Pages

Monday, February 9, 2015

പു.ക.സക്ക് എന്ത് സംഭവിച്ചു?

1992 ഏപ്രിൽ 26 ന്  'ഭാഷാപോഷിണി'യുടെ ജന്മശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇ.എം.എസ് പറഞ്ഞു :'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.'
ഇ.എം.എസ്സിന്റെ ഈ പ്രസ്താവം  പു.ക.സക്ക്  ദിശാബോധം നഷ്ടപ്പെടുത്തി എന്നതാണ് വാസ്തവം. സ്വന്തം ചരിത്രത്തിന്റെ അന്ത:സത്തയെ പാടെ നിരാകരിക്കും വിധത്തിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് പിന്നീട് പു.ക.സയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.(എം.എൻ.വിജയനും ഏതാനും ചിലരും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിസ്മരിക്കുന്നില്ല).ലക്ഷ്യബോധം,സാമൂഹ്യപപ്രതിബദ്ധത തുടങ്ങിയ വാക്കുകൾ ആവർത്തിക്കുന്നതിൽ പു.ക.സ ഇപ്പോഴും വൈമുഖ്യമൊന്നും കാണിക്കാറില്ലെങ്കിലും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരിൽ ചിലരെ സ്വന്തം എന്നു ഭാവിച്ച് കൊണ്ടുനടക്കുന്നതിലാണ് സംഘടനയുടെ പ്രധാനശ്രദ്ധ.കലയുടെ രാഷ്ട്രീയം ഗൗരവമായി ചർച്ചചെയ്യുന്നതിലോ, മലയാള സാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ അപഗ്രഥിക്കുന്നതിലോ  ഈയിടെയായി പു.ക.സ അൽപമായ താൽപര്യം പോലും പുലർത്താറില്ല.
ഔപചാരികമായ  ചർച്ചകളിലും ചടങ്ങുകളിലും ഒതുങ്ങുകയാണ് സംഘടനയുടെ പ്രവർത്തനം.                                                                                        മുപ്പതുകളുടെ അന്ത്യത്തിലും നാൽപതുകളിലും മലയാള സാഹിത്യം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാസാഹിത്യങ്ങളിലും പുത്തനുണർവുകൾ ഉണ്ടാക്കിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് പിൽക്കാലത്ത് കേരളത്തിൽ സംഭവിച്ച വിപര്യയം ആരെയും കാര്യമായി അലട്ടുന്നുണ്ടെന്ന് തോന്നുന്നില്ല.പു.ക.സയുടെ  പ്രവർത്തനങ്ങളിൽ അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും കാതലായ താല്പര്യം കാണിക്കുന്നതായി കാണുന്നില്ല.
പുരോഗമനസാഹിത്യ പ്രസ്ഥാനം മലയാളത്തിൽ ഓജസ്സോടെ പ്രവർത്തിച്ചത് ഏകദേശം ഒരു ദശകക്കാലത്തോളമാണ്,1940കളുടെ അന്ത്യത്തോടെ പ്രസ്ഥാനം പരിക്ഷീണമായിത്തുടങ്ങി.പിന്നീട് 70കളുടെ ആരംഭത്തിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെയും അതിൽപ്പിന്നെ പു.ക.സയിലൂടെയും ഉയിർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല.ലോകരാഷ്ട്രീയവും  ജനജീവിതവും സാംസ്‌കാരിക വ്യവഹാരങ്ങളുടെ ഘടനയും എങ്ങനെയൊക്കെ  മാറാൻ തുടങ്ങിയിരിക്കുന്നു എന്ന് ശരിയാം വണ്ണം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതു തന്നെയായിരുന്നു പ്രശ്‌നം.എങ്കിലും,നമ്മുടെ സാഹിത്യത്തെ  പാരമ്പര്യപൂജക്കും കേവല കാല്പനികതക്കും  അരാഷ്ട്രീയതയുടെ ആഘോഷങ്ങൾക്കും പൂർണമായും വഴിപ്പെടാതെ രക്ഷിക്കുന്നതിൽ ഈ പ്രസ്ഥാനം വഹിച്ച പങ്ക്  നിസ്സാരമായിരുന്നുവെന്ന് വിധിക്കാൻ ആർക്കും സാധിക്കില്ല .പക്ഷേ, സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല എന്ന് ജീവൽസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ആൾ തന്നെ പറയുകയും 'കല കലയ്ക്കു വേണ്ടി' എന്ന് പുരോഗമന വാദികൾ തന്നെ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്യുന്ന ഘട്ടം വന്നതോടെ പു.ക.സക്ക് പ്രത്യകിച്ച് ഒരു ദൗത്യവും നിറവേറ്റാനില്ലെന്നായി.സ്വാഭാവികമായും അത് ഏറെക്കുറെ മൃതപ്രായമായി.
സൗന്ദര്യശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയിൽ ആഗോള തലത്തിലുണ്ടായ വികാസപരിണാമങ്ങളെ മുഴുവൻ ആഴത്തിൽ പഠിച്ച് സ്വന്തം ആശയലോകത്തിലും നിലപാടുകളിലും കേരളീയ ജീവിത യാഥാർത്ഥ്യങ്ങളോട് ഫലപ്രദമായി സംവദിക്കാനാവുന്ന അർത്ഥപൂർണമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാത്ത പക്ഷം സാഹിത്യത്തിലെ പ്രമാണിമാരുടെ പിന്നിൽ ഓച്ഛാനിച്ചു നിന്ന് സംതൃപ്തിയടയുന്ന അവസ്ഥയിൽ നിന്ന് പു.ക.സക്ക് രക്ഷപ്പെടാനാവില്ല.
യഥാർത്ഥത്തിൽ പു.ക.സയുടെ മുന്നിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ട്.വർഗീയ ഫാസിസം പടിവാതിൽക്കലെത്തി നിൽക്കുകയും ബഹുരാഷ്ട്ര മുതലാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകമാനം വലിഞ്ഞു മുറുക്കുകയും കലയുടെയും സാഹിത്യത്തിന്റെയും പേരിൽ വ്യാജവ്യവഹാരങ്ങളും ശുദ്ധ കോമാളിത്തങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയിൽ വലിയ ഒരു ശുദ്ധീകരണ ശക്തിയായി പ്രവർത്തിക്കേണ്ടുന്ന പ്രസ്ഥാനമാണിത്.
9/2/2015

No comments:

Post a Comment