Pages

Saturday, January 24, 2015

ക്ലാസ്സിക്കുകളിൽ നിന്ന് അകലുമ്പോൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിലെ ഒരു സഹകരണ വിദ്യാഭ്യാസസ്ഥാപനത്തിൽ ഒരു ചലച്ചിത്രമേള നടക്കുകയുണ്ടായി.മേളയിലെ ആദ്യചിത്രം 'പഥേർ പാഞ്ചാലി ' ആയിരുന്നു. സത്യജിത് റായിയുടെഈ വിശ്രുതചിത്രത്തിന്റെ പ്രദർശനം ആരംഭിച്ച് ഏതാനും മിനുട്ടുകൾക്കകം വിദ്യാർത്ഥികൾ അസ്വസ്ഥരായി.'ഇങ്ങനെയൊരു ബോറ്'കണ്ടു നിൽക്കാനാവില്ലെന്നു പറഞ്ഞ് അവർ ബഹളം വെച്ചു.സംഘാടകർക്ക്  ചിത്രത്തിന്റെ പ്രദർശനം നിർത്തേണ്ടി വരികയും ചെയ്തു.
ലോകജീവിതം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.സാഹിത്യമായാലും സിനിമയായാലും  ക്ലാസ്സിക്കുകളിൽ ആവിഷ്‌ക്കരിക്കപ്പെട്ട പ്രശ്‌നങ്ങളല്ല പുതിയ കാല മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ ക്ലാസ്സിക്കുകൾ മാത്രം വായിച്ചും കണ്ടും ആളുകൾക്ക് തൃപ്തിപ്പെടാൻ കഴിയില്ല.അവർ പുതിയ പുതിയ ആശയങ്ങൾക്കും അനുഭൂതികൾക്കും വേണ്ടി ദാഹിച്ചുകൊണ്ടേയിരിക്കും.അതിന്റെ അർത്ഥം ക്ലാസ്സിക്കുകളെ വെറുക്കുന്നതും നിന്ദിക്കുന്നതും അഭികാമ്യമാണെന്നല്ല.മനുഷ്യപ്രജ്ഞയിലും ഭാവനയിലും അവ സൃഷ്ടിച്ച വലിയ മുന്നേറ്റങ്ങൾ എക്കാലത്തും ആദരിക്കപ്പെടണം.അവയ്ക്കു പകരം പുതിയ കാലത്തിന്റെ സാഹിത്യം എന്നോ  സിനിമ എന്നോ പറഞ്ഞ് കോമാളിത്തങ്ങളെ എഴുന്നള്ളിക്കുന്നത് പരിഹാസ്യമേ ആവൂ.പുതിയ സാഹിത്യവും പുതിയ സിനിമയും യഥാർത്ഥത്തിൽ പുതുത് തന്നെ ആയിരിക്കണം.അത് ചരിത്രത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ നിന്നുകൊണ്ടു തന്നെ സമകാലീന ജീവിതത്തെ ആഴത്തിൽ പരിശോധിക്കണം.അപ്പോൾ അവ ക്ലാസ്സിക്കുകളുടെ നിഷേധമായിരിക്കില്ല; അവയുടെ കൂടി സംസ്‌കാരം ഉൾക്കൊണ്ടുകൊണ്ടുള്ള പുതിയ സർഗാത്മകാനുഭവങ്ങളായിരിക്കും.അത്തരം കൃതികളുടെ രചന ഇക്കാലത്ത് തീർച്ചയായും വളരെ വിഷമകരമാണ്.പുതിയ ജീവിതം അതിനുള്ള ഏകാഗ്രത ആർക്കും അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം.വ്യക്തിപരവും സാമൂഹ്യവുമായ നാനാതരം ഉത്തരവാദിത്വങ്ങൾ,ഉപചാരങ്ങൾ,ഉത്കണ്ഠകള്‍,ആഘോഷങ്ങൾ ജീവിതം വല്ലാതെ  ഉപരിപ്ലവമായിരിക്കുന്നു.സ്വന്തം വേദനകളോടു പോലും സത്യസന്ധരായിരിക്കാൻ ആവാത്ത വിധം ലോകം ഓരോരുത്തരെയും മറ്റെന്തിലേക്കെങ്കിലുമൊക്കെ നിരന്തരം പിടിച്ചുവലിച്ചുകൊണ്ടേയിരിക്കുന്നു.

24/1/2015

1 comment: