കേരളത്തിലങ്ങളോളമിങ്ങോളം ഒരുപാട് സുഹൃത്തക്കളുണ്ടായിരുന്നു ചിന്തരവി എന്ന രവീന്ദ്രന്.എന്റെ തലമുറയിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരില്‍ രവിയുമായി അടുത്ത സൌഹൃദം പുലര്‍ത്താത്തവരായി ആരുമേ ഉണ്ടാവില്ല.പക്ഷേ,ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടത് രണ്ടേ രണ്ടു പ്രാവശ്യമാണ്.സംസാരിച്ചതാണെങ്കില്‍ ഔപചാരികതയ്ക്ക് അപ്പുറം കടക്കാത്ത അഞ്ചോ ആറോ വാക്കുകള്‍ മാത്രവും.സത്യം ഇതായിരിക്കേ തന്നെ രവിയുമായി മറ്റൊരു തലത്തില്‍ വളരെ അടുത്ത് ബന്ധപ്പെട്ട ആളാണ് ഞാന്‍.തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തന്നെ വളരെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്ന ബന്ധമാണ് അത്.മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവി സ്വയം മുന്‍കയ്യെടുത്ത് ആരംഭിച്ച ആദ്യസംരംഭത്തിലെ പ്രധാനപ്പെട്ട പല കണ്ണികളില്‍ ഒന്നായിരുന്നു ഞാന്‍.അതിന്റെ കഥയിലേക്ക് കടക്കുംമുമ്പ് രവിയുമായുള്ള പരിചയത്തിന്റെ ആദ്യഘട്ടത്തെ കുറിച്ച് പറയാം.
അതിരാണിപ്പൂക്കള്‍
രവീന്ദ്രനുമായുള്ള എന്റെ പരിചയം ആരംഭിക്കുന്നത് ഒരു വായനക്കാരന്‍ എന്ന നിലക്കാണ്.രവിയുടെ ആദ്യപുസ്തകം അച്ചടിമഷി പുരണ്ടെത്തിയപ്പോള്‍ അതിനെ ആവേശപൂര്‍വം സ്വീകരിച്ച ആദ്യ വായനക്കാരില്‍ ഒരാളാണ് ഞാന്‍.അതിരാണിപ്പൂക്കള്‍ എന്നാണ് പുസ്തകത്തിന്റെ പേര്.സാഹിത്യപ്രവര്‍ത്തകസഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി പന്ത്രണ്ട് പുസ്തകങ്ങള്‍ ഒന്നിച്ച് പുറത്തിറക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.1964ലെയോ 65ലെയോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങളില്‍ ഒന്നാണ് രവീന്ദ്രന്റെ \'അതിരാണിപ്പൂക്കള്‍\'.മറ്റ് ബാലസാഹിത്യകൃതികളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്.മായാവികളും അഭൌമജീവികളും മറ്റും പ്രത്യക്ഷപ്പെടുന്ന അത്ഭുത കഥ, യാഥാര്‍ത്ഥ്യപ്രതീതിയുണര്‍ത്തുന്ന ജീവിതസന്ദര്‍ഭങ്ങള്‍ ഉപയോഗിച്ചു തന്നെ ഏതെങ്കിലുമൊരു ഗുണപാഠം കുട്ടികള്‍ക്ക് നല്‍കുന്ന കഥ,അംഗവൈകല്യത്തെയോ സമാനമായ മറ്റ് പരാധീനതകളെയോ അതിജീവിച്ച് കുട്ടികള്‍ മുന്നേറുന്ന കഥ,മൃഗങ്ങളും പക്ഷികളുമൊക്കെയായി കുട്ടികള്‍ക്കോ പ്രായം ചെന്നെവര്‍ക്കോ ഉണ്ടാവുന്ന ഗാഢമായ സ്നേഹത്തിന്റെ കഥ ഇവയൊക്കെയാണ് സാധാരണയായി ബാലസാഹിത്യകൃതികളില്‍ ഇതിവൃത്തമായി വരാറുള്ളത്.അതിരാണിപ്പൂക്കള്‍ പക്ഷേ ഗ്രാണീണപ്രകൃതിയെ പശ്ചാത്തലത്തില്‍ നിര്‍ത്തി, ബാല്യം പിന്നിട്ടിട്ടില്ലാത്ത ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമിടയില്‍ വളരുന്ന പ്രണയത്തിന്റെ സ്പര്‍ശമുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. പ്രണയത്തെ അതായി തിരിച്ചറിയാനാവാത്ത പ്രായത്തിലാണ് അവര്‍ അന്യോന്യം അടുക്കുന്നത്.തീക്ഷ്ണവും വിശുദ്ധവുമായ ആ ഹൃദയബന്ധത്തിന്റെ ആനന്ദവും വേദനയുമെല്ലാം ബാലമനസ്സിനെ അഗാധമായി അനുഭവിപ്പിക്കാന്‍ പോന്നതായിരുന്നു രവീന്ദ്രന്റെ എഴുത്ത്.നാലരപ്പതിറ്റാണ്ടിനും മുമ്പത്തെ ഓര്‍മയില്‍ നിന്നാണ് അതിരാണിപ്പൂക്കളുടെ വായനാനുഭവത്തെ കുറിച്ച് ഇത്രയും എഴുതിയത്.ഈ കൃതി എഴുതിയ ആളുടെ പേര് രവീന്ദ്രന്‍ എന്നാണെന്ന് എന്നും ഓര്‍മയിലുണ്ടായിരുന്നെങ്കിലും അത് ചിന്തരവി തന്നെയാണ് എന്ന കാര്യം ഉറപ്പായത് പത്രത്തില്‍ അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് വായിച്ചപ്പോള്‍ മാത്രമാണ്.എന്റെ ചെറിയ സുഹൃത്വലയത്തിലെ പലരോടും പലപ്പോഴായി ചോദിച്ചിരുന്നെങ്കിലും \'ചിന്തകന്‍\' തന്നെയാണ് ആ പുസ്തകമെഴുതിയത് എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് രവീന്ദ്രന്‍ അതെഴുതിയത്.മുതിര്‍ന്നപ്പോള്‍ തന്റെ ആദ്യചലച്ചിത്രത്തിന് ആധാരമായ\'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍\' പോലുള്ള ഏതാനും ചുവടുവെപ്പുകളേ കഥയുടെ വഴിയില്‍ ഈ എഴുത്തുകാരനില്‍ നിന്നുണ്ടായുള്ളൂ.പൊറ്റെക്കാട്ടിനു ശേഷം മലയാളം കണ്ട ഏറ്റവും വലിയ ഈ സഞ്ചാരി യാത്രാവിവരണങ്ങളിലും ടെലിവിഷനുവേണ്ടിയുളള സഞ്ചാരപരിപാടികളിലുമൊക്കെയായി കഥയെഴുത്തിനുള്ള തന്റെ കഴിവിനും ആസക്തിക്കും രൂപാന്തരം നല്‍കി.കേവലമായ വസ്തുതാവിവരണങ്ങളില്‍ നിന്നും അനുഭവവിവരണങ്ങളില്‍ നിന്നും വലിയ അകലം പാലിക്കുന്നവയും സവിശേഷമായ ഭാവനാനിര്‍മിതികളുടെ ഭാവാന്തരീക്ഷം പുലര്‍ത്തുന്നവയുമാണ് രവീന്ദ്രന്റെ സഞ്ചാരസാഹിത്യ രചനകള്‍.അവ അങ്ങനെയായിത്തീര്‍ന്നത് രവീന്ദ്രനിലെ സഞ്ചാരിയോടും സാസ്കാരികനിരീക്ഷകനോടുമൊപ്പം കഥാകാരനും സദാജാഗരൂകനായിരുന്നതുകൊണ്ടാണ്.
പരിയാരം ക്ഷയരോഗാശുപത്രിയില്‍
രവീന്ദ്രന്റെ ആദ്യത്തെ ശ്രദ്ധേയമായ മാധ്യമസംരംഭം ചെലവൂര്‍വേണുവുമായി ചേര്‍ന്നുള്ള \'സര്‍ച്ച്ലൈറ്റാ\'ണ്.ഏതാനും ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങി പ്രസിദ്ധീകരണം നിലച്ചുപോയ \'സര്‍ച്ച്ലൈറ്റി\'നു വേണ്ടി റിപ്പോര്‍ട്ടുകളും ഫീച്ചറുകളും രാഷ്ട്രീയനിരീക്ഷണങ്ങളും മറ്റുമായി ഞാന്‍ നാലഞ്ച് തവണ എഴുതിയിരുന്നു.പത്രപ്രവര്‍ത്തനത്തെ പറ്റി യാതൊന്നും അറിഞ്ഞുകടാത്ത വെറുമൊരു പയ്യനായിരുന്നു അന്ന് ഞാന്‍.അതുകൊണ്ടാണ് സര്‍ച്ച്ലൈറ്റിന്റെ ആദ്യ ലക്കം കണ്ടപ്പോള്‍ തന്നെ ഒരു റിപ്പോര്‍ട്ടെഴുതി താങ്കളുടെ വാരികയുടെ കണ്ണൂര്‍ലേഖകനാവാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നേരെ പത്രാധിപര്‍ക്കയച്ചുകൊടുക്കാനുള്ള ധൈര്യം കിട്ടിയത്.ഉദാരമതിയായ പത്രാധിപര്‍ എന്നെ നേരില്‍ കാണാതെ തന്നെ എന്റെ അപേക്ഷ സ്വീകരിച്ച് പൂജ്യം രൂപ ശമ്പളത്തില്‍ എന്നെ ജില്ലാലേഖകനായി നിയമിക്കുകയും ചെയ്തു.അങ്ങനെ രവീന്ദ്രന്‍ എന്റെ പത്രാധിപരായി.
\'സര്‍ച്ച്ലൈറ്റി\'ല്‍ ഞാന്‍ എഴുതിയ ലേഖനങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് \'പരിയാരം ക്ഷയരോഗാശുപത്രിയില്‍\' എന്ന തലക്കെട്ടോടുകൂടിയതാണ്.ഇപ്പോഴത്തെ പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് ഒരു ക്ഷയരോഗാശുപത്രിയായിരുന്നു.ആദ്യകാലത്ത് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു അത്.ക്ഷയം പേടിപ്പെടുത്തുന്ന ഒരു രോഗമായിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അവിടെ രോഗികള്‍ എത്തിയിരുന്നു.പരിയാരം ടി.ബി.സാനിറ്റോറിയത്തില്‍ പോവാന്‍ ഇവിടെ ഇറങ്ങുക എന്ന ബോര്‍ഡ് അന്ന് പഴയങ്ങാടി റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ഉണ്ടായിരുന്നു.
നാടകപ്രവര്‍ത്തകനും ആദ്യകാലകമ്യൂണിസ്റുകാരില്‍ ഒരാളുമായിരുന്ന കെ.വി.കണ്ണേട്ട(നാടകകൃത്തായ സുരേഷ്ബാബു ശ്രീസ്ഥയുടെ അച്ഛന്‍)നോടൊപ്പമാണ് ഞാന്‍ ടി.ബി.സാനിറ്റോറിയത്തിലേക്ക് പോയത്.കണ്ണേട്ടന്‍ കുറച്ചുകാലം സാനിറ്റോറിയത്തില്‍ രോഗിയായി കിടന്നിരുന്നു.ആശുപത്രിജീവനക്കാരില്‍ പലരും അദ്ദേഹത്തിന്റെ അടുത്ത പരിചയക്കാരായിരുന്നത് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വലിയ സൌകര്യമായിത്തീര്‍ന്നു.
ഞങ്ങള്‍ സാനിറ്റോറിയത്തില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹം രാവിലെ വന്ന് രോഗികളെ പരിശോധിച്ച് സ്ഥലം വിടും.പിന്നെ ആശുപത്രി മിക്കവാറും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയിലാവും.ഇപ്പോള്‍ മെഡിക്കല്‍ കോളേജും ആയുര്‍വേദമെഡിക്കല്‍കോളേജും ആശുപത്രികളും മറ്റ് അനുബന്ധസ്ഥാപനങ്ങളുമൊക്കെ ഉള്ള സ്ഥലത്ത് അന്ന് സാനിറ്റോറിയം കഴിഞ്ഞാലുള്ള സ്ഥലം മുഴുവന്‍ കാടായിരുന്നു.നൂറ് കണക്കിന് കശുമാവുകളും കുറ്റിക്കാടുകളും വന്‍മരങ്ങളുമൊക്കെയുള്ള കാട്.രോഗികള്‍ ഈ കാട്ടിനകത്ത് കള്ളവാറ്റ് നടത്തും.കശുവണ്ടി പറിച്ച് വിറ്റുണ്ടാക്കുന്നതും ബന്ധുക്കളും മറ്റും കൊടുക്കുന്നതുമായ കാശുപയോഗിച്ച് മീന്‍വാങ്ങി പൊരിച്ച് കാട്ടിനകത്തിരുന്ന് ചാരായത്തിനൊപ്പം സമൃദ്ധമായി അടിക്കും.രാവിലെ ഡോക്ടര്‍ പരിശോധനക്ക് വരുന്ന സമയത്ത് മാത്രമേ അവരെ താന്താങ്ങളുടെ ബെഡ്ഡില്‍ കാണൂ.അല്ലാത്ത സമയം മുഴുവന്‍ അവര്‍ കാട്ടില്‍ ലീലാലോലുപരായി കഴിയും.എന്നാലും വല്ലാത്തൊരു വിഷാദവും ഏകാന്തതയും ആശുപത്രിയെ വലയം ചെയ്ത് നിന്നിരുന്നു.കയറിച്ചെല്ലുന്നിടത്തു തന്നെയുള്ള കറുത്ത ബോര്‍ഡില്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ പേര് വിവരം എഴുതി വെച്ചത് കണ്ണില്‍ പെടുന്ന നിമിഷം മുതല്‍ ആ വിഷാദം നമ്മെയും വലയും ചെയ്യും.\'സര്‍ച്ച് ലൈറ്റി\'ലെ എന്റെ റിപ്പോര്‍ട്ട് ഈ അനുഭവങ്ങളെല്ലാം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് നേരില്‍ കാണാതെ തന്നെ രവീന്ദന്‍ തന്റെ ആഴ്ചപ്പതിപ്പിന്റ സ്വ.ലേ ആയി എന്നെ നിയമിച്ചത്.പത്രപ്രവര്‍ത്തനത്തിന്റെ വഴി ഞാന്‍ തിരഞ്ഞെടുത്തില്ലെങ്കിലും എന്നിലെ പത്രപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞ് അംഗീകരിച്ച ആ പത്രാധിപരുടെ,കുട്ടിക്കാലത്ത് ഒരു വായനക്കാരനെന്ന നിലക്ക് എന്നെ വളരെയേറെ ആഹ്ളാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പിന്നീട് തന്റെ ബൌദ്ധികാന്വേഷണങ്ങളിലുടെയും സഞ്ചാരസാഹിത്യരചനകളിലൂടെയും മറ്റ് സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലൂടെയും എന്റെ തലമുറയെ ഉത്തേജിപ്പിക്കുകയും ചെയ്ത രവീന്ദ്രന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
(ജനശക്തി)
അല്പം വൈകിപ്പോയെങ്കിലും ആദരാജ്ഞലികള്‍
ReplyDelete