പി.എ.നാസിമുദ്ദീന്റെ കവിതകള്‍ ഞാന്‍ ഇടക്കിടെ പ്രത്യേകിച്ച് ഒരുദ്ദേശ്യവുമില്ലാതെ വായിച്ചു നോക്കും.എന്തുകൊണ്ട് അങ്ങനെ വായിക്കാന്‍ തോന്നുന്നു എന്നതിനെ കുറിച്ച് കൃത്യമായി എനിക്കറിയാമെന്നു പറഞ്ഞാല്‍ അത് പാതിയോളം കളവായേക്കും.കവിതകള്‍ എന്ന നിലയ്ക്ക് അവയില്‍ പലതിനുമുള്ള അപൂര്‍ണതകളെ കൂടിയാണ്,അവയിലെ പണിക്കുറവിനെ കൂടിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ചില കവിതകളും കഥകളും അങ്ങനെയാണ്. അവയുടെ സൃഷ്ടിയില്‍ അല്ലെങ്കില്‍ നിര്‍മിതിയില്‍ ചില വൈകല്യങ്ങള്‍ ബാക്കി നില്‍ക്കണം.അപ്പോഴാണ് അവ യഥാര്‍ത്ഥത്തില്‍ പൂര്‍ണമാവുന്നത്.തേച്ചുമിനക്കിയ ഒരു കവിത നാസിമുദ്ദീനില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
'ഞാരോത്തെ പറമ്പിലെ തെങ്ങ്' നാസിമുദ്ദീന്റെ ആത്മചിത്രം എന്നു പറയാവുന്ന വളരെ ലളിതമായ ഒരു കവിതയാണ്.
ഞാരോത്തെ പറമ്പിലെ തെങ്ങും
എന്നെപ്പോലെ അനാഥന്‍ തന്നെ
ചെറുപ്പത്തിലേ കൂമ്പടഞ്ഞു
എന്നാണ് കവിത ആരംഭിക്കുന്നത്.
മരുന്നും വെള്ളവും മനമലിഞ്ഞു നല്‍കിയിട്ടും ഒരു കനിപോലും കാണിക്കാതെ ഒരു മൂലയില്‍ അത് അഗതിയായി മെലിഞ്ഞു നിന്നു.കാറ്റുകളുടെ കലപിലകള്‍ക്കിടയില്‍ അതിന്റെ നിര്‍വികാരഖേദം ഒരു മൌനത്തിലേക്കൊതുങ്ങി.
കവിത ഇങ്ങനെ അവസാനിക്കുന്നു:
ഒരു വസന്തത്തില്‍
മൈനകള്‍ പ്രാവുകള്‍ കുയിലുകള്‍
അതില്‍ ചിറകടിച്ചു പറന്നു
ഇപ്പോള്‍ അത് പുഷ്പിച്ചിരിക്കുന്നു
ഒരു തത്ത കൂടും വെച്ചിരിക്കുന്നു
അതെ,ഒരു പഞ്ചവര്‍ണ തത്ത.
ചെറുപ്പത്തിലേ കൂമ്പടഞ്ഞു മെലിഞ്ഞുണങ്ങി നില്‍ക്കുന്ന തെങ്ങിനെ ചുറ്റി പക്ഷികള്‍ ചിറകടിച്ച് പറക്കുന്നതും കണ്ടുകണ്ടു നില്‍ക്കെ അതില്‍ ഒരു തത്ത കൂടുവെച്ചിരിക്കുന്നത് കണ്ണില്‍ പെടുന്നതുമെല്ലാം കുട്ടിക്കാലത്തെ വലിയ ആഹ്ളാദങ്ങളിലൊന്നായിരുന്നു.മനസ്സിന്റെ സ്വാഭാവികശേഷികള്‍ അകാലത്തില്‍ ശോഷിച്ചോ മുരടിച്ചോ വളര്‍ച്ചയെ അവിശ്വസിച്ചെന്ന പോലെ ഉള്‍വലിഞ്ഞമര്‍ന്നോ പോവുന്ന മനുഷ്യരിലും അവിചാരിതമായി ഒരു പഞ്ചവര്‍ണത്തത്ത വന്ന് കൂട് വെക്കാം.തത്ത കൂടുവെച്ച തെങ്ങ് അതിന് തല്‍ക്കാലത്തേക്ക് പൂവ് വന്നാല്‍ പോലും തെങ്ങിന്റെ ധര്‍മം നിര്‍വഹിച്ച് ഇളനീരും തേങ്ങയുമൊന്നും തരാന്‍ സാധ്യതയില്ല.പക്ഷേ,മനുഷ്യന്റെ കാര്യം അങ്ങനെയല്ല,അവനില്‍/അവളില്‍ സര്‍ഗാത്മകതയുടെ മൈനയും പ്രാവും കുയിലുമെല്ലാം താല്പര്യം കാണിച്ചു തുടങ്ങിയെങ്കില്‍,ഒരു തത്ത വന്ന് കൂട് വെച്ചെങ്കില്‍ ആ ജന്മം സഫലമായി.മനുഷ്യന്‍ സൌന്ദര്യത്തിന്റെ സൃഷ്ടാവായി.'ഞാരോത്തെ പറമ്പിലെ തെങ്ങ്' ആ അനുഭവത്തിന്റെ നിഷ്ക്കളങ്കമായ ആവിഷ്ക്കാരമാണ്.ഇത്രയും ലാളിത്യം നിറഞ്ഞ ഒരു കവിത എഴുതിയ കവി തന്നെയാണ്
"ഹേ,കള്ളനായ സൂര്യാ
ധൂര്‍ത്തന്മാരുടെ ഇലകളില്‍
നൃത്തം വെക്കുന്നവനേ
എന്റെ ഹൃദയത്തിന്റെ
കാമ്പെടുത്തൂതിയാല്‍
സത്യമായും നീ കെട്ടുപോവും.''
എന്ന കനല്‍ക്കനമുള്ള വരികളും എഴുതിയത്.'ഞാരോത്തെ പറമ്പിലെ തെങ്ങ് പുഷ്പിച്ചിരിക്കുന്നു' എന്ന കവിയുടെ പ്രസ്താവം കറകളഞ്ഞ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഇതു പോലുള്ള വരികള്‍ വേറെയും പലതുണ്ട് നാസിമുദ്ദീന്റെ കവിതകളില്‍.അവയുടെ ഘടനയിലും ഉള്ളടക്കത്തിലുമുള്ള ശൈഥില്യവും അനാഥത്വത്തിന്റെതായ വീറും സംഭ്രമവുമെല്ലാമാണ് എന്നെ വീണ്ടും വീണ്ടും ഈ കവിതകളിലേക്കെത്തിക്കുന്നതെന്നു തോന്നുന്നു.
(മാതൃകാന്വേഷി മാസിക 2011 സപ്റ്റംബര്‍)
No comments:
Post a Comment