Pages

Saturday, January 17, 2015

എഴുത്ത്‌

'വാനക്കാരെ നിരാശപ്പെടുത്തരുത് 'എന്നത് പണ്ടൊക്കെ എഴുത്തുകാർക്ക് പൊതുവായി നൽകപ്പെട്ട ഉപദേശമായിരുന്നു.വളരെയേറെ പേർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ എഴുതണമെന്ന് ഒരു കാലത്ത് ഞാനും ആഗ്രഹിച്ചിരുന്നിരിക്കാം.പക്ഷേ,ഇപ്പോൾ ആ ചിന്തയുടെ സ്ഥാനത്ത് ഒട്ടും കാപട്യം കലരാതെ എഴുതാനാവണം,മാർക്കറ്റിന് വഴങ്ങാതെ എഴുതാനാവണം,കൊണ്ടാടപ്പെടാൻ അല്പമായിപ്പോലും ആഗ്രഹിക്കാതെ എഴുതാനാവണം എന്നൊക്കെയുള്ള വിചാരങ്ങളേ ഉള്ളൂ.എല്ലാ വായനക്കാരെയും രസിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത് യഥാർത്ഥത്തിൽ ഒരസാധ്യതയാണ്.കാരണം വളരെ ലളിതമാണ്.വായനക്കാർ പല തരക്കാരാണ്;ഭാവുകത്വത്തിന്റെ പല തലങ്ങളിൽ നിൽക്കുന്നവരാണ്.കാരൂർകഥകൾക്കപ്പുറത്ത് ഒന്നും വായിക്കാതരിക്കുകയും 'കാരൂർസാറിനെ പോലെ എഴുതുന്ന വല്ലവരും ഇന്നുണ്ടോ?' എന്ന് ചോദിക്കുകയും ചെയ്യുന്നവർ തൊട്ട് 'ഞാനിപ്പോൾ മലയാളത്തിലുള്ള ഒന്നും വായിക്കാറില്ല,എല്ലാം സബ്‌സ്റ്റാൻഡേർഡ്'എന്ന് പറയുന്നവർ വരെ വായനക്കാരുടെ കൂട്ടത്തിലുണ്ട്.അവരെ മുഴുവൻ തന്റെ സാഹിത്യസങ്കല്പങ്ങൾക്ക് വഴങ്ങുന്നവരാക്കി മാറ്റിക്കളയാം എന്ന്‌
ഒരെഴുത്തുകാരനും/എഴുത്തുകാരിയും ചിന്തിച്ചുപോകരുത്.അത്തരത്തിലുള്ള വ്യാമോഹങ്ങൾക്കെല്ലാം അപ്പുറത്തു വെച്ച് മാത്രമേ എഴുത്ത് സംഭവിക്കേണ്ടതുള്ളൂ.
17/1/2015

2 comments: