Pages

Monday, October 31, 2011

വേട്ടപ്പട്ടി വഴി കാട്ടുന്ന ലോകം

2011 ഒക്ടോബര്‍ 17 മുതല്‍ 23 വരെ ലളിതകലാ അക്കാദമിയുടെ തലശ്ശേരി ഗാലറിയില്‍ നടന്ന കെ.സുധീഷിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനത്തിന് 'ISLAND CHERALA-DARKNESS AT NOON' എന്നാണ് ശീര്‍ഷകം നല്‍കിയിരിക്കുന്നത്." പത്തു പതിനഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയില്‍ വന്ന അസന്തുലിതമായ വന്‍മാറ്റങ്ങള്‍ മനുഷ്യന്റെയും ജീവജാലങ്ങളുടെയും അന്തസ്സിനെയും നിലനില്‍പിനെയും അപകടപ്പെടുത്തുന്ന രീതിയിലുള്ളതാണ്.ഭൂമിയുടെ ക്രയവിക്രയമാണ് ഇന്ന് കേരളത്തിലെ മുഖ്യതൊഴില്‍ മേഖല.സര്‍ക്കാര്‍ ജോലിക്കാരും കലാകാരന്മാരും രാഷ്ട്രീയക്കാരുമെല്ലാം ഭൂമികച്ചവടത്തിലെ ഇടനിലക്കാരായി മാറിയിരിക്കുന്നു.എന്റെ കാല്‍ക്കീഴിലെ മണ്ണാണ് എന്റെ ചരിത്രം എന്നു ഞാന്‍ കരുതുന്നു.ഈ മേല്‍മണ്ണ് തുടച്ചുനീക്കിയാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്.വയലുകള്‍ നികത്താന്‍ ഇങ്ങനെ കോരിക്കൊണ്ടുപോവുന്ന മേല്‍മണ്ണിനൊപ്പം എന്റെ പൂര്‍വികരുടെ ഓര്‍മകളും ചരിത്രവും അപ്രത്യക്ഷമാവുകയാണ്.അതെ;നട്ടുച്ചക്കും ഇവിടെ ഇരുട്ടാണ്'' എന്ന് ബ്രോഷറില്‍ ചേര്‍ത്ത അഭിമുഖത്തില്‍ സുധീഷ് ഈ ശീര്‍ഷകത്തെ വിശദീകരിക്കുന്നുണ്ട്.
നിര്‍ദ്ദയം കടന്നാക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഭൂമിയും പ്രകൃതിയും തന്നെയാണ് സുധീഷിന്റെ ചിത്രങ്ങളിലെ മുഖ്യവിഷയം.പക്ഷേ,അതിലും കവിഞ്ഞ് കാണികളുടെ ഉള്ളില്‍ പതിയുന്നത് ഭൂമിയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പുതിയ വ്യാപാരവൃത്തികളും ഇതര വ്യവഹാരങ്ങളും മനുഷ്യജീവിതത്തിന്റെ ഉള്ളടക്കത്തെ തന്നെ മാറ്റിത്തീര്‍ക്കുന്ന അനുഭവത്തെ വിസ്തരിക്കുന്നതിന് സുധീഷ് തിരഞ്ഞെടുത്തിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കും രൂപങ്ങള്‍ക്കുമുള്ള നാടോടിത്തവും നാടകീയതയുമാണ്.
സുധീഷിന്റെ ഫുട്ബാള്‍ കളിക്കളത്തിന്റെ സെന്റര്‍സര്‍ക്കിളില്‍ നില്‍ക്കുന്നത് കുറുക്കനാണ്.വീണു പോയ റഫറി,ആക്രമണോത്സുകരായ കളിക്കാര്‍,ഇരപിടിക്കാനെന്ന പോലെ കളിക്കളത്തിലേക്കിറങ്ങിയ വലിയ പക്ഷി,ഹിംസയുടെ കൂടി ഇരിപ്പിടമായ ഗാലറി,തിക്കും തിരക്കും സമരവും മരണവുമെല്ലാം ലക്കും ലഗാനുമില്ലാതെ ഒഴുകി നീങ്ങുന്ന പുറത്തെ തെരുവ് ഇവയെല്ലാം ചേര്‍ന്ന് വലിയൊരു ദൃശ്യാനുഭവമായിത്തീരുന്നുണ്ട് സുധീഷിന്റെ സോക്കര്‍ എന്ന ചിത്രത്തില്‍.പ്രകൃതി അരക്ഷിതയായിത്തീരുന്നതോടെ നിസ്സഹായരും നിരു•ഷരുമായ വെറും കാഴ്ചക്കാരായി മാറുന്ന മനുഷ്യരുടെ കേവല നിലനില്പിന്റെ ദാരുണദൃശ്യങ്ങളാണ് സുധീഷിന്റെ ചിത്രങ്ങളില്‍ നിറയുന്നത്.അവര്‍ അന്ധരായും ഭാരമറ്റവരായി ഒഴുകിനീങ്ങുന്നവരായും കീടതുല്യരായുമൊക്കെ മാറുന്നു.അസ്ഥികൂടങ്ങളുടെ ലോകത്തില്‍ വിശന്ന വേട്ടപ്പട്ടി അന്ധന് വഴി കാട്ടുന്ന വിചിത്രവും ഭീകരവുമായ ലോകമാണത്.അവിടെ സൂര്യന്‍ ഒരഗ്നിഗോളം മാത്രമായി മാറുന്നു.ഇലകളറ്റ് നഗ്നരായ മരങ്ങള്‍ എങ്ങോട്ടോ ഓടി രക്ഷപ്പെടുന്നു.അവരുടെ ഉത്സവപ്പറമ്പുകളില്‍ ആനകള്‍ ഇടയാന്‍ കാത്തുനില്‍ക്കുന്നവരും മനുഷ്യര്‍ ആശയറ്റവരും അന്യോന്യം ഒന്നും വിനിമയം ചെയ്യാനില്ലാത്തവരും ആയിത്തീരുന്നു.പുഴുസമാനരായ മനുഷ്യരുടെ ലോകത്തില്‍ അവരുടെ ദൈവം ഒരു പുഴു മാത്രമായി ആലിലയില്‍ കിടക്കുന്നു. ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ഇങ്ങനെ 'അസുന്ദര'വും അസ്വാസ്ഥ്യജനകവുമായ സന്ദര്‍ഭങ്ങളും രൂപങ്ങളുമാണ്.അവയെ ഉപയോഗിച്ചാണ് നമ്മുടെ കാലത്തെ കേരളീയ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് നയിക്കുന്ന സൌന്ദര്യാനുഭവങ്ങള്‍ സുധീഷ് സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനത്തെ കുറിച്ച് അതിന്റെ ഉള്ളടക്കത്തെ സ്പര്‍ശിച്ചുകൊണ്ടല്ലാതെ അഭിപ്രായം പറയുന്നത് അര്‍ത്ഥശൂന്യമാണ്.പക്ഷേ,ചിത്രത്തിന്റെ വിഷയം,ഉള്ളടക്കം,അര്‍ത്ഥം എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊന്നും ചിത്രകാരന്മാര്‍ക്ക് പൊതുവെ സ്വീകാര്യമല്ല.'ചിത്രം കാണാനുള്ളതാണ്,കാണാന്‍ മാത്രമുള്ളതാണ് 'എന്നതാണ് അവരുടെ നിലപാട്.ഒരു ചിത്രം ചിത്രകാരന്റെ മനസ്സില്‍ രൂപം കൊള്ളുന്നത് ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും കാഴ്ചയില്‍ നിന്നാകാം.വാക്കുകളില്‍ നിന്നോ ആശയങ്ങളില്‍ നിന്നോ അല്ല ഞാന്‍ എന്റെ ചിത്രങ്ങളില്‍ എത്തിച്ചേരുന്നത് എന്ന് ചിത്രകാരന്/ചിത്രകാരിക്ക് തീര്‍ച്ചയായും പറയാം.(അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും).പക്ഷേ,ചിത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചിത്രവും കാന്‍വാസില്‍ കാണപ്പെടുന്ന രൂപങ്ങളോ വര്‍ണസങ്കലനങ്ങളോ മാത്രമല്ല.അവരുടെ കാഴ്ച അവിടെ അവസാനിക്കുകയില്ല.തങ്ങളുടെ ഓര്‍മകളെയും വിചാരങ്ങളെയും ജീവിതസങ്കല്പങ്ങളെയും രാഷ്ട്രീയ ധാരണകളെയുമെല്ലാം ആശ്രയിച്ചാണ് ഓരോരുത്തരും ഏത് ചിത്രത്തിന്റെയും ആസ്വാദനം നിര്‍വഹിക്കുന്നത്.അവയെയെല്ലാം മാറ്റിവെച്ച് കാഴ്ചയെ മാത്രം ആധാരമാക്കി ചിത്രം കണ്ടുകൊള്ളണം എന്നു പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല.ചിത്രത്തിന്റെ ശൈലിയും മറ്റ് സാങ്കേതിക കാര്യങ്ങളില്‍ അത് കൈവരിച്ചിരിക്കുന്ന മികവിന്റെ തോതുമെല്ലാം തീര്‍ച്ചയായും ആസ്വാദനത്തെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിക്കും.പക്ഷേ,കാഴ്ചയില്‍ നിന്ന് ഒരാള്‍ക്ക് കൈവരുന്ന രസം വാക്കുകളില്‍ എത്തിച്ചേരുന്നതിനു മുമ്പ് വറ്റിപ്പോവുകയില്ല.അമൂര്‍ത്ത ചിത്രങ്ങളുടെ കാര്യത്തിലും മറിച്ചുള്ള ഒരനുഭവം ഉണ്ടാവുകയില്ല.
ഒരു ചിത്രം നിര്‍വഹിക്കുന്ന അനുഭവ/ആശയ വിനിമയരീതിയെ കുറിച്ചുള്ള ധാരണകളുടെ കാര്യത്തില്‍ സമ്പൂര്‍ണനിരക്ഷരരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും.അതുകൊണ്ടാണ് ഏത് ചിത്രപ്രദര്‍ശനം കണ്ട് പുറത്തിറങ്ങുന്നവരിലും വലിയൊരു ശതമാനം ആളുകള്‍ 'ഹേയ്,എനിക്കൊന്നും മനസ്സിലായില്ല' എന്നു പറയുന്നത്.ഒരു ആനുകാലികത്തിലെ രേഖാചിത്രം നോക്കി അത് നന്നായെന്നോ ഇല്ലെന്നോ പറയാനുള്ള ധൈര്യം വളരെയേറെ പേര്‍ക്കുണ്ട്.ഒരു പെയിന്റിംഗിന്റെ കാര്യത്തില്‍ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ കഴിയൂ.ഈ അവസ്ഥ മാറ്റിത്തീര്‍ക്കുന്നതിലൂടെ മാത്രമേ ചിത്രകലയ്ക്ക് ജനകീയമായ ആസ്വാദനത്തിന്റെ തലത്തില്‍ ഒരു കുതിപ്പ് സാധ്യമാവുകയുള്ളൂ.
ഒരു ചിത്രത്തിന്റെ കാഴ്ചയിലേക്ക് എങ്ങനെ പ്രവേശിച്ചുതുടങ്ങണം എന്നതു സംബന്ധിച്ച് വളരെ പ്രാഥമിക തലത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും അസംഗതമായിത്തീരാത്ത അവസ്ഥയിലാണ് കേരളത്തില്‍ ചിത്രപ്രദര്‍ശനം കാണാനെത്തുന്നവരില്‍ മഹാഭൂരിപക്ഷവും.ഈ യാഥാര്‍ത്ഥ്യത്തിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് ചിത്രകലയുടെ വളര്‍ച്ചയെ ഒരര്‍ത്ഥത്തിലും സഹായിക്കില്ല.ഒരു കലാരൂപമെന്ന നിലയില്‍ ചിത്രത്തിനുള്ള പ്രത്യേകതകള്‍,വ്യത്യസ്ത മാധ്യമങ്ങളിലുള്ള ചിത്രം വരയുടെ സവിശേഷതകള്‍,ചിത്രകലയിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കു പിന്നിലെ ദര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ബഹുജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്വമായി ചിത്രകാരന്മാര്‍ ഏറ്റെടുക്കേണ്ടതില്ല.അത്തരം ജോലികള്‍ അക്കാദമി പോലുള്ള സ്ഥാപനങ്ങളും സാംസ്കാരിക പഠനകേന്ദ്രങ്ങളുമൊക്കെയാണ് ചെയ്യേണ്ടത്.പക്ഷേ,സ്വന്തം ചിത്രങ്ങളുടെ ആശയലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനെങ്കിലും അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.കേരളത്തിലെ ചിത്രകലാസ്വാദന പരിസരം അത് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
അനുബന്ധം:
നമ്മുടെ ചിത്രകാരന്മാര്‍ അവരുടെ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനും പേരിടാന്‍ ഇംഗ്ളീഷ് ഭാഷയാണ് ഉപയോഗിച്ചു വരുന്നത്.ഒരു പഴയകാല ശീലത്തിന്റെ തുടര്‍ച്ചയെന്നതില്‍ കവിഞ്ഞ് ചിത്രത്തിന്റെ മാര്‍ക്കറ്റ് മുഖ്യമായും മറുനാട്ടുകാരോ വിദേശികളോ ആയ സമ്പന്നരുടെ കയ്യിലാണെന്ന തിരിച്ചറിവാകാം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.സുധീഷ് തന്റെ പ്രദര്‍ശനത്തില്‍ ഈ പതിവിനെ ഭാഗികമായി ഭേദിച്ചിട്ടുണ്ട്.ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിന് മൊത്തത്തിലും ഇംഗ്ളീഷില്‍ തന്നെയാണ് പേരിട്ടിരിക്കുന്നതെങ്കിലും മലയാളത്തിലുള്ള ഒരഭിമുഖവും എ.ടി.മോഹന്‍രാജ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പും ബ്രോഷറില്‍ നല്‍കിയിട്ടുണ്ട്.പൊതുശീര്‍ഷകത്തിന്റെ 'ചേരളദ്വീപ് നട്ടുച്ചക്കിരുട്ട്' എന്ന പരിഭാഷ ആദ്യപേജില്‍ തന്നെ കാണുകയും ചെയ്യാം.കേരളത്തിനകത്ത് നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കെങ്കിലും മലയാളത്തിലുള്ള ശീര്‍ഷകവും കുറിപ്പുകളും നല്‍കാന്‍ നമ്മുടെ ചിത്രകാരന്മാര്‍ മനസ്സ് വെക്കുന്നത് നല്ലതാണ്.വിദേശികളുടെ സാന്നിധ്യം വലിയ തോതില്‍ പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ അവയ്ക്ക് ഇംഗ്ളീഷ് പരിഭാഷ കൂടി നല്‍കാവുന്നതേയുള്ളൂ.
(ജനശക്തി വാരിക)

No comments:

Post a Comment