Pages

Sunday, January 25, 2015

വിദ്യാഭ്യാസനിലവാരം

വിദ്യാഭ്യാസനിലവാരത്തിന്റെ ഭയാനകമായ തകർച്ചയെ കുറിച്ച് ഔദ്യോഗിക ഏജൻസികൾ പോലും വിലപിച്ചു തുടങ്ങിയിട്ടുണ്ട്.അഞ്ചാം ക്ലാസ്സുകാരിക്ക് രണ്ടാം ക്ലാസ്ലിലെ പാഠപുസ്തകം എന്തുകൊണ്ട് വായിക്കാൻ പറ്റുന്നില്ല?,പത്താം ക്ലാസ്സുകാരിൽ ചിലർക്കെങ്കിലും സ്വന്തം പേര് പോലും തെറ്റ് കൂടാതെ എഴുതാനാവാതെ പോവുന്നതെന്തുകൊണ്ട?്,ബിരുദാന്തരബിരുദം നേടിയ പലർക്കും സ്വന്തം വിഷയത്തിന്റെ പ്രാഥമികപാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്കുപോലും ഉത്തരം പറയാനാവാത്തതെന്തുകൊണ്ട്?എന്നിങ്ങനെയുള്ള അസ്വസ്ഥ്യജനകമായ അനേകം ചോദ്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്.
പഴയ സിലബസ്സും പഴയ അധ്യയനരീതിയുമായി വിദ്യാഭ്യാസമേഖലക്ക് മുന്നോട്ടു പോവാനാവില്ലെന്ന കാര്യം തീർച്ചയാണ്.ജീവിതം വളരുകയും മാറുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്.പുതിയ തൊഴിൽ മേഖലകൾ,പുതിയ സാധ്യതകൾ,ആശയാവിഷ്‌ക്കാരത്തിനും വിനിമയത്തിനുമുള്ള നൂതനസങ്കേതങ്ങൾ,സഞ്ചാരത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങൾ ഇവയെ കുറിച്ചൊക്കെയുള്ള ധാരണകൾ യുവജനങ്ങൾക്കുണ്ട്.തങ്ങൾ നേടുന്ന വിദ്യാഭ്യാസം ഇവയുമായൊന്നും
 ബന്ധമില്ലാത്ത പഴയ മണിപ്രവാളവും പഴയ അശോകചക്രവർത്തിയും വേഡ്‌സ്‌വർത്തിന്റെ കവിതയും മാത്രമുള്ളതാണെന്നു വന്നാൽ സ്വാഭാവികമായും അവർ അതിനു നേരെ മുഖം തിരിക്കും.അതേ സമയം മനുഷ്യവംശം നാളിതുവരെ ആർജിച്ച സംസ്‌കാരത്തിന്റെ അതിബ്രഹത്തായ ഈടുവെപ്പുകളുമായി  കാര്യമായി ഒരു ബന്ധവും സ്ഥാപിച്ചെടുക്കാതെ കുറച്ച് മാനേജ്‌മെന്റ് തന്ത്രങ്ങളും വ്യാപാരത്തിനുള്ള അടവുകളും മാത്രം പഠിച്ച് പുറത്തിറങ്ങുന്ന യുവജനങ്ങൾ സാമൂഹ്യജീവിതത്തെ ആകമാനം വൈകാരികവും ബൗദ്ധികവുമായ വരൾച്ചയിലേക്കു മാത്രമേ നയിക്കുകയുള്ളൂ താനും.
ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം?സാഹിത്യം,കല,ചരിത്രം,ദർശനം,നരവംശശാസ്ത്രം,ശുദ്ധസശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ അവ ഓരോന്നിലും സംഭവിച്ച വളർച്ചകൾക്ക് പ്രാമുഖ്യം നൽകി അവയുടെ സംസ്‌ക്കാരത്തിന് ഒരു പോറലുമേൽക്കാതെ സ്‌കൂളുകളിലും കോളേജുകളിലും  നിലനിർത്തുക,ഒപ്പം ദിവസവും ഒരു മണിക്കൂർ വിതമെങ്കിലും വിദ്യാർത്ഥിയുടെ താല്പര്യത്തിനനുസരിച്ച് ഏതെങ്കിലുമൊരു തൊഴിലുമായി ബന്ധപ്പെടുന്ന പ്രായോഗിക കാര്യങ്ങൾ പഠിപ്പിക്കുക,കൃഷി,വയറിംഗ്,പ്ലംബിംഗ് തുടങ്ങിയ വിഷയങ്ങൾ തൊട്ട് പുസ്തകപ്രസാധനം,പത്രപ്രവർത്തനം,ഹോട്ടൽ മാനേജ്‌മെന്റ്,ഹോസ്പിറ്റൽ മാനേജ്‌മെന്റ്,ബിസിനസ് അഡ്മിനിസ്‌ട്രേഷൻ,മൊബൈൽ -കംപ്യൂട്ടർ റിപ്പയറിംഗ്,സിനിമാട്ടോഗ്രാഫി എന്നിവ വരെയുള്ള അനേകം വിഷയങ്ങൾ ഈ വിധത്തിൽ പഠിപ്പിക്കാവുന്നതേയുള്ളൂ.വിദ്യാർത്ഥികളെ അവരുടെ പ്രായത്തിന് ഇണങ്ങുന്ന വിഷയങ്ങളേ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാവൂഎന്നു മാത്രം.
 സ്‌കൂളുകളിലും കോളേജുകളിലും ഇന്ന് നിലവിലുള്ള സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് ഇത് സാധ്യമാവില്ലെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.സൗകര്യങ്ങൾ വർധിപ്പിക്കുക അസാധ്യമായ കാര്യമല്ല.ഗവണ്മെന്റ് മറ്റ് പലതിനുമായി എത്രയോ പണം ദുർവിനിയോഗം ചെയ്യുന്നുണ്ട്, കുത്തകക്കമ്പനികൾക്ക് എത്രയോ കോടി രൂപ പൊതുമേഖലാബാങ്കുകളിൽ നിന്ന് വായ്പ അനുവദിക്കുന്നുണ്ട്.ആയി രക്കണക്കിന് കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളുന്നുണ്ട്.
ഇങ്ങനെയുള്ള ധനം വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി വിനിയോഗിക്കാൻ തയ്യാറാണെങ്കിൽ
പ്രശ്‌നം അനായാസമായി പരിഹരിക്കാനാവും.
 തൊഴിലുമായി ബന്ധപ്പെട്ട പ്രായോഗികപരിജ്ഞാനം സംസ്‌കാരപഠനം,സൗന്ദര്യാസ്വാദനപരിശീലനം എന്നിവയെ ഞെരിച്ചു കളയുന്ന അവസ്ഥ ഒരു സാഹചര്യത്തിലും ഉണ്ടാവരുത്.ഏത് സംഗതിയെയും കേവലമായ യുക്തിബോധത്തോടും ലാഭചിന്തയോടും സാമർത്ഥ്യത്തോടും കൂടി മാത്രം സമീപിക്കുന്നവർ സാമൂഹ്യജീവിതത്തിലെ സമസ്ത വ്യവഹാരങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഘട്ടം വന്നാൽ മനുഷ്യൻ എന്ന വാക്കിനു തന്നെ അർത്ഥമില്ലാതായത്തീരും.
                                                                                                          25/1/2015

No comments:

Post a Comment