22
'ഉറവ' എന്നു പേരിട്ടിരിക്കുന്ന തളിപ്പറമ്പ് ഉപജില്ലാ വിദ്യാലയ ചരിത്രരേഖ(2006) വായിച്ചുകൊണ്ടിരിക്കെ ഞാന്‍ വല്ലാത്തൊരു മനോനിലയിലായി.കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് പരിചയമുള്ള പല ഗ്രാമങ്ങളിലെ പല കാലങ്ങളിലെ മനുഷ്യജീവിതങ്ങളെ രൂപപ്പെടുത്തിയ വിദ്യാഭ്യാസം,കല,രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലൂടെയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് സഞ്ചരിച്ചെത്തുമ്പോഴുണ്ടാവുന്ന വൈവശ്യം.അതില്‍ ഗൃഹാതുരത്വവും കേവലമായ വിഷാദവും ദാര്‍ശനികച്ഛായയുള്ള ആത്മവേദനയുമെല്ലാം ഇടകലര്‍ന്നിരുന്നു.
ഒരു ശരാശരി മനുഷ്യജീവിതത്തിന്റെ കാലയളവ് വാസ്തവത്തില്‍ എത്ര ചെറുതാണ്?അതിനുള്ളില്‍ ത്തന്നെ എന്തെന്തൊക്കെ വ്യവഹാരങ്ങളിലൂടെയാണ് ഓരോരുത്തരും കടന്നുപോവുന്നത്?ഒന്നാം ക്ളാസ്സില്‍ തന്റെ കുട്ടിയെ കൊണ്ടുചെന്നിരുത്തുന്ന രക്ഷിതാവിന് അവനെ/അവളെ കുറിച്ച് ഉണ്ടാകാവുന്ന മോഹങ്ങളും ഭാവിയിലെ അനുഭവങ്ങളും പൊരുത്തപ്പെട്ടുപോവുന്ന അവസ്ഥ ഒരു ശതമാനം മനുഷ്യരുടെ കാര്യത്തില്‍ പോലും യാഥാര്‍ത്ഥ്യമാവുന്നുണ്ടാവില്ല.എല്ലാ മുതിര്‍ന്ന മനുഷ്യര്‍ക്കും അതറിയാമെങ്കിലും ഓരോ പുതിയ തലമുറയും പുതിയ സ്വപ്നങ്ങളുടെയും ആശയങ്ങളുടെയും ഭാരം തങ്ങളുടെ കുട്ടികളുടെ ചുമലില്‍ അവരറിയാതെ കയറ്റിവെക്കുന്നു.ഇക്കാര്യത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദവും യൂറോപ്യന്‍ നാടുകളിലെയും അമേരിക്കയിലെയും ചില ഏഷ്യന്‍രാജ്യങ്ങളിലെ തന്നെയും രക്ഷിതാക്കളുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്.
'ഉറവ'യില്‍ ഉള്ളുണര്‍ത്തുന്ന ചരിത്രവസ്തുതകളും വിവരങ്ങളും ഒട്ടുവളരെയുണ്ട്.പക്ഷേ,വിവരങ്ങള്‍ എന്ന നിലയ്ക്കല്ല വിചിത്രമെന്നു പറയാവുന്ന ചില വൈകാരികസ്മൃതികളായാണ് അവയൊക്കെയും എനിക്കനുഭവപ്പെട്ടത്.ചരിത്രത്തിന്റെ വലിയൊരു മേന്മ അല്ലെങ്കില്‍ മൂല്യം അതിനു മാത്രം നല്‍കാനാവുന്ന ഈ വൈകാരികതയാണ്;ഓര്‍മകളുടെ ആനന്ദവും വേദനയും സൌന്ദര്യവുമാണ്.അന്യഥാ ശുഷ്കമായ ലോകവിവരങ്ങള്‍ പോലും ചരിത്രത്തിന്റെ ഘടനയിലേക്ക് പ്രവേശിക്കുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന സമുദ്രപരിണാമം അത്ഭുതകരമാണ്.മുല്ലക്കൊടി,പാവന്നൂര്‍,കണ്ടക്കൈ,കോറളായിത്തുരുത്തി,ചട്ടുകപ്പാറ,കടമ്പേരി എന്നിങ്ങനെയുള്ള സ്ഥലപ്പേരുകള്‍ക്കുപോലും ഈ വിദ്യാലയരേഖയില്‍ അത്തരമൊരു പരിണാമം സംഭവിച്ചിരിക്കുന്നു.കെട്ടിലും മട്ടിലും വലിയ മികവുള്ളതെന്നു പറയാവുന്നതല്ല ഈ ചരിത്രരേഖ.എങ്കിലും 'ഉറവ'യില്‍ സതീഷ് തോപ്രത്ത് വരച്ചിരിക്കുന്ന രേഖാചിത്രങ്ങളില്‍ ചിലത് വിനീതമായ ഈ ചരിത്രകൃതിയുടെ ചൈതന്യവുമായി ഉയര്‍ന്ന അളവില്‍ സര്‍ഗാത്മകമായ രക്തബന്ധം സ്ഥാപിച്ചിട്ടുണ്ട്.പഴയകാല വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,പഴയകാലത്തെ സ്കൂള്‍മുറ്റം,ക്ളാസ്മുറി എല്ലാം ഈ ചിത്രകാരന്റെ വരകളില്‍ അസാധാരണമായ ലാളിത്യവും നൈര്‍മല്യവുമാര്‍ന്ന് പുനര്‍ജ്ജനിച്ചിരിക്കുന്നു.
23
ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്(1988 ഏപ്രില്‍ 16 ന്) ബക്കളം ദാമോദരന്‍,ഉമ്മര്‍,ചിത്രകാരന്‍ ശിവകൃഷ്ണന്‍,വി.ബാബുരാജ്(പാലേരി),എ.വി.പവിത്രന്‍,പി.വി.പുരോഷത്തമന്‍(ഇപ്പോള്‍ പാലയാട് ഡയറ്റിലെ അധ്യാപകന്‍),പി.പവിത്രന്‍ (മലയാളം ഐക്യവേദിയുടെ മുഖ്യസംഘാടകനും കാലടിസംസ്കൃതസര്‍വകലാശാലയുടെ തിരൂര്‍ കേന്ദ്രത്തില്‍ അധ്യാപകനുമായ പവിത്രന്‍ തന്നെ) എന്നിവരോടൊപ്പം ഞാന്‍ പുളിങ്ങോത്തുനിന്ന് പുറപ്പെട്ട് കുടകിലെ ബാഗമണ്ഡലത്തേക്ക് കാല്‍നടയായി പോയി.ഇരുപത് കിലോമീറ്ററിലധികം നടത്തം.പുഴകടന്ന്,കാട്ടുവഴിയിലൂടെ ആയാസകരമായ കയറ്റങ്ങളും ഇറക്കങ്ങളും താണ്ടിയുള്ള കഠിനയാത്ര.രാവിലെ എട്ട് മണിക്ക് പുളിങ്ങോത്തു നിന്ന് പുറപ്പെട്ട് വൈകുന്നേരം ആറ് മണി കഴിഞ്ഞാണ് ബാഗമണ്ഡലത്തെത്തിയത്.പുളിങ്ങോത്തു നിന്ന് കുറേ ദോശയും അപ്പവും പഴവുമൊക്കെ വാങ്ങിവെച്ചിരുന്നെങ്കിലും ഉച്ചയാവും മുമ്പേ എല്ലാം തിന്നുതീര്‍ത്തിരുന്നു. ആനവായില്‍ അമ്പഴങ്ങപോലെ അതൊക്കെ എങ്ങോ പോയ്മറിഞ്ഞു.കത്തിക്കാളുന്ന വിശപ്പിന് കാര്യമായ ശമനമൊന്നും ഉണ്ടായില്ല.ഓരോ കയറ്റം കഴിയുമ്പോഴും അത് കൂടിക്കൂടി വന്നു.ആവശ്യത്തിനുള്ള ആഹാരം കരുതി വെക്കാതെ യാത്ര പുറപ്പെട്ടതിന് ഓരോരുത്തരും അന്യോന്യം കുറ്റപ്പെടുത്തി.കാട്ടിലെവിടെയെങ്കിലും ഒരു പേരമരമോ നെല്ലിമരമോ മാവോ കണ്ടുകിട്ടുന്ന നിമിഷത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.ഒന്നോ രണ്ടോ തവണ അത് സഫലമായെന്നാണ് ഓര്‍മ.
ഈ കുടക് യാത്രയിലെ രണ്ടു ചിത്രങ്ങളാണ് ഏറെ തെളിമയോടെ ഇന്നും മനസ്സിലുള്ളത്.ഒന്ന്,നടത്തത്തിനിടയില്‍ ഇടക്കിടെ കണ്ടുകൊണ്ടിരുന്നു കല്ലുവാഴകള്‍.അവയുടെ ചെറിയ ഉടല്‍,ചെറിയ ഇലകള്‍,ചെറിയ കുല എല്ലാറ്റിനോടും എന്തോ ഒരടുപ്പം തോന്നിയിരുന്നു.രണ്ടാമത്തേത് ഒരു ഭ്രാന്തിയുടെ ഓര്‍മയാണ്.ബാഗമണ്ഡലത്തിന് എതാണ്ട് അടുത്തെത്താറായപ്പോള്‍ ഞങ്ങള്‍ കൂട്ടം പിരിഞ്ഞാണ് നടന്നിരുന്നത്.എന്റെ കൂടെ ആരൊക്കെയാണ് ഉണ്ടായിരുന്നത് എന്ന് ഇപ്പോള്‍ ഓര്‍മിച്ചെടുക്കാനാവുന്നില്ല.ഞങ്ങള്‍ ഒരു വെളിമ്പ്രദേശം കടന്ന് ചെറിയൊരു കാട്ടിലേക്ക് പ്രവേശിച്ചതായിരുന്നു.പെട്ടെന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് ഞങ്ങളുടെ നേര്‍ക്ക് ഓടിവരുന്നതായി ഭാവിക്കുകയും പെട്ടെന്ന് ഒരുപൊട്ടിച്ചിരിയോടെ തിരിയെ പോവുകയും ചെയ്തു.മറ്റൊരു ദേശത്തെ കാട്ടില്‍ വെച്ച് മറ്റൊരു ഭാഷ സംസാരിക്കുന്ന സമനില തെറ്റിയ സ്ത്രീയെ അവിചാരിതമായി കാണേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇപ്പോഴും ഉള്ളില്‍ നിന്ന് പോയിട്ടില്ല.
24
എഴുതി പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന കഥകളുടെയും കവിതകളുടെയും ശേഖരം മിക്ക എഴുത്തുകാരുടെ കയ്യിലും ഉണ്ടാവും. പല എഴുത്തും വെറുതെ ഒരു കൈത്തരിപ്പ് മാറ്റാനെന്ന പോലെ ചെയ്യുന്നതാവാം.വലിയ പ്രതീക്ഷയോടെ ആരംഭിച്ച് 'ശൂ' എന്നവസാനിച്ചു പോവുന്നവയും ഉണ്ടാവാം.എന്തായാലും എഴുതിയത് നന്നായിട്ടുണ്ട് എന്നൊരു പ്രതീതിയില്‍ താല്‍ക്കാലികമായെങ്കിലും എത്തിച്ചേരാതെ ആരും ഒരു സംഗതിയും പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുക്കില്ല.ഉപേക്ഷിക്കണമെന്നു തോന്നിയ രചനകള്‍ എന്റെ കയ്യില്‍ വളരെ കുറച്ചേ ഉള്ളൂ.അങ്ങനെയുള്ളവയില്‍ ഒട്ടുമുക്കാലും ഞാന്‍ അപ്പപ്പോള്‍ തന്നെ കത്തിച്ചുകളഞ്ഞിരുന്നു.എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു പോയ ചിലത് ഈ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ പൊടിതട്ടി എടുത്തുവെച്ചിട്ടുണ്ട്. ചുവടെ കൊടുക്കുന്ന ചെറിയ കഥ അവയിലൊന്നാണ്.
ജ്ഞാനി
" മനസ്സൊന്നു ശുദ്ധമാക്കാന്‍ കഴിഞ്ഞെങ്കില്‍''}ഞാന്‍ പറഞ്ഞു.പുഴവക്കത്തെ പഴകി ദ്രവിച്ചൊരു കള്ളുഷാപ്പിലെ നാറുന്ന മുറിയില്‍ ഇളകിയാടുന്ന ബെഞ്ചിലിരുന്ന് മനസ്സ് തുറക്കുകയായിരുന്നു ഞങ്ങള്‍.ഞാനും അല്പനേരം മുമ്പ് ഷാപ്പില്‍ വെച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ട മനുഷ്യനും. മെലിഞ്ഞു നീണ്ട വിളറി വെളുത്ത ഒരു മനുഷ്യനായിരുന്നു അയാള്‍.
"മനസ്സ് ശുദ്ധമാക്കാന്‍ എന്താ ഇത്ര പ്രയാസം? ''അയാള്‍ ചോദിച്ചു.
"ഒരു പാട് പ്രയാസങ്ങളുണ്ട്.ഒന്നാമതായി ഒന്നും ആഗ്രഹിക്കാതിരിക്കണം''
" അതെ;അതു ശരിയാണ്''
" അവനവന്റെ സ്വാതന്ത്യ്രം പോലും ആഗ്രഹിക്കരുത്''
" ശരിയാണ്''
" കാമം,പണത്തിനു വേണ്ടിയുള്ള മോഹം,സ്നേഹിക്കപ്പെടാനുള്ള ദാഹം,പക എല്ലാം ഉപേക്ഷിക്കണം''
" അതെ; എല്ലാം ഉപേക്ഷിക്കണം.അങ്ങനെ എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായാല്‍ മനസ്സ് ശുദ്ധമാവും,വെള്ളക്കടലാസ് പോലെ,പച്ച വെള്ളം പോലെ,അല്ലെങ്കില്‍ ഇളംകള്ള് പോലെ''
" പക്ഷേ,എനിക്കത് സാധ്യമാവുന്നില്ല''
" കഷ്ടം,എനിക്ക് പക്ഷേ എല്ലാം സാധ്യമാവുന്നുണ്ട്''
" കള്ളം പറയരുത്.ഈ ലോകത്തു ജീവിച്ചുകൊണ്ട് ആര്‍ക്കുമത് സാധിക്കില്ല''
" ശരിയാണ്.സാധിക്കില്ല.ഞാന്‍ പക്ഷേ ഈ ലോകത്തല്ലല്ലോ''അയാള്‍ പറഞ്ഞു.പിന്നെ ഞാന്‍ രണ്ടാമതും വാങ്ങി വെച്ച ഒരു കുടം കള്ള് മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത്,ചിറിയും തുടച്ച് അയാള്‍ അപ്രത്യക്ഷനായി.ഷാപ്പിലെ ജോലിക്കാര്‍ ഒച്ചയും ബഹളവുമായി ഓടിപ്പിടഞ്ഞുവന്ന് എന്നെ വലിച്ച് പുറത്തിടുകയും ചെയ്തു.
(പ്ളാവില മാസിക -ഡിസംബര്‍ 2010)
No comments:
Post a Comment