Pages

Saturday, August 4, 2012

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക്

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക് അന്തിമിനുക്കം മായുന്ന കടല്‍ക്കരയില്‍ വെച്ച് ആ അത്ഭുതം സംഭവിച്ചു.ആറാം വയസ്സില്‍ വായിച്ച ജാപ്പാനീസ് നാടോടിക്കഥയിലെ പല നിറങ്ങളുള്ള ആമ ഏതോ തിരപ്പുറത്ത് തീരത്തണഞ്ഞു.കാലം പായല്‍ പരത്താത്ത ഓര്‍മകള്‍ കനം തൂങ്ങുന്ന കണ്‍പോളക്കടിയിലെ കണ്ണീരിന്റെ മറയിലൂടെ എന്റെ ഉടലും ഉയിരുമുഴിഞ്ഞ് അവള്‍ ഒന്നുമൊന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു:"ആരംഭം മുതല്‍ എല്ലാമെനിക്കോര്‍മയുണ്ടോമനേ.നിന്റെ പുറത്തേറി ഞാന്‍ പുറം കടലിലേക്ക് വന്നു.നീലക്കടലാമകള്‍ കാവല്‍ നിന്ന ജലകവാടം കടന്ന് എണ്ണിയാലൊടുങ്ങാത്ത ചില്ലുപടവുകളിറങ്ങി എന്നെയും കൊണ്ട് നീ ആഴത്തിലാഴത്തിലേക്ക് പോയി.കടല്‍പ്പച്ചകള്‍ മുറ്റത്തു നൃത്തം വെക്കുന്ന പവിഴക്കൊട്ടാരത്തില്‍ നാം ചെന്നുചേര്‍ന്നു.പിന്നെ നീ രാജകുമാരിയും ഞാന്‍ രാജകുമാരനുമായി.കരയിലെ കാലക്കണക്കിന് കോരിയെടുക്കാനാവാത്ത കാലമത്രയും അവിടെ നാം കഥയിലെന്ന പോലെ സുഖമായി ജീവിച്ചു.അമ്മ,അച്ഛന്‍,സഹോദരങ്ങള്‍,പഴയ കളിക്കൂട്ടുകാര്‍ കരയിലെ സ്നേഹത്തിന്റെ മിടിപ്പുകള്‍ എന്നോ ഒരുനാള്‍ ആഴത്തില്‍ വന്നുമുഴങ്ങി.എന്റെ കാതിലും കരളിലും ഓര്‍മയുടെ കടല്‍ക്കാറ്റുകള്‍ ഇരമ്പി.വേട്ടക്കാരുടെ കണ്‍വലയില്‍ പെട്ട വെള്ളത്തിമിംഗലത്തെപ്പോലെ ഞാന്‍ മുറിഞ്ഞു പിടഞ്ഞു.കടല്‍ വൈദ്യ•ാരുടെ കൈപ്പുണ്യവും നിന്റെ സ്നേഹത്തിന്റെ മഹാമന്ത്രങ്ങളും എനിക്ക് രക്ഷയാവില്ലെന്നുറപ്പായപ്പോള്‍ എന്നെയും കൊണ്ട് നീ പുറപ്പെട്ടു.നൂറ്നൂറ് തിരമാലകളുടെ നിലവിളികള്‍ നെഞ്ചിലൊതുക്കി തീരമണലിലെത്തി  നിവര്‍ന്നപ്പോള്‍ നിറങ്ങള്‍ നൃത്തം വെക്കുന്ന കുഞ്ഞുപെട്ടിയെനിക്ക് സമ്മാനമായിത്തന്ന് നീ പറഞ്ഞു: ഇത് കയ്യിലുള്ള കാലം വരെ നിനക്ക് വേദനയും മരണവുമില്ല.പക്ഷേ,ഒരിക്കലുമിത് തുറന്നു നോക്കരുത്.ആഴക്കടലിലെ ആനന്ദത്തിലേക്ക് മടങ്ങാന്‍ ആത്മാവ് വിറകൊള്ളുന്ന നിമിഷം ഈ പെട്ടിയുമായി ഇവിടെ വന്നുനിന്ന് ഇതിനുമേല്‍ പതുക്കെ വിരലോടിക്കുക,കണ്ണടച്ചുതുറക്കുംമുമ്പ് ഞാന്‍ മുന്നിലെത്തും.കടലിനടിയിലെ കൊട്ടാരത്തിലേക്ക് എന്റെ ജീവനേ, പിന്നെയും നിന്നെ ഞാന്‍  കൊണ്ടുപോവും.കടലുമാകാശവും മറന്ന് ഞാന്‍ കോരിത്തരിച്ചു.ഒരിക്കല്‍ക്കൂടി കടലാമയായി തിരകള്‍ക്കിടയിലെ സ്ഫടികവീഥിയില്‍ നീ തുഴഞ്ഞകന്നപ്പോള്‍ ഞാന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു.പക്ഷേ,ആഴത്തില്‍ നീ അദൃശ്യയായപ്പോള്‍ അറിയാനുള്ള ആര്‍ത്തിയാലടക്കം മറന്ന് ഞാന്‍ വാക്കുതെറ്റിച്ചു.നീ തന്ന സമ്മാനപ്പെട്ടി ഞാന്‍ വലിച്ചുതുറന്നു.കണ്ണഞ്ചുന്ന ഏതോ ഒരു വെളിച്ചം അതില്‍ നിന്ന് പറന്നകന്നു.നിമിഷാര്‍ദ്ധം കൊണ്ട് ഞാന്‍ വളര്‍ന്ന് വൃദ്ധനായി.ജരാനരകളെന്നെ കീഴടക്കി.പല്ലുകള്‍ കൊഴിഞ്ഞു.കാഴ്ച മങ്ങി.കാത് കേള്‍ക്കാതായി.പിടഞ്ഞുപിടഞ്ഞുവീണ് ഞാന്‍ അവസാനശ്വാസത്തിന് വാ പിളര്‍ന്നു.
ക്ഷമിക്കണം
കഥ മുഴുവന്‍ എനിക്കോര്‍മയുണ്ട്
ഇനി പറയൂ എന്റെ ഓമനേ
ആ പെട്ടിയില്‍ എന്തായിരുന്നു?
ഞൊടിയിടയില്‍
എന്നെ വൃദ്ധനാക്കി മരണത്തിനു കൈമാറുന്ന ഏതറിവാണ്
നീയതില്‍ സൂക്ഷിച്ചുവെച്ചിരുന്നത്?
ജ•ം കൊണ്ടും പ്രണയം കൊണ്ടുമറിയാനാവാത്ത ഏത് മഹാരഹസ്യം?
ഏതാത്യന്തികസത്യം?
പറയൂ പ്രിയപ്പെട്ടവളേ, നമ്മുടെ ജീവിതകഥയില്‍
അതൊന്നു മാത്രമേ എനിക്കറിയാതുള്ളൂ
അതേ എനിക്കറിയേണ്ടതുള്ളൂ.

(തോര്‍ച്ച സമാന്തര മാസിക,2012-ജൂണ്‍,ജൂലൈ)

2 comments:

  1. ആ പെട്ടിയില്‍ എന്തായിരുന്നു...?

    ReplyDelete
  2. മുത്തശ്ശിക്കഥയിലെ ഒരേടില്‍ നിന്നടര്‍ന്ന മനോഹരമായൊരു പ്രണയകാവ്യം ....പെട്ടിയിലടക്കിയ ആ വാഗ്ദാനം അതു "വിശ്വാസം" .തന്നെയല്ലെ ..ആ വിശ്വാസത്തെയല്ലെ അത്യാര്‍ത്തി തകര്‍ത്തത്...ഇനിയുമതറിയാനുള്ള വിവേകമില്ലെ. നിനക്ക് ..? സുന്ദരമായ ഭാഷയില്‍ മനോഹരമായ അവതരണം ...ഭാവുകങ്ങള്‍ !!!

    ReplyDelete