ബോധ്ഗയയില്‍ നിന്നുള്ളവരായിരുന്നു അവര്‍
കീറക്കരിമ്പടത്തില്‍ ഉടല്‍ക്കോലം പൊതിഞ്ഞ പ്രായം ചെന്ന അച്ഛനമ്മമാര്‍ തുളവീണപാന്റും നിറംകെട്ടകുപ്പായവുമായി മുപ്പത്തഞ്ചുകാരനായ മകന്‍ ജോഗീന്ദര്‍ നാഥ് അയാളുടെ ഗര്‍ഭിണിയായ ഭാര്യ സീത നാലുവയസ്സുള്ള മകന്‍ മഹേഷ്
'എന്തെങ്കിലുമൊരുപണിസാര്‍, എന്തെങ്കിലുമൊരു പണി'
കണ്ണൂരില്‍ വണ്ടിയിറങ്ങിയതുമുതല്‍ കാണുന്നവരോടെല്ലാം ജോഗീന്ദര്‍ കെഞ്ചിനോക്കി
"എന്തുപണി സഹോദരാ, നിങ്ങള്‍ ഒറ്റക്കാണ് വന്നിരുന്നതെങ്കില്‍
എവിടെയെങ്കിലും എന്തെങ്കിലുമൊന്ന് തരപ്പെടുത്താമായിരുന്നു
പക്ഷേ, നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഈ അച്ഛനമ്മമാര്‍
ഗര്‍ഭിണിയായ ഭാര്യ,കുഞ്ഞ്
ഇവരെല്ലാം കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്കൊരുപണി തരാന്‍ ആരാണ് ധൈര്യപ്പെടുക?''
നടന്നുനടന്ന് തലശ്ശേരിയെത്തുംവരെ
ഒരേ ഉത്തരം പല മട്ടില്‍ പിന്നെയും പിന്നെയും കേട്ട്
ആ കുടുംബം തളര്‍ന്നു
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
എത്രവിശന്നാലും കരയരുതെന്ന് എങ്ങനെയോ പഠിച്ചുറച്ച കുഞ്ഞും
അവന്റെ അമ്മയും അച്ഛനും
മുത്തച്ഛനും മുത്തശ്ശിയും പിന്നെയും നടന്നു
നടന്നുനടന്ന് നാട്ടുവഴിക്കരികിലെ വലിയ
അരയാല്‍ച്ചുവട്ടിലെത്തിയപ്പോള്‍
അന്നു രാത്രി അവിടെ തങ്ങാമെന്നവര്‍ തീരുമാനിച്ചു ചുമലിലെ ഭാണ്ഡക്കെട്ടിറക്കിവെക്കെ
'ഒരു പണിവേണം ദൈവമേ, എനിക്കൊരു പണി വേണ'മെന്ന് ജോഗീന്ദര്‍ ഉള്ളുരുകി
പകല്‍ പലവട്ടം കേട്ട മറുപടി
അയാളുടെ ഇടനെഞ്ചില്‍ തീയും പുകയുമായി
പുകമൂടി കണ്ണ് നിറഞ്ഞു
കണ്ണീരിന്റെ മൂടലിന്നിടയിലൂടെ
കത്തുന്ന വേദനയോടെ തന്റെ വേണ്ടപ്പെട്ടവരെയെല്ലാം
ജോഗീന്ദര്‍ അവസാനമായെന്ന പോലെനോക്കി
അന്നേരം അയാള്‍ ബുദ്ധഭഗവാനെ, അല്ല, പഴയ സിദ്ധാര്‍ത്ഥരാജകുമാരനെ ഓര്‍ത്തു
ഇല്ല,അങ്ങനെയൊന്നും ഉണ്ടായില്ല
കവിത കളവുപറച്ചിലിന്റെ മറുപേരാകുന്നതെന്തിന് ? ജോഗീന്ദര്‍ക്ക് ബുദ്ധന്റെ ജീവിതകഥ പോലുമറിയില്ല അറിഞ്ഞാലും ആ കഥയില്‍
അയാളെ പ്രചോദിപ്പിക്കുന്നതായി ഒന്നുമില്ല
കരിഞ്ഞുണങ്ങിയ കൃഷിയിടവും
കടബാധ്യതകളുടെ കനല്‍പ്പാടവുംകൈവിട്ട് കത്തുന്ന വെയിലില്‍
കുടുംബത്തെയും കൂട്ടി ഇറങ്ങിയതാണയാള്‍
ഏകാന്തധ്യാനമോ ബോധിവൃക്ഷത്തണലോ ഇല്ലാതെ
ദു:ഖസത്യജ്ഞാനത്തിലേക്കുണര്‍ന്ന പാവം മനുഷ്യന്‍
അരയാലിലകളുടെ ഉറക്കുപാട്ടും
ഇളം തണുപ്പാര്‍ന്ന കാറ്റിന്റെ തലോടലും
ഈ ജ്ഞാനിയെ ഉറക്കാനാവാതെ കുഴയും
ഒരുപാട് നേരം, ഒരുവേള ഈ കഠിനരാത്രി മുഴുവന്‍.
No comments:
Post a Comment