Pages

Monday, March 7, 2011

കേരളാവാലാ

ഒട്ടും നാടകീയമായിരുന്നില്ല തുടക്കം.2011 മാര്‍ച്ച് 3ന് ഉച്ചയ്ക്ക് ഒന്നരയോടെ ഞാനും ഭാര്യയും ബിക്കാനീര്‍ കൊച്ചുവേളി എക്സ് പ്രസ്സിന്റെ എസ് 3 കോച്ചില്‍ വഡോദരയില്‍ നിന്ന് കണ്ണൂരേക്ക് പുറപ്പെടുന്നു.ഇരിപ്പിടം കണ്ടെത്തി ഉറപ്പിക്കുന്നതിനുള്ള അനാവശ്യമായ പരിഭ്രമം അവസാനിപ്പിച്ച് ചുറ്റിലും നോക്കിയപ്പോള്‍ കടും ചുവപ്പ് നിറത്തിലുള്ള സാരിയുടെ തലപ്പുകൊണ്ട് മുഖം മുക്കാലും മറച്ച ഒരു രാജസ്ഥാനി സ്ത്രീയാണ് ആദ്യം കണ്ണില്‍ പെട്ടത്. ഇരുകാതിലും വെള്ളിനിറത്തിലുള്ള ചെറിയ റിംഗണിഞ്ഞ, ശരീരഭാഷയില്‍ പ്രകടമായ നാടോടിത്തമുള്ള ഒരു യുവാവ് കൂടെത്തന്നെ ഉണ്ടായിരുന്നു.അവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ,രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായം തോന്നിച്ച നാല് കുട്ടികള്‍,ആ കുടുംബത്തിലെ തന്നെ അംഗമായ ഗൌരവപ്രകൃതിയായ ഒരു യുവാവ്,ഗോവക്കാരനായ ബലിഷ്ഠകായനായ ഒരാള്‍,അയാളുടെ ഭാര്യ,സഹോദരി,വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയ ഒരു മലയാളിയും ഭാര്യയും,കൊച്ചുവേളി വരെ പോകാനുള്ള ഒരു പട്ടാളക്കാരന്‍,കാഴ്ചയില്‍ കൊങ്ങിണി എന്നു തോന്നിയ കൌമാരഭംഗികള്‍ കൈവിടാത്ത ചെറുപ്പക്കാരന്‍ ഇത്രയും പേരാണ് ഞങ്ങളുടെ വശങ്ങളിലും പിന്നിലുമൊക്കെയായി ഉള്ളതെന്ന് മനസ്സിലാക്കി വെച്ചു.യാത്രയില്‍ ആളുകളെ അങ്ങോട്ടു കയറി പരിചയപ്പെടാന്‍ മാനസ്സികമായി കഠിനമായ തയ്യാറെടുപ്പ് വേണ്ടി വരാറുള്ള കൂട്ടത്തിലാണ് ഞാന്‍.അതുകൊണ്ട് അതിദീര്‍ഘമായൊരു തീവണ്ടിയാത്രയ്ക്കു ശേഷം ഒരാളെപ്പോലും പരിചയപ്പെടാനായില്ലല്ലോ എന്ന ഹൃദയവേദനയോടെ ഇറങ്ങി വരേണ്ടി വന്ന അനുഭവം മുമ്പുണ്ടായിട്ടുണ്ട്.ഇത്തവണ ഏതായാലും അങ്ങനെ സംഭവിക്കില്ലെന്ന് ചുറ്റിലുമുള്ളവരില്‍ പലരെയും നോട്ടം വഴിയും ചിലരെ ഒന്നോ രണ്ടോ ചോദ്യം വഴിയും പരിചയപ്പെട്ടപ്പോള്‍ തന്നെ ഉറപ്പായി.അതിന്റെ മന;സമാധാനം പച്ചനിറഞ്ഞ വയലുകളും വാഴത്തോപ്പുകളും നദികളുമൊക്കയായുള്ള പുറംകാഴ്ചയില്‍ തെഴുത്തു.
നാടോടി എന്ന് ഞാന്‍ മനസ്സില്‍ കരുതിയ യുവാവ് വണ്ടിയില്‍ വന്നു കൊണ്ടിരുന്ന ഭേല്‍പൂരി, വട,കടല,ഐസ്ക്രീം തുടങ്ങിയ സാധനങ്ങളൊക്കെ വാങ്ങി ഭാര്യയുമായി പങ്കുവെച്ച് കഴിച്ചുകൊണ്ടിരിക്കുകയും ഇടക്കിടെ നാടോടികള്‍ക്ക് മാത്രം വശമുള്ള ഒച്ചയിലും ഈണത്തിലും തന്റെ കുടുംബക്കാരോട് സംസാരിക്കുകയും ചെയ്തു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വലിയ ശരീരമുള്ള ഒരു ഹിജഡ കൈമുട്ടി ഒച്ചയുണ്ടാക്കി വന്ന് എല്ലാവരോടും അഞ്ചും പത്തുമൊക്കെ വാങ്ങിപ്പോയി. അരമണിക്കൂറിനകം മറ്റൊരു ഹിജഡകൂടി വന്ന് സംഭാവന പിരിച്ചു.
വണ്ടി അങ്ക്ലേശ്വറിലെത്തിയപ്പോള്‍ വില കൂടിയ ചെക്ക് ഷര്‍ട്ട് ധരിച്ച,കഷണ്ടി കയറിയ തലയും ആര്‍ജ്ജവവും ഗൌരവവും അനുഭവിപ്പിക്കുന്ന മുഖവും ആവശ്യത്തില്‍ അല്പം അധികമായ തടിയുമുള്ള വെളുത്തുതുടുത്ത ഒരു മധ്യവയസ്കന്‍ നേരെ മുന്നിലെ സീറ്റില്‍ വന്നിരുന്നു.കറുത്ത ഹാഫ് ട്രൌസറും കയ്യില്ലാത്ത ബനിയനും ധരിച്ച,ഇരു കൈത്തണ്ടകളിലും തേള്‍,പഴുതാര മുതലായ പല ജീവികളെയും പച്ച കുത്തിയ ഉരുക്കുശരീരമുള്ള ഒരു ദീര്‍ഘകായന്‍,ശരീരപ്രകൃതത്തിലും വേഷത്തിലും അയാളോട് സാഹോദര്യം പുലര്‍ത്തുന്ന മറ്റ് മൂന്നു നാലുപേര്‍,പ്ളസ് ടു വിദ്യാര്‍ത്ഥികളുടെ പ്രായത്തിലുള്ള പാവം തോന്നിച്ച നാല് പെണ്‍കുട്ടികള്‍ എന്നിവരും പുതുതായി വണ്ടിയിലെത്തി.ഹിന്ദി,ഗുജറാത്തി,രാജസ്ഥാനി,ഇടയ്ക്ക് കേള്‍ക്കുന്ന മലയാളം എല്ലാം ചേര്‍ന്ന് കംപാര്‍ട്മെന്റിലെ അന്തരീക്ഷം സജീവമായി,മഹത്തായ ഇന്ത്യന്‍ റെയില്‍വേ, മഹത്തായ ഇന്ത്യന്‍ ജീവിതം എന്നൊക്കെ ഞാന്‍ നിശ്ശബ്ദമായി ഉരുവിട്ടുകൊണ്ടിരുന്നു.കഴിഞ്ഞ ദിവസം സബര്‍മതിയില്‍ പോയി ഗാന്ധിജിയുടെ ആശ്രമം കണ്ടതിന്റെ ഓര്‍മ ആ അഭിമാനത്തോട് കൂടിച്ചേര്‍ന്ന് നിമിഷങ്ങള്‍ക്കകം വലിയൊരു വികാരമായി തെഴുത്തുവളര്‍ന്നു.വണ്ടി സൂറത്തിലെത്തും വരെ അതിന്റെ തണലില്‍ ഒരു മധുരവിസ്മൃതിയിലെന്ന പോലെ ഞാന്‍ കിടന്നു.ധാരാളം മലയാളികളുള്ള നഗരമാണ്സൂറത്ത് . സൂറത്ത് മലയാളി അസോസിയേഷന്‍ സംഭാവന ചെയ്ത സിമന്റ് ബെഞ്ച് പഴയൊരു യാത്രയില്‍ പ്ളാറ്റ്ഫോമില്‍ കണ്ട കാര്യം ഓര്‍മയിലെത്തി.വണ്ടി സൂറത്ത് വിട്ട് പത്തുമിനുട്ടുകഴിഞ്ഞപ്പോള്‍ കംപാര്‍ട്മെന്റിന്റെ ഡോറിനടുത്തേക്ക് ഗോവക്കാരന്‍ രോഷാകുലനായി ഓടിപ്പോകുന്നതും ഉച്ചത്തില്‍ എന്തോ പറയുന്നതും കേട്ടു.മറുപടിയായി മറ്റൊരു ശബ്ദം ഉയര്‍ന്നു.പിന്നാലെ വേറെ ചിലരുടെ ശബ്ദങ്ങള്‍.പിന്നെയൊരു കൂട്ട ബഹളം.ഗോവക്കാരന്റെ ഭാര്യയും സഹോദരിയും പരിഭ്രാന്തരായി അങ്ങോട്ടേക്ക് പായുന്നതും നാടോടി ഉള്‍പ്പെടെ പലരും പിന്നാലെ ചെല്ലുന്നതും ഒച്ചവെക്കുന്നതും കണ്ടു.
ഗോവന്‍ സ്ത്രീകള്‍ വിളറിയ മുഖവുമായി പെട്ടെന്ന് തിരിയെ വന്നു.വൈകാതെ ഗോവക്കാരനും മടങ്ങിയെത്തി.ആദ്യകാഴ്ചയില്‍ അയാളുടെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്ന ആത്മവിശ്വാസവും ഒരുതരം പരപുച്ഛവുമൊക്കെ പാടേ പോയ്മറഞ്ഞിരുന്നു.വാതിലിനരികിലെ ബഹളം അപ്പോഴും തുടരുന്നുണ്ടായിരുന്നു.അതില്‍ നാടോടിയുടെ ശബ്ദം വേറിട്ടുകേള്‍ക്കാമായിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ അയാളെ ഒന്നുരണ്ടു പേര്‍ ഉന്തിത്തള്ളി സീറ്റില്‍ കൊണ്ടു വന്ന് ഇരുത്തുന്നതു കണ്ടു.അതിനിടയില്‍ 'അവന്‍ മലയാളിയാണ്' എന്ന് ആരോ ആരെക്കുറിച്ചോ ഹിന്ദിയില്‍ പറയുന്നതു കേട്ടു.തൊട്ടു പിന്നാലെ ഡോറിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള മറുപടിയും വന്നു."ഹാം,മേം മലയാളി ഹൂം.ഹണ്‍ഡ്രഡ് പേഴ്സന്റ് മലയാളി.കേരളാവാല.''ധാര്‍ഷ്ട്യം നിറഞ്ഞ ആ മറുപടിക്ക് പിന്നാലെ സാക്ഷാല്‍ മലയാളി തന്നെ ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ പത്തുമുപ്പത് വയസ്സുള്ള സുമുഖനായൊരു യുവാവാണ്.ട്രെയിനിലെ മറ്റ് മിക്ക പുരുഷന്മാരെയും പോലെ ഇയാളും ദീര്‍ഘകായനും ഉറച്ച ശരീരമുള്ളവനുമാണ്.ഞങ്ങളുടെ തൊട്ടുപിന്നിലെ സീറ്റില്‍ ഇരിക്കയായിരുന്ന ഗോവക്കാരന്റെ അടുത്തേക്കാണ് കക്ഷി പോയത്."വാടാ കേരളത്തിലേക്ക് വാടാ കാണിച്ചു തരാമെടാ.''അയാള്‍ മലയാളത്തില്‍ തന്നെ ഗോവക്കാരനെ വെല്ലുവിളിച്ചു.ഗോവക്കാരനോ മറ്റുള്ളവരോ ഏറ്റു പിടിക്കാത്തതുകൊണ്ട് അമര്‍ത്തിയമര്‍ത്തിയുള്ള മുക്കലും മൂളലുമായി അയാള്‍ മടങ്ങിപ്പോയി.
എന്താണ് സംഗതി എന്ന് ഞാന്‍ എന്റെ മുന്നിലിരിക്കയായിരുന്ന കൊച്ചുവേളി ടിക്കറ്റുകാരനായ ജവാനോട് ചോദിച്ചു: "ഓ,ഒന്നുമില്ല.വെള്ളമടിച്ച് ബഹളം വെക്കുന്നു.അത്ര തന്നെ.''അയാള്‍ നിസ്സാരമട്ടില്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍കാരന്‍ യുവാവ് ഞാന്‍ ആവശ്യപ്പെടാതെ തന്നെ സംഭവം വിശദീകരിച്ചു തന്നു.'ഹണ്‍ഡ്രഡ് പേഴ്സന്റ് മലയാളി, കേരളാവാല'എന്നൊക്കെ സ്വയം ഉച്ചത്തില്‍ അഭിമാനം കൊണ്ട കക്ഷി ഗോവക്കാരന്റെ സഹോദരി ടോയ്ലറ്റിലേക്ക് കയറുമ്പോള്‍ നേരെ എതിര്‍വശത്തെ ടോയ്ലറ്റ് ചൂണ്ടിക്കാണിച്ച് പറഞ്ഞു വത്രെ: "ഇതില്‍ കയറി മൂത്രമൊഴിച്ചോളൂ.കൊളുത്തിടേണ്ട.കുറച്ചുകഴിഞ്ഞ് ഞാനും അകത്തുകയറാം.''ആ സ്ത്രീ പേടിച്ച് തിരിയെ വന്ന് സഹോദരനോട് സംഗതി പറഞ്ഞു.ചോദിക്കാന്‍ ചെന്ന സഹോദരനോട് മലയാളി തട്ടിക്കയറിയപ്പോള്‍ അയാള്‍ തനിക്കറിയാവുന്നതും കഠിനമായ അധിക്ഷേപവചനം എന്ന് സ്വയം കരുതിയിരിക്കാവുന്നതുമായ മലയാളം കേരളാവാലയ്ക്കു നേരെ പ്രയോഗിച്ചു " പോടാ,പോ'' സമര്‍ത്ഥനായ കേരളാവാല അത് ഭയങ്കരമായൊരു തെറിവാക്കാണെന്ന് ഭാവിച്ച് പൊട്ടിത്തെറിച്ചു."വിടില്ല,ആരെന്തു പറഞ്ഞാലും അവനെ ഞാന്‍ വിടില്ല .മലയാളത്തിലെ ഏറ്റവും വലിയ തെറിയാണ് ആ -മോന്‍ എന്റെ നേരെ പ്രയോഗിച്ചത്.''ഈ വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് അട്ടഹസിക്കയായിരുന്നു മലയാളി.ഇത്രയും കാര്യങ്ങള്‍ കഷ്ടിമുഷ്ടി മലയാളത്തില്‍വിവരിച്ച ശേഷം രാജസ്ഥാനി യുവാവ് തുടര്‍ന്നു " ഈ കംപാര്‍ട്മെന്റിലെ യാത്രക്കാരധികവും മിലിട്ടറിക്കാരാണ്.എന്റെ രണ്ട് അമ്മാവന്‍മാര്‍ മിലിട്ടറിയിലാണ്.ഒരാള്‍ മേജര്‍.മറ്റേയാള്‍ ക്യാപ്റ്റന്‍.അവരാരെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആ അമ്മയോട് തെമ്മാടിത്തം പറഞ്ഞ അതേ നിമിഷത്തില്‍ ഇവനെ ഷൂട്ട് ചെയ്യുമായിരുന്നു.എന്റെ ഭാര്യയും രണ്ട് സഹോദരിമാരുമുള്ള കംപാര്‍ട്മെന്റാണിത്.ഇവനെ പോലൊരു തെമ്മാടിയെ ഈ കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യാന്‍ എന്റെ അമ്മാവന്‍മാര്‍ സമ്മതിക്കില്ല.''
തീര്‍ച്ചയായും അങ്ങനെ ചെയ്യേണ്ടതാണ് എന്ന് ഞാന്‍ തലകുലുക്കി.രാജസ്ഥാന്‍കാരായ രണ്ട് മിലിട്ടറി ഓഫീസര്‍മാര്‍ കേരളാവാലയെ വെടിവെക്കാനായി വരുന്ന രംഗം സങ്കല്പിച്ചു നോക്കിയപ്പോള്‍ എനിക്കു ചിരിവന്നു.നാടോടി എന്ന് ഞാന്‍ സങ്കല്പിച്ച കക്ഷി തന്റെ അമ്മാവന്‍മാരെ കുറിച്ച് പറഞ്ഞത് ഡാവായിരിക്കുമോ എന്ന സംശവും ഉണ്ടായിപ്പോയി.എന്തായാലും കുറച്ചുനേരത്തേക്ക് ട്രെയിനില്‍ ഒച്ചപ്പാടൊന്നുമുണ്ടായില്ല.വെയില്‍ച്ചൂടിലൂടെ അതിവേഗത്തില്‍ പായുന്ന വണ്ടിയില്‍ എല്ലാവരും തളര്‍ന്ന് മയക്കം പിടിച്ചതുപോലെ ആയിക്കഴിഞ്ഞിരുന്നു.പക്ഷേ,ആ ശാന്തത അധികനേരം നിലനിന്നില്ല.തനിക്ക് ഗോവക്കാരന്റെ തെറി മറക്കാനാവുന്നില്ല.ഓര്‍മയില്‍ അത് പിന്നെയും പിന്നെയും വരുന്നു,അവന് രണ്ട് കൊടുത്തേ മതിയാവൂ എന്നൊക്കെ പറഞ്ഞ് കേരളാവാല ഓടി വരികയും കുറേപേര്‍ ചേര്‍ന്ന് അയാളെ പിടിച്ചുവെക്കുകയും മറ്റ് ചിലര്‍ അയാളുടെ മേല്‍ കൈവെക്കാനായുകയും സംഗതി ആകെ അലമ്പാവുകയും ചെയ്തു.അതിനിടയില്‍ ആരോ ഓടിപ്പോയി ടി.ടി.ആറെ കൂട്ടിക്കൊണ്ടുവന്നു.റിസര്‍വേഷനില്ലാതെയാണ് കേരളാവാല സഞ്ചരിക്കുന്നതെന്ന് കണ്ടെത്തിയ ടി.ടി.ആര്‍ അങ്ങോട്ടെന്തോ പറയാനായുന്നതിനിടയില്‍ കക്ഷി അയാളോടും തട്ടിക്കയറി'.ഇവനെ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കണം,മറ്റ് യാത്രക്കാരെ മാന്യമായി സഞ്ചരിക്കാന്‍ അനുവദിക്കണം' എന്നൊക്കെ പറഞ്ഞ് കുറേപേര്‍ ടി.ടി.ആറെ പൊതിഞ്ഞു.ബഹളം പെരുത്തപ്പോള്‍ അങ്ക്ലേശ്വറില്‍ നിന്ന് കയറിയ പെണ്‍കുട്ടികളിലൊരാള്‍ നല്ല ധൈര്യത്തില്‍ കേരളാവാലയുടെ പുറത്തടിച്ചിട്ട് പറഞ്ഞു: "ഭായീ,ഇത് ഞങ്ങള്‍ പെണ്‍കുട്ടികള്‍ കൂടി ഉള്ള വണ്ടിയാണ്.അസഭ്യവാക്കുകള്‍ ഉപയോഗിക്കരുത്.'' 'പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുക; ഒരപകടവും സംഭവിക്കില്ല' കേരളാവാലാ ഉപദേശസ്വരത്തില്‍ പറഞ്ഞു. വണ്ടി വാപി സ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.ടി.ടി.ആര്‍ പ്ളാറ്റ് ഫോമിലിറങ്ങി നിന്ന് റെയില്‍വേ പോലീസിനു തന്നെയാകണം ഫോണ്‍ ചെയ്യുന്നതുകണ്ടു.ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനു പക്ഷേ,അങ്ങേത്തലയ്ക്കല്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.തന്നെ പൊതിഞ്ഞു നിന്നയാത്രക്കാരുടെ മുന്നില്‍ നിസ്സഹായനായി കൈമലര്‍ത്തിക്കാണിച്ച് അയാള്‍ തന്റെ അവസ്ഥ വിശദമാക്കുന്നതും പിന്നെ തലതാഴ്ത്തി നടന്നുപോവുന്നതും കണ്ടു.
വണ്ടി സ്റേഷന്‍ വിട്ട് പത്തോ പതിനഞ്ചോ മിനുട്ടു കഴിഞ്ഞപ്പോള്‍ പുതിയൊരു ഹിജഡ എത്തി.നേരത്തേ വന്നുപോയ രണ്ടു ഹിജഡകള്‍ക്കായി പതിനഞ്ചുരൂപ പോയതുകാരണം എന്റെ കയ്യില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടല്ലാതെ ചില്ലറയുണ്ടായിരുന്നില്ല.കീശ തപ്പിയപ്പോള്‍ കിട്ടിയ ഒരു രൂപ നാണയം കൊടുത്തപ്പോള്‍ 'ദരിദ്രവാസി ലോഗ് 'എന്നു തുടങ്ങുന്ന നാല് തെറിപറഞ്ഞ് ഹിജഡ ആ നാണയം തിരിയെ എറിഞ്ഞു തരികയും എന്റെയും ഭാര്യയുടെയും തലപിടിച്ച് അങ്ങോട്ടുമിങ്ങോടും ആട്ടുകയും ചെയ്തു.പിന്നെ കക്ഷി കൊങ്ങിണി യുവാവിന്റെ അടുത്തേക്ക് നീങ്ങി.അവന്‍ ഒന്നും തരാനില്ല എന്ന് കയ്യാംഗ്യം കാണിച്ചതും ഹിജഡ സാരി പൊക്കാന്‍ ആഞ്ഞതും ഒന്നിച്ചായിരുന്നു.പേടിച്ചരണ്ടു പോയ പയ്യന്‍ പെട്ടെന്ന് ഒരഞ്ച് രൂപാ നോട്ടെടുത്ത് കൊടുത്ത് അപമാനത്തില്‍ നിന്ന് രക്ഷ നേടി.കയ്യിലടിച്ച് ശബ്ദമുണ്ടാക്കി ഹിജഡ അടുത്ത സീറ്റിലേക്ക് നീങ്ങി.
2
രാത്രി ഭക്ഷണം വണ്ടിയിലെ ഭക്ഷണശാലക്കാരുടെ കയ്യില്‍ നിന്ന് വാങ്ങിയ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു.ഉപ്പോ പുളിയോ എരിവോ ഒന്നും അനുഭവപ്പെടുത്താത്ത സാധനം.നാല് ചപ്പാത്തിയില്‍ രണ്ടെണ്ണം ഒരു വിധത്തില്‍ അകത്താക്കി.ബാക്കി വന്നത് എങ്ങനെ പുറത്തേക്കെറിയും എന്ന് വിഷമിച്ച് രണ്ടും കല്‍പിച്ച് ഞാന്‍ രാജസ്ഥാനി യുവാവിനോട് ചോദിച്ചു: "ചപ്പാത്തി വേണോ.?''
"വേണ്ട, വേണ്ട; നിങ്ങള്‍ക്ക് പൂരി വീണോ സ്വീറ്റ്സ് വേണോ'' എന്നൊക്കെ ഉത്സാഹപൂര്‍വം ചോദിച്ച് അയാള്‍ തന്റെ സീറ്റിനടിയിലെ ചെളിപിടിച്ച സഞ്ചിയിലേക്ക് കയ്യെത്തിക്കുമ്പോഴേക്കും ഒരുവിധത്തില്‍ കക്ഷിയെ ഞാന്‍ തടഞ്ഞു.എന്തായാലും ആ ഭക്ഷണക്ഷണം അയാളെ കൂടുതല്‍ അടുത്തുപരിചയപ്പെടുന്നതിന് വഴി തുറന്നു.
തനിക്ക് കാസര്‍ഗോഡ് ടൌണില്‍ ഫാന്‍സി ഐറ്റംസും ഇലക്ട്രോണിക് സാധനങ്ങളും മറ്റും വില്‍ക്കുന്ന രണ്ട് കടകളുണ്ടെന്നും മുമ്പ് കണ്ണൂര്‍ ബസ്റാന്റിലും കടകളുണ്ടായിരുന്നെന്നും തലശ്ശേരിയിലും താന്‍ സാധനം സപ്ളൈ ചെയ്യാറുണ്ടെന്നും വണ്ടിയില്‍ ഒപ്പമുള്ള ബന്ധുവിന്റെ കട കോഴിക്കോട്ടാണെന്നുമൊക്കെ അയാള്‍ അഭിമാനപൂര്‍വം വിസ്തരിച്ചു.ഇയാളെയും കുടുംബത്തെയുമാണല്ലോ ഇത്രയും നേരം ഞാന്‍ നാടോടികള്‍ എന്ന് കരുതിയത് എന്നോര്‍ത്ത് മറ്റ് മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവുകേടില്‍ വല്ലാത്ത ലജ്ജ തോന്നി എനിക്ക്.
താമസിയാതെ മറ്റൊരത്ഭുതം കൂടി സംഭവിച്ചു.അങ്ക്ലേശ്വര്‍ മുതല്‍ എനിക്കെതിരെയുള്ള സീറ്റില്‍ നല്ല ഗൌരവത്തില്‍ ഇരിക്കയായിരുന്ന തുടുത്തുവെളുത്ത കഷണ്ടിക്കാരന്‍ രാജസ്ഥാനി യുവാവിന് സ്വയം പരിചയപ്പെടുത്തി.അയാള്‍ നാദാപുരം,കുറ്റ്യാടി ഭാഗങ്ങളില്‍ നിന്ന് ഏജന്റുമാര്‍ വഴി തേങ്ങ സംഘടിപ്പിക്കാന്‍ കോഴിക്കോട്ടേക്ക് പോവുകയാണ്.ജോധ്പൂരിലും മറ്റ് പല രാജസ്ഥാന്‍ നഗരങ്ങളിലും വര്‍ഷങ്ങളായി തേങ്ങ സപ്ളൈ ചെയ്യുന്നത് കക്ഷിയാണ്.ഇന്നേരമത്രയും വണ്ടിക്കുള്ളിലെ ബഹളങ്ങളിലൊന്നും ഇടപെടാതെ മൊബൈലില്‍ ക്ളാസ്സിക്കല്‍ സംഗീതം ആസ്വദിച്ചിരിക്കയായിരുന്ന ഈ മനുഷ്യന്‍ ഒരു തേങ്ങാക്കച്ചവടക്കാരനാണെന്ന് ഞാന്‍ ആലോചിച്ചിരുന്നതേയില്ല.അയാള്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്ക് ഓഫീസറോ മറ്റോ ആണെന്നാണ് ഞാന്‍ നിശ്ചയിച്ചുവെച്ചിരുന്നത്.എന്റെ ധാരണ ഒരിക്കല്‍ കൂടി തെറ്റിയതില്‍ വലിയ നാണക്കേട് തോന്നി. മനുഷ്യരെക്കുറിച്ച് അവരുടെ വേഷവും ആകാരവും അടിസ്ഥാനമാക്കി ഇത്രയും തെറ്റായ ധാരണ സ്വരൂപിക്കുന്ന ഞാന്‍ എന്തായാലും നല്ല ഒരെഴുത്തുകാരന്റെ ലക്ഷണമല്ല പ്രകടിപ്പിക്കുന്നത്.കയ്പും ചവര്‍പ്പും നിറഞ്ഞ ആ തോന്നലില്‍ നിന്ന് പതുക്കെ കര കയറിയത് ഈ മനുഷ്യന് ധര്‍മടം ഭാഗത്തുനിന്ന് തേങ്ങ സംഭരിച്ചുകൊടുക്കുന്ന ബസിനിസ്സില്‍ ഏര്‍പ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് വലിയപണക്കാരനാവുകയും എഴുത്തിന്റെയും വായനയുടെയും ഭാരം എന്നേക്കുമായി ഉപേക്ഷിച്ച് ഇന്ത്യയാകെ ചുറ്റിയടിച്ച് രസിക്കുകയും ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ ഭാവനയില്‍ കണ്ട് കോരിത്തരിച്ചതിലൂടെയാണ്.'ധര്‍മടം സേ നാരിയല്‍' എന്നു തുടങ്ങുന്ന ഒരു വാക്യം എന്റെ വായിലോളം വന്നതായിരുന്നു.ആയിരക്കണക്കിന് തേങ്ങ സംഘടിപ്പിക്കുന്നത് വിചാരിക്കുന്നതിനേക്കാള്‍ പത്തിരട്ടി പ്രയാസമായിരിക്കും എന്ന് മനസ്സ് കടുത്ത പ്രായോഗികബോധത്തിലേക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ന്നതുകാരണം ആ ചോദ്യം നാവിന്‍ തുമ്പത്തു തന്നെ കിടന്ന് വറ്റി.
ഉറങ്ങാനുള്ള സമയമായിരുന്നു.എന്റെയും ഭാര്യയുടെയും ബര്‍ത്ത് മുകളിലായിരുന്നു.കൊച്ചുവേളിക്കാരനായ പട്ടാളക്കാരന്റെ സൌമനസ്യം കാരണം ഭാര്യക്ക് മിഡില്‍ ബര്‍ത്ത് കിട്ടി.താഴത്തെ ബര്‍ത്തില്‍ ജോധ്പൂരില്‍ നിന്ന് കയറിയ ഹിന്ദി സംസാരിക്കുന്ന ഒരു നേവിക്കാരനായിരുന്നു.അയാളും ഔദാര്യം കാണിച്ചതോടെ അവള്‍ക്ക് മിഡില്‍ ബര്‍ത്തിലേക്ക് കയറേണ്ട പ്രയാസവും ഒഴിവായിക്കിട്ടി.ഞാന്‍ മുകളിലെ ബര്‍ത്തില്‍ കയറി കിടക്കാന്‍ തുടങ്ങുമ്പോഴേക്കും സൈഡിലെ അപ്പര്‍ ബര്‍ത്തില്‍ രാജസ്ഥാന്‍കാരന്‍ തന്റെ കുടുംബത്തിലെ നാല് കൊച്ചുകുട്ടികളെ കയറ്റി കിടത്തി.അവരില്‍ ഒരാളുടെ കിടപ്പ് ഏത് നിമിഷത്തിലും താഴേക്ക് വീഴാന്‍ പാകത്തിലായിരുന്നു.അത് കണ്ടുകൊണ്ടു കിടന്നുറങ്ങാന്‍ ആര്‍ക്കായായലും പറ്റുമായിരുന്നില്ല.രാജസ്ഥാന്‍ യുവാവ് ആ കംപാര്‍ട്മെന്റില്‍ തന്നെ പലേടത്തായുള്ള തന്റെ കുടുംബക്കാരുടെ കിടപ്പ് വിവരങ്ങളൊക്കെ അന്വേഷിച്ച് തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ അങ്ങനെ കിടത്തരുതെന്ന് ഞാന്‍ പറഞ്ഞു.അത് ശരിയാണെന്ന് അയാള്‍ക്കും തോന്നിയിരുന്നു.അയാള്‍ താഴത്തെ ബര്‍ത്തില്‍ കിടക്കയായിരുന്ന കൊങ്ങിണി യുവാവിനോട് തന്റെ കൊച്ചുകുട്ടികള്‍ക്കു വേണ്ടി ആ ബര്‍ത്ത് ഒഴിഞ്ഞു തരാന്‍ അപേക്ഷിച്ചതിന് അനുകൂല പ്രതികരണമുണ്ടായത് വലിയ രക്ഷയായി.
അങ്ക്ലേശ്വറില്‍ നിന്ന് കയറിയ പെണ്‍കുട്ടികള്‍ അപ്പുറത്തെ സൈഡ്സീറ്റിലിരുന്ന് പാട്ട് പാടാന്‍ തുടങ്ങിയിരുന്നു.'സിന്ദഗി എക് സഫര്‍ എക് സുഹാനാ ജഹാം കല്‍ ക്യാ ഹോ കിസ്നേ ജാനാ' എന്ന ആദ്യ പാട്ട് തീരും മുമ്പേ തന്നെ ആണുങ്ങളില്‍ ചിലര്‍ അതിന് തുടര്‍ച്ചയുണ്ടാകും വിധം മറ്റൊരു പാട്ട് പാടി.പിന്നെ പഴയതും പുതിയതുമായ പ്രേമഗാനങ്ങളുടെ പ്രവാഹം തന്നെയായി. ആണ്‍പക്ഷത്തിന്റെയും പെണ്‍പക്ഷത്തിന്റെയും പാട്ടിന് ശബ്ദസുഖം തീരെ കമ്മിയായിരുന്നു.'വടക്കു നോക്കി യന്ത്ര'ത്തില്‍ ശ്രീനിവാസന്‍ പാടിയ 'മറ്റൊരു സീത'യേക്കാള്‍ അല്പം മാത്രം മെച്ചം.എങ്കിലും,ഞാനുള്‍പ്പെടെ കംപാര്‍ട്മെന്റിലെ എല്ലാവര്‍ക്കും ആ പാട്ടുകള്‍ അപാരമായ ഹരം പകരുന്നതായിത്തന്നെ എനിക്ക് തോന്നി.നല്ല കലയുടെ ഏറ്റവും വിദൂരമായ നിഴലിടങ്ങളില്‍ പോലും ആനന്ദത്തിന്റെ ഇലകളും പൂക്കളും പതുക്കപ്പതുക്കെ തെളിഞ്ഞുവരും.ഒരു പക്ഷേ നമ്മുടെ കേള്‍വിയില്‍ വീഴുന്ന പാട്ടിന്റെ എല്ലിന്‍കൂടുകളുടെ സ്ഥാനത്ത് അവയുടെ യഥാര്‍ത്ഥമായ പൂര്‍വരൂപങ്ങള്‍ ഓര്‍മയുടെ വഴിയിലൂടെ അപ്പപ്പോള്‍ കുതിച്ചെത്തുന്നുണ്ടാവാം. പാട്ട് ശുദ്ധപ്രണയം വിട്ട് 'ഹംതും ഏക് കമരേ മേം' എന്ന ലൈനിലേക്ക് വന്നപ്പോള്‍ ഗായകര്‍ മതിമറന്ന് ആഹ്ളാദിക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്ത് സ്വയം അഭിനന്ദിക്കുകയും ചെയ്തു.പാട്ട് തുടരുന്നതിനിടയിലെല്ലാം രാജസ്ഥാനി യുവാവ് തന്റേതായ ഓരോരോ കര്‍മങ്ങളില്‍ വ്യാപൃതനായിരുന്നു.ഇതേ വരെയും സീറ്റ് കിട്ടാതെ വിഷമിക്കയായിരുന്ന തന്റെ സഹോദരിമാരിലൊരാള്‍ക്ക് താഴെ വെറും നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് കിടക്കാന്‍ ഇടമുണ്ടാക്കുക,കുട്ടികളിലൊരാളെ താഴത്തെ ബര്‍ത്തില്‍ നിന്ന് അവളുടെ അരികിലേക്ക് മാറ്റുക,അകലെ ഏതൊക്കെയോ സീറ്റുകളിലുള്ള തന്റെ ബന്ധുക്കളുമായി ഉച്ചത്തില്‍ ആശയവിനിമയം നടത്തുക എന്നീ ഏര്‍പ്പാടുകളെല്ലാം അയാള്‍ തകൃതിയായി നിര്‍വഹിക്കുന്നുണ്ടായിരുന്നു.
ഗായികമാരായ കുമാരിമാരും സഹഗായകരായ പുരുഷന്മാരും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ലൈംഗികസൂചനകളും സമൃദ്ധമായുള്ള ഗാനങ്ങള്‍ തിരഞ്ഞുപിടിച്ച് രണ്ടോ മൂന്നോ വരി ആര്‍ത്തി പിടിച്ച് പാടി പൊട്ടിച്ചിരിക്കുന്നതിന്റെ തിരിക്കിലായിരുന്നു.ഉറക്കം പിടിച്ചുതുടങ്ങിയ ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോള്‍ കേരളാവാലയെ വീണ്ടും കണ്ടു.അയാള്‍ പാട്ടുകാരായ ആണുങ്ങളോട് ചേര്‍ന്നുനിന്നും എന്നാല്‍ ഒരു വരി പാടാതെയും ഗായികമാരായ പെണ്‍കുട്ടികളെ ആര്‍ത്തിപിടിച്ച് നോക്കിക്കൊണ്ടിരിക്കയായിരുന്നു.
പതുക്കപ്പതുക്കെ പാട്ടുകാര്‍ നിശ്ശബ്ദരായി.തേങ്ങാക്കച്ചവടത്തിനുപോകുന്ന മാന്യസുഹത്ത് തന്റെ മൊബൈലിലെ ഗാനശേഖരം തുറന്നു.ഗംഭീരമായ ശബ്ദത്തില്‍ ഉയര്‍ന്നുമുഴങ്ങിയ രാജസ്ഥാനി കീര്‍ത്തനത്തില്‍ മരുഭൂമിയില്‍ നിന്നുള്ള ഏതോ ഒരാത്മാവിന്റെ നിലവിളി ഇടകലരുന്നതുപോലെ തോന്നി.അനേകം നൂറ്റാണ്ടുകളിലെ അനേകമനേകം ദു:ഖിതരുടെ ആത്മവേദനകളും അജ്ഞേയതയുടെ നേര്‍ക്കുള്ള അന്തമറ്റ അപേക്ഷകളും ആ ഗാനത്തിന്റെ ആകാശവിശാലതയില്‍ ചിറകടിച്ചു.വണ്ടി മനുഷ്യാധ്വാനത്തിന്റെ മഹാമാതൃകകളിലൊന്നായ കൊങ്കണ്‍റെയില്‍വേയിലൂടെ, ഇരുളില്‍ ,ഏകാന്തതയില്‍ ഭീതിപെരുകിയ ഏതോ അന്യഗ്രഹയാത്രക്കാരനെ പോലെ വര്‍ധിച്ച വേഗത്തില്‍ ഓടിക്കൊണ്ടേയിരുന്നു.

2 comments:

  1. കുറെ ദിവസമായി വന്നിട്ട്.
    ഇന്ന് കുറെ വായിച്ചു. ചിലത് പി.ഡി എഫ് ആക്കി ചിലര്‍ക്ക് മെയില്‍ ചെയ്തു. ഇത് ഗംഭീരവിവരണമാണ്. ഇതിനിടയില്‍ മാഷെ സങ്കല്‍പ്പിക്കുന്നതാണ് ഏറ്റവും രസം.

    ReplyDelete