താങ്കള്‍ നിന്ദിതരുടെയും പീഡിതരുടെയും കവിയാണെങ്കില്‍ പണ്ഡിതന്മാരുടെയോ അങ്ങനെ സ്വയം കരുതുന്നവരുടെയോ വിധിയെഴുത്തിന് കാതോര്‍ക്കുന്നതെന്തിന്?
താങ്കള്‍ സ്വാതന്ത്യ്രത്തിന്റെ കവിയാണെങ്കില്‍ അന്യന്റെ സ്വാതന്ത്യ്രത്തില്‍
അസഹിഷ്ണുവാകുന്നതെന്തിന്?
താങ്കള്‍ ഉറുമ്പുകളുടെ കാലൊച്ച കേള്‍ക്കുകയും പരുന്തിന്റെ ചിറകടി കേള്‍ക്കുന്നവന്റെ കാതുകളെ നിന്ദിക്കുകയും ചെയ്യുന്നതെന്തിന്?
കവിത ആത്മാവിന്റെ ആനന്ദമാണെങ്കില്‍ എല്ലാ ആത്മാക്കളുടെയും ആനന്ദത്തിന്റെ വഴി ഒന്നു തന്നെയായിരിക്കണമെന്ന് ശഠിക്കുന്നതെന്തിന്?
ലോകം മാറാനുള്ള ഒന്നാണെന്നറിയുന്നുവെങ്കില്‍ കവിത മാത്രം മാറരുതെന്ന് ശഠിക്കുന്നതെന്തിന്?
പഴയ ജീവിതം താങ്കളെയും ലോകത്തെയും കൈവിട്ടിട്ടും പഴംപാട്ടുകള്‍ തന്നെ പാടുന്നതെന്തിന്?
ശത്രു ആരെന്നും എങ്ങെന്നുമറിയാതെ അങ്കക്കളത്തില്‍ കലിതുള്ളിയിറങ്ങി വഴിയേപോകുന്നവരുടെ നേര്‍ക്ക് വാള് വീശുന്നതെന്തിന്?
താങ്കള്‍ ആത്മാവില്‍ സത്യസന്ധനായിരിക്കുന്നുവെങ്കില്‍ അന്യന്റെ വാക്കുകളില്‍ അസത്യം ചികഞ്ഞസ്വസ്ഥനാകുന്നതെന്തിന്?
താങ്കള്‍ യഥാര്‍ത്ഥത്തില്‍ കവിയാണെങ്കില്‍ സുഹൃത്തേ നിരൂപകന്റെ കണക്കുപുസ്തകത്തെ ഇത്രമേല്‍ ഭയക്കുന്നതെന്തിന്?
No comments:
Post a Comment