കവിത
ചന്തന്‍കുന്ന് കാവിലെ...
ചന്തന്‍കുന്ന്കാവിലെ ഉത്സവത്തിന്
ചന്തക്കാര് തമ്മില്‍ അന്തവും കുന്തവുമില്ലാത്ത
അടികലശലുണ്ടായി
ഉത്സവക്കമ്മിറ്റിയുടെ പ്രസിഡന്റ് ഉച്ചുളന്‍ നാണുതന്നെയാണ്
അടിയുടെ പിന്നിലെന്നതും അടുത്ത കൊല്ലം ചന്തമുഴുവന്‍ സ്വന്തമാക്കാനുള്ള
അടവിന്റെ അരങ്ങേറ്റമാണതെന്നതും
മന്ദബുദ്ധികളൊഴിച്ചെല്ലാവരും
മനസ്സിലാക്കി
ആരംഭത്തിലെ അടക്കം പറച്ചില്‍
അധികം താമസിയാതെ
അങ്ങുമിങ്ങും ഒച്ചപ്പാടായി
ഒടുവില്‍ അടിക്കാര്യം ചര്‍ച്ചചെയ്യാന്‍ കമ്മിറ്റി കൂടി
ഉച്ചുളന്‍ നാണുവിനെയും സെക്രട്ടറി ഉണ്ണാനമ്പുവിനെയും കൂടാതുള്ള
തൊണ്ണൂറ്റൊമ്പത് മെമ്പര്‍മാരില്‍ ഒന്നാമന്‍ പറഞ്ഞു:
അടി തെക്കേമൂലക്കുനിന്നാണ് തുടങ്ങിയത്
അതുതന്നെയൊരു കടുത്ത ദുര്‍ലക്ഷണാണ്
രണ്ടാം മെമ്പര്‍ പറഞ്ഞു:
അടിക്ക് ഭയങ്കരമായ ഊക്കായിരുന്നു
കുഞ്ഞുകുട്ടികളൊക്കെ പേടിച്ചുപോയി
മൂന്നാം മെമ്പര്‍ പറഞ്ഞു:
പൊടിപാറിയ അടിയായിരുന്നു
അല്ലെങ്കിലേ അലര്‍ജിക്കാരനാ ഞാന്‍
നാലാമന്‍ പറഞ്ഞു:
അടി കാരണം പിന്നെ വെടിക്കെട്ടിനൊരു വമ്പുണ്ടായില്ല
അതിലാണ് നാട്ടുകാര്‍ക്കരിശം
അഞ്ചാമന്‍ പറഞ്ഞു:
ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് അടിപിടിയോ
ചിന്തിക്കാന്‍ പറ്റുന്ന സംഗതിയാണോ അത്?
കാവ് മുടിക്കാനിറങ്ങിയ കാലാംകടവിലെ കള്ള•ാര്‍
കല്പിച്ചുകൂട്ടി കെട്ടിച്ചമച്ച കഥയെപ്പറ്റി ചര്‍ച്ചചെയ്യാന്‍
നമ്മള് കമ്മറ്റിക്കാറ് കെട്ടിപ്പുറപ്പെട്ടല്ലോ എന്റെ ഭഗവതീ
'അതെ,അപ്പറഞ്ഞതാണ് ശരി' ഉച്ചുളന്‍ നാണുവിന്റെ വലംകയ്യിലെ ചൂണ്ടുവിരല്‍ ചൂരല്‍വടിപോലെ ഉയര്‍ന്നുതാണു
'അതെ ,അതു തന്നെയാണ് ശരി' ഉണ്ണാനമ്പു തലകുലുക്കി
ചര്‍ച്ചയ്ക്ക് പൊതുസമ്മതമായൊരു തീര്‍പ്പുണ്ടായതുപോലെ
എല്ലാവരും കരഘോഷം മുഴക്കി എഴുന്നേറ്റു
"ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് ചന്തക്കാര് തമ്മില്‍ അടിഅടിപിടിയോ
നട്ടാല്‍ മുളക്കാത്ത നുണയല്ലേ അത്?
തന്തയില്ലാത്തൊരു തോന്നലല്ലേ അത്?'' പിറ്റേന്ന് നേരംപുലര്‍ന്ന നേരം തൊട്ട് നാട്ടുകാരും പറഞ്ഞുതുടങ്ങി
കമ്മിറ്റിയിലെ ചര്‍ച്ച കശപിശയായാലോ എന്നുകരുതി
ഉച്ചുളന്‍നാണു ഇറക്കുമതി ചെയ്ത ക്വട്ടേഷന്‍ടീം
സംഗതി സബൂറായെന്നറിഞ്ഞ് അന്നു വൈകുന്നേരം തന്നെ കെട്ടുകെട്ടുകയും ചെയ്തു.