Pages

Friday, January 10, 2014

കണ്ടെടുക്കാത്ത പറുദീസകള്‍

പുതുമകള്‍ പലതുമുള്ള കൗതുകകരമായൊരു പുസ്‌തകമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകള്‍'.ആസാം,അരുണാചല്‍ പ്രദേശ്‌,നാഗാലാന്റ്‌,മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ കള്‍ച്ചറല്‍ കൊളീഗ്‌സ്‌ എന്ന പേര്‌ സ്വീകരിച്ചിരിക്കുന്ന പത്തോളം കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുപ്പത്തിയേഴ്‌ പേരുടെ സംഘം നടത്തിയ യാത്രയുടെ അനുഭവവിവരണങ്ങള്‍,ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവയുടെ സമാഹാരമാണിത്‌.വി.അബ്ദുള്‍ ലത്തീഫ്‌ എഡിറ്റ്‌ ചെയ്‌തിരിക്കുന്ന പുസ്‌കത്തിന്റെ പ്രസാധകര്‍ കോഴിക്കോട്ടെ പ്രോഗ്രസ്‌ പബ്ലിക്കേഷനാണ്‌.ചിത്ര എന്ന കുട്ടി വരച്ച 'സീറോയിലെ ലോഡ്‌ജ്‌' എന്ന രേഖാചിത്രമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകളി'ലെ ആദ്യരചന.
ഡോ.കെ.എസ്‌.വാസുദേവനാണ്‌ ഇങ്ങനെയൊരു കൂട്ടായ്‌മയും യാത്രയും പുസ്‌തകവും സാധ്യമാക്കിയതെന്ന്‌ അബ്ദുള്‍ ലത്തീഫ്‌ 'ഒരു യാത്ര,പല അനുഭവങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആമുഖത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.യാത്രാസംഘത്തിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും പെയിന്റിങ്ങും കവിതയും ഉള്‍പ്പെടെ പുസ്‌്‌തകത്തിന്റെ ഉള്ളടക്കം മൊത്തത്തില്‍ ആകര്‍ഷകമാണ്‌.ഉമ്മര്‍ ടി.കെയുടെ 'നാഗാലാന്റിലെ മാര്‍ക്കറ്റ്‌' വിവരങ്ങളുടെ പുതുമ കൊണ്ടും മുഹമ്മദ്‌ റാഫിയുടെ 'ഓര്‍മയിലെ നദിദ്വീപ്‌' ഭാഷയുടെ മികവ്‌ കൊണ്ടും പ്രത്യേകം ശ്രദ്ധേയമായി തോന്നി.ആസാമില്‍ യാത്രാസംഘത്തിന്റെ മുഖ്യ ആതിഥേയനായിരുന്ന ബിപുല്‍ റേഗന്‍ എന്ന കവിയെ കുറിച്ച്‌ കവി പി.എന്‍.ഗോപീകൃഷ്‌ണന്‍ എഴുതിയ ലേഖനവും ബിപുല്‍ റേഗനുമായി അബ്ദുള്‍ ലത്തീഫ്‌ നടത്തിയ അഭിമുഖവും പുസ്‌തകത്തിലുണ്ട്‌.
'യഥാര്‍ത്ഥത്തില്‍ യാത്രകള്‍ സ്വയം തിരിച്ചറിയാനുള്ള ഉപാധി കൂടിയാണ്‌.നമ്മുടെ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ഒരു പോലെ തിരിച്ചറിയപ്പെടുന്ന അവസരം.ഓരോ യാത്രകളും നമ്മത്തന്നെ മാറ്റിത്തീര്‍ക്കുന്നവയും കൂടിയാണ്‌.അതുവരെ ജീവിച്ച ജീവിതമല്ല പിന്നീടുള്ളത്‌' എന്ന്‌ 'യാത്രയുടെ പെണ്ണനുഭവം' എന്ന ലേഖനത്തില്‍ കലിത എഴുതിയത്‌ തീര്‍ച്ചയായും ശരിയാണ്‌.യാത്ര കേവലം അനുഭവം എന്ന അവസ്ഥ വിട്ട്‌ ഒരു വിശ്വാസപ്രമാണം തന്നെ ആയിത്തീരുന്ന കാലമാണിത്‌.മതവും രാഷ്ട്രീയവും മാത്രമല്ല കലയും മനുഷ്യന്റെ ഏറ്റവും പുതിയ മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വലിയൊരളവോളം പരാജയപ്പെടുകയും അവയ്‌ക്കെല്ലാം പകരമായി യാത്ര ഏറ്റവും വിശ്വസനീയവും സൗന്ദര്യപൂര്‍ണവും ജീവിതപ്രചോദകവുമായ ആത്മീയ/പ്രത്യയശാസ്‌ത്ര അനുഭവമായിത്തീരുകയും ചെയ്യുന്നു എന്ന തോന്നലില്‍ വളരെയേറെ പേര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ജീവിതാവസ്ഥയുടെ മലയാളത്തിലെ ആദ്യത്തെ അടയാളപ്പെടുത്തലാണിത്‌.ഇതിനു മുമ്പ്‌ ഭാഷയിലുണ്ടായ യാത്രാവിവരണങ്ങളുടേതില്‍ ന്‌ിന്നെല്ലാം വ്യത്യസ്‌തമാണ്‌ ഈ പുസ്‌്‌തകം നിര്‍വഹിക്കുന്ന ധര്‍മം.

2 comments:

  1. പുതുമയുള്ള പുസ്തകരചന

    ReplyDelete
  2. കണ്ടെടുക്കാത്ത പറുദീസകൾക്ക് കിട്ടുന്ന ആദ്യത്തെ റിവ്യൂവാണ് പ്രഭാകരൻമാഷിന്റെ ഈ കുറിപ്പ്. ചെറിയൊരു പേടിയോടെയാണ് ഈ പുസ്തകത്തിന്റെ പണി തുടങ്ങിയത്. വായനക്കാരിൽനിന്നുള്ള നല്ല പ്രതികരണങ്ങൾ ആവേശമുണ്ടാക്കുന്നു.
    വി.അബ്ദുൾ ലത്തീഫ്
    എഡിറ്റർ, കണ്ടെടുക്കാത്ത പറുദീസകൾ

    ReplyDelete