Pages

Sunday, August 8, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്
എന്‍.പ്രഭാകരന്‍

10

2007 സെപ്റ്റംബര്‍ അവസാനവാരത്തിലൊരു ദിവസം ഉച്ച നേരത്ത് ഞാനും കുടുംബവും പശ്ചിമബംഗാളിലെ പാനിടങ്കിയിലെത്തി.പാനിടങ്കിയില്‍ നിന്ന് മേസി നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന വലിയ പാലം
കടന്നാല്‍ നേപ്പാളായി.ഗ്രാമത്തിന്റെ ചെറിയ വിടര്‍ച്ച എന്നുമാത്രം പറയാവുന്ന ദൈന്യം നിറഞ്ഞ ഒരങ്ങാടിയാണ് പാനിടങ്കി.അവിടത്തെ മുഖ്യസാന്നിധ്യം പത്തമ്പത് സൈക്കിള്‍ റിക്ഷക്കാരാണ്.അവരിലൊരാള്‍ ഞങ്ങളെ പാലവും നേപ്പാളിലേക്കുള്ള പ്രവേശനകവാടവും കടത്തിച്ചു.പിന്നെ കാലപ്പഴക്കം കൊണ്ട് രോഗാതുരനായി ഞരങ്ങി നീങ്ങുന്ന ഒരു കൊച്ചുബസ്സില്‍ ഞങ്ങള്‍ ദോലാവാടിയിലേക്ക്് പുറപ്പെട്ടു.ബസ്സ് കഷ്ടിച്ച് ഒരു കിലോമീറ്ററോളമേ പോയിക്കാണൂ,ഇറങ്ങാനുള്ള സ്റോപ്പായെന്ന് കണ്ടക്ടര്‍ ആംഗ്യം കാണിച്ചു.
ചെറുതും വലുതുമായ കള്ളക്കടത്തുസാധനങ്ങളും കൌതുകവസ്തുക്കളും താരതമ്യേന വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഇടമാണ് കക്കര്‍ബിട്ട എന്ന അതിര്‍ത്തിനഗരത്തിലെ ദോലാവാടി ബസാര്‍. ഇലക്ട്രോണിക് സാധനങ്ങള്‍,തുകല്‍ബാഗുകള്‍,ടീഷര്‍ട്ടുകള്‍,കളിപ്പാട്ടങ്ങള്‍,പലതരം ആഭരണങ്ങള്‍,മദ്യങ്ങള്‍ എല്ലാം സുലഭം.പത്തുലിറ്ററിന്റെയെങ്കിലും വലുപ്പമുള്ള പല വര്‍ണത്തിലും രൂപത്തിലുമുള്ള വിദേശമദ്യക്കുപ്പികള്‍ നിരനിരയായി വെച്ചിരിക്കുന്നത് വിശേഷപ്പെട്ടൊരു കാഴ്ച തന്നെയായിരുന്നു.മെലിഞ്ഞുണങ്ങിയ ഒരു പെരുംകുടിയന്‍ നിലത്തുറക്കാത്ത കാലുകളുമായി ആ കുപ്പികള്‍ക്കുമുന്നിലെത്തി അവയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്നത് വെറുതെയൊന്നു സങ്കല്പിച്ചുനോക്കി. ഞങ്ങള്‍ കടകള്‍ കയറിയിറങ്ങുന്നതിനിടയില്‍ ചെങ്കൊടി കെട്ടിയ ഒരു റിക്ഷ അങ്ങാടിയുടെ മധ്യഭാഗത്തായി നടുറോഡില്‍ വന്നുനിന്നു.മാവോവാദികളുടെ പ്രചരണവാഹനമായിരുന്നു അത്.അറിയാത്ത ഭാഷയാണെങ്കിലും തകര്‍പ്പന്‍ അനൌണ്‍സ്മെന്റാണെന്ന് ശബ്ദത്തിന്റെ ഗാംഭീര്യത്തില്‍ നിന്നു തന്നെ വ്യക്തമായി.അതിനപ്പുറം ഒന്നും മനസ്സിലായില്ല.എങ്കിലും എന്തോ ഒരു സന്തോഷം തോന്നി.
കക്കര്‍ബിട്ടയില്‍ നിന്ന് നേപ്പാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബസ്സ് കിട്ടും.പതിനാറ് മണിക്കൂര്‍ നേരത്തെ സാഹസികമായ ഒരു യാത്രക്ക് തയ്യാറാണെങ്കില്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ തന്നെ ചെന്നെത്താം.പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വലിയ കയറ്റങ്ങളും ഇറക്കങ്ങളും കടന്നുള്ള പോക്കില്‍ നടുവിന്റെ പണി കഴിയുമെന്നും ശരീരം മുഴുവന്‍ അടിച്ചു നുറുക്കിയ പോലെ ആവുമെന്നും അനുഭവസ്ഥര്‍ മുന്നറിയിപ്പ് തന്നു.എങ്കിലും ഒരു കൈ നോക്കിയാലോ എന്ന് ആലോചിക്കാതിരുന്നില്ല.പക്ഷേ പ്രതികൂലമായ സംഗതികള്‍ പലതുമുണ്ടായിരുന്നു.നാട്ടില്‍ കഴിവതും വേഗം തിരിച്ചെത്തണം.കാട്മണ്ടുവരെ പോവുകയാണെങ്കില്‍ കല്‍ക്കത്തയില്‍ മടങ്ങിയെത്തുമ്പോഴേക്കും കീശ കാലിയാവും.പതിനാറ് മണിക്കൂര്‍ അങ്ങോട്ട്,പതിനാറ് മണിക്കൂര്‍ ഇങ്ങോട്ട്.അതിനിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഹോട്ടല്‍ തമാസം.അത്രയും ദീര്‍ഘമായൊരു പരിപാടി തല്‍ക്കാലത്തേക്ക് താങ്ങാനാവില്ല.ഇക്കാര്യങ്ങളെല്ലാം മാറിയും മറിച്ചും ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്കു തന്നെ മടുത്തു.
ദോലാവാടിയില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ തളര്‍ന്നിരുന്നു.ഞങ്ങളുടെ ആദ്യത്തെ വിദേശയാത്രയാണ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് അവസാനിച്ചത്.ഇനി ഈ ഭാഗത്തേക്കുവരാനുള്ള സാധ്യത മിക്കവാറും ഇല്ല.ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു വിങ്ങലുണ്ടായി.ഒരു ഭൂവിഭാഗത്തോട് വിട പറയുമ്പോള്‍ ആ പ്രദേശം കല്ലും മണ്ണും റോഡും തെരുവും കെട്ടിടങ്ങളുമൊന്നും അല്ലാതാവും.അപ്പോള്‍ അത് മാനവികസത്തയുടെ തന്നെ വലിയൊരു മൂര്‍ത്തരൂപമായാണ് മുന്നില്‍ നില്‍ക്കുക.അവിടം വിട്ടുപോരുമ്പോള്‍ ഒരു ചിരകാല സുഹൃത്ത് കൈവിട്ടുപോകുന്നതു പോലെയും പകരം മരണത്തിന്റെ ഒരു നിഴല്‍ കൂടെ വരുന്നതുപോലെയും തോന്നും.
മടക്കയാത്രയില്‍ മേസിനദിക്കു മുകളിലെ പാലത്തിനുമേല്‍ വീശിയടിച്ച കാറ്റില്‍ സൈക്കിള്‍റിക്ഷയുടെ വശങ്ങളിലെയും മേല്‍ക്കൂരയിലെയും ഷീറ്റുകള്‍ പടപട ശബ്ദമുണ്ടാക്കി.പാലം അവസാനിക്കുന്നിടത്ത് താഴെ നദിക്കരയിലെ കുടിലിന്റെ വരാന്തയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത മെലിഞ്ഞ് എല്ലുംതോലുമായ വൃദ്ധ അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നിട്ടെന്ന പോലെ നിരങ്ങിനിരങ്ങി നീങ്ങുന്നതുകണ്ടു. പാനിടങ്കിയിയിലെ സൈക്കിള്‍ റിക്ഷാക്കാരുടെ മുഖത്തു കണ്ട അനാദിയെന്നു തോന്നിയ ദൈന്യവും വേദനയും ഏറ്റുവാങ്ങാനെന്ന പോലെ ഒരിക്കല്‍ക്കൂടി ഞാന്‍ ആ ദരിദ്രമായ അങ്ങാടിയില്‍ കാല് കുത്തി.


11

4-3-2010
വൈകുന്നേരം ഏഴ്മണി കഴിഞ്ഞ് അന്തിമിനുക്കവും അയഥാര്‍ത്ഥമായ നേരം.നേര്‍ത്ത ഇരുട്ടില്‍ ഞാനും സുഹൃത്ത് രാജേഷും തലശ്ശേരിക്കടുത്ത് വടക്കുമ്പാടുള്ള പുഴയോരത്തെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇരുന്ന് ഓരോരോ ലോകകാര്യങ്ങള്‍ സംസാരിക്കയായിരുന്നു.ഒരു സംഘം ആളുകള്‍ ഒറ്റവരിയായി ഒരേ താളത്തില്‍ എന്തോ ഉച്ചരിച്ച് റോഡരികിലൂടെ നടന്നു വരുന്നത് ഇത്തിരി അകലെ നിന്നേ ഞങ്ങളുടെ കണ്ണില്‍പെട്ടു.അടുത്തെത്തിയപ്പോഴാണ് അവര്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത് 'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി' എന്നാണെന്ന് മനസ്സിലായത്.'പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' എന്നൊരു പ്രാര്‍ത്ഥനയും അവര്‍ ഉരുവിടുന്നുണ്ടായിരുന്നു.നന്നേ ചെറിയ കനം കുറഞ്ഞ ഓരോ മരക്കുരിശുണ്ടായിരുന്നു ഓരോരുത്തരുടെ കയ്യിലും.പുഴയോരത്തെ പുതിയ വിനോദസഞ്ചാരകേന്ദ്രം വിശ്രമിക്കാന്‍ പറ്റിയ ഇടമാണെന്നു കണ്ട് ഇത്തിരി നേരത്തേക്ക് അവര്‍ അവിടെ തങ്ങി.
മലയാറ്റൂര്‍ പള്ളിയിലേക്ക് പോവുന്ന തീര്‍ത്ഥാടകരുടെ ഒരു സംഘമായിരുന്നു അത്.പയ്യാവൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടതാണ്.ഒമ്പതാം നാള്‍ അവര്‍ മലയാറ്റൂരിലെത്തും.അഞ്ചു വര്‍ഷം മുമ്പാണ് കാല്‍നടയായുള്ള ഈ തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചത്.ആദ്യവര്‍ഷം മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൂടി വന്നു.ഈ വര്‍ഷം സംഘത്തില്‍ ഇരുപത്തഞ്ച് പേരായിരിക്കുന്നു.
വഴിയില്‍ പള്ളികളിലും പള്ളിവക സ്കൂളുകളിലുമൊക്കെയാണ് തങ്ങുക.ഭക്ഷണം അതാതിടത്തെ ഹോട്ടലുകളില്‍ നിന്ന്.മലപ്പുറം ജില്ലയില്‍ അവരുടെ യാത്രാവഴിയില്‍ ക്രിസ്ത്യന്‍ പള്ളികളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാല്‍ ഒരു രാത്രി കടത്തിണ്ണയില്‍ കിടക്കേണ്ടി വരും.അതു പക്ഷേ വലിയൊരു പ്രശ്നമല്ലെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു.
പത്തുമിനുട്ടു നേരത്തെ വിശ്രമത്തിനുശേഷം തീര്‍ത്ഥാടകസംഘം പിന്നെയും നടക്കാന്‍ തുടങ്ങി.'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി;പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' അല്പമായ വിലാപച്ഛായ കലര്‍ന്ന ആ സംഘശബ്ദം അകന്നകന്നുപോയി.
ദൈവത്തെ മനുഷ്യരൂപത്തിലോ രൂപരഹിതനായോ ഒന്നും നാളിതുവരെ എനിക്ക് സങ്കല്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുകയും അതേ സമയം മനുഷ്യലോകത്തിലെ അനീതികളിലൊന്നിലും ഇടപെടാതിരിക്കുകയും ചെയ്യുന്ന കേവലചൈതന്യമായി കരുതി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നിയിട്ടുമില്ല.പക്ഷേ സന്ധ്യാസമയത്തെ കടുത്ത ഏകാന്തതയ്ക്കുമേല്‍ ഉയര്‍ന്നു മുഴങ്ങുന്ന ഒരു ബാങ്ക് വിളി,പാതിര കഴിഞ്ഞ് ഏതോ കാവില്‍ നിന്ന് കേള്‍ക്കുന്ന ചെണ്ടയുടെ ശബ്ദം,അവിചാരിതമായി കാതില്‍ വന്നുവീഴുന്ന ഒരു ക്രിസ്തീയ പ്രാര്‍ത്ഥനാഗാനം ഇവയെല്ലാം എന്നെ അവ്യാഖ്യേയമായ ഏതൊക്കെയോ അനുഭൂതികളിലേക്ക് കൊണ്ടുപോവുന്നു.മലയാറ്റൂര്‍ പള്ളിയിലേക്കുള്ള തീര്‍ത്ഥാടകരുടെ ശബ്ദവും ഏതാനും നിമിഷങ്ങളിലേക്കെങ്കിലും അതുപോലൊരനുഭവം നല്‍കി. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷേ, ദൈവത്തിലേക്കുുള്ള മനുഷ്യന്റെ യാത്രകള്‍,വിശേഷിച്ചും കാല്‍നടയായുള്ള ദീര്‍ഘസഞ്ചാരങ്ങള്‍ എന്തുകൊണ്ടോ എന്നെ വിനീതനാക്കുന്നു.അകമേ ശാന്തനാക്കുന്നു.അല്പനേരത്തേക്കെങ്കിലും വിശുദ്ധനാക്കുന്നു.

No comments:

Post a Comment