ഫോക് ലോറിസ്റിക്സ്എന്ന വിജ്ഞാനശാഖ ഓരോ ജനവിഭാഗത്തിനും തലമുറകളിലൂടെ പകര്‍ന്നുകിട്ടുന്നതും കൂട്ടായ്മയിലൂടെ അവര്‍ നിലനിര്‍ത്തുന്നതുമായ വിശ്വസങ്ങള്‍,ആചാരങ്ങള്‍,ആരാധനാരീതികള്‍,സങ്കല്പങ്ങള്‍,നൃത്തരൂപങ്ങള്‍,ഗാനങ്ങള്‍,കഥകള്‍,ചികിത്സാരീതികള്‍ എന്നിവയുടെയെല്ലാം പഠനം നടക്കുന്ന മേഖലയാണ്.ഒരു ജനത അവരുടെ വിശ്വാസപരവും വൈകാരികവുമായ ഊര്‍ജ്ജം മുഴുവന്‍ നിക്ഷേപിച്ചിരിക്കുന്ന ഇടങ്ങള്‍,അവര്‍ തങ്ങളുടെ സ്വത്വത്തിന്റെ കലര്‍പ്പില്ലാത്ത അംശങ്ങളായി ആത്മാവ് കൊണ്ട് അംഗീകരിക്കുന്ന സംഗതികള്‍ ഇവയെയൊക്കെ നിര്‍ധാരണം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ഫോക് ലോറിന്റെ പഠനപദ്ധതി.പുതിയ കൂട്ടായ്മകളുടെ രൂപീകരണം,പുതിയ വിശ്വാസങ്ങളുടെയും ചടങ്ങുകളുടെയും രൂപീകരണം ,പുതിയ ജീവിതധാരണകളുടെ വിതരണം ഇവയുടെയൊക്കെ അപഗ്രഥനവും ഫോക് ലോറിസ്റിക്ക്സിന്റെ വിഷയപരിധിയില്‍ വരും.
യൂറോപ്യന്‍ കാല്പനിക പ്രസ്ഥാനത്തിന്റെയും ദേശീയതാവാദത്തിന്റെയും ആശയലോകങ്ങളാണ് ഫോക് ലോറിസ്റിക്സ് ഒരു പ്രത്യേകവിഷയമായി ഉരുത്തിരിയുന്നതിന് പശ്ചാത്തലമൊരുക്കിയത്.ഈ വിഷയം ഇന്ത്യയിലെത്തിയപ്പോള്‍ സ്വാഭാവികമായും കടംകൊണ്ട രീതിശാസ്ത്രവുമായാണ് അത് പ്രവര്‍ത്തിച്ചുതുടങ്ങിയത്.മാത്രവുമല്ല തങ്ങളുടെ പഠനവിഷയം നാടന്‍ അല്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും ഇവിടത്തെ ഫോക് ലോര്‍പണ്ഡിതന് മാരെ നയിച്ചിരിക്കാം.ഈ വ്യഗ്രത താരതമ്യേന കൂടുതലായി പ്രവര്‍ത്തിച്ച ഇടം കേരളമാണെന്നും കരുതാം.അതുകൊണ്ടു തന്നെയാണ് ഫോക് ലോറിന് മലയാളത്തില്‍ ഒരു പേര് കണ്ടെത്തണമെന്നും അത് പ്രചരിപ്പിക്കണമെന്നും അവര്‍ക്ക് തോന്നാതിരുന്നത്.ഫോക് ലോര്‍എന്ന ഇംഗ്ളീഷ് പദത്തിന്റെ അര്‍ത്ഥവ്യാപ്തി മലയാളത്തിലെ ഒരു പദത്തിനും ലഭ്യമാവില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവര്‍.ഒരു ജനതയുടെ 'തനതിനെ' അന്വേഷിക്കുന്ന വിഷയത്തിന് ഒരു തനത് രീതിശാസ്ത്രം വേണമെന്ന തോന്നലും അവര്‍ക്കുണ്ടയില്ല.ഫോക് ലോറിന് ഒരു പഠനപദ്ധതി' എന്ന ഗ്രന്ഥത്തില്‍ രാഘവന്‍ പയ്യാനാട് ഈ വഴിക്ക് ഒരു ശ്രമം നടത്തിയെങ്കിലും ഫോക് ലോറിനെ
രൂപപ്പെടുത്തുന്ന കൂട്ടായ്മയുടെ ജീവിതധാരണയും സമീപനങ്ങളും ജനജീവിതത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക സാമൂഹ്യസ്വാധീനങ്ങള്‍ക്കെല്ലാം പുറത്താണെന്ന പൂര്‍വനിശ്ചിതനിലപാടാണ് ആ ശ്രമത്തെ നിയന്ത്രിച്ചതെന്നതുകൊണ്ടു തന്നെ അത് വസ്തുതകളാല്‍ സമ്പന്നമായിരിക്കുമ്പോഴും ദര്‍ശനതലത്തില്‍ ശുഷ്കമായിത്തീര്‍ന്നു.കൂട്ടായ്മയുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടായ്മയ്ക്കു പുറത്തുള്ള നിലപാടുകളാല്‍ അപഗ്രഥിക്കുകയോ ചോദ്യം ചെയ്യുകയോ മൂല്യനിര്‍ണയം നടത്തുകയോ ചെയ്യരുത് എന്നതാണ് ഫോക് ലോറിസ്റുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.ഫോക് ലോര്‍ന് ഒരു പഠനപദ്ധതി'യില്‍ രാഘവന്‍ പയ്യനാട് സ്വീകരിച്ച നിലപാടും അതു തന്നെ.
നാളിതുവരെ
ഫോക് ലോര്‍ഒരു അക്കാദമിക് വിഷയമെന്ന നിലയില്‍ മലയാളത്തില്‍ അംഗീകൃതമായിത്തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായി.കൊട്ടാരത്തില്‍ ശങ്കുണ്ണിയെ പോലുള്ളവര്‍ നടത്തിയ ആദ്യകാലസമാഹാരണങ്ങള്‍ക്കും ചേലനാട്ട് അച്യുതമോനോനും ഡോ.എസ്.കെ.നായരും പിന്നീട് സി.എം.സ് ചന്തേരയും മറ്റും നടത്തിയ ആദ്യകാലപഠനങ്ങള്‍ക്കും അത്തരമൊരു പരിവേഷമുണ്ടയിരുന്നില്ല.ചന്തേരയാണെങ്കില്‍ ഗവേഷണ പഠനത്തിന്റെ അംഗീകൃത രീതിശാസ്ത്രവും അവലംബിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ മേഖലയില്‍ വളരെയേറെ കാര്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്.നാടോടിപ്പാട്ടുകള്‍,തോറ്റം പാട്ടുകള്‍,കടംകഥകള്‍ തുടങ്ങിയവയുടെ അനേകം സമാഹാരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെയും മറ്റ് സാംസ്കാരിക വ്യഹാരങ്ങളെയും കുറിച്ചുള്ള ധാരാളം പഠനങ്ങളും ഉണ്ടായിക്കഴിഞ്ഞു.ഫോക് ലോര്‍അക്കാദമിയും മ്യൂസിയവും നിലവില്‍ വന്നു.കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ ഫോക് ലോര്‍മായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ച് പി.എച്.ഡി ബിരുദം നേടി.അനേകം തെയ്യം കലാകാരന് മാരും മറ്റ് നാടോടി കലാകാരന് മാരും അവാര്‍ഡും അംഗീകാരങ്ങളും നേടി. ചെറിയ തോതിലാണെങ്കിലും പലര്‍ക്കും സാമ്പത്തികസഹായം ലഭിച്ചു.ഫോക് കലാരൂപങ്ങളുടെ അവതരണം രാഷ്ട്രീയസമ്മേളനങ്ങളുടെ പോലും അഭികാമ്യമായ ഭാഗമായി.ഒക്കെയും നല്ലതിനു തന്നെ.വ്യക്തികളെന്ന നിലയ്ക്ക് ഗവേഷകര്‍ നല്‍കിയ സംഭാവനകള്‍ക്ക് പുറമേ അക്കാദമിക് തലത്തില്‍ ഫോക് ലോറിന് ലഭിച്ച അംഗീകാരവും സര്‍ക്കാറില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും ലഭിച്ച ധനസഹായവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഈ നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്.
ഫോക് ലോര്‍ ഒരു പഠനമേഖലയെന്ന നിലയില്‍ അക്കാദമിക് ലോകത്തും പുറത്തും നിസ്സംശമായും അംഗീകൃതമായിക്കഴിഞ്ഞെങ്കിലും ഈ വിഷയം പഠിച്ച് പുറത്തിറങ്ങുന്നവര്‍ ഇതര വൈജ്ഞാനികമേഖലകളിലും സാമൂഹ്യാനുഭവത്തിന്റെ മറ്റ് മണ്ഡലങ്ങളിലും സാധിക്കേണ്ടുന്ന ഇടപെടലുകളുടെ സ്വഭാവം ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല.ഫോക് ലോര്‍ സമാഹരണവും ഫോക് ലോര്‍പരിപാടികളുടെ സംഘാടനവുമടക്കം പല കാര്യങ്ങളും അവര്‍ ചെയ്തുവരുന്നുണ്ട്.ലേഖനങ്ങള്‍ എഴുതുന്നതിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അവര്‍ മറ്റ് വിഷയക്കാരേക്കാള്‍ പുറകിലുമല്ല.പക്ഷേ,പാരമ്പര്യലബ്ധമായ അറിവിന്റെ കാവല്‍ക്കാരെന്ന പോലെയോ കേവലകൈകാര്യകര്‍ത്താക്കളെന്ന പോലെയോ ആണ് അവരില്‍ നല്ലൊരു ശതമാനവും പെരുമാറുന്നത്.അല്ലാതെ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരെയും ഈ വിഷയത്തെ കുറിച്ചുള്ള മാമൂല്‍ധാരണകള്‍ നല്ലപോലെ കുഴക്കുന്നുണ്ട്.
ചരിത്രത്തോടും സാമൂഹ്യശാസ്ത്രത്തോടുമുള്ള അനാദരവാണ് ഫോക് ലോറിസ്റുകളുടെ വിശകലനങ്ങളില്‍ പൊതുവേ മുഴച്ചുനില്‍ക്കുന്നത്.തങ്ങളുടെ വിഷയത്തിന് സര്‍വതന്ത്രസ്വതന്ത്രമായ ഒരു രീതിശാസ്ത്രം വേണം എന്ന തെറ്റിദ്ധാരണയാണ് പൊതുവില്‍ അവരെ നയിക്കുന്നത്. ലോകത്തിലെ ഏത് ജനവിഭാഗവും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ നാടോടിവാങ്മയങ്ങള്‍ വരെയുള്ള എല്ലാം സൃഷ്ടിച്ചിരിക്കുന്നത് ചരിത്രത്തിന്റയും ഭൌതികസാഹചര്യങ്ങളുടെയും അബോധപ്രേരണകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ്.ഇവയെ കുറിച്ചെല്ലാമുള്ള അന്വേഷണങ്ങളിലേക്ക് തിരിയാത്തിടത്തോളം ഫോക് ലോര്‍പഠനങ്ങള്‍ മിക്കവാറും പി.എച്ച്.ഡി ബിരുദത്തിനും സാമ്പത്തികനേട്ടങ്ങള്‍ക്കുമപ്പുറത്തുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത കേവലപഠനങ്ങളായി തുടരും.കൂട്ടായ്മയെ അതിന്റെ തന്നെ ആന്തരികയുക്തികള്‍ കൊണ്ട് മനസ്സിലാക്കുക,ഫോക്കിന്റെ വിശ്വാസങ്ങള്‍ക്കും ചെയ്തികള്‍ക്കും ന്യായീകരണം കണ്ടെത്തുക എന്നിവയ്ക്ക് അപ്പുറം കടക്കാത്ത ഫോക് ലോര്‍ പഠനം യാഥാസ്ഥിതികമാണ്.കൂട്ടായ്മയുടെ ആന്തരികയുക്തികള്‍ ചരിത്രബാഹ്യമായാണ് നിലനില്‍ക്കുന്നത് എന്ന ധാരണയില്‍ ഫോക് ലോര്‍ പഠനം ആരംഭിക്കരുത്.ഗ്രാമീണമായാലും നാഗരികമായാലും ഒരു ജനസമൂഹം നിലനിര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകമായ ചരിത്രസാഹചര്യങ്ങളില്‍ രൂപം കൊണ്ടവയും ചരിത്രത്തോടൊപ്പം പരിണമിക്കുന്നവയുമാണ്.ഈ വശത്തിന് ഊന്നല്‍ നല്‍കാതെയുള്ള ഫോക് ലോര്‍അന്വേഷണങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പരമാവധികാര്യം ഒരു ജനത നിലനിര്‍ത്തി വരുന്ന ഫോക് ലോറിലെ ഓരോരോ ഇനങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുക മാത്രമായിരിക്കും.
ഫോക് ലോര്‍ അന്വേഷണങ്ങള്‍ ചരിത്രപരം മാത്രമല്ല വൈരുദ്ധ്യാത്മകം കൂടിയായിരിക്കണം.അത്യുത്തരകേരളീയരുടെ തെയ്യം ഒരേ സമയം ഒരു ജനതയുടെ ആത്മീയാവശ്യത്തിന്റെ നിര്‍വഹണവും ഒരു വ്യവസ്ഥയുടെ ന്യായീകരണവുമായാണ് പ്രവര്‍ത്തിച്ചുപോന്നത്.ആദ്യകാല കമ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെയ്യത്തിനെതിരെ തിരിഞ്ഞത് അവര്‍ കേവല യുക്തിവാദികളും സൌന്ദര്യാസ്വാദനശേഷിയറ്റവരും ആയിരുന്നതുകൊണ്ടല്ല.തെയ്യം ജാതിജന്മിനാടുവാഴി വ്യവസ്ഥയെയും അതുല്‍പാദിപ്പിക്കുന്ന ജീവിതധാരണകളെയും താങ്ങിനിര്‍ത്താനാണ് സഹായിക്കുന്നത് എന്ന ബോധ്യം കൊണ്ടാണ്. കാലം മാറി.തെയ്യത്തെ മറ്റൊരു രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള ഭൌതികാന്തരീക്ഷവും ബൌദ്ധികാന്തരീക്ഷവും വൈകാരികാന്തരീക്ഷവും ജനങ്ങളില്‍ കുറേയേറെപ്പേരുടെ കാര്യത്തിലെങ്കിലും യാഥാര്‍ത്ഥ്യമായി.അതോടെ തെയ്യത്തോടുള്ള ശത്രുത അനാവശ്യവും അരസികത്വത്തിന്റെ അടയാളവുമായി.
ഫോക്ലോര്‍ ജന്മ• നല്‍കുന്ന ജീവിതധാരണകളും സമീപനങ്ങളും ജനജീവിതത്തില്‍ എല്ലാ കാലത്തും പോസിറ്റീവായ ഫലങ്ങള്‍ മാത്രമല്ല ഉണ്ടാക്കിയിട്ടുള്ളത്.സംസ്കാരം പരിണമിക്കുന്നത് അന്യസംസ്കാരങ്ങളുമായുള്ള പരിചയത്തിലൂടെയും കടംകൊള്ളലുകളിലൂടെയുമാണ്.പുതിയ അറിവിന്റെയും സാങ്കേതികവിദ്യയുടെയും കടംകൊള്ളലുകള്‍ പഴയതിനെ പുറംതള്ളിക്കൊണ്ടു മാത്രമേ സാധ്യമാവൂ.അങ്ങനെ പുറംതള്ളുന്നതിലൂടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ബോധ്യപ്പെട്ടാലും ഫോക് ലോര്‍മായുള്ള ജനതയുടെ വൈകാരികബന്ധം അതിന് തടസ്സം നില്‍ക്കും.ഇത്തരം ഘട്ടങ്ങളില്‍ ഫോക് ലോറിന്റെ കൂടെയല്ല മാറുന്ന ജീവിതത്തിന്റെ കൂടെത്തന്നെയാണ് ഫോക് ലോറിസ്റ് നിലകൊള്ളേണ്ടത്.രോഗം മാറാന്‍ ചികിത്സയാണ് ആവശ്യം എന്ന് ബോധ്യം വന്നാലും മന്ത്രവാദത്തെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് ന്യായീകരണം സൃഷ്ടിക്കലല്ല ഫോക് ലോറിസ്റിന്റെ പണി.ഓരോ ചരിത്രഘട്ടത്തിലും ഫോക് ലോറില്‍ പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്നനിഷേധാത്മകവശങ്ങള്‍ കൂടി വിശദീകരിക്കാന്‍ ഫോക് ലോര്‍പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്.
പഠനപദ്ധതിയെ കേരളത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ചും പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാകത്തിലും പുന:സംവിധാനം ചെയ്തുകൊണ്ടേയിരിക്കുക, പഠനത്തെ എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക,ഫോക് ലോറിലെ ഏറ്റവും ജീവത്തായ അംശങ്ങള്‍ക്ക് ഏറ്റവും സര്‍ഗാത്മകമായ രീതിയില്‍ പുനര്‍വ്യാഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളും നല്‍കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക,യാഥാര്‍ത്ഥ്യബോധത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായി കേരളത്തിന്റെ സാംസ്കാരികസ്വാശ്രയത്വം എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടേയിരിക്കുക ഇവയൊക്കെയാണ് നമ്മുടെ ഫോക് ലോര്‍ പണ്ഡിതന് മാരുടെയും പഠിതാക്കളുടെയും മുന്നിലുള്ള അടിയന്തിരകടമകള്‍.ഇത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി തങ്ങളുടെ പഠനവിഷയത്തിനുണ്ട് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ഫോക് ലോറിസ്റുകള്‍ ഫോക് ലോര്‍എന്ന ഇതിനകം സര്‍വസമ്മതമായിത്തീര്‍ന്ന പദത്തിനു പകരം ഒരു തനി മലയാളപദം കണ്ടെത്തിയില്ലെങ്കിലും വലിയ പ്രശ്നമില്ല.
(ജനശക്തി വാരിക)
No comments:
Post a Comment