'ഫെര്‍നാണ്‍ഡോ പെസ്സാഓ'വിന്റെ (Fernando Pessoa 1888-1935)'The Book of Disquiet' നെ എഴുത്തുകാരുടെ പുസ്തകം എന്ന് നിസ്സംശയമായും നിര്‍വചിക്കാം.(പോര്‍ച്ചുഗീസ്ഭാഷയില്‍നിന്ന് റിച്ചാര്‍ഡ് സെനിത്ത് ആണ് ഈ കൃതി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.) എഴുത്ത്,വ്യാപാരപരവും വ്യാജവുമല്ലാത്ത എഴുത്ത് എന്താണെന്ന് ഒരിക്കലെങ്കിലും സ്വന്തമായി അനുഭവിച്ചറിഞ്ഞിട്ടുള്ള ആരെയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും വല്ലാതെ ഉത്തേജിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന അനേകം നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.സാഹിത്യത്തിലെ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട എണ്ണമറ്റ ആന്തരസംഘര്‍ ഷങ്ങളും ആത്മസംശയങ്ങളും വേദനകളും നിരാശകളും അപമാനങ്ങളും ഈ കൃതിയില്‍ ഏറ്റവും മനോഹരമായ വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.പരിഭാഷയക്ക് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന അത്തരം വിശിഷ്ടവാക്യങ്ങളില്‍ ചിലതാണ് താഴെ മൊഴിമാറ്റം ചെയ്ത് ചേര്‍ത്തിരിക്കുന്നത്:
1. മൌലികമായ അനേകം ചിന്തകള്‍,സത്യമായും അതിഭൌതികമായ അനേകം സംഗതികള്‍ ഇപ്പോള്‍ തന്നെ എനിക്ക് നിങ്ങളോട് പറയാനുണ്ട്.അതുകൊണ്ടെനിക്ക് തളര്‍ച്ച തോന്നുന്നു.ഞാനിതാ ഒന്നും എഴുതാതിരിക്കാനും ഒന്നും ചിന്തിക്കാതിരിക്കാനും തീരുമാനിച്ചുകഴിഞ്ഞു.പറയേണ്ടി വരുന്നതിന്റെ പനിത്തളര്‍ച്ച എന്നെ ഉറക്കത്തിലേക്കു നയിക്കട്ടെ.ഞാന്‍ പറഞ്ഞിട്ടുണ്ടാവുമായിരുന്ന എല്ലാറ്റിനെയും കണ്ണടച്ചുകിടന്ന് ഒരു പൂച്ചക്കുട്ടിയെ എന്ന പോലെ ഞാന്‍ തലോടിക്കൊണ്ടേയിരിക്കും.(കുറിപ്പ് 27)
2. പ്രപഞ്ചം തന്നെ ഒരബദ്ധമാണെന്നതുപോലെ എല്ലാം ഉറങ്ങിക്കിടക്കയായിരുന്നു.ഒന്നും നിശ്ചയമില്ലാത്തതുപോലെ വീശുന്ന കാറ്റ് ഇല്ലാത്ത പട്ടാളപ്പോസ്റില്‍ ഉയര്‍ത്തിയ അരൂപിയായ പതാകപോലെയായിരുന്നു.ശക്തമായ കാറ്റ് ഒന്നുമില്ലായ്മയിലൂടെ വീശിയടിച്ചു.ജനല്‍പ്പാളികളുടെ അറ്റം കിരുകിരുത്തു.എല്ലാറ്റിനുമടിയില്‍ നിശ്ശബ്ദമായ ഈ രാത്രി ദൈവത്തിന്റെ ശവകുടീരമായി(32).
3. എനിക്ക് മന:ശാന്തിയില്ല.കഷ്ടം,അതുണ്ടാവണമെന്ന ആഗ്രഹവുമില്ല.(41).
4. ആരോടും ഒന്നിനോടും ഒത്തുപോകാനാവുന്നില്ലെന്ന എന്റെ അഗാധമായ തോന്നലിന്റെ കാരണം ഇതാണെന്നു ഞാന്‍ വിശ്വസിക്കുന്നു: ഒട്ടുമിക്ക ആളുകളും അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് ചിന്തിക്കുന്നത്.ഞാനാണെങ്കില്‍ ചിന്തകളില്‍ നിന്നാണ് വൈകാരികാനുഭൂതികള്‍ നേടുന്നത്.
സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുക എന്നാല്‍ ജീവിക്കുക എന്നും ചിന്തിക്കുക എന്നാല്‍ എങ്ങനെ ജീവിക്കണം എന്നറിയുക എന്നുമാണ് അര്‍ത്ഥം.എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കല്‍ തന്നെയാണ് ജീവിതം;അനുഭവിക്കുക എന്നത് ചിന്തക്കുള്ള ആഹാരവും.(71)
5.ബുദ്ധിപൂര്‍വകമായ ഒരാശയത്തിന് പൊതുസമ്മതി കൈവരണമെങ്കില്‍ അതില്‍ അല്പം വിഡ്ഡിത്തം ഇടകലര്‍ത്തണം.(104).
6 .ആത്മബോധത്തിന്റെ തലത്തില്‍ ഞാന്‍ ഊരുതെണ്ടി കാലിമേക്കുന്നവനാണ്.എന്റെ ആന്തരസമൃദ്ധികളുടെ കന്നാലിക്കൂട്ടങ്ങളെല്ലാം മേച്ചിലിന്റെ ആദ്യനാളുകളില്‍ തന്നെ എങ്ങോ ചിതറിപ്പോയിരിക്കുന്നു.(107).
7. ഓരോ മഴത്തുള്ളിയും എന്റെ പരാജിതജീവിതത്തിന്റെ പ്രകൃതിയിലെ വിലാപമാണ്.അവസാനിക്കാത്ത ഈ മഴച്ചാറലില്‍ എന്റെ അശാന്തിയുടേതായ എന്തോ ഉണ്ട്. മഴ,ചാറല്‍,പിന്നെയും മഴ.പകലിന്റെ ദു:ഖം ഭൂമിക്കുമേല്‍ നിഷ്ഫലമായി പെയ്തൊഴിയുന്നു. മഴ പെയ്യുന്നു,പെയ്തുകൊണ്ടേയിരിക്കുന്നു (141)
8.എഴുത്ത് എന്നത് വെറുക്കുമ്പോഴും ഞാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുപോലെയാണ്.വേണ്ടെന്ന് വിചാരിക്കുമ്പോഴും എനിക്ക് ആശ്രയിക്കേണ്ടി വരുന്ന ലഹരിപോലെയാണ്. ഒഴിവാക്കാനാകാത്ത ചില വിഷങ്ങളുണ്ട്.ആത്മാവിലെ ചില ചേരുവകള്‍,സ്വപ്നങ്ങളുടെ മഴയില്‍ നിന്ന് ശേഖരിച്ച ഔഷധസസ്യങ്ങള്‍,നമ്മുടെ മുന്‍കാല നിശ്ചയങ്ങളുടെ ശ്മശാനങ്ങള്‍ക്കരികില്‍ വളരുന്ന കറുത്ത മയക്കുചെടികള്‍,ആത്മാവിലെ മുഴങ്ങുന്ന പാതാളനദികളുടെ കരയില്‍ ആടിക്കൊണ്ടിരിക്കുന്ന അശ്ളീലവൃക്ഷങ്ങളുടെ ശാഖകളിലെ നീണ്ട ഇലകള്‍ ഇവയെല്ലാം അതി സൂക്ഷ്മതയോടെ കൂട്ടിച്ചേര്‍ത്താണ് അതുണ്ടാക്കിയിരിക്കുന്നത്.(152).
9. ഒരു ഭ്രാന്തിത്തള്ള അവളുടെ കുഞ്ഞിനെ താരാട്ടുന്നതു പോലെ എഴുത്തില്‍ ഞാന്‍ എന്നെത്തന്നെ താരാട്ടുന്നു.(155).
10. ഇതാ, ഇതാണെന്റെ സദാചാരം,എന്റെ ആത്മീയത,അല്ലെങ്കില്‍ ഞാന്‍ : ഞാന്‍ എല്ലാം കണ്ടുകൊണ്ട് കടന്നുപോവുന്ന ഒരാളാണ്,എന്റെ ആത്മാവിന്റെ പോലും കാഴ്ചക്കാരന്‍ മാത്രമാണ്.ഞാന്‍ ഒന്നിന്റെയും ഭാഗമല്ല,ഒന്നും ആഗ്രഹിക്കുന്നില്ല.ഞാന്‍ ഒന്നും അല്ല - നിര്‍വൈയക്തികമായ ഐന്ദ്രിയാനുഭൂതികളുടെ അമൂര്‍ത്തമായ കേന്ദ്രം മാത്രം. നിലത്തുവീണ് കിടന്ന് ലോകത്തിന്റെ വൈവിദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സചേതനദര്‍പ്പണം.ഈ നിലയില്‍ ഞാന്‍ സംതൃപ്തനാണോ എന്നെനിക്കറിയില്ല.ആണെങ്കിലും അല്ലെങ്കിലും ഞാനത് കാര്യമാക്കുന്നില്ല.(208).
11. ഓരോരുത്തര്‍ക്കും അവരുടേതായ മദ്യമുണ്ട്.നിലനില്‍ക്കുക എന്നതു തന്നെ എനിക്ക് മതിയവോളം വേണ്ടുന്ന മദ്യമാണ്.(110).
12. എഴുതുക എന്നാല്‍ മറക്കുക എന്നാണര്‍ത്ഥം.ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും അഭികാമ്യമായ വഴി സാഹിത്യമാണ്.(116)
13. തെരുവില്‍ നടക്കുന്ന മനുഷ്യരേക്കാള്‍ എത്രയേ യഥാര്‍ത്ഥമാണ് ചില രൂപകങ്ങള്‍(157).
14. ഞാന്‍ വിശ്വസിക്കുന്നവയില്‍ എനിക്കൊരിക്കലും സ്വയം ബോധ്യമുണ്ടായിരുന്നില്ല.ഞാന്‍ എന്റെ കൈകളില്‍ പൂഴി നിറച്ചു,അതിനെ സ്വര്‍ണമെന്നു വിളിച്ചു.എന്നിട്ട് അത് ഊര്‍ന്നുപോകുവോളം കൈകള്‍ വിടര്‍ത്തി.വാക്കുകള്‍ മാത്രമായിരുന്നു എന്റെ ഒരേയൊരു സത്യം.ശരിയായ വാക്ക് പറഞ്ഞു കഴിയുന്നതോടെ എല്ലാം ചെയ്തുകഴിഞ്ഞു.മറ്റെല്ലാം വെറും പൂഴി.(221).
15. എന്നില്‍ എല്ലാ സ്നേഹബന്ധങ്ങളും ഉപരിതലത്തില്‍ മാത്രമാണ് സംഭവിക്കുന്നത്.പക്ഷേ അവയെല്ലാം ആത്മാര്‍ത്ഥവുമായിരുന്നു.എല്ലായ്പ്പോഴും ഞാനൊരു നടനായിരുന്നു.സത്യമുള്ള ഒരു നടന്‍.സ്നേഹിച്ചപ്പോഴെല്ലാം ഞാന്‍ സ്നേഹിക്കുന്നതായി നടിക്കുകയായിരുന്നു.എന്നോടുപോലും ഞാന്‍ അങ്ങനെ നടിക്കുകയായിരുന്നു.(261).
16.ഒന്നും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയാത്തവര്‍ക്കുള്ളതാണ് ഈ ലോകം.പ്രായോഗിക മനുഷ്യനാവാനുള്ള അനിവാര്യമായ യോഗ്യത ഭാവുകത്വത്തിന്റെ ഇല്ലായ്മയാണ്.
കര്‍മകുശലരായ മനുഷ്യര്‍ അടിസ്ഥാനപരമായിത്തന്നൈ ആഹ്ളാദവാ•ാരും ശുഭാപ്തിവിശ്വാസികളുമാണ്.കാരണം ഒന്നിനെയും ഉള്ളിലേക്കെടുക്കാത്തവര്‍ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.
ഭരിക്കുന്നവര്‍ ആരായാലും അവര്‍ സന്തോഷവാ•ാരാണ്.കാരണം അനുഭവങ്ങളെ ആത്മാവ് കൊണ്ട് സ്പര്‍ശിക്കുന്നവര്‍ക്കേ ദു:ഖം എന്ന അനുഭവമുണ്ടാവൂ.(303).
17. എനിക്ക് എഴുതിയേ പറ്റൂ - ഒരു ശിക്ഷ ഏറ്റുവാങ്ങുന്നതുപോലെ.ഞാന്‍ എന്തെഴുതിയാലും അത് പിഴവുള്ളതും സംശയഗ്രസ്തവും നിഷ്ഫലവുമായിരിക്കും എന്നറിയേണ്ടി വരുന്നതു തന്നെയാണ് എനിക്ക് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ ശിക്ഷ.
ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിതകളൊന്നും എനിക്ക് തൃപ്തി തരുന്നില്ല.ഭാവിയില്‍ എഴുതാന്‍ പോവുന്ന കവിതകളുടെ കാര്യത്തിലും ഇതു തന്നെയായിരിക്കും എന്റെ അനുഭവമെന്ന് ഇപ്പോഴേ എനിക്കറിയാം.(231)
18.എന്റെ ഉണ്മയ്ക്കന്യമായ വസ്തുവിനെക്കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിമയെന്ന പോലെയാണ് എന്റെ ജീവിതത്തെ ഞാന്‍ കൊത്തിയെടുത്തിരിക്കുന്നത്.എന്റെ ആത്മബോധത്തെ ഞാന്‍ സംശുദ്ധമായ കലയുടെ വഴിയില്‍ വിനിയോഗിച്ചിരിക്കുന്നതിനാലും അങ്ങനെ എന്നില്‍ നിന്നു തന്നെ ഞാന്‍ ബഹിഷ്കൃതനായിരിക്കുന്നതിനാലും ചിലപ്പോള്‍ ഞാന്‍ സ്വയമായി തന്നെ തിരിച്ചറിയുന്നതേയില്ല.(113).
19.ഒരു സ്വപാനാടകന്‍ കര്‍മകുശലനായ ഒരു മനുഷ്യനേക്കാള്‍ മേലെയായിരിക്കുന്നത് സ്വപ്നം യാഥാര്‍ത്ഥ്യത്തേക്കാള്‍ മുകളിലായതുകൊണ്ടല്ല.ജീവിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ പ്രായോഗികമാണ് സ്വപ്നം കാണല്‍ എന്ന വസ്തുതയാണ് സ്വപ്നാടകന്റെ മികവിന്റെ ആധാരം.പ്രവൃത്ത്യു•ുഖനായ ഒരു മനുഷ്യന് ലഭിക്കുന്നതിന്റെ പതി•ടങ്ങ് വലുതും വൈവിധ്യപൂര്‍ണവുമാണ് ഒരു സ്വപ്നകാമുകന് ജീവിതത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദം.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്പ്നം കാണുന്ന മനുഷ്യനാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ (91).
20.നാം നമ്മുടെ വിധിയെ നമ്മുടെ ശരീരത്തെയെന്ന പോലെ കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കണം.വസ്ത്രം മാറ്റുന്നതുപോലെ ജീവിതത്തെ മാറ്റിക്കൊണ്ടിരിക്കുകയും വേണം.അത് പക്ഷേ,ഭക്ഷണത്തിലൂടെയും ഉറക്കത്തിലൂടെയുമെന്ന പോലെ ജീവിതത്തെ പരിരക്ഷിച്ചു നിര്‍ത്തുന്നതിനുവേണ്ടിയാവരുത്.നമ്മോടു തന്നെയുള്ള വസ്തുനിഷ്ഠമായ ആദരവിന്റെ പേരിലാണ് നാമതു ചെയ്യേണ്ടത്.വ്യക്തിപരമായ ശുചിത്വം എന്നു പറയുന്നത് അതു തന്നെയാണ്.(42).
21. "നാം ഓരോരുത്തരും പലരാണ്.സ്വത്വങ്ങളുടെ അതിബാഹുല്യം.ചുററുപാടുകളെ തിരസ്കരിക്കുന്ന ഒരാളും അവയില്‍ ആനന്ദമോ ദു:ഖമോ കണ്ടെത്തുന്ന ആളും നമ്മില്‍ തന്നെയുണ്ട്.അവര്‍ ഒരേ ആളല്ല.നമ്മുടെ ഉണ്മയുടെ വിശാലമായ കോളനിയില്‍ വ്യത്യസ്തമായി ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അനേകം ജനവര്‍ഗങ്ങളുണ്ട്.(396).
അത്യന്തം തീഷ്ണമായ സത്യങ്ങള്‍ ..വാക്കുകള്‍ ..
ReplyDeleteഓരോന്നിലും ദിവസങ്ങളോളം ചിന്തിപ്പിക്കുന്ന, പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ..
പി ഡി എഫ് ആക്കി ചിലര്‍ക്ക് മെയില്‍ ചെയ്യുന്നു.