Pages

Saturday, January 29, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

25
1-1-2011
ബാബു കാമ്പ്രത്തിന്റെ കാനം,കൈപ്പാട് എന്നീ ഡോക്യുമെന്ററി ചിത്രങ്ങള്‍ നാലഞ്ചു ദിവസം മുമ്പാണ് കണ്ടത്. ദേശീയവും അന്തര്‍ദ്ദേശീയവുമായ അംഗീകാരങ്ങള്‍ നേടിയ ഈ രണ്ടു ചിത്രങ്ങളും വളരെ മനോഹരമായി തോന്നി.രണ്ടിനോടും എനിക്ക് പ്രത്യേകമായ മമത തോന്നാന്‍ തികച്ചും വ്യക്തിഗതമായ ഒന്നുരണ്ടു കാരണങ്ങള്‍ കൂടിയുണ്ട്.'കാന'ത്തിന്റെ ചില ഭാഗങ്ങളും 'കൈപ്പാട്' ഏറെക്കുറെ മുഴുവനായിത്തന്നെയും ചിത്രീകരിച്ചിരിക്കുന്നത് യഥാക്രമം മാടായിപ്പാറപ്പുറത്തുനിന്നും പഴയങ്ങാടി ബസ്സ്റാന്റില്‍ നിന്നകലെയല്ലാത്ത മുട്ടുകണ്ടി ഭാഗത്തുനിന്നുമാണ്.രണ്ടും അരനൂറ്റാണ്ടിലധികമായി എനിക്ക് സുപരിചിതമായ സ്ഥലങ്ങള്‍.എന്റെ 'തീയൂര്‍രേഖകളി'ലും 'ജനകഥ'യിലും പല രൂപത്തില്‍ ഇടം നേടിയ ഇടങ്ങള്‍.രണ്ടു ചിത്രങ്ങളും എന്നെ സംബന്ധിച്ചിടത്തോളം അനേകമനേകം ഗൃഹാതുരസ്മരണകളിലേക്കുള്ള ഊക്ഷ്മള ക്ഷണങ്ങളായിരുന്നു. രണ്ടിലും എന്റെ പക്ഷി എന്നു ഞാന്‍ കരുതുന്ന ഇറ്റിറ്റിപ്പുള്ളിന്റെ തെളിഞ്ഞ സാന്നിധ്യമുണ്ട.് കാനത്തിന്റെ അവസാനദൃശ്യം അറ്റവേനലില്‍ പാറപ്പുല്ലുകള്‍ക്കിടയിലൂടെ വേവലാതി ഉള്ളിലൊതുക്കി നടക്കുന്ന ഇറ്റിറ്റിപ്പുള്ളിന്റെതാണ്.
'കാന'ത്തില്‍ ഇടനാടന്‍ കുന്നിന്‍പ്രദേശത്തെ പല ആവാസവ്യവസ്ഥകളിലൊന്നായി പാറക്കുളത്തെയും പരിചയപ്പെടുത്തുന്നുണ്ട്.അത് കണ്ടുകൊണ്ടിരുന്നപ്പോഴാണ് രണ്ടുമൂന്നു മാസം മുമ്പ് എഴുതി വെച്ചതും ഇനിയും എന്തോ കൂടി വന്നുചേരാനുണ്ട് എന്ന തോന്നലില്‍ മാറ്റിവെച്ചതുമായ ഒരു കവിതയുടെ കാര്യം ഓര്‍മ വന്നത്. 'പാറക്കുളം' എന്നു തന്നെയാണ് കവിതക്ക് പേരിട്ടിരുന്നത്. എന്റെ ജീവിതത്തിന്,വിശേഷിച്ചും ബാല്യത്തിന് വിവരണാതീതമായ പലതും വാരിക്കോരി നല്‍കിയ മാടായിപ്പാറപ്പുറത്ത് നാല് സാധാരണ പാറക്കുളങ്ങളും അറ്റവേനലിലും വെള്ളം വറ്റാത്ത വടുകുന്ദപ്പുഴ എന്നു പേരുള്ള മറ്റൊരു കുളവും പിന്നെ മാടായിയുടെ ജൂതസമ്പര്‍ക്കത്തിന് തെളിവായി പല ചരിത്രകാര•ാരും പറഞ്ഞുവരുന്ന ജൂതക്കുളവുമുണ്ട്.വേനല്‍ കടുക്കുന്നതോടെ വറ്റിപ്പോവുന്ന നാല് പാറക്കുളങ്ങളില്‍ ഏറ്റവും ചെറുത് നല്ല ഓമനത്തമുള്ളതാണ്.എന്റെ കുട്ടിക്കാലത്ത് ഏറ്റവുമധികം പക്ഷികളെ കണ്ടിരുന്നത് ആ പാറക്കുളത്തിന്റെ ചുറ്റുവട്ടത്തായിട്ടാണ്.പക്ഷേ,ഏറ്റവുമധികം മനുഷ്യര്‍ കുളിക്കാനും നനയ്ക്കാനും നീന്തല്‍ പഠിക്കാനും ആശ്രയിച്ചിരുന്നതും വലിയ പാറക്കുളത്തെയാണ്.രണ്ട് കുളങ്ങളിലേക്കും എന്റെ വീട്ടില്‍ നിന്നുള്ള ദൂരം രണ്ട് ഫര്‍ലോംഗില്‍ താഴെയായിരുന്നു.അധികം വിസ്തരിക്കുന്നില്ല;ഞാന്‍ കവിത ചുവടെ ചേര്‍ക്കാം:
പാറക്കുളം
നാലുനാള്‍ മഴ തിമിര്‍ത്തു പെയ്താല്‍
നാട്ടിലെ പാറപ്പരപ്പൊരു മായ കാട്ടും
നാളതുവരെ ഒഴിഞ്ഞു കിടന്ന ഉള്ളംകൈ നിവര്‍ത്തി
അതൊരു വെള്ളപ്പരപ്പ് കാട്ടിത്തരും
'പാറക്കുളം നിറഞ്ഞു,പാറക്കുളം നിറഞ്ഞു' എന്ന്
പുള്ളമ്മാറ് പാഞ്ഞുപാഞ്ഞെത്തും
വിഴുപ്പുകെട്ടുകളുമായി പെണ്ണുങ്ങള്‍ പിന്നാലെയെത്തും
കോണകം നല്‍കുന്ന അഹന്തയില്‍
അവരെ നോക്കി കുളിക്കാന്‍ ആണുങ്ങളെത്തും
നുണകളും നാട്ടുവാര്‍ത്തകളും
നുരഞ്ഞുപതയുന്ന ചെറുതിരകള്‍ക്കടിയില്‍
രഹസ്യമോഹങ്ങളുടെ ചെറുമീനുകള്‍ ഇക്കിളിയിടും
ചിലപ്പോള്‍ കൊറ്റികള്‍ വരും, പക്ഷിക്കൂട്ടങ്ങള്‍
കുളത്തിനുമേല്‍ പറ്റിച്ചേര്‍ന്നു പറക്കും
വെട്ടിത്തിളങ്ങുന്ന വെയിലില്‍ തുമ്പികളിരമ്പും
പെരുമഴ വരുന്നേരം തവളകള്‍ കൂട്ടംകൂടി കരയും
വെള്ളപ്പരപ്പിനുമേല്‍ തുള്ളികള്‍ തമ്മില്‍ തമ്മില്‍
നുള്ളിനോവിക്കുന്നതിന്റെ ഭംഗി നോക്കി
കരയില്‍ കുടചൂടി നില്‍ക്കും തലേന്നാള്‍ കല്യാണം കഴിഞ്ഞ
പട്ടാളക്കാരനും ഭാര്യയും
വേനല്‍ വളരും വരെ ഇമ്മട്ടിലോരോരോ വിസ്മയങ്ങള്‍
വിരിഞ്ഞുവരും
പിന്നെ വെള്ളം കറുക്കും
കാണെക്കാണെ അത് കാക്കയ്ക്കും കുളിക്കാനാവാതെ
കുറുകിക്കുറുകി വരും
നാലുനാള്‍ കഴിഞ്ഞ് വന്നുനോക്കുമ്പോള്‍
കുളം കാണില്ല
ചെളിയും പായലും ചുങ്ങച്ചുങ്ങിയമര്‍ന്ന
പാറപ്പരപ്പ് മാത്രം
പോകെപ്പോകെ അത് പൊടിയായിപ്പരിണമിക്കും
പിന്നെപ്പോഴോ ചെറിയൊരു ചുഴലിക്കാറ്റ് വീശുമ്പോള്‍
പൊടിപടലം വലിയൊരു തൊഴുകയ്യായി ആകാശത്തേക്കുയരും
'ഓ, ഇന്നോ നാളെയോ മഴ പെയ്യു'മെന്ന് ഞങ്ങളുടെ ഉള്ളില്‍
മേഘങ്ങളെ തഴുകിയ കാറ്റ് വീശും.
18-9-2010

26
വി.മോഹനന്റെ ശില്പസമുച്ചയം കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ 2010 മെയ് 27 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് എം.ടി.വാസുദേവന്‍നായര്‍ അനാച്ഛാദാനം ചെയ്തു.മേയര്‍ എം.ഭാസ്കരനാണ് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചത്.പി.എന്‍.ദാസും ഞാനും സംസാരിച്ചു.എം.ടിയുടെ ഹ്രസ്വമായ പ്രസംഗം വളരെ മനോഹരമായിരുന്നു.
ബ്രോഷറില്‍ മോഹനന്റെ ശില്പത്തെ വിവരിക്കുന്ന വാക്യം ഇങ്ങനെയാണ്: "അതിരറ്റ സഹനത്തിന്റെ,മാതൃത്വത്തിന്റെ,അനാഥത്വത്തിന്റെ ആള്‍രൂപമായ അമ്മ,മുഴുവന്‍ പീഡനങ്ങളും പ്രകൃതിക്ഷോഭം പോലെ അനുഭവിച്ചുതീര്‍ക്കുന്ന വര്‍ത്തമാനബാല്യം,ഇപ്പോഴും കുഞ്ഞിനെ ദേഹത്തോടൊപ്പമുള്ള ഒരു തൊട്ടിലില്‍ പേറി നടക്കുന്ന അമ്മ,ഉണരാനായി ഉറങ്ങുന്ന ബോധിസത്വന്‍ ഇപ്രകാരമുള്ള പല രൂപങ്ങളെയും കരിങ്കല്ലില്‍ നിന്ന് അലിവോടെ കണ്ടെത്തുന്ന മോഹനന്റെ ശില്പം കേരളീയശില്പകലയ്ക്ക് അപരിചിതമായ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യം അഭൂതപൂര്‍വമായ ചാരുതയോടെ അനുഭവപ്പെടുത്തുന്നു.''
പ്രത്യേകം പേര് നല്‍കിയിട്ടില്ലാത്ത ശില്പത്തിന് ചുവടെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവെച്ചിരുന്നു:ലോകം കഠിനമായ അനീതികള്‍ക്കു മുകളിലാണ് പണിതിരിക്കുന്നത്.അതുകൊണ്ട് ഈ ശില്പം.
അടിച്ചമര്‍ത്തിയ നിലവിളിയും അതിനുമേല്‍ സ്വയം വരിച്ച പരമമായ ശാന്തതയുമുള്ള അടഞ്ഞ കണ്ണുകളോടുകൂടിയ മുഖം,കൈപ്പത്തിക്കുമേല്‍ സാധാരണനിലയിലല്ലാതെ നേരെ ചെരിഞ്ഞു കിടക്കുന്ന മറ്റൊരു മുഖം,ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ മുഖം,ഭീഷണമായ മറ്റൊരാകാരം ഇവയൊക്കെയാണ് ശില്പത്തിലുള്ളത്.രോഗം,പീഡനം,അവമതി എന്നിങ്ങനെയുള്ള നാനാതരം ദുരിതങ്ങളുടെ അനുഭവവും മനുഷ്യവംശത്തിന്റെ നാനാമുഖമായ വിമോചനത്തിനുവേണ്ടി നാളിതുവരെ ജീവത്യാഗം ചെയ്തവരെ കുറിച്ചുള്ള ഓര്‍മയുമൊക്കെയാണ് തന്നെ കരിങ്കല്ലില്‍ നിന്ന് ഈ രൂപങ്ങള്‍ കൊത്തിയെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് മോഹനന്‍ പറഞ്ഞു.ശിലപ്വുമായി ബന്ധപ്പെട്ട് മോഹനന്‍ വിവരിച്ച എല്ലാ അനുഭവങ്ങളും പല നിലയ്ക്കും പ്രാധാന്യമുള്ളവയാണ്.എന്റെ വകയായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ,ശില്പിയുടെ വാക്കുകള്‍ ഏറെക്കുറെ അതേ പടി പകര്‍ത്തി വെക്കാം:
"അഞ്ച് ഖണ്ഡങ്ങളുള്ള ഈ ശില്പം രണ്ട് ദിവസം മുമ്പാണ് പ്ളാച്ചിമടയില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്.പ്ളാച്ചിമടയില്‍ ഇത് 2 കൊല്ലം 7 മാസം 12 ദിവസം 11 മണിക്കൂര്‍ സമയം ഉണ്ടായിരുന്നു.രണ്ട് ടണ്ണിലധികം ഭാരമുള്ള ഈ കരിങ്കല്‍ശില്പം സമരത്തിന്റെ ഭാഗമായാണ് പ്ളാച്ചിമടയിലേക്ക് കൊണ്ടുപോയത്.2007 ഒക്ടോബര്‍ 17 ന് പ്ളാച്ചിമടയിലേക്ക് കൊണ്ടുപോയ ശില്പം 2010 മെയ് 24ന് വൈകുന്നേരം 6.30ന് അവിടെ നിന്ന് ലോറിയില്‍ കയറ്റി.ശിലപം ലോറിയിലേക്ക് കയറ്റാന്‍ നേരത്ത് അതിന് സാക്ഷികളായി അവിടെ പാവപ്പെട്ട മൂന്ന് പ്രായം ചെന്ന സ്ത്രീകളും പ്രായം ചെന്ന രണ്ട് പുരുഷ•ാരുമുണ്ടായിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞു: "ഇത് കൊണ്ടുപോവുകയാണോ? ഇത്രയും നാള്‍ ഇത് ഞങ്ങള്‍ക്കൊരു രക്ഷയായിരുന്നു.''വളരെ വികാരാധീനരായിരുന്നു ആ പാവം മനുഷ്യര്‍.ലോറിയില്‍ കയറ്റും മുമ്പ് അവര്‍ ഈ ശില്പത്തിന്റെ അഞ്ച് ഖണ്ഡങ്ങളെയും തൊട്ട് നമസ്കരിച്ചു.അത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.
കരിങ്കല്ലില്‍ ഈ ശില്പം കൊത്തിയെടുക്കുന്നതിനിടയില്‍ ചുമലിലെ തുണിത്തൊട്ടിലില്‍ കുഞ്ഞിനെയും പേറി നടക്കുന്ന ഒരമ്മികൊത്തുകാരിയുടെ രൂപം ഇടക്കിടെ എന്റെ മനസ്സിലേക്കു വന്നിരുന്നു. രാത്രിയില്‍ വളരെ വൈകി കല്ലുകൊത്തുമ്പോള്‍ ആ ഒരു പ്രവൃത്തിയുടെ ശബ്ദം മാത്രം ഉള്ളില്‍ നിറയുമ്പോള്‍ ഞാനും ഊരുചുറ്റി അമ്മികൊത്തുന്നവരുടെ തന്നെ വംശത്തിലെ ഒരാളാണ് എന്ന തോന്നലുണ്ടാവുമായിരുന്നു.കല്ലിന്റെ മണം,ആ മണത്തില്‍ നിന്ന് ഉയിരെടുക്കുന്ന അനേകം ഓര്‍മകള്‍, വിചാരങ്ങള്‍ എല്ലാം വിചിത്രമായ അനുഭവങ്ങള്‍ തന്നെയായിരുന്നു.''

27
ഇനി, ചില കൂട്ടിച്ചേര്‍ക്കലുകളോടെ പഴയ നോട്ടുപുസ്തകത്തില്‍ നിന്നൊരു കുറിപ്പ്:
1984 ജൂണ്‍ 23
ഒഴയില്‍ ഭാഗത്ത് പുഴക്കരയിലെ വാടകവീട്ടില്‍ ഇ.എം.അഷ്റഫ് വന്നു.ജിന്നുകളെ കുറിച്ച് കുറേ നേരം സംസാരിച്ചു.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(1982 ജൂണ്‍ 13-19) അഷ്റഫ് എഴുതിയ 'ജിന്നുകളുടെ ലോകം'എന്ന ലേഖനവും നന്നേ മുഷിഞ്ഞ ചെറിയൊരു നോട്ടുബുക്കില്‍ ഒരു ജിന്ന് മനുഷ്യന്‍ എഴുതിവെച്ച ആത്മകഥയും തന്നു. ഞാന്‍ ജിന്നുകളെ പറ്റി ഒരു നോവലെഴുതണമെന്നും എന്റെ കഥയെഴുത്തിന്റെ രീതി അതിന് നല്ല പോലെ ഇണങ്ങുന്നതാണെന്നും അഷ്റഫ് ഉറപ്പിച്ചു പറഞ്ഞു. സന്ധ്യക്ക് ഞങ്ങള്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ തനിക്ക് പരിചയമുള്ള ജിന്ന്മനുഷ്യരുടെ പെരുമാറ്റം,സംസാരരീതി ഇവയെപ്പറ്റിയെല്ലാം അഷറഫ് വിസ്തരിച്ച് പറഞ്ഞു തന്നു.
മഴക്കാറ് മൂടിയിരിക്കാവുന്ന ആകാശത്തിനു ചുവടെ മങ്ങിയ ഇരുട്ടില്‍ അങ്ങനെ വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ഞങ്ങളെ ഇതെഴുതുമ്പോള്‍ ഞാന്‍ വെറുതെ ഒന്നു സങ്കല്പിച്ചുനോക്കുന്നു.മനുഷ്യരെന്ന നിലയ്ക്കല്ല രണ്ട് കഥാപാത്രങ്ങളെന്ന പോലെയാണ് ഇപ്പോള്‍ അവരെ എനിക്ക് കാണാനാവുന്നത്.
ജിന്ന് മനുഷ്യന്റെ ആത്മകഥയില്‍ അയാള്‍ ജിന്നായിത്തീരുന്നതിന് തൊട്ടുമുമ്പുണ്ടായ ചില വിചിത്ര കല്പനകള്‍, അല്ലെങ്കില്‍ മാനസ്സികാനുഭവങ്ങള്‍ ഒട്ടും അലങ്കാരപ്പണികളില്ലാത്ത ഭാഷയില്‍ കാര്യമാത്രപ്രസക്തമായി കുറിച്ചുവെച്ചിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം 'തീയൂര്‍ രേഖകളി'ലെ ആമുജിന്ന് എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എനിക്ക് ധൈര്യം തന്നത് ആ ആത്മകഥയിലെ അനുഭവവിവരണവും അഷ്റഫ് തന്ന മറ്റ് വിവരങ്ങളുമാണ്.മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല,കഥാപാത്രങ്ങളുടെ കാര്യത്തിലും എന്തെന്ത് യാദൃച്ഛികതകളാണ്!
(പ്ളാവില മാസിക,ജനവരി 2011)

1 comment:

  1. പാറക്കുളത്തിനു മാത്രമറിയുന്ന കാര്യങ്ങള്‍ ഓര്‍മ്മയുടെ ഉള്ളംകൈയില്‍. ഹൃദ്യം. മനോഹരം കവിത. സിനിമകള്‍ കാണാന്‍ ഇടയില്ലാത്തതിനാല്‍, ആ ദേശം പരിധിക്കും പുറത്തായതിനാല്‍ സുല്ല്.

    ReplyDelete