കുറിപ്പ്
6
ഒരു ജനതയുടെ ഭാഷയെയും ആത്മബോധത്തെയും ലോകബോധത്തെയും കാലത്തിന് അഭിമുഖമാക്കി നിര്‍ത്തി അവയുടെ നവീകരണസാധ്യതകള്‍ ചൂണ്ടിക്കാണിക്കുക എന്ന വലിയ പ്രവൃത്തിയാണ് എഴുത്തുകാര്‍ നിര്‍വഹിക്കുന്നത്.അതിനെ ഗൌരവപൂര്‍ണമായി മനസ്സിലാക്കുകയും മറ്റ് വിദഗ്ധതൊഴിലുകള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ നന്നേ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും എഴുത്ത് ഒരു സാമൂഹ്യാവശ്യമാണെന്നും ആ ആവശ്യം നിറവേറ്റുന്നവര്‍ പ്രത്യേകമായ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും സമൂഹത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്.എഴുത്തുകാര്‍,വിശേഷിച്ചും വലിയ മാനസ്സികസന്നാഹങ്ങളോടും ഉത്തരവാദിത്വത്തോടും കൂടി എഴുത്ത് നിര്‍വഹിക്കുന്നവര്‍ കേരളത്തിലെ ഏറ്റവും വലിയ ചൂഷിതവിഭാഗമാണിന്ന്.ഏറ്റവുമധികം അവമതിക്കപ്പെടുന്ന അധ്വാനം അവരുടേതാണ്.ഒരു വര്‍ഷംകഠിനാധ്വാനം ചെയ്ത് എഴുതുന്ന നോവലിന് ഒരെഴുത്തുകാരന് കിട്ടുന്ന പ്രതിഫലം നഗരത്തിലെ വലിയൊരു സ്വര്‍ണക്കടക്കാരന് അരമണിക്കൂര്‍ കൊണ്ട് കിട്ടുന്ന ലാഭത്തേക്കാളും വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് നാലോ അഞ്ചോ ദിവസം കൊണ്ട് കിട്ടുന്ന ഫീസിനേക്കാളും സമര്‍ത്ഥനായ ഒരു വാര്‍പ്പ് പണിക്കാരന് രണ്ട് മാസംകൊണ്ട് കിട്ടുന്ന കൂലിയേക്കാളും കുറവാണ്. ഈ അവസ്ഥ ഏത് പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളവും അപമാനകരമാണ്
No comments:
Post a Comment