെ ആരംഭത്തിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെയും അതിൽപ്പിന്നെ പു.ക.സയിലൂടെയും ഉയിർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല.ലോകരാഷ്ട്രീയവും  ജനജീവിതവും സാംസ്‌കാരിക വ്യവഹാരങ്ങളുടെ ഘടനയും എങ്ങനെയൊക്കെ  മാറാൻ തുടങ്ങിയിരിക്കുന്നു എന്ന് ശരിയാം വണ്ണം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതു തന്നെയായിരുന്നു പ്രശ്‌നം.എങ്കിലും,നമ്മുടെ സാഹിത്യത്തെ  പാരമ്പര്യപൂജക്കും കേവല കാല്പനികതക്കും  അരാഷ്ട്രീയതയുടെ ആഘോഷങ്ങൾക്കും പൂർണമായും വഴിപ്പെടാതെ രക്ഷിക്കുന്നതിൽ ഈ പ്രസ്ഥാനം വഹിച്ച പങ്ക്  നിസ്സാരമായിരുന്നുവെന്ന് വിധിക്കാൻ ആർക്കും സാധിക്കില്ല .പക്ഷേ, സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല എന്ന് ജീവൽസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ആൾ തന്നെ പറയുകയും 'കല കലയ്ക്കു വേണ്ടി' എന്ന് പുരോഗമന വാദികൾ തന്നെ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്യുന്ന ഘട്ടം വന്നതോടെ പു.ക.സക്ക് പ്രത്യകിച്ച് ഒരു ദൗത്യവും നിറവേറ്റാനില്ലെന്നായി.സ്വാഭാവികമായും അത് ഏറെക്കുറെ മൃതപ്രായമായി.
സൗന്ദര്യശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയിൽ ആഗോള തലത്തിലുണ്ടായ വികാസപരിണാമങ്ങളെ മുഴുവൻ ആഴത്തിൽ പഠിച്ച് സ്വന്തം ആശയലോകത്തിലും നിലപാടുകളിലും കേരളീയ ജീവിത യാഥാർത്ഥ്യങ്ങളോട് ഫലപ്രദമായി സംവദിക്കാനാവുന്ന അർത്ഥപൂർണമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാത്ത പക്ഷം സാഹിത്യത്തിലെ പ്രമാണിമാരുടെ പിന്നിൽ ഓച്ഛാനിച്ചു നിന്ന് സംതൃപ്തിയടയുന്ന അവസ്ഥയിൽ നിന്ന് പു.ക.സക്ക് രക്ഷപ്പെടാനാവില്ല.
യഥാർത്ഥത്തിൽ പു.ക.സയുടെ മുന്നിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ട്.വർഗീയ ഫാസിസം പടിവാതിൽക്കലെത്തി നിൽക്കുകയും ബഹുരാഷ്ട്ര മുതലാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകമാനം വലിഞ്ഞു മുറുക്കുകയും കലയുടെയും സാഹിത്യത്തിന്റെയും പേരിൽ വ്യാജവ്യവഹാരങ്ങളും ശുദ്ധ കോമാളിത്തങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയിൽ വലിയ ഒരു ശുദ്ധീകരണ ശക്തിയായി പ്രവർത്തിക്കേണ്ടുന്ന പ്രസ്ഥാനമാണിത്.
9/2/2015

Sunday, February 8, 2015

പണയപ്പണ്ടങ്ങൾ

'അതിഭയങ്കരമായ ഒരു കാലത്തിലൂടെയാണ് നാം ജീവിച്ചുപോവുന്നത്.സ്വയം നിഷേധിച്ചുകൊണ്ടല്ലാതെ ഒരക്ഷരവും ഉരിയാടാനാവില്ല.പെന്റഗണിന് പണയപ്പണ്ടമാവാതെ സ്വന്തം നാവുയർത്താനാവില്ല.'1970 കളുടെ ആദ്യപകുതിയിൽ ചിലിയൻ കവി നിക്കോനാർ പാറ എഴുതി.(കവിത-Modern Times)

യു.എസ്.പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ.അമേരിക്കക്ക് കീഴ്‌പ്പെടാതെ ഒന്നും പറയാനാവില്ല എന്ന് പറയുന്നത് ഇന്നത്തെ അവസ്ഥയിൽ ബഹുരാഷ്ട്ര കുത്തകകൾക്ക് എന്ന് തിരുത്തേണ്ടി വരും. ഭരണകൂടങ്ങളെ നിർവീര്യമാക്കി ലോകത്തിന്റെ  ഭരണം മുഴുവൻ  ഏറ്റെടുത്തിരിക്കുന്നത് അവരാണല്ലോ.ആദ്യം പറഞ്ഞതിന് നേർവിപരീതമായി പിന്നീട് പറയേണ്ടി വരിക എന്നത്  ലോകത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുും ബുദ്ധിജീവികളും നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തമാണ്.ഐ.എം.എഫ്,ലോകബാങ്ക് വായ്പകളെ ഒരു കാലത്ത് അതിരൂക്ഷമായി എതിർത്ത രാഷ്ട്രീയ കക്ഷികൾ പിന്നീട് ആ വായ്പകൾ സ്വീകരിക്കുന്നതിന് ന്യായീകരണങ്ങൾ നിരത്തുന്നതിൽ ആവേശം കൊള്ളാൻ തുടങ്ങി.പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പുകാരായി ഊറ്റം കൊണ്ടു നടന്നവർ അത് നമ്മുടെ വിദ്യാഭ്യാസമേഖലയെ എങ്ങനെ നശിപ്പിച്ചു എന്ന് വിശദീകരിക്കുന്ന വെപ്രാളത്തിലായി.ദേശീയത മുഖ്യമുദ്രാവാക്യമായിട്ടുള്ള ബി.ജെപി ഭരണത്തിലെത്തിയ ഉടൻ ദേശത്തിന്റെ സമ്പത്ത് മുഴുവൻ സ്വദേശത്തും വിദേശത്തും വേരുകളും ശാഖകളും പടർത്തിയ വൻകിട കുത്തകകൾക്ക് കൈമാറുന്ന തിരക്കിലായി.കലാകാരന്മാരുടെ കാര്യത്തിലും കേവലവ്യക്തികളുടെ കാര്യത്തിലുമെല്ലാം ഈ വക വൈരുദ്ധ്യങ്ങൾ കാണാം.മൂല്യങ്ങളെയും ആശയങ്ങളെയും പിൻതള്ളി കുത്തക കമ്പനികൾ അകലെയിരുന്ന് ചരട് വലിക്കുന്നന നാനാതരം ധനമിടപാടുകൾ സാമൂഹ്യജീവിതത്തിൽ ആധിപത്യം നേടിക്കഴിഞ്ഞ അവസ്ഥയിൽ മറ്റൊന്ന് പ്രതീക്ഷിക്കാനാവില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളും മറ്റ് കൂട്ടായ്മകളും പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്.അവയിൽ വിദേശ ഫണ്ടുകൾ കൈപ്പറ്റുന്നവ ഏതൊക്കെ,അല്ലാതുള്ളവ ഏതൊക്കെ എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയാണ്.അവ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ദീർഘവീക്ഷണത്തിൽ നിന്നുണ്ടാവുന്നവയല്ലെന്നും പൊതുജനജീവിതത്തെ ആകമാനം അപകടപ്പെടുത്തുന്നതിലേക്കാണ് പലതും നയിക്കുക എന്ന കാര്യവും എളുപ്പത്തിൽ വ്യക്തമാവുന്നുമുണ്ട്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേതിനേക്കാൾ പലമടങ്ങ് പിന്തിരിപ്പനും വഞ്ചനാപരവുമാണ് ബദൽശക്തികളുടെ രാഷ്ട്രീയം എന്നു വരുന്നത് സങ്കടകരമാണ്.അത് അങ്ങനെയാവുന്നത്  നവമുതലാളിത്തം സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വിഭാഗീയപ്രവണതകൾക്കും അരാഷ്ട്രീയതക്കും നമ്മുടെ യുവജനങ്ങൾക്കിടയിൽ വ്യാപകമായ അംഗീകാരം കൈവരുന്നതു കൊണ്ടു തന്നെയാണ്.
                                                                8/2/2015

Saturday, February 7, 2015

ഓരോ പ്രശ്‌നവും സ്വന്തം ഭാഷയിൽ നിലവിളിക്കുന്നു

'ഓരോ പ്രശ്‌നവും അതാതിന്റെ സ്വന്തം സ്വന്തം ഭാഷയിൽ നിലവിളിക്കുന്നു' (Every problem cries in it's own language) എന്ന വാക്യം Tomas Transtromer ടെ 'About History 'എന്ന കവിതയിലേതാണ്.പുരോഗമനക്കാരും പിന്തിരിപ്പന്മാരും അസ്വസ്ഥമായ ഒരു വിവാഹബന്ധത്തിലെന്ന പോലെ പരസ്പരം പരുവപ്പെടുത്തപ്പെട്ടും അന്യോന്യം ആശ്രയിച്ചും ജീവിക്കുകയാണെന്നും അവരുടെ കുട്ടികളായ നാം പക്ഷേ ഈ തടവ് തകർത്ത്  ഓടി രക്ഷപ്പെടണമെന്നും പറഞ്ഞതിനുശേഷമാണ് കവി  ഇക്കാര്യം പറയുന്നത്.സത്യം ചവുട്ടിയരക്കപ്പെട്ടിരിക്കുന്നിടത്തേക്ക് ഒരു വേട്ടപ്പട്ടിയെ പോലെ പോവുക എന്ന ആഹ്വാനം പിന്നാലെയുണ്ട്.
നാം ജീവിക്കുന്ന കാലത്തെ ഭരണപക്ഷപ്രതിപക്ഷങ്ങളുടെ പുറമേ വിദ്വേഷം ഭാവിച്ചും അകമേ ഐക്യപ്പെട്ടും കഴിയുന്ന അവസ്ഥയെ കുറിച്ചും ഇരുവരുടെയും പരിഗണനയിലേക്ക് വരാത്ത നൂറായിരം പൊതുപ്രശ്‌നങ്ങളെ കുറിച്ചും  ആരും ശ്രദ്ധിക്കാത്ത വ്യക്തിഗതവേദനകളെ കുറിച്ചുമെല്ലാം ആലോചിക്കുമ്പോഴാണ് ഈ വരികളുടെ മുഴക്കം പൂർണമായും അനുഭവപ്പെടുക.ചുരുക്കം വാക്കുകളിൽ,അതും സുതാര്യമായ ഒരു പ്രസ്താവത്തിന്റെ രൂപത്തിൽ ഒരു കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെയും നീതികേടുകളെയും അവഗണനകളെയുമെല്ലാം സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു എന്നതാണ് 'About History 'യിലെ ഈ ഖണ്ഡത്തിന്റെ പ്രത്യേകത.Transtromer ടെ കവിതകൾക്ക് പൊതുവേ  ഇത്തരത്തിലുള്ള ആഴവും പരപ്പും ഉയരവുമെല്ലാമുണ്ട്.
 അവ ദുർഗ്രഹമാണ്,അതാര്യമാണ് എന്നൊക്കെ പറയുന്നവരുണ്ട്.വാക്കുകൾ വളരെ കരുതലോടെയും ചരിത്രത്തിലേക്കും ദർശനത്തിലേക്കും മനുഷ്യപ്രകൃതത്തെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങളിലേക്കും ചെന്നെത്തും വിധം ധ്വനിനിർഭരമായും ഉപയോഗിക്കുന്ന കവിയാണ് അദ്ദേഹം.ഗൃഹാതുരതയോ മധുരവിഷാദമോ ഒന്നും പ്രതീക്ഷിച്ച് വായിക്കാവുന്ന ഒറ്റ കവിത പോലും അദ്ദേഹം എഴുതിയിട്ടില്ല.ബാഹ്യമായി ഒരു തരം ലാളിത്യമുണ്ടെങ്കിലും അവയുടെ ആന്തരിക ഗൗരവം വായനക്കാർക്ക് വളരെ പെട്ടെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും.'സംഗ്രഹീതവും തെളിമയുറ്റതുമായ ബിംബങ്ങളിലൂടെ യാഥാർത്ഥ്യത്തിലേക്ക് അദ്ദേഹം പുതിയ പ്രവേശനം നൽകുന്നു' എന്നാണ് 2011 ലെ സാഹിത്യത്തിനുള്ള  നോബൽ  സമ്മാനം Tomas Transtromer ക്ക് നൽകിക്കൊണ്ട് നോബൽ സമിതി പ്രസ്താവിച്ചത്.
                                                                                                                          7/2/2015

Friday, February 6, 2015

ചോരവരകൾ

രാജീവ് ജി.ഇടവയുടെ 'ചോരവരകൾ ' (പ്രസാ: ഗ്രീൻ ബുക്‌സ്)വളരെ ശ്രദ്ധയമായ ഒരോർമപ്പുസ്തകമാണ്.കാശ്മീർ താഴ്‌വരകളിൽ അങ്ങേയറ്റം ഭയാനകമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വന്ന ഒരു സൈനികന്റെ നടുക്കുന്ന ഓർമളാണ് ഈ പുസ്തകത്തിന്റെ ഏറിയ ഭാഗവും.നുഴഞ്ഞുകയറ്റക്കാരും ഭീകരവാദികളും കാശ്മീരിൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് മാധ്യമങ്ങളിലൂടെ കൈവരുന്ന അറിവ് മാത്രമുള്ള എന്നെ പോലുള്ളവരെ ഈ പുസ്തകത്തിലെ 'ശവവേട്ട' പോലുള്ള ചില അധ്യായങ്ങൾ വല്ലാതെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.കാശ്മീരിന്റെ ഉൾഭാഗങ്ങളിൽ മലനിരകൾക്കിടയിലെ ചില പ്രാകൃത ഗ്രാമങ്ങളിൽ താനും സഹപ്രവർത്തകരും കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതം എത്രമേൽ ദയനീയവും ഭീതിജനകവുമാണെന്ന്  ഒട്ടും വാചലാനാകാതെ എന്നാൽ തീർത്തും ഹൃദയസ്പർശിയായ രീതിയിൽ രാജീവ് വരച്ചുകാട്ടിയിട്ടുണ്ട്.തന്റെ അമ്മയെ കുറിച്ചും സഹപ്രവർത്തകരിൽ ചിലരെ കുറി്ച്ചും രാജീവ് എഴുതിയത് വായനക്കാരുടെ മനസ്സിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.
രാജ്യത്തെ മഹാഭൂരിപക്ഷവും പലപല കഷ്ടപ്പാടുകൾക്കിടയിലും  ആരിൽ നിന്നുമുള്ള ആക്രമണത്തെയും ഭയക്കാതെ ജീവിച്ചുപോവുമ്പോൾ.അവരുടെ നേതാക്കളിൽ തൊണ്ണൂറ് ശതമാനവും ഒരു പ്രശ്‌നത്തിലും മനസ്സുകൊണ്ടു പോലും ആത്മാർത്ഥമായി ഇടപെടാതെ വെറുതെ പ്രസംഗിച്ചു നടക്കുമ്പോൾ,നമ്മുടെ സൈനികരിൽ വലിയൊരു ശതമാനത്തിനും എത്രയൊക്കെയോ പ്രയാസങ്ങളെ നേരിട്ടും രാവും പകലും ഓരോ നിമിഷത്തിന്റെ തിരിവിലും മരണസാധ്യതയെ തന്നെ പ്രതീക്ഷിച്ചും ജീവൻ നിലനിർത്തേണ്ടി വരുന്നതിലെ വൈപരീത്യം നമ്മെ വല്ലാതെ അസ്വസ്ഥരാക്കും.അതിർത്തികളുടെ പേരിൽ ഒരിറ്റ് ചോര പോലും ചിന്താതെ മനുഷ്യവംശം ജീവിക്കുന്ന ആ വിദൂര ഭാവികാലം അരികെയായിരുന്നെങ്കിൽ എന്ന് ഈ പുസ്തകം വായിക്കുന്ന ആരും ആഗ്രഹിച്ചുപോവും.
                              6/2/2015

പെൺപട്ടി

'വൈറ്റ് ക്രോ ആർട്ട് ഡെയിലി ' എന്ന വെബ്പ്രസിദ്ധീകരണത്തിൽ എൻ.പി.സന്ധ്യ 'പെൺപട്ടി,യുവതിയായ പെൺപട്ടി,പട്ടികളെ കുറിച്ച് ചില പ്രസ്താവനകൾ ' എന്നീ ശീർഷകങ്ങളിൽ മൂന്ന് കവിതകൾ എഴുതിയിട്ടുണ്ട്.മൂന്നിനെയും ചേർത്ത് ഒറ്റ കവിതയായും കണക്കാക്കാം.'അസുന്ദരമായ' കാഴ്ചകളും അസാധാരണമായ വിചാരങ്ങളും ഉത്കണ്ഠകളുമൊക്കെയാണ് സന്ധ്യുടെ കവിതകളെ വ്യത്യസ്തമാക്കുന്നത്.ഈ കവിയിത്രിയുടെ നൂറ്റൊന്ന് കവിതകളുടെ ഒരു സമാഹാരം 'ശ്വസിക്കുന്ന ശബ്ദം മാത്രം' എന്ന പേരിൽ രണ്ട് വർഷം മുമ്പ് കറന്റ് ബുക്‌സ് തൃശൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
കവിത എന്ന നാട്യമില്ലാതെ പലപ്പോഴും നേർവിവരണങ്ങളുടെയും ലളിതമായ പ്രസ്താവനകളുടെയും നിരീക്ഷണങ്ങളുടെയുമൊക്കെ രൂപത്തിലാണ് അവ അവതരിക്കുന്നത്.അതുകൊണ്ട് വ്യാഖ്യാനരൂപത്തിലോ ആസ്വാദനമെന്ന നിലക്കോ അവയെ പറ്റി വാചാലമാകേണ്ട കാര്യമില്ല.അനുമതിക്ക് കാത്തുനിൽക്കാതെ അവ വേദനിപ്പിക്കുന്ന വിചാരങ്ങളായി പരിണമിക്കുന്നു.' യുവതിയായ പെൺപട്ടി ' എന്ന കവിതയിലെ ചില വരികൾ ഉദ്ധരിക്കാം:
പട്ടികൾക്ക്
രോമം കിളിർക്കും പോലെയാണ്
കാലം പോകുന്നതും
വരുന്നതും
നാമറിയുകയേയില്ല
കുഞ്ഞായ് മുറ്റത്തുകളിക്കുന്ന ഈ
പട്ടിയിതാ മുത്തശ്ശിയുടെ
കണ്ണുകൾകൊണ്ട്
എന്നെ നോക്കുന്നു.
6/2/2015