Pages

Monday, August 9, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
2
റഷീദ് പാറയ്ക്കലിന്റെ 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' ഗള്‍ഫ് ജീവിതത്തിന്റെ അടിത്തട്ടുകളിലൊന്നില്‍ നിന്നാണ് ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ രേഖകളില്ലാതെ ഗള്‍ഫില്‍ തൊഴില്‍ തേടി എത്തി വളരെ വേദനാകരമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വന്ന അസീസ് എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ നോവലിലുള്ളത്.'ആട്ജീവിത'ത്തിലെ നജീബിന്റെ ലോകവും അസീസിന്റെ ലോകവും തമ്മില്‍ വളരെ വലിയ അന്തരമുണ്ടെങ്കിലും ചില തലങ്ങളില്‍ അവ അടുത്തടുത്തു നില്‍ക്കുന്നവയാണ്.അതുകൊണ്ട് സ്വാഭാവികമായും 'ആടുജീവിത'വുമായി ഈ കൃതിയെ താരതമ്യം ചെയ്യാനുള്ള പ്രേരണ ഒട്ടുമിക്ക വായനക്കാര്‍ക്കും ഉണ്ടാവും.എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ജീവിതപരിസരങ്ങളിലെ നേരിയ വ്യത്യാസങ്ങള്‍ പോലും അനുഭവങ്ങളുടെ ഘടനയിലും ആഘാതശേഷിയിലുമെല്ലാം സാരമായ വ്യത്യാസം വരുത്തും.അസീസ് ജോലി ചെയ്യുന്നതും ജീവിക്കുന്നതും തന്റെ ഉടമയായ അറബിയുടെ വീടിന്റെ തൊട്ടടുത്താണ്.അയാള്‍ക്ക് സംസാരിക്കാനും കലഹിക്കാനും അനുഭവങ്ങളില്‍ ചിലത് പങ്കുവെക്കാനും ഏതാനും പേര്‍ കൂടെയുണ്ട്.നാടുമായുള്ള ബന്ധം ഒന്നിലധികം വ്യക്തികളിലൂടെയും വേണ്ടപ്പെട്ടവരുടെ കത്തുകളിലൂടെയും നിലനിര്‍ത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.അയാളുടെ തൊഴില്‍ പരിസരങ്ങളില്‍ വെള്ളമുണ്ട്.മനസ്സിനെയും ശരീരത്തെയും ത്രസിപ്പിക്കുന്ന ഒരു പെണ്ണിന്റെ സാന്നിധ്യവുണ്ട്.നജീബിന്റെ ചുറ്റുപാടുകളില്‍ ഇങ്ങനെയുള്ള യാതൊന്നും തന്നെ ഇല്ല.അതുകാരണം അയാളുടെ ജീവിതദുരന്തം കൂടുതല്‍ ഹൃദയഭേദകമായി അനുഭവപ്പെടും.പിന്നെ ഭാഷയുടെയും ആഖ്യാനത്തിന്റെയും കാര്യങ്ങളാണ്.അവിടെയും 'ആട്ജീവിതം' പല മടങ്ങ് മുന്നിലാണെന്നു തന്നെയാണ് എന്റെ തോന്നല്‍.ഇത്തരമൊരു താരതമ്യം ശരിയല്ലെന്ന വിവേകം എനിക്കുമുണ്ട്.വായനയില്‍ ആ മട്ടില്‍ ഒരു ശീലം ഉറച്ചുപോയതുകൊണ്ടും രണ്ടു കൃതികളുടെയും കഥാവസ്തു വ്യാപരിക്കുന്ന പരിസരങ്ങള്‍ തമ്മില്‍ വസ്തുതകളുടെ തലത്തിലല്ലെങ്കില്‍ത്തന്നെയും സാമ്യങ്ങള്‍ പലതുമുള്ളതുകൊണ്ടും ഇങ്ങനെയൊക്കെയുള്ള വിചാരങ്ങളിലാണ് മനസ്സ് ചെന്നെത്തിയത്.
ഇത്രയും പറഞ്ഞുവെച്ചത് 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍'വളരെ സാധാരണമായ ഒരു നോവലാണെന്ന ധാരണ സൃഷ്ടിക്കാനല്ല.മരുഭൂമിയിലെ ദരിദ്രവും അസ്വതന്ത്രവുമായ ജീവിതത്തിലെ വേദനയും ഏകാന്തതയും തീര്‍ത്തും അവിചാരിതമായി ആ ജീവിതത്തില്‍ ആര്‍ത്തുപെയ്യുന്ന നൈമിഷികാഹ്ലാദവുമെല്ലാം വളരെ അകൃത്രിമമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണിത്.
9/8/2010

1 comment:

  1. മാഷെ,
    ഒറ്റ ഇരുപ്പില്‍ എന്ന് പറയുന്നില്ല, പക്ഷേ ഒറ്റ ദിവസംകൊണ്ട് വായിച്ച് തീര്‍ന്നു. മാഷെഴുതിയപോലെ ഭാഷയും ആഖ്യാനവും മികച്ച് നില്‍ക്കുന്നു. ബ്ലോഗ് മലയാളത്തിന്‍റെ സ്വഭാവങ്ങള്‍ ചിലയിടങ്ങളില്‍ തോന്നി. എന്നാല്‍ ഒരാളുടെ അനുഭവത്തിന്‍റെ ആഖ്യാനമായത് കൊണ്ട് തന്നെയാകും കൃതിയ്ക്ക് ഈ ഭാവതീവ്രത ഉണ്ടായത്.

    ReplyDelete