Pages

Monday, May 16, 2011

രാഷ്ട്രീയത്തിനും അരാഷ്ട്രീയതക്കുമപ്പുറത്ത്

കേരളത്തിലെ എഴുത്തുകാര്‍ക്ക് നിരൂപകരില്‍ നിന്നും വായനക്കാരില്‍ നിന്നും മറ്റും നേരിടേണ്ടിവരുന്ന കടുത്ത വിദ്വേഷത്തെ കുറിച്ച് എം.മുകുന്ദന്‍ ഈയടുത്ത ദിവസമാണ് കണ്ണൂരില്‍ പ്രസംഗിച്ചത്.ഏതെങ്കിലും പ്രശ്നത്തില്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് നേരെ സമൂഹം ഒന്നടങ്കം അധിക്ഷേപ വചനങ്ങളുമായി ചാടി ഇറങ്ങുന്നു എന്ന അര്‍ത്ഥത്തിലാണ് മുകുന്ദന്‍ സംസാരിച്ചത്.സംസ്ഥാനത്ത് ഭരണം കയ്യാളുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.ഐ(എം)ലെ ഔദ്യോഗികവിഭാഗത്തിന് വളരെ വേണ്ടപ്പെട്ട ആളാണ് മുകുന്ദന്‍.ഭരിക്കുന്ന കക്ഷിയിലെ പ്രബലവിഭാഗത്തോട് ഇങ്ങനെ നേരിട്ട് വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒരു കൈവിരലില്‍ എണ്ണാവുന്നതില്‍ താഴെയേ ഉള്ളൂ.എന്നിട്ടും മുകുന്ദന് ഇങ്ങനെയൊരു ദുരനുഭവമുണ്ടാകുന്നുവെങ്കില്‍ ഈയൊരു സഹായമറയുടെ ആനുകൂല്യം ലഭിക്കാത്തവരുടെ കാര്യം എന്തു പറയാനാണ്?
എഴുത്തുകാര്‍ക്ക് പൊതുവേ വലിയ തോതില്‍ പരിവേഷനഷ്ടം സംഭവിച്ച കാലമാണ് പോസ്റ് മോഡേണ്‍ കാലം.പോസ്റ് മോഡേണ്‍ എന്നതിന് പോസ്റ് ഓറാറ്റിക് എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് ഈ പുതിയ കാലം രൂപംകൊണ്ടു തുടങ്ങിയപ്പൊഴേ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതാണ്.കേരളത്തില്‍ എഴുത്തുകാര്‍ക്ക് സംഭവിച്ച പരിവേഷ നഷ്ടത്തിന് പല തലങ്ങളും മുഖങ്ങളുമുണ്ട്.സാമൂഹ്യപുരോഗതിക്ക് ആവശ്യമായ ആശയങ്ങളും മനോഭാവങ്ങളും സംഭാവന ചെയ്യുന്നവര്‍,കാലഘട്ടത്തിന്റെ ആന്തരികസ്വത്തത്തെ കൃത്യമായി അടയാളപ്പെടുത്തുന്നവര്‍ എന്നീ പദവികളൊക്കെ അവര്‍ക്ക് നേരത്തേ തന്നെ നഷ്ടമായി.സാമൂഹ്യവും രാഷ്ട്രീയവുമായ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ പുതിയ വൈകാരികാവേഗങ്ങള്‍ നല്‍കുന്നവര്‍ എന്ന സ്ഥാനം പോലും ആരും അവര്‍ക്ക് കല്പിക്കാതായിട്ട് ഒന്നുരണ്ടു ദശകത്തോളമായി.ഏതെങ്കിലും തലത്തില്‍ പുതുമ അനുഭവിപ്പിക്കാന്‍ പാകത്തില്‍ കഥ പറയാന്‍ പറ്റുമെങ്കില്‍,ഏതെങ്കിലുമൊരു പുതിയ ചിന്തയുടെയോ അനുഭവത്തിന്റെയോ നുറുങ്ങെങ്കിലും കവിതയുടെ രൂപത്തില്‍ അവതരിപ്പിച്ച് ഉത്തേജനം നല്‍കുമെങ്കില്‍ ആ ഒരു സന്ദര്‍ഭത്തില്‍ വായനാസമൂഹം അവരെ ശ്രദ്ധിക്കും.അത് മിക്കവാറും താല്‍കാലികം മാത്രമായ ശ്രദ്ധയും സ്നേഹവും ആദരവുമൊക്കെയാണ്.പുതിയൊരു ഭാവുകത്വത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായോ അല്ലെങ്കില്‍ തങ്ങളുടെ വൈകാരികജീവിതത്തിന് പുതിയ സമൃദ്ധികള്‍ നല്‍കിയ ഒരാളായോ ഏതെങ്കിലും എഴുത്തുകാരനെ/എഴുത്തുകാരിയെ അംഗീകരിച്ച് ആദരിക്കുന്ന ശീലം വ്യക്തികളിലേക്ക് ചുരുങ്ങിയിരിക്കുന്നു.അതൊരു സാമൂഹ്യാനുഭവമേ അല്ലാതായിരിക്കുന്നു. നമ്മുടെ വായനക്കാര്‍,വിശേഷിച്ചും ഇടതുപക്ഷ സാഹിത്യസങ്കല്പങ്ങളോട് വിധേയത്വം പുലര്‍ത്തിയിരുന്ന വായനക്കാര്‍ കടുത്ത ഇച്ഛാഭംത്തിലാണിന്ന്.സാഹിത്യത്തിന്റെ സാമൂഹ്യഫലങ്ങളെയും എഴുത്തുകാരുടെ പ്രതിബദ്ധതയെയും പറ്റിയൊക്കെ ദീര്‍ഘകാലമായി തങ്ങള്‍ പഠിപ്പിക്കപ്പെട്ടു പോന്ന സംഗതികള്‍ അവ പഠിപ്പിച്ച പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു തന്നെ അസ്വീകാര്യമായിരിക്കുന്നു എന്ന് പ്രസ്ഥാനം പരസ്യമായി സ്വീകരിച്ച നിലപാട്മാറ്റത്തില്‍ നിന്നും പ്രസ്ഥാനത്തിന്റെ പുതിയ നയസമീപനങ്ങളില്‍ നിന്നും അവര്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരിക്കുന്നു.ഈ വസ്തുത പക്ഷേ മറ്റാരെങ്കിലും വെളിപ്പെടുത്തുന്നത് പൊറുക്കാനാവാത്ത തെറ്റായേ അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.കാരണം അവര്‍ ഇപ്പോഴും തങ്ങളുടേതായ ചില കലാസാഹിത്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നത് പണ്ടേ പഠിച്ചുറച്ച ധാരണകളുടെ അടിസ്ഥാനത്തിലാണ്.അതേ സമയം പ്രസ്ഥാനത്തെ അനുസരിക്കുക എന്ന അച്ചടക്കം നിമിത്തം അതിന് കടകവിരുദ്ധമായ പലതിനെയും അവര്‍ക്ക് പിന്‍താങ്ങേണ്ടിയും പൊക്കിപ്പിടിക്കേണ്ടിയും വരുന്നു.ഇതില്‍ അടങ്ങിയിരിക്കുന്ന വൈരുദ്ധ്യത്തിന്റെ സമ്മര്‍ദ്ദം പൊതുവായ സാഹിത്യവിദ്വേഷമായും ശത്രുക്കളായി പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നവരോടുള്ള പ്രത്യേകമായ പകയും വെറുപ്പുമായും പ്രത്യക്ഷപ്പെടുന്നു.ഇതില്‍ ആദ്യം പറഞ്ഞ വിദ്വേഷം മാത്രമേ എം.മുകുന്ദന് അനുഭവിക്കേണ്ടി വരുന്നുണ്ടാവൂ.രണ്ടും അനുഭവിക്കേണ്ടി വരുന്ന ഹതഭാഗ്യരെ കുറിച്ച് ഒരു പക്ഷേ അദ്ദേഹം ആലോചിക്കുന്നതേ ഉണ്ടാവില്ല.
കേരളത്തിലെ ഗൌരവബോധമുള്ള വായനക്കാര്‍ ആരും തന്നെ എഴുത്തുകാര്‍ക്ക് കക്ഷിരാഷ്ട്രീയവുമായി ബന്ധമുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നില്ല.എഴുത്തുകാര്‍ രാഷ്ട്രീയത്തെ പരിഗണനാര്‍ഹമായ ഒരു വിഷയമായേ കണക്കാക്കേണ്ടതില്ല എന്നിടത്തുപോലും അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നോ എന്ന് സംശയമുണ്ട്.സമകാലികരാഷ്ട്രീയത്തിന് സ്പര്‍ശിക്കാനാവാത്തതും കുറേക്കൂടി ആഴത്തില്‍ വര്‍ത്തിക്കുന്നതുമായ അനുഭവങ്ങളുടെ ലോകത്തിലാണ് എഴുത്തുകാര്‍ വ്യാപരിക്കേണ്ടത് എന്ന് അവര്‍ കരുതുന്നതായി തോന്നുന്നു.ആഴം എന്ന് നിങ്ങള്‍ പറയുന്നിടത്തും രാഷ്ട്രീയമുണ്ടെന്ന് ഒരാള്‍ക്ക് ന്യായമായും വാദിക്കാം.പക്ഷേ,ആ രാഷ്ടീയമാണ് തന്റെ കൃതിയെ രൂപപ്പെടുത്തേണ്ടത് എന്ന ബോധപൂര്‍വമായ നിലപാട് തല്‍ക്കാലപരിസ്ഥിതിയിലെങ്കിലും എഴുത്തുകാര്‍ സ്വീകരിക്കരുത് എന്നതായിരിക്കുന്നു വായനക്കാരുടെ നിലപാട്.മറ്റ് പലതിനോടുമൊപ്പം, ഇടതുപക്ഷരാഷ്ട്രീയമടക്കം നമ്മുടെ രാഷ്ട്രീയത്തെ മുഴുവനായിത്തന്നെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയതയും വായനക്കാരുടെ ഈ മനോഭാവമാറ്റത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.
വളരെയേറെ കലുഷിതവും വിദ്വേഷപൂര്‍ണവുമാണ് സമകാലികമലയാളത്തിലെ ഭാവുകത്വപരിസരം.സാഹിത്യത്തിന്റെ സാമൂഹികത എന്ന ആശയത്തെ പിന്തുണച്ചിരുന്ന എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ സമയം ഈ പരിസരത്തിന്റെ നിര്‍മാതാക്കളും ഇരകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു.തുറന്ന മനസ്സോടെയുള്ള ആരോഗ്യകരമായ എഴുത്തിന്റെയും വായനയുടെ ഇടം വളരെ ഏകാന്തമാണ്.രാഷ്ട്രീയത്തിനും അരാഷ്ട്രീയതക്കുമപ്പുറത്ത് ഏകാകികളുടെ അപ്രഖ്യാപിതവും അനൌപചാരികവുമായ കൂട്ടായ്മയാണ് അതിനെ നിലനിര്‍ത്തുന്നത്.ആ കൂട്ടായ്മ/കൂട്ടായ്മകള്‍ സാവകാശത്തിലാണെങ്കിലും വളര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട് എന്നതാണ് ആശ്വാസകരമായ ഒരേയൊരു കാര്യം.
(മാതൃകാന്വേഷി മെയ് 2011)

No comments:

Post a Comment