Pages

Thursday, August 9, 2012

വിജയന്‍ മാഷുടെ രണ്ട് പ്രസ്താവനകള്‍

ബി.ജെ.പി നേതാവായ ജയകൃഷ്ണന്‍ മാസ്റര്‍ കൊല്ലപ്പെട്ടപ്പോഴും പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തു കേന്ദ്രം ചുട്ടുകരിച്ചപ്പോഴും എം.എന്‍.വിജയന്‍ നടത്തിയ പ്രസ്താവനകള്‍ ഇടക്കിടെ പൊതുസമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന പലരുമുണ്ട്.മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കടുത്ത ശത്രക്കളും ശുദ്ധ ഹ്യൂമനിസിറ്റുകളായി ഭാവിക്കുന്നവരുമൊക്കെയാണ് ആദ്യകാലത്ത് ഇത് ചെയ്തിരുന്നത്.ഇപ്പോഴാണെങ്കില്‍ പാര്‍ട്ടി അനുകൂലികളായ ചിലര്‍ തന്നെ സ്വതന്ത്ര ചിന്തകരായി ഭാവിച്ച് ഈ കൃത്യത്തില്‍ ഏര്‍പ്പെടുന്നത് കാണാറുണ്ട്.
വിജയന്‍ മാഷുടെ മേല്പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദീകരി ക്കുന്നതിനുവേണ്ടിയാണ് ഈ കുറിപ്പ്.
ജയകൃഷ്ണന്‍ മാസ്ററെ ക്ളാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊല ചെയ്തപ്പോള്‍ സാധാരണ ജനങ്ങളും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം അതിനെ ശക്തമായി അപല പിച്ചുകൊണ്ട് രംഗത്ത് വന്നു.വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിക്കൊന്നതിലെ കൊടുംക്രൂരതയും അങ്ങേയറ്റത്തെ മനുഷ്യത്വരാഹിത്യവുമാണ് അവരെല്ലാം ചൂണ്ടിക്കാ ണിച്ചത്.അത് നൂറ് ശതമാനവും ശരിയായിരുന്നു.ഈ ഘട്ടത്തിലാണ് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ഒരു മകനെ കൊല്ലുന്നത് ഇത്രയും തന്നെ ക്രൂരമാണ് എന്ന് വിജയന്‍ മാഷ് പറഞ്ഞത്.എസ്.എഫ്.ഐ നേതാവ് സുധീഷിന്റെ കൊലപാതകത്തെ ഓര്‍മിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.സുധീഷിനെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് വൃദ്ധരായ മാതാപിതാക്കളുടെ കണ്മുന്നിലിട്ടാണ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്നത്.ജയകൃഷ്ണന്‍ മാസ്ററുടെ വധത്തില്‍ നടുക്കവും രോഷവും ദു:ഖവും പ്രകടിപ്പിച്ചവര്‍ സുധീഷിന്റെ മരണത്തില്‍ മൌനം പാലിച്ചതിനെ ഓര്‍ത്തുകൊണ്ടുള്ളതായിരുന്നു വിജയന്‍മാഷുടെ പ്രസ്താവന. രണ്ട് കൊലപാതകങ്ങളും ഒന്നുപോലെ ക്രൂരമാണ്,ഒന്നിന്റെ ക്രൂരത മറ്റേതിന്റേതിനേക്കാള്‍ കൂടുതലോ കുറവോ അല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ  പച്ച മലയാളം.കണ്ണൂര്‍ ജില്ലയില്‍ തുടരെത്തുടരെ ബി.ജെ.പി മാര്‍ക്സിസ്റ് സംഘട്ടനങ്ങളും എണ്ണം തികക്കാനായി മത്സരിച്ചുള്ള കൊലപാതകങ്ങളും നടന്നുകൊണ്ടിരുന്ന കാലത്താണ് വിജയന്‍ മാഷ് ഈ പ്രസ്താവന നടത്തിയത് എന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്ത് കേന്ദ്രം പാര്‍ട്ടി അനുകൂലികള്‍ തീവെച്ച് നശിപ്പിച്ചത് ഭ്രാന്തമായ ഒരു നടപടിയായിരുന്നു.കണ്ണൂരിലെ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയുടെ ഭരണം പിടിക്കാന്‍ എം.വി.രാഘവന്‍ സര്‍വസന്നാഹങ്ങളും നടത്തുകയും കണ്ണൂര്‍ നഗരത്തിലേക്കുള്ള പ്രവേശനം തന്നെ ഏതാനും മണിക്കൂര്‍ നേരത്തേക്ക് പോലീസിനെ ഉപയോഗിച്ച് തടയുകയും സുശീലാഗോപാലനു നേരെ പോലും പോലീസ് അതിക്രമം ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ് പാര്‍ട്ടിനേതാവായിരിക്കെ പാര്‍ട്ടിയുടെ സകല സഹായങ്ങളും ഉപയോഗിച്ച് എം.വി.രാഘവന്‍ സ്ഥാപിച്ച പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തുകേന്ദ്രത്തിനെതിരെ പാര്‍ട്ടിക്കാര്‍ തിരിഞ്ഞത്.'ആ മിണ്ടാപ്രാണികളെ എന്തിന് കൊലചെയ്തു?അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ?' എന്ന് അര്‍ത്ഥം വരുന്ന ഒരു പ്രസ്താവന ഈ ഘട്ടത്തില്‍ സുഗതകുമാരിയില്‍ നിന്ന് ഉണ്ടായി.വന്യജീവികളെ പോറ്റിവളര്‍ത്തുന്ന ഒരു സ്ഥാപനം രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിച്ചതിലെ ക്രൂരതയെ കുറിച്ച് മറ്റ് പലരും വാചാലരാവുകയും ചെയ്തു.ഈ ഘട്ടത്തിലാണ് എം.എന്‍.വിജയന്‍ രണ്ട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്.
1. മനുഷ്യരെ( അവരാണല്ലോ രാഷ്ട്രീയ എതിരാളികള്‍) കൊല്ലുന്നതിനേക്കാള്‍ ഭേദമാണ് പാമ്പുകളെ കൊല്ലുന്നത്.
2.പാമ്പ് വളര്‍ത്തുകേന്ദ്രം മനുഷ്യര്‍ അവരുടെ ആഹ്ളാദത്തിനുവേണ്ടി പാമ്പുകളെയും ആമകളെയും കുരങ്ങ•ാരെയുമെല്ലാം വളര്‍ത്തുന്ന സ്ഥലമാണ്.അതല്ലാതെ ഈ ജീവികളുടെ സ്വാഭാവിക വാസസ്ഥലമല്ല.അവയെ മനുഷ്യര്‍ അവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കയാണ്.'അവരെ അവിടെ പോറ്റിവളര്‍ത്തുകയാണ്,അവര്‍ക്കവിടെ സുഖമാണ്' എന്നുള്ളതൊക്കെ മനുഷ്യരുടെ ധാരണയാണ്.മിണ്ടാപ്രാണികള്‍ അത് പങ്കുവെക്കുകയില്ല.
രണ്ട് സന്ദര്‍ഭങ്ങളിലും വിജയന്‍മാഷ് പറഞ്ഞ കാര്യങ്ങള്‍ തികച്ചും യുക്തിസഹമായിരുന്നു. പക്ഷേ,അദ്ദേഹം ഈ പ്രസ്താവനകള്‍ നടത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി തന്നെയായിരുന്നു എന്ന സത്യം മറച്ചുവെക്കാവുന്ന ഒന്നല്ല.വളരെ വിനാശകരമായ രണ്ട് സന്ദര്‍ഭങ്ങളില്‍ മുഖം രക്ഷിക്കാന്‍ കണ്ണൂര്‍ജില്ലയിലെ മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് ഈ പ്രസ്താവനകള്‍ അങ്ങേയറ്റം സഹായകമായിത്തീര്‍ന്നു എന്നതും വസ്തുതയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം പല ഘട്ടങ്ങളിലും നേര്‍വഴികള്‍ വിട്ട് സഞ്ചരിക്കാറുണ്ടെന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.വിരുദ്ധ താല്പര്യങ്ങള്‍ തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുന്ന മേഖലയാണിത്.പല പ്രകൃതക്കാരായ മനുഷ്യരാണ് ഇതില്‍ വ്യാപരിക്കുന്നത്.സമൂഹത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന വര്‍ഗത്തിന്റെയും പാര്‍ട്ടിയുടെയും അധികാരകേന്ദ്രത്തിന്റെയും മറ്റും നീതിനിഷേധങ്ങളെയും ചൂഷണത്തെയും അക്രമങ്ങളെയും വളരെ സുതാര്യവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ചോദ്യം ചെയ്തും തിരുത്തിച്ചും മുന്നേറുക എളുപ്പമാവില്ല.തക്കം നോക്കി അടവുകളും തന്ത്രങ്ങളുമെല്ലാം പ്രയോഗിച്ചു തന്നെയാണ് എല്ലാ പാര്‍ട്ടികളും നിലനിന്നുവരുന്നത്.മറുവശത്ത് തങ്ങളെ ഏത് ഘട്ടത്തിലും അപകടപ്പെടുത്താന്‍ കെല്പുള്ള സൂത്രശാലികളായ എതിരാളികളാണുള്ളത്  എന്ന കാര്യം ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും അറിയാം.അതുകൊണ്ട് ഈ രംഗം വളരെ പെട്ടെന്നൊന്നും നീതിയും സമാധാനവും കളിയാടുന്ന ആഹ്ളാദരമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറും എന്ന് പ്രതീക്ഷിച്ചു കൂടാ.പക്ഷേ,എഴുത്തുകാരും കലാകാര•ാരും ബുദ്ധിജീവികളുമൊക്കെ ഏത് രാഷ്ട്രീയ സന്ദര്‍ഭത്തിലും നേര്‍ക്കുനേരെ കാര്യങ്ങള്‍ പറയുന്നതാണ് സമൂഹത്തിന് മൊത്തത്തില്‍ ഗുണകരം.അതുകൊണ്ട് തന്നെ വിജയന്‍ മാഷുടെ തികച്ചും യുക്തിസഹമായ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതു തന്നെയായിരുന്നു എന്നാണ് എന്റെ അഭിപ്രായം.ഇത് ഇപ്പോള്‍ ഒരു വീണ്ടുവിചാരത്തില്‍ നിന്ന് ഉണ്ടായതല്ല.നേരത്തേ ഇതു തന്നെയായിരുന്നു എന്റെ അഭിപ്രായം.അത് വേദികളിലോ അല്ലാതെയോ പ്രത്യേകമായി പറയേണ്ടതുണ്ട് എന്ന് തോന്നിയ സന്ദര്‍ഭം ഇതിന് മുമ്പ് ഉണ്ടായില്ലെന്ന് മാത്രം.
(ജനശക്തി വാരിക 2012 ആഗസ്ത്4-10)

6 comments:

 1. വളച്ചൊടിച്ച്......

  ReplyDelete
 2. ഇതൊരു വളച്ചൊടിക്കലല്ല.തികച്ചും യാഥാര്‍ത്ഥ്യം. സുധീഷിന്റെ കൊലപാതകം അച്ഛനമ്മമാരുടെ മുന്പിലി ട്ടായിരുന്നു . ഇക്കാര്യം അന്ന് മാധ്യമങ്ങള്‍ക്ക് ഉപകഥ പോലും ആയിരുന്നില്ല. കമ്മ്യുനിസ്ട്ടുകാരന്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ അധികം വികാര പ്രകടനമൊന്നും ഉണ്ടാകാറില്ല. അതൊരു സാധാരണ സംഭവം പോലെയാണ് റിപ്പോട്ടിംഗ്. ഇത് ബന്ധിപ്പിച്ചു കൊണ്ട് തന്നെയാണ് എം എന്‍ വിജയന്‍ അന്ന് പറഞ്ഞത്. പരസ്സിനിക്കടവ് സംഭവത്തിന്‌ മറ്റൊരു തലം കൂടിയുണ്ട്. ഏ കെ ജി ആശുപത്രിയില്‍ സുശീല ഗൂപാലന്‍ അടക്കം കയ്യേറ്റം ചെയ്യപ്പെട്ടു എന്നാ വാര്‍ത്ത ഉണ്ടാക്കാമായിരുന്ന സംഘര്‍ഷങ്ങള്‍ ഏറെയായിരുന്നു . കന്നുരിന്റെ സ്വഭാവം വെച്ചു കുറെ സി എം പി ക്കാര്‍ കൊല്ലപ്പെടെണ്ട സന്ദര്‍ഭമായിരുന്നു അത്. വ്യക്തി നിഗ്രഹത്തിലേക്ക് നീങ്ങേണ്ടിയിരുന്ന മനുഷ്യ ഊര്‍ജമാണ് മൃഗങ്ങളിലേക്ക് നീങ്ങിയത്. മിണ്ടപ്രാണികളെക്കാള്‍ വില മനുഷ്യ ജീവന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. സന്ദര്‍ഭങ്ങളെ മറന്നു കൊണ്ടാണ് ഓരോരുത്തരും സംസാരിക്കുന്നതു.

  ReplyDelete
 3. വിജയന്‍ മാഷിന്റെ ഈ പ്രസ്താവനകളെ എന്തിനു ഒഴിവാക്കപ്പെടെണ്ടാതാണ് എന്ന് താങ്കള്‍ക്കു തോന്നുന്നു....? അന്നത്തെ സാഹചര്യത്തില്‍ ആ പ്രസ്താവന ശരിയായിരുന്നു.
  സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഓരോ പ്രസ്താവനകളും വിവാദങ്ങള്‍ ആക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ട്. അന്നും ആ പ്രസ്താവനയെ അങ്ങനെ കണ്ട മാധ്യമങ്ങളുണ്ട്.

  ഇപ്പോള്‍ ചില സി.പി.എം നേതാക്കളെ ആ രീതിയില്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ അവരുടെ കോര്‍പ്പറേറ്റ്‌ താല്പര്യവും ഇടതുപക്ഷ വിരുദ്ധതയും എന്നും കാത്തുപോകുന്നു. ഇത്തരം മാധ്യമ പ്രചാരണത്തില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം നടിക്കുന്ന ചിലരും വീണു പോകുന്നതാണ് പരിതാപകരം.

  ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ശുക്കൂര്‍ വധത്തിലും ഉള്ള പോലീസ്‌ അന്വേഷണം ശരിയാണ് എന്നുവരെ വാദിക്കുകയും സി.പി.എമ്മിനെ ആകെത്തന്നെ കൊലയാളികളുടെ പ്രസ്ഥാനമായും ചിത്രീകരിക്കുന്ന മാധ്യമങ്ങളും, അതിനെ സ്തുതിപാടിക്കൊണ്ട് സി.പി.എമ്മിനെ വിചാരണ ചെയ്യുന്ന ഇടതു ബുദ്ധിജീവികള്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നൊക്കെ സ്വയം നടിക്കുന്നവരും ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും. കെ.പി.സി.സി. മെംബര്‍മാര്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആയി കേസിനെ കൈകാര്യം ചെയ്യുകയും കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ ആദ്യമേ വിധി കല്‍പ്പിക്കുകയും ചെയ്ത ഈ കേസുകളിലോക്കെ എന്ത് നീതിയാണ്...രാഷ്ട്രീയ കേരളം പ്രതീക്ഷിക്കേണ്ടത്!?

  ReplyDelete
 4. എല്ലാ ജീവനും വിലപ്പെട്ടതാണ് എന്നുമാത്രം... കൊല , പാതകമാണ് എന്ന് നമ്മള്‍ സഹതാപത്താലല്ലാതെ സഹജീവിസ്നേഹത്താല്‍ നിറയുന്നതെന്നാണ്....

  ReplyDelete
 5. എന്തൊക്കെ ബൌദ്ധികതത്വങ്ങളാല്‍ അലങ്കരിക്കപ്പെട്ടു പറഞ്ഞാലും കരുണ മനസ്സില്‍ നിന്നുമാന്യമാകുംബോഴാണല്ലോ ക്രൂരകൃത്യങ്ങള്‍ മനുഷ്യന്‍ ചെയുക.ഈ സാമാന്യ തത്വമേ ഇപ്പോഴും പാര്‍ട്ടിയെ ആരാധിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് മനസ്സിലാകൂ.

  ReplyDelete