Pages

Monday, June 22, 2015

വായന

പാഠപുസ്തകങ്ങളുടെ വായന എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം കൃത്യമായ ധാരണയുണ്ട്.പക്ഷേ,'സാഹിത്യകൃതികളും പഠനാവശ്യത്തിന്റെ പരിധിയിൽ വരാത്ത മറ്റു പുസ്തകങ്ങകങ്ങളും എന്തിന് വായിക്കണം?' എന്ന് നെറ്റി ചുളിക്കുന്നവരായി ഇപ്പോഴും ഒരുപാട് പേരുണ്ട്.
വായനയുടെ ഫലങ്ങൾ അക്കമിട്ട് പറയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.ലോകത്തിലെ കോടിക്കണക്കിന് മനുഷ്യർ പുസ്തക വായന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഗതിയാണെന്ന് കരുതുന്നുണ്ട്.പുസ്തകങ്ങൾ അവരെ വൈകാരികമായും ബൗദ്ധികമായും ഉത്തേജിപ്പിക്കുന്നുണ്ടെന്നതിന് മറ്റ് തെളിവുകളൊന്നും ആവശ്യമില്ല.
വെങ്ങര 'കസ്തൂർബാസ്മാരക ഗ്രന്ഥാലയം' വഴിയാണ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാൻ വായനയുടെ അനന്തവിശാലമായ ലോകത്തേക്ക് പ്രവേശിച്ചത്.എന്റെ ഉന്നത വിദ്യാഭ്യാസം ഇന്ന വഴിയിലൂടെയായിരിക്കണമെന്നു നിർണയിച്ചതിലും എഴുത്തുജീവിതത്തെ പരുവപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിച്ചത് വായന തന്നെയാണ്.
വായന ആളുകളെ സഹായിക്കുന്നത് പല തരത്തിലായിരിക്കും.കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും ആവിഷ്‌ക്കരിക്കപ്പെടുന്ന ജീവിതങ്ങളിലൂടെ ചെറുപ്രായത്തിൽ കടന്നുപോവുന്നവർ അവരറിയാതെ വിശാലമായൊരു ലോകധാരണ സ്വരൂപിക്കും.മനുഷ്യർ പല പ്രകൃതക്കാരാണെന്നും അവർ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും വളരെ വ്യത്യസ്തമാണെന്നും അവർ മനസ്സിലാക്കും. മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളും ആഴങ്ങളും അവർ അടുത്തറിയും.ഈ അറിവുകളുടെ ഫലം അളന്നുതിട്ടപ്പെടുത്താവുന്നതല്ല. വിവിധഭാഷകളിൽ വിവിധകാലങ്ങളിൽ ഉണ്ടായ മഹത്തായ സാഹിത്യകൃതികൾ ലോകജീവിതത്തെ നവീകരിച്ച് മുന്നോട്ടു  കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.നിർണായകമായ എത്രയോ സന്ദർഭങ്ങളിൽ പല ജനതകളുടെയും വിമോചനപ്പോരാട്ടങ്ങൾക്ക് സാഹിത്യം തുണനിന്നിട്ടുമുണ്ട്.
ചില സാഹിത്യകൃതികൾ ജീവിതത്തെ കുറിച്ച് സൃഷ്ടിക്കുന്ന  ധാരണകൾ  തീർത്തും ഭാഗികമോ വലിയ അളവിൽ തെറ്റിദ്ധാരണാജനകമോ ആവാം.ആധുനികതയുടെ കാലത്ത് മലയാളത്തിൽ ഉണ്ടായ ചില നോവലുകൾ അങ്ങനെയുള്ളവയായിരുന്നു.അത്തരം കൃതികളെ വളരെ അനുകരണാത്മകമായി,അല്ലെങ്കിൽ കൂടിയ അളവിലുള്ള വിധേയത്വമനോഭാവത്തോടു കൂടി വായിക്കുന്നത് തീർച്ചയായും വിനാശകരമായിരിക്കും.വിവേചന ബുദ്ധിയോടെ വായിക്കാനും വായനയിലൂടെ കൈവരുന്ന അനുഭവങ്ങളെ പുന:പരിശോധിക്കാനും വായനക്കാരെ പ്രാപ്തരാക്കുന്നത് സാഹിത്യപഠനങ്ങളും നിരൂപണങ്ങളുമാണ്.എല്ലാ വായനക്കാരും ഈ വിഭാഗത്തിൽ പെടുന്ന കൃതികളെ താൽപര്യപൂർവം സമീപിച്ചുകൊള്ളണമെന്നില്ല.എങ്കിലും അവ ഉൽപാദിപ്പിക്കുന്ന ആശയങ്ങൾ വായനയുടെ പരിസരങ്ങളിൽ സജീവമായി നിലനിൽക്കേണ്ടതുണ്ട്.
ഓരോ കാലത്തും ഭാവുകത്വം മാറുകയും സാഹിത്യത്തിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്ന അനുഭവങ്ങളും അനുഭൂതികളും തൊട്ടുമുൻപുള്ള കാലത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമാവുകയും ചെയ്യുന്നത് സാധാരണമാണ്.എന്നാൽ ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി രൂപപ്പെടുന്നതിന് പകരം കേവലമായ വ്യാപാര താൽപര്യത്തോടെ നിർമിച്ചെടുക്കപ്പെടാറുമുണ്ട്.ജാഗരൂകമായ ഒരു വായനാസമൂഹത്തിന് മാത്രമേ ഇതിലെ അന്തരം തിരിച്ചറിയാനാവൂ.കേരളത്തിലെ ഏറ്റവും പുതിയ വായനാസമൂഹത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വായന തളരുന്നു എന്നൊരു തോന്നൽ ഇടക്കാലത്ത് ഉണ്ടായിരുന്നു.പക്ഷേ,കാര്യങ്ങൾ മാറിക്കൊണ്ടിരിക്കയാണ്.വായനയിലേക്ക് പുതിയ തലമുറയും പഴയ തലമുറയും വർധിച്ച ഉത്സാഹത്തോടെ തിരിച്ചുവരുന്നതായി കാണുന്നുണ്ട്.സങ്കീർണമായ ഒട്ടുവളരെ പ്രശ്‌നങ്ങൾക്കിടയിലും സാഹിത്യത്തിൽ നിന്ന് മലയാളിസമൂഹം ഇപ്പോഴും കാതലായ പല മാനസികാനുഭവങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നു തന്നെയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്.

No comments:

Post a Comment