Pages

Monday, August 27, 2012

പാറപ്പരപ്പിലെ പൂക്കള്‍

ഓണക്കാലത്തിന്റെ ഓര്‍മകളില്‍ ഏറ്റവും വര്‍ണമനോഹരം പൂക്കളുടേതു തന്നെ.പൂക്കളം എന്ന വാക്ക് സ്കൂളിലെ പൂക്കളമത്സരം വഴിയാണ് പ്രധാനമായും പ്രചരിച്ചത്.വീട്ടുമുറ്റത്ത് മുന്‍കൂട്ടി കളം വരക്കാതെ പൂവിട്ടുതുടങ്ങുകയും അത് പല നിറത്തിലുള്ള പൂക്കളുടെ ലയം കൊണ്ട് മനോഹരമായ പൂക്കളമായിത്തീരുകയുമായുമായിരുന്നു പതിവ്.പൂക്കള്‍ കൊണ്ട് കേരളം വരക്കുന്നതും ഭാരതം വരക്കുന്നതും ദേശീയപതാക വരക്കുന്നതുമൊക്കെ സ്കൂള്‍ വഴി പ്രചരിക്കുകയും ചിലപ്പോഴൊക്കെ വീട്ടുമുറ്റത്തെത്തുകയും ചെയ്തിരുന്നു.
പൂക്കള്‍ തേടിയുള്ള എന്റെയും കൂട്ടുകാരുടെയും യാത്രകള്‍ പ്രധാനമായും മാടായി പാറപ്പുറത്തായിരുന്നു.കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ആ പാറപ്പരപ്പാണ് എന്റെ ഓര്‍മകളുടെയും മറ്റ് മനസ്സഞ്ചാരങ്ങളുടെയും രൂപഘടന നിശ്ചയിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പാറപ്പുറത്ത് കയറിയെത്തുന്നതോടെ ആദ്യം കണ്ണില്‍ നിറയുന്നത് ഏഴിമലയുടെ അകലക്കാഴ്ചയാണ്.പാറയുടെ ഓരോരോ ഭാഗത്തു നിന്നായി അറബിക്കടലിന്റെയും പഴയങ്ങാടി പുഴയുടെയുമൊക്കെ കാഴ്ച കിട്ടും.നടത്തത്തിനിടയില്‍ ജൂതക്കുളവും പഴയ ചില കല്‍ക്കെട്ടുകളും മരങ്ങള്‍ വളര്‍ന്നുമൂടിയ പഴയ കിണറുകളുമൊക്കെ കാണാം.പൂ പറിക്കാനുള്ള യാത്ര ഈ അത്ഭുതങ്ങളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ്.
മാടായിപ്പാറയിലെ സസ്യവൈവിധ്യത്തെ കുറിച്ചും പാറയുടെ ചരിത്രത്തെ കുറിച്ചും ഒരു പാട് പഠനങ്ങളും ലേഖനങ്ങളും  പത്രവാര്‍ത്തകളും വന്നുകഴിഞ്ഞു.പാറ അങ്ങനെയൊക്കെ പ്രശസ്തമായിത്തീരും മുമ്പാണ് ഞാനും എന്റെ ബാല്യകാല സുഹൃത്തുക്കളും മാടായിപ്പാറയുടെ പരപ്പില്‍ എത്രയോ മണിക്കൂറുകള്‍ അലഞ്ഞുതിരിഞ്ഞത്.തുമ്പപ്പൂവ്,കാക്കപ്പൂവ്,കൃഷ്ണപ്പൂവ്,കൊക്കുംപൂവ് ഇവയൊക്കെയാണ് മാടായിപ്പാറയില്‍ അധികമായി ഉണ്ടായിരുന്നത്.വട്ടപ്പലത്തിന്റെയോ കുറുക്കൂട്ടിയുടെയോ ഇല കൊണ്ടുണ്ടാക്കുന്ന കുമ്പിളുകളില്‍ പൂ നിറയാന്‍ അധികനേരം വേണ്ട.പക്ഷേ,പൂ പറിക്കാന്‍ പോവുന്ന ഞങ്ങള്‍ക്ക് പെട്ടെന്നൊന്നും വീട്ടിലേക്ക് മടങ്ങാന്‍ തോന്നില്ല.പാറകളില്‍,അവയ്ക്കിടയിലെ ഓരോ ചവിട്ടിലും വെള്ളം കുതിച്ചുയരുന്ന പുല്‍ത്തടങ്ങളില്‍ എത്ര നേരം നടന്നാലും മതി വരില്ല.ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന് ഒച്ചവെച്ചു നടക്കുന്ന ഇറ്റിറ്റിപ്പുള്ളുകള്‍,മൈനകള്‍,മറ്റു ചെറുപക്ഷികള്‍,പൂമ്പാറ്റകള്‍ അവരൊക്കെ കൂട്ടിനുണ്ടാവും.
ഓണത്തിന്റെ ഓര്‍മകളില്‍ ഇന്നും ജീവന്‍ തുടിച്ചു നില്‍ക്കുന്നതും അതിമനോഹരവുമായ മറ്റൊന്ന് ഓണവേടന്റേതാണ്.വേടന്റെ രൂപത്തില്‍ വരുന്ന ചെറിയ കുട്ടിയും ചുമലില്‍ തൂക്കിയ ചെണ്ടയില്‍ പതിഞ്ഞ താളത്തില്‍ കൊട്ടിപ്പാടുന്ന മുതിര്‍ന്ന മനുഷ്യനും വടക്കന്‍ കേരളത്തിന്റെ ഓണത്തിന് ഇപ്പോഴും സവിശേഷമായൊരു ഭംഗിയും ചൈതന്യവും നല്‍കുന്നു.
ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം തൊട്ട് ക്ളാസ്സിലും പുറത്തും പലരും കയ്യെഴുത്തു മാസികകള്‍ പുറത്തിറക്കിയിരുന്നു.പുലരി,ഓണം,ചിങ്ങം,മാവേലി എന്നൊക്കെ പേരിട്ടിരുന്ന ആ മാസികകളുടെ ഓരോ വര്‍ഷത്തെയും ആദ്യലക്കം പുറത്തിറങ്ങിയിരുന്നത് മിക്കവാറും ഓണക്കാലത്താണ്.അതിലെ സാഹിത്യചിത്ര വിരുന്നുകളുടെ വിസ്മയത്തെ മറികടക്കാന്‍ അച്ചടിയിലെ ഒരോണപ്പതിപ്പിനും ഇന്നും കഴിയുന്നില്ല.
(2006 ആഗസ്ത് 31 ന്റെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

1 comment:

  1. ഓണസ്മരണകള്‍ക്കെത്ര ഇമ്പം

    ReplyDelete