Pages

Thursday, January 27, 2011

വായനാവിചാരങ്ങള്‍

1.
പല അധ്യാപകസുഹൃത്തുക്കളും പതിവായി പറയാറുള്ള ഒരു സംഗതിയുണ്ട്:പ്രൈമറിസ്കൂളുകളിലെയോ ഹൈസ്കൂളുകളിലെയോ അധ്യാപകര്‍ക്ക്,അവര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നവരാണെങ്കില്‍പാഠപുസ്തകങ്ങള്‍ക്കും അധ്യാപനസഹായികള്‍ക്കും പുറത്ത് ഒരക്ഷരം പോലും വായിക്കാനുള്ള സമയം കിട്ടില്ല.അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നാനാതരം ഔദ്യോഗിക ഉപചാരങ്ങളുടെയും ലോകത്ത് അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരാണ് ഞങ്ങള്‍.സ്വസ്ഥമായി ഇരുന്ന് ഒരു കഥയോ നോവലോ വായിച്ച കാലം മറന്നു.
2.
'പഴയതുപോലൊന്നുമല്ല;പുതിയ വിദ്യാര്‍ത്ഥികള്‍ ധാരാളം വായിക്കുന്നുണ്ട്.വായനാക്കുറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട് 'എന്നൊക്കെയാണ് സാധാരണ പറഞ്ഞു കേള്‍ക്കാറുള്ളത്.'കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വാങ്ങിക്കൊടുക്കുന്നതില്‍ രക്ഷിതാക്കള്‍ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.കുട്ടികള്‍ തന്നെ നേരിട്ട് വന്ന് പുസ്തകം വാങ്ങുന്നുമുണ്ട് ' പുസ്തകശാലക്കാര്‍ അങ്ങനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.സംഗതി നല്ലത് തന്നെ എന്നു പറയാന്‍ എനിക്ക് പക്ഷേ ധൈര്യം വരുന്നില്ല.സാഹിത്യസമ്മേളനങ്ങളില്‍ മാത്രമല്ല,അറിവിന്റെയും സംസ്കാരത്തിന്റെയും നിര്‍മിതിയുമായി ബന്ധപ്പെടുന്ന ഒരു പൊതുസംരഭത്തിലും സ്കൂള്‍ വിദ്യാര്‍ത്ഥികളോ കോളേജ് വിദ്യാര്‍ത്ഥികളോ സ്വമേധയാ വന്നു ചേരുന്നതു കാണുന്നില്ല. അസൈന്‍മെന്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ആരെങ്കിലും നിര്‍ദ്ദേശിച്ചതനുസരിച്ച് അത്തരം കൂടിച്ചേരലുകള്‍ക്ക് എത്തിച്ചേര്‍ന്നാലും തീര്‍ത്തും നിരു•ഷരായി എല്ലാം കണ്ടും കേട്ടും ആവശ്യമുള്ളത് മാത്രം കുറിച്ചെടുത്തും സ്ഥലം വിടുന്ന ഏതാനും പേരെ കണ്ടാല്‍ ആകെ മനസ്സിടിഞ്ഞുപോവും. .(35 വയസ്സില്‍ താഴെയുള്ള ഒരാളെ പോലും കണ്ടുകിട്ടാഞ്ഞവയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ പങ്കെടുത്ത മിക്ക സാഹിത്യസമ്മേളനങ്ങളും.)
3.
പല ചര്‍ച്ചകളിലും ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ആശയങ്ങളോടല്ല വാക്കുകളോടാണ്.ആധുനികോത്തരത,ആഗോളവല്‍ക്കരണം,മധ്യവര്‍ഗവല്‍ക്കരണം എന്നിങ്ങനെയുള്ള വാക്കുകളെ കേള്‍ക്കുന്ന മാത്രയില്‍ തന്നെ പുച്ഛിച്ചു തള്ളുന്ന അതേ ആളുകള്‍ തന്നെ ആ വാക്കുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്ന ആശയങ്ങളും നിലപാടുകളും വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വന്തം വാക്കുകളില്‍ അവതരിപ്പിച്ചുകണ്ടിട്ടുണ്ട്.പൊതുസമ്മതി നേടുന്ന പദങ്ങളും പ്രയോഗങ്ങളും തങ്ങളുടെ ചിന്താസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നാക്രമണങ്ങളായി തോന്നാന്‍ മാത്രമുള്ള ആത്മവിശ്വാസമോ അതിയായ സ്വതന്ത്യ്രബോധമോ ഒരു വേള ആത്മാനുരാഗം തന്നെയുമോ ആവാം അത്തരം ആളുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
4.
ഇത്രയധികം ആളുകള്‍ ഇത്രയുമേറെ എഴുതിക്കൂട്ടിയാല്‍ യഥാര്‍ത്ഥ എഴുത്തിന് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോവുമോ എന്ന് ചിലരൊക്കെ ആശങ്കപ്പെടുന്നതു കണ്ടിട്ടുണ്ട്.തികച്ചും അസ്ഥാനത്താണ് ആ ആശങ്ക.എഴുത്തിലെ പെരുപ്പം യഥാര്‍ത്ഥ എഴുത്ത് ശ്രദ്ധിക്കപ്പെടാതെ പോവുന്നതിന് ഇടയാക്കുകയില്ല.അധികാരസ്ഥാപനങ്ങളില്‍ നിന്നോ ഭാവുകത്വത്തിന്റെ അധികാരികളായി സ്വയം സങ്കല്പിക്കുന്നവരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും സത്യസന്ധമായ ഒരു സാഹിത്യകൃതി അതിന്റെ വായനക്കാരില്‍ എത്തിച്ചേരുക തന്നെ ചെയ്യും.

1 comment:

  1. കണ്ണൂരില്‍ സാഹിത്യ അക്കാദമി നടത്തിയ യുവ സാഹിത്യ ക്യാമ്പില്‍ മാഷ്‌ വരുമെന്ന്‍ പ്രതീക്ഷിച്ചിരുന്നു..brochure -il മാഷുടെ പേരുണ്ടായിരുന്നു. വരുമെന്ന് കരുതിയ പലരും വന്നില്ല..അത് പരിപാടിയുടെ ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്തു...ചെറുപ്പക്കാരെ പരിപാടികളില്‍ കാണാറില്ല എന്ന് സൂചിപ്പിച്ചത് കൊണ്ട് എഴുതിയെന്നേയുള്ളു.

    ReplyDelete