39
പതിനേഴ് വര്‍ഷം മുമ്പെഴുതിയ കഥയാണ്. നേര്‍ക്കു നേരെയുള്ള എഴുത്ത്.സാഹിത്യമാക്കി ഉയര്‍ത്താന്‍ പാകത്തില്‍ ഒന്നും ചെയ്തില്ല.എഴുതിയ പടി അങ്ങനെ തന്നെ വെച്ചു.ഈയിടെ എടുത്തു വായിച്ചു നോക്കിയപ്പോള്‍ ചെറിയൊരു രസം തോന്നി.അതിന്റെ ധൈര്യത്തിലാണ് ഇതിവിടെ പകര്‍ത്തി വെക്കുന്നത്.
കഥ
സിമ്യാങ്
പത്താം വയസ്സില്‍ നാടുവിട്ടുപോയ ഉക്കുണ്ണി തൊണ്ണൂറ്റാറാം വയസ്സില്‍ തീയൂരില്‍ മടങ്ങിയെത്തിയപ്പോള്‍ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരും നാട്ടിലുണ്ടായിരുന്നില്ല.ഒട്ടുമിക്കപേരും എപ്പൊഴൊക്കെയോ മരിച്ച് മണ്ണോട് ചേര്‍ന്നിരുന്നു.അവശേഷിച്ച ഏതാനും ചിലര്‍ മക്കളുടെയോ പേരക്കിടാങ്ങളുടെയോ കൂടെ മറ്റേതൊക്കെയോ ദേശങ്ങളില്‍.രണ്ടുമൂന്നുപേര്‍ ഓര്‍മയും കഥയും പൂര്‍ണമായി കൈമോശം വന്ന് വൃദ്ധസദനങ്ങളിലും.ഉക്കുണ്ണി ഓര്‍മയില്‍ നിന്ന് നുള്ളിപ്പെറുക്കിയെടുത്ത സ്ഥലപ്പേരുകളും വീട്ടുപേരുകളും മറ്റ് ചില അടയാളങ്ങളും നാട്ടുകാരായ ചില വൃദ്ധജനങ്ങളില്‍ ഏതാനും ചില മിന്നലാട്ടങ്ങളുണ്ടാക്കിയെങ്കിലും അയാളെ തീയൂരുകാരനായി സ്വീകരിച്ച് അംഗീകരിക്കുന്നതില്‍ ആരും താല്പര്യം കാണിച്ചില്ല.അന്തര്‍ദ്ദേശീയമായിത്തന്നെ അറിയപ്പെടുന്ന ഒരു സന്നദ്ധസംഘടനയുടെ തീയൂര്‍മേഖലയിലെ പ്രവര്‍ത്തക•ാരിലൊരാളായ ഡികോക്സ ഡിസില്‍വ എന്ന യുവാവ് എന്തായാലും അശരണനായ ഈ വൃദ്ധന്റെ കാര്യത്തില്‍ താല്പര്യമെടുത്തു.ഉക്കുണ്ണിയെ എങ്ങനെ സഹായിക്കണം, എവിടെ ഏല്പിക്കണം എന്നൊക്കെ തീരുമാനിക്കാനായി ഡികോക്സ അയാളുമായി ഹ്രസ്വമായ ഒരു സംഭാഷണം നടത്തി.അത് ഇപ്രകാരമായിരുന്നു:
ഡികോക്സാ: അപ്പോ അമ്മാവാ, ഇത്രനാളും എവിടെയായിരുന്നു?
ഉക്കുണ്ണി: ഞാന്‍ സിമ്യാങ്ങിലായിരുന്നു
ഡികോക്സാ: അതെവിടെയാ?
ഉക്കുണ്ണി: പ്രാന്‍ നദിയുടെ തീരത്തുള്ള പുരാതനമായൊരു പട്ടണമാണത്
ഡികോക്സ:(അങ്ങനയൊരു നദിയെക്കുറിച്ച് തനിക്ക് കേട്ടറിവ് പോലുമില്ലെന്ന കാര്യം അല്പവും പ്രകടമാക്കാതെ) ഓഹോ,പ്രാന്‍നദിയുടെ തീരത്ത്?എങ്ങനെയായിരുന്നു അവിടത്തെ ജീവിതം?എന്തായിരുന്നു ജോലി?
ഉക്കുണ്ണി: അങ്ങനെ പ്രത്യേകിച്ച് ഒരു ജോലി മാത്രമായിട്ടൊന്നും ഉണ്ടായിരുന്നില്ല
കുറച്ചുകാലം ഒരു ഹോട്ടലിലായിരുന്നു.പിന്നെ റെയില്‍വേയില്‍ സ്റേഷന്‍ മാസ്റര്‍,പിന്നെ ഒരു ട്രക്ഡ്രൈവര്‍,അതു കഴിഞ്ഞ് കുറച്ചുകാലം ഞാന്‍ സിമ്യാങ്ങില്‍ മേയറായിരുന്നു.പിന്നെ സിമ്യാങ്ങ് ജനറല്‍ ഹോസ്പിറ്റലിലെ സ്വീപ്പറായി.
ഡികോക്സ:അതത്ഭുതമാണല്ലോ? മേയറായതിനുശേഷം സ്വീപ്പറാവുകയോ?
ഉക്കുണ്ണി:സിമ്യാങ്ങില്‍ അതൊക്കെ സാധാരണമാണ്.നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏത് ജോലിയും ചെയ്യാം.എല്ലാറ്റിനും ഒരേ മാന്യതയാണ്
ഡികോക്സ:ശമ്പളം?
ഉക്കുണ്ണി: എല്ലാ ജോലിക്കും തുല്യശമ്പളമാണ്
ഡികോക്സ:ആരോഗ്യം,വിദ്യാഭ്യാസം ഇവയ്ക്കൊക്കെ വലിയ ചെലവ് വരുമോ?
ഉക്കുണ്ണി: ഇല്ല,ചികിത്സ ഫ്രീയാണ്.വിദ്യാഭ്യാസത്തിനും ഒന്നും ചെലവാക്കണ്ട
ഡികോക്സ: ചെലവുള്ള എന്തെങ്കിലും പരിപാടിയുണ്ടോ?
ഉക്കുണ്ണി:നാടകം,ചിത്രപ്രദര്‍ശനം,സിനിമ ഇതിനൊക്കെ പോകാന്‍ നല്ല ചെലവ് വരും.പുസ്തകങ്ങള്‍ക്കും നല്ല വെലയാണ്.സംഗീതപരിപാടികള്‍ക്കും വലിയ ടിക്കറ്റാണ്
ഡികോക്സ: അപ്പോ കലാകാര•ാരൊക്കെ വലിയ കാശുകാരായിരിക്കും അല്ലേ?
ഉക്കുണ്ണി:ഹേയ്,പണക്കാരനായിരിക്കുക എന്നു പറഞ്ഞാല്‍ വലിയ നാണക്കേടാണവിടെ.കണക്കിലധികം കാശ് ആരും കയ്യില് വെക്കില്ല.ഗവണ്‍മെന്റിന്റെ ഏതെങ്കിലും വകുപ്പിന് അത് അപ്പോള്‍ തന്നെ സംഭാവനയായി നല്‍കും.
ഡികോക്സ: ഒരാള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കിലോ?
ഉക്കുണ്ണി: ആരും അങ്ങനെ ചെയ്യാതിരിക്കില്ല
ഡികോക്സ: കുടുംബം,ലൈംഗികത ഈ വക കാര്യങ്ങളൊക്കെ എങ്ങനെയാണ്?
ഉക്കുണ്ണി:കുടുംബം വേണ്ടുന്നവര്‍ക്ക് കുടുംബമായി ജീവിക്കാം.വേണ്ടെങ്കില്‍ വേണ്ട
ഡികോക്സ: കുട്ടികളുടെ കാര്യം?
ഉക്കുണ്ണി:കുട്ടികളാണ് ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നവര്‍.പതിനഞ്ച് വയസ്സ് വരെ അവര്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്
ഡികോക്സ: ലൈംഗിക സ്വാതന്ത്യ്രം?
ഉക്കുണ്ണി:സമ്പൂര്‍ണ ലൈംഗികസ്വാതന്ത്യ്രമാണ്.എനിക്ക് പതിനേഴ് കാമുകിമാരുണ്ടായിരുന്നു
ഡികോക്സ: ആളുകള്‍ മദ്യപിക്കുമോ?
ഉക്കുണ്ണി: മദ്യപിക്കേണ്ടവര്‍ക്ക് മദ്യപിക്കാം.ചായ കുടി പോലെയേ ഉള്ളൂ അത്.മദ്യപിക്കുന്നത് വലിയ ഒരു കാര്യമായിട്ട് ആരും ഭാവിക്കില്ല.മദ്യപിച്ച് ബഹളം വെച്ച് നാണം കെടാന്‍ ആരും തയ്യാറാവില്ല
ഡികോക്സ:സിമ്യാങ്ങിലെ ഭാഷ എന്താണ്?
ഉക്കുണ്ണി: ;ചിര്‍പ് ഭാഷ എന്നു പറയും.അത് ആര്‍ക്കും ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം
ഡികോക്സ: സിമ്യാങ് എന്ന പേരിന്റെ അര്‍ത്ഥമെന്താണ്?
ഉക്കുണ്ണി: സ്വപ്നത്തിന്റെ താവളം
ഡികോക്സ: ഇത്രയും നല്ലൊരു നാട് വിട്ടിട്ട് ഈ വയസ്സുകാലത്ത് ഇങ്ങോട്ട് വന്നെതെന്തിനാ?
ഉക്കുണ്ണി:എത്ര മോശമായാലും സ്വന്തം നാട്ടില്‍ കിടന്ന് മരിക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക?
ഉക്കുണ്ണി പല്ലില്ലാത്ത നൊണ്ണ് കാട്ടി മനോഹരമായൊരു ചിരി ചിരിച്ചു.
5-7-94
40
നല്ല സ്വബോധത്തോടെ, ഓരോ വാക്കിന്റെയും അര്‍ത്ഥം ഇന്നതാണെന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇന്നതാണെന്നും കൃത്യമായി ഉള്ളിലുറപ്പിച്ച് എഴുതിയ കവിതകളില്‍ ചിലത് കുറേ കഴിഞ്ഞ് വായിച്ചുനോക്കുമ്പോള്‍ എനിക്കു തന്നെ ഒരെത്തും പിടിയും കിട്ടില്ല.ചിലതിനെ കുറിച്ച് അത്ര വ്യക്തമല്ലാത്ത ചില സംഗതികള്‍ ഭാഗികമായി തെളിഞ്ഞുകിട്ടി എന്നുവരും.കാഴ്ച തീരെ മങ്ങിപ്പോയ ഒരാളുടെ കാഴ്ച പോലിരിക്കും അത്.അത്തരം കവിതകളും കഥകളുമൊന്നും പ്രസിദ്ധീകരണത്തിന് അയക്കാറില്ല.വായനക്കാരോട് തെറ്റ് ചെയ്യുന്നതു പോലൊരു തോന്നല്‍ വരും.ഈ കുറിപ്പുകളെ പക്ഷേ വ്യത്യസ്തമായ ഒരു ഇടമായാണ് സങ്കല്പിച്ചിട്ടുള്ളത്.അതുകൊണ്ടാണ് ഈ കവിതകള്‍ ഇവിടെ ഇങ്ങനെ ധൈര്യപൂര്‍വം പ്രദര്‍ശിപ്പിക്കുന്നത്.
1.
ഏകാന്തത
എനിക്ക് എന്നെ പിടികിട്ടില്ലെന്നതിനാലാവാം
ഞാന്‍ നിങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു
വാച്ചിന്റെ വലിയ സൂചിയിലേറി ഒരുപാട്നേരം ഞാന്‍ സഞ്ചരിച്ചു
അവിടെ ഇരുന്നാല്‍ സമയം അറിയില്ലെന്ന് പിന്നീടാണ് ഓര്‍ത്തത്
നിങ്ങളില്‍ നിന്ന് എന്നിലേക്ക്
തിരിയെ എത്തുമ്പോള്‍ പക്ഷേ
ഞാന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു
മുമ്പ് ഞാന്‍ ഇരുന്നിടത്ത്
ഏകാന്തതയുടെ കടല്‍ കിടന്ന് തിളക്കുന്നത് കണ്ടു.
2.
മീന്‍
കടലിലായിരുന്നു ആദ്യം
ആര്‍ത്തലയ്ക്കുന്ന തിരമാലകളുടെ ആവേശം
അടിത്തട്ടില്‍ പവിഴപ്പുറ്റുകളുടെ പ്രശാന്തമൌനം
മുത്തുകളെ പോറ്റുന്ന ചിപ്പികള്‍
ശാന്തഗംഭീരമായ അനക്കങ്ങള്‍
അറിയാതെ അറിയാതെ
പുഴയിലേക്കെത്തി
തിരകള്‍ ചിറ്റോളങ്ങളാവുന്നതും
ആഴം കുറഞ്ഞുകുറഞ്ഞുവരുന്നതും അറിഞ്ഞില്ല
പിന്നെയും പിന്നെയും മുന്നോട്ടുപോയി
കൈത്തോട്ടിലേക്ക് കയറിയതും
ആരുടെയോ കൈപ്പിടിയിലൊതുങ്ങിയതും അറിഞ്ഞില്ല
കടല്‍മീനിനെ കുണ്ടുകുളത്തില്‍ നിന്ന് കിട്ടിയതിന്റെ
അത്ഭുതാരവങ്ങളും ആഘോഷത്തിമിര്‍പ്പുകളും
എനിക്കിപ്പോള്‍ കേള്‍ക്കാം.
No comments:
Post a Comment