കുറിപ്പ്
കേരളസമൂഹത്തില്‍ ദൂരവ്യാപകമായ വിപരീതഫലങ്ങളുണ്ടാക്കാന്‍ പോന്ന പരിഷ്ക്കരണങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ നടന്നുവരുന്നത്.പുതിയ വിദ്യാഭ്യാസത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന രണ്ട് നിലപാടുകള്‍ മാത്രം പരിശോധിച്ചാല്‍ മതി ഇക്കാര്യം ബോധ്യമാവാന്‍.താഴെ പറയുന്നവയാണ് അവ:
1. വിദ്യാഭ്യാസമെന്നത് വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ സ്വയം കണ്ടെത്തി ഗ്രഹിക്കലാണ്.അധ്യാപകന്റെ /അധ്യാപികയുടെ സ്ഥാനം അതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്ന ആളുടേതു മാത്രമാണ്.
2. വിദ്യാര്‍ത്ഥി പഠിക്കുന്ന ഏത് കാര്യത്തിനും കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന ഉപയോഗിതാമൂല്യം വേണം.ഒരു കവിത പഠിക്കുമ്പോള്‍ അത് കേരളീയജീവിതത്തിലെ ഏത് പ്രശ്നമേഖലയുമായി ബന്ധപ്പെടുന്നു എന്ന കാര്യം വിദ്യാര്‍ത്ഥിക്ക് സംശയരഹിതമായി ബോധ്യം വരണം.
ഒന്നാമത്തെ നിലപാടിന്റെ ഫലം വിദ്യാര്‍ത്ഥി ലോകത്തിലെ ഏത് കാര്യവും തനിക്ക് പരസഹായമില്ലാതെയും എളുപ്പത്തിലും ഗ്രഹിക്കാവുന്നതാണ് എന്ന ധാരണയില്‍ എത്തിച്ചേരും എന്നതാണ്.ഏത് വിജ്ഞാനശാഖയ്ക്കും അതിന്റേതായ ചരിത്രമുണ്ട്.ഓരോ അറിവിനു പിന്നിലും നാളിതുവരെയുള്ള തലമുറകളുടെ അനുഭവങ്ങളും അന്വേഷണങ്ങളുമുണ്ട്.ഇവയെയൊക്കെ ഒറ്റയടിക്ക് നിസ്സാരമായി കാണുകയും എല്ലാം താനൊരാള്‍ ഒറ്റയ്ക്ക് കണ്ടെത്തുന്നതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചരിത്രത്തോടും മനുഷ്യന്റെ ബൌദ്ധികാധ്വാനങ്ങളോട് ആകെത്തന്നെയും പുച്ഛം തോന്നും.ഇത് അവരെ വളരെ ആപല്‍ക്കരമായ സ്വാത്മകേന്ദ്രീകരണത്തിലേക്കും അഹന്തയിലേക്കും പരപുച്ഛത്തിലേക്കും നയിക്കും.കഴുത്തറുപ്പന്‍ മത്സരം നടക്കുന്ന വ്യാപാരമേഖലയില്‍ മറ്റുള്ളവരുടെ താല്പര്യങ്ങളും പൊതുസമൂഹത്തിന്റെ നന്മയും തരിമ്പും പരിഗണിക്കാതുള്ള കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ട് മുന്നേറാന്‍ നാളത്തെ പൌരന്മാരെ അത് സഹായിച്ചേക്കും.അതല്ലാതെ മഹത്തായ യാതൊരു ലക്ഷ്യത്തിന്റെയും പരിസരങ്ങളില്‍ പോലും വിദ്യാഭ്യാസത്തെ കൊണ്ടുചെന്നെത്തിക്കാന്‍ ഇതുകൊണ്ട് സാധ്യമാവില്ല.
രണ്ടാമത്തെ നിലപാടും വളരെ പ്രകടമായിത്തന്നെ ജ്ഞാനവിരുദ്ധമാണ്. മനുഷ്യവംശം നാളിതുവരെ നടത്തിയ ബൌദ്ധികാന്വേഷണങ്ങളും സര്‍ഗാത്മകപ്രവൃത്തികളും ദൈനംദിനജീവിതത്തില്‍ ഉടനടി പ്രത്യക്ഷമാവും വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍വഹിക്കപ്പെട്ടവയല്ല.പലതിന്റെയും,വിശേഷിച്ചും കല,സാഹിത്യം,ദര്‍ശനം തുടങ്ങിയ മേഖലകളില്‍ നടന്നിട്ടുള്ള പല അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഫലങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാണിക്കാവുന്നവയുമല്ല.കൃത്യമായി വ്യവച്ഛേദിച്ചറിയാവുന്ന ഉപയോഗിതാമൂല്യമില്ലാത്ത ഒന്നും നിലനില്‍ക്കേണ്ടതില്ല എന്ന വിധി ലാഭേച്ഛ മാത്രം ലാക്കാക്കി പ്രവൃത്തിക്കുന്ന ഒരു സമൂഹത്തിന് മാത്രം സ്വീകാര്യമാവുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമാണ്.ഉപയോഗിതാമൂല്യത്തെ മാത്രം അടിസ്ഥാനമാക്കി വിഷയങ്ങളെ സമീപിക്കുമ്പോള്‍ അവയുടെ ഏറ്റവും കാതലായ വശം ഒഴിവാക്കപ്പെടും.അങ്ങനെയാണ് കോളേജ്തലത്തിൽ നിലവിൽ വന്ന ഫങ്ഷനൽ ഇംഗ്ളീഷ് കോഴ്സിൽ ഷെയ്ക്സ്പിയറുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും ബ്ളെയ്ക്കിന്റെയും ഷെല്ലിയുടെയും കീറ്റ്സിന്റെയുംമെല്ലാം സ്ഥാനം നാമമാത്രമാവുകയും ബിസിനസ് ഇംഗ്ളീഷും മറ്റും പ്രഥമപരിഗണന നേടുകയും ചെയ്യുന്നത്.
സെമിസ്റര്‍ സമ്പ്രദായം നടപ്പിലാക്കിത്തുടങ്ങിയ ഘട്ടം മുതല്‍ക്കാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് തകര്‍ച്ച ആരംഭിച്ചത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ അനേകം കാര്യങ്ങള്‍ ഉപരിപ്ളവമായി പഠിക്കുകയും തൊട്ടടുത്ത സെമസ്ററില്‍ അവയ്ക്കൊന്നും തുടര്‍ച്ചയില്ലാതാവുകയും ചെയ്യുന്ന ദുരവസ്ഥയാണ്ഒട്ടു മിക്ക കോഴ്സുകളുടെയും കാര്യത്തിൽ സെമസ്റര്‍ വഴി സൃഷ്ടിക്കപ്പെട്ടത്.ഇപ്പോള്‍ നടപ്പിലാക്കിവരുന്ന ചോയ്സ്ബെയ്സ്ഡ് ക്രെഡിറ്റ് സമ്പ്രദായം കാര്യങ്ങളെ പതിന്മടങ്ങ് വഷളാക്കിയിരിക്കുന്നു.ആഴത്തിലുള്ള പരിജ്ഞാനത്തെ കുറിച്ച് ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അനേകം വിഷയങ്ങളെപ്പറ്റി വാചകമടിക്കാന്‍ പറ്റുന്ന ബിരുദധാരികളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം ആ പേരിനു തന്നെ അര്‍ഹമല്ല. വിദ്യാഭ്യാസത്തെ ആകമാനം ബുദ്ധിശൂന്യവും അതേസമയം മുതലാളിത്താനുകൂലമായ വികസനത്തിന് അനകൂലവുമാക്കി തീര്‍ക്കുന്ന വലിയ ഒരു ചതിപ്പണിയാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.അല്പമായ ചരിത്രബോധം പോലുമില്ലാതെയും തീര്‍ത്തും മനുഷ്യത്വരഹിതമായും കാര്യങ്ങളെ സമീപിക്കുന്ന ഒരു തലമുറയുടെ,പല തലമുറകളുടെ സൃഷ്ടിയായിരിക്കും ഇതിന്റെ ഫലം.
i don't agree with the first point..the teacher is meant to be a facilitator who facilitates the process of learning..it is a break away from the conventional process of spoon feeding the information in which students are always at the receptive end..theoretically, facilitative learning is a good concept..at practical level it depends on how effective a facilitator is..
ReplyDelete