Pages

Tuesday, January 25, 2011

കൊരുവാനത്തിലെ പൂതങ്ങള്‍

കഥയില്‍ നിന്നോ കവിതയില്‍ നിന്നോ മറ്റേതെങ്കിലും രൂപം സ്വീകരിക്കുന്ന എഴുത്തില്‍ നിന്നോ അവിചാരിതമായി ഉള്ളില്‍ വന്നുവീഴുന്ന തീക്ഷ്ണപ്രകാശങ്ങളധികവും വൈകാതെ അണഞ്ഞുപോവുകയാണ് പതിവ്.നാനാതരം ജീവിതവ്യവഹാരങ്ങളുടെ അണമുറിയാത്ത കാറ്റിലും അവ കെട്ടുപോകാതെ നിന്നുകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
അത്തരം പ്രകാശങ്ങളുടെ ഓര്‍മയെ ആവാഹിച്ച് കുടിയിരുത്താനുള്ള ഇടങ്ങളായിട്ടാണ് ഈ കുറിപ്പുകളെ വിഭാവനം ചെയ്യുന്നത്.ആവാഹിക്കുക,കുടിയിരുത്തുക തുടങ്ങിയ സംഗതികള്‍ മാന്ത്രികകര്‍മങ്ങളുമായി ബന്ധപ്പെട്ടവയാണ്.ഈ കുറിപ്പുകള്‍ക്ക് പക്ഷേ അങ്ങനെയൊരു സ്വഭാവം ഉദ്ദേശിക്കുന്നതേയില്ല.എന്നിട്ടും എന്തുകൊണ്ട് ഇവയുടെ ധര്‍മം ആ മട്ടില്‍ നിര്‍വചിക്കാനുള്ള പ്രേരണയുണ്ടായി?.ഞാന്‍ ഏറ്റവും ഒടുവിലായി വായിച്ച പുസ്തകം ഉള്ളിലവശേഷിപ്പിച്ച വികാരവിചാരങ്ങളോ ഭാവങ്ങളോ ഒക്കെയാവാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
പ്രകാശന്‍ മടിക്കൈ എഴുതിയ 'കൊരുവാനത്തെ പൂതങ്ങള്‍' ആണ് ആ പുസ്തകം.(ഗ്രീന്‍ ബു ക്സ്,2010) അത്യുത്തരകേരളത്തിലെ നാട്ടുഭാഷാപദങ്ങളും പഴങ്കഥകളും നാടോടിവഴക്കത്തിലെ സചേതനമായ മറ്റനേകം അംശങ്ങളും തികഞ്ഞ മൌലികതയോടെ ഇണക്കിച്ചേര്‍ത്തിരിക്കുന്ന മനോഹരമായൊരു നോവലാണിത്.
ഔപചാരികമായ പൊതുവിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന അറിവിലും വളരെ യാന്ത്രികമായും വിഭാഗീയമായും നാം ഉള്‍ക്കൊണ്ട കമ്യൂണിസ്റ് രാഷ്ട്രീയം സൃഷ്ടിച്ച ജീവിതബോധത്തിലും ഭാവനയുടെ സ്വതന്ത്രസഞ്ചാരത്തെ തടയുന്ന പല ഘടകങ്ങളുമുണ്ട്.മലയാളികളുടെ ഏറ്റവും വലിയ രണ്ട് അഭിമാനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതിയും അടിത്തട്ടിലെ ജനജീവിതസമരങ്ങളോട് ചേര്‍ന്നുനിന്ന് വളര്‍ന്നുവന്ന പുരോഗമനരാഷ്ട്രീയവും.രണ്ടിനും സംഭവിച്ച കൊടും ജീര്‍ണതയും തകര്‍ച്ചയുമാകാം അവയുടെ മറുവശം അതിശക്തമായി ബോധ്യപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചത്.'കൊരുവാനത്തിലെ പൂതങ്ങള്‍' ക്ഷുദ്രരാഷ്ട്രീയത്തിനും കെട്ടവിദ്യാഭ്യാസത്തിനും എത്തിപ്പിടിക്കാനാവാത്ത ഒരു ലോകത്തേക്ക് വായനക്കാരെ സ്വതന്ത്രരാക്കുന്നുണ്ട്.
മൌലികമായ ജീവിതനിരീക്ഷണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും കരുത്ത് കാട്ടുന്ന ഏത് കൃതിയും വായനക്കാരെ അനേകം വ്യക്തിഗതസ്മരണകളിലേക്ക് മാത്രമല്ല പുനര്‍വിചാരങ്ങളിലേക്ക് കൂടിയും നയിക്കും.'കൊരുവാനത്തിലെ പൂതങ്ങള്‍' അത്തരമൊരൂര്‍ജ്ജം ഉള്ളില്‍ വഹിച്ചു നില്‍ക്കുന്ന കൃതിയാണ്.
ഒരു പുസ്തകം വായിക്കുമ്പോള്‍, അതൊരു നല്ല നോവലോ കഥയോ ആണെങ്കില്‍ പ്രത്യേകിച്ചും, അത് ഞാനാണ് എഴുതിയിരുന്നതെങ്കില്‍ എത്തരത്തിലാകമായിരുന്നു എന്ന് ആലോചിച്ചു പോവാറുണ്ട്.എനിക്ക് തീരെ അപരിചിതമായതും ഒരു നിലയ്ക്കും ഭാവന ചെയ്യാന്‍ കഴിയാത്തതുമായ അനുഭവമേഖലകളില്‍ നിന്നുള്ളകൃതികളുടെ കാര്യത്തില്‍ മാത്രമേ അങ്ങനെ സംഭവിക്കാതിരുന്നിട്ടുള്ളൂ.'ആടുജീവിതം'അത്തരത്തിലൊരു നോവലായിരുന്നു.'കൊരുവാനത്തിലെ പൂതങ്ങള്‍' അങ്ങനെയുള്ള ഒന്നല്ല. പ്രകാശന്‍ മടിക്കൈയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഈ നോവലിന് ഇതിന്റെ ഇരട്ടിയെങ്കിലും വലുപ്പം വരുമായിരുന്നു.അവസാനത്തെ അധ്യായം തീര്‍ച്ചയായും ഇപ്പോഴത്തേതാവുകയും ചെയ്യുമായിരുന്നില്ല. ഇത്തരത്തില്‍ ആലോചിച്ചുപോയത് ഒരു വായനക്കാരനെന്ന നിലയില്‍ എന്നെ അത് ആഴത്തില്‍ സ്പര്‍ശിക്കുകയും രസിപ്പിക്കുകയും ചെയ്തതുകൊണ്ടാണ്.അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
(മാതൃകാന്വേഷി -2011 ജനവരി)

No comments:

Post a Comment