ഒന്ന്
ഓര്‍മയുടെ വിദൂരവനങ്ങളില്‍ നിന്നെത്തുന്ന
ഓരോ കിളിയും
ഈ പടുമരത്തെ ആട്ടിയുലയ്ക്കുന്നു
വേരുകളുടെ പിറുപിറുപ്പില്‍
ഇന്നോ നാളെയോ എന്ന ആധി പടരുന്നു
മണ്ണിനുമേല്‍ ചിതലുകളെ വിറപ്പിച്ച്
മരണത്തിന്റെ ഞരമ്പുകള്‍ തെളിയുന്നു.
രണ്ട്
വീട്ടില്‍ പണിക്കു വന്ന ആശാരി
കുട്ടിക്കാലത്ത് മരംകൊണ്ടെനിക്കൊരു കുടമുണ്ടാക്കി തന്നു
ഇത്തിരിപ്പോന്ന ഒന്ന്!
അതുംകൊണ്ട് കുന്നിന്‍ചെരിവിലെ നീരൊഴുക്കില്‍
വെള്ളംകോരാന്‍ പോയി
പെരുമഴയില്‍ പെട്ടെന്ന് കലക്കം പൂണ്ടടക്കം വിട്ട ഒഴുക്കില്‍
കുടം ഒലിച്ചുപോയി
ഒഴുക്കിന്റെ വഴിയില്‍ ഒരുപാട് ദൂരം ഓടിക്കിതച്ചിട്ടും
അതിനെ കണ്ടുകിട്ടിയില്ല
ഇപ്പോള്‍ ഈ വയസ്സുകാലത്ത് പെരുമഴയും നോക്കി
വെറുതെ ഇരിക്കുമ്പോള്‍
അന്ന് കൈവിട്ടുപോയ
ആ കുരുന്നുകുടം ഞാന്‍ കാണുന്നു
പിടിതരാത്തൊരു പൊരുള്‍
തെളിനീരായി അതില്‍ നിറയുന്നു.
(തോര്‍ച്ച മാസിക ആഗസ്റ്-സെപ്റ്റംബര്‍ 2011)
No comments:
Post a Comment