Pages

Sunday, May 15, 2016

വായന

സ്വർഗത്തെ  ഒരു  ഗ്രന്ഥശാലയായി വിഭാവനം ചെയ്തയാളാണ് അർജന്റീനൻ കഥാകാരനായ ഗോർഗ് ലൂയി ബോർഹസ്.ബോർഹസിന്റെ ദി ലൈബ്രറി ഓഫ് ബാബേലിൽ ഈ മഹാപ്രപഞ്ചം,ഇപ്പോൾ നിലനിൽക്കുന്നതും ഇനി വികസിക്കാനിരിക്കുന്നതുമായ ഈ പ്രപഞ്ചം ആകെത്തന്നെ വിചിത്രമായ ഒരു ലൈബ്രറിയാണ്.പുസ്തകത്തെ ജീവിതത്തിന്റെ പ്രതിബിംബമായി അംഗീകരിച്ചുകൊണ്ടുള്ള പല സാഹിത്യകൃതികളും പല ഭാഷകളിലായി ഉണ്ടായിട്ടുണ്ട്  The Book of Life എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു നോവലും(Deborah Harkness)കംപ്യൂട്ടർ ആനിമേറ്റഡ് മ്യൂസിക്കൽ കോമഡിയും ഉണ്ട്.മലയാളത്തിലെ 'ആയുസ്സിന്റെ പുസ്തക'വും( സി.വി.ബാലകൃഷ്ണൻ) 'ജീവതത്തിന്റെ പുസ്തക'വും( കെ.പി.രാമനുണ്ണി) വായനക്കാർക്ക് സുപരിചിതമായ നോവലുകളാണ്.
കലയും സാഹിത്യവും ഇല്ലാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന കാര്യം ആദിമകാലം മുതൽക്കേ മനുഷ്യൻ തിരിച്ചറിഞ്ഞതാണ്.കലാനിർമാണത്തിനും ആസ്വാദനത്തിനുമുള്ള ജന്മവാസന ശിലായുഗം മുതൽക്കേ എല്ലാ മനുഷ്യർക്കും ഉണ്ടായിരുന്നുവെന്നാണ് സൗന്ദര്യശാസ്ത്രകാരന്മാർ ഏറ്റവും ഒടുവിലായി കണ്ടെത്തിയിട്ടുള്ളത്. അതിന് Art Instinct എന്ന് പേരും നൽകപ്പെട്ടുകഴിഞ്ഞു. ഗുഹാചിത്രങ്ങൾ,വാമൊഴിയായി തലമുറകൾ പകർന്നെത്തിയ അതിപുരാതനമായ കഥകൾ,ഗാനങ്ങൾ,വീരന്മാരുടെ ചരിത്രം പറയുന്ന കഥാഗാനങ്ങൾ എന്നിവയെല്ലാം ഈ ജന്മവാസനയ്ക്കുള്ള പിൽക്കാല തെളിവുകളാണ്.എഴുത്തുവിദ്യ  വശമാക്കിയ കാലം തൊട്ടേ കഥകളും കവിതകളും മുൻതലമുറകളുടെ ആർജിതവിജ്ഞാനുവമെല്ലാം ഭാവിക്കുവേണ്ടി കരുതി വെക്കുന്ന ശ്രമകരമായ ജോലിയും ആരംഭിച്ചു.ഗുട്ടൻബർഗ് യുഗം ആരംഭിച്ചതുമുതൽ (1439 )ഈ പ്രവൃത്തി ആയാസരഹിതമായിത്തുടങ്ങി. മനുഷ്യൻ കംപ്യൂട്ടർയുഗത്തിലേക്ക് പ്രവേശിച്ചതോടെ പുസ്തകങ്ങളുടെ നിർമാണം ഒന്നുകൂടി എളുപ്പമായി.ഇപ്പോഴാണെങ്കിൽ അച്ചടി തന്നെ നിർബന്ധമല്ലെന്ന അവസ്ഥയിലും നാം എത്തി.ലാപ്‌ടോപ്പിന്റെയും സമാനസ്വഭാവമുള്ള മറ്റ് ഉപകരണങ്ങളുടെയും  സ്‌ക്രീനിൽ മഹാഗ്രന്ഥങ്ങൾ തന്നെ വായിക്കാൻ പരിശീലിച്ചുതുടങ്ങിയ ഒരു തലമുറ കേരളത്തിലും ഉണ്ടായി വരികയാണ്
ഏത് രൂപത്തിലായാലും പുസ്തകം മനുഷ്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്ന കാര്യം ഇക്കാലത്ത് ആരെയും പ്രത്യേകമായി പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല.എന്നാൽ പഠനത്തിന് ഉപയോഗിക്കാവുന്നവയും പല പ്രവൃത്തികൾക്കാവശ്യമായ വിവരങ്ങൾ നൽകുന്നവയും അല്ലാതുള്ള പുസ്തകങ്ങൾ എന്തിന് വായിക്കണം എന്നതിനെ കുറിച്ച് ധാരണയില്ലാത്തവരായി ഒരുപാട് പേരുണ്ട്.ഒരു പക്ഷേ,ജനങ്ങളിൽ ഭൂരിപക്ഷവും അങ്ങനെയുള്ളവരാണെന്ന് പറയുന്നതാവും ശരി.
സർഗാത്മസാഹിത്യത്തിന്റെ വായനകൊണ്ട് ഉണ്ടായേക്കാവുന്ന നേട്ടങ്ങൾ അക്കമിട്ടെഴുതുന്നതിൽ അർത്ഥമില്ല.ഒരു സാഹിത്യകൃതി എല്ലാവരിലും ഒരേ ഫലങ്ങളല്ല ഉണ്ടാക്കുക.ക്ലാസിക് എന്ന് പൊതുസമ്മതി നേടിയ കൃതികൾ തന്നെയും എല്ലാവരിലും ഒരേ അളവിലുള്ള താൽപര്യം തന്നെ ഉണർത്തിക്കൊള്ളണമെന്നില്ല.കാലവും ജീവിതസാഹചര്യങ്ങളും മാറിക്കഴിയുന്നതോടെ പഴയ കാലത്തെ മഹത് രചനകളിൽ ചിലത് പ്രചോദനാത്മകമായി ഒന്നുമില്ലാത്ത സാധാരണ സാഹിത്യകൃതികൾ മാത്രമായി പലർക്കും അനുഭവപ്പെടാം. വിവിധ മേഖലകളിൽ സംഭവിക്കുന്ന വിജ്ഞാനവികാസം പ്രപഞ്ചത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച ധാരണകളിൽ മാറ്റം വരുത്തിക്കൊണ്ടേയിരിക്കും.ഇത്തരം മാറ്റങ്ങൾ മനുഷ്യന്റെ അവധാരണശേഷിയെത്തന്നെ ഓരോ ചുവട് മുന്നോട്ടുകൊണ്ടുപോകുന്നതോടെ പിന്നിട്ട കാലത്തെ പല ജീവിത ധാരണകളും അനുഭവസ്വീകാരത്തിന്റെ പല രീതികളും കാലഹരണപ്പെട്ടതായി അനുഭവപ്പെടും.പഴയ സാഹിത്യകൃതികൾക്കും ഇത് ബാധകമാണ്.അവയിൽ പലതും അവയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വായിക്കാമെന്നല്ലാതെ നമുക്ക്  സൗന്ദര്യാനുഭൂതികൾ നൽകാനുള്ള അവയുടെ ശേഷി വലിയ തോതിൽ  പരിമിതപ്പെട്ടു കഴിഞ്ഞിരിക്കും എന്നതാണ് വസ്തുത.വളരെ കുറച്ച് കൃതികൾ മാത്രമാവും ഓരോ കാലത്തും പുതിയ പാരായണസാധ്യതകളോടെ വായനക്കാരെ ആകർഷിച്ചുകൊണ്ടേയിരിക്കുക.ആഖ്യാനശൈലിയിലും ഘടനയിലുമൊക്കെ കാലപ്പഴക്കത്തിന്റെ മുദ്രകൾ തെളിഞ്ഞുകാണാവുന്ന അവസ്ഥയിലായിരിക്കുമെങ്കിലും അവയെയെല്ലാം മറികടന്നുകൊണ്ട് വായനക്കാർക്ക് വൈകാരികവും ബൗദ്ധികവുമായ പുതിയ അനുഭവങ്ങൾ നൽകാൻ അത്തരം കൃതികൾക്ക് കഴിയും.
ക്ലാസ്സിക്ക് ആയി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഒരു കൃതിയെ പുതിയ വായനക്കാർ സമീപിക്കുന്നത് വളരെ ആദരവോടെയായിരിക്കും.തങ്ങൾക്ക് അവയിൽ നിന്ന് പലതും ലഭിക്കാനുണ്ടെന്നും അവയിൽ ഒന്നുപോലും നഷ്ടമായിപ്പോവരുതെന്നും ഉള്ള മുൻധാരണയോടെ   കരുതലോടെയാണ് അവർ വായന നിർവഹിക്കുക.എന്നിട്ടുപോലും എല്ലാ ക്ലാസ്സിക്കുകളും എല്ലാവർക്കും ഒരേ വായനാനുഭവമല്ല നൽകുന്നത്.തങ്ങൾ ദീർഘകാലം അടുത്തുപരിചയിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്ത കൃതികളെ അടിസ്ഥാനമാക്കി സാഹിത്യകൃതികൾക്ക് ഉണ്ടായിരിക്കേണ്ട സൗന്ദര്യത്തെയും ഇതരമൂല്യങ്ങളെയും കുറിച്ച് സ്വരൂപിച്ചുവെച്ച ധാരണകളിൽ നിന്ന് ഒരാൾക്ക് വളരെയൊന്നും മുന്നോട്ടുപോവാനാവില്ല.സ്വന്തം ഭാവുകത്വത്തെ പുതിയ വായനാനുഭവങ്ങളുടെ വെളിച്ചത്തിൽ നവീകരിച്ചുകൊണ്ടേയിരിക്കണമെന്ന നിർബന്ധം പലർക്കും ഉണ്ടാവുകയുമില്ല.അതൊക്കെ കൊണ്ടാണ് കുട്ടികൃഷ്ണ മാരാർക്ക് ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും'  ഇഷ്ടപ്പെടാതെ പോയത്.
വായനയിൽ പ്രാദേശികമായി രൂപപ്പെട്ടു വന്ന അഭിരുചികൾ വലിയ അളവിൽ സ്വാധീനം ചെലുത്തുമെന്നതാണ് മറ്റൊരു വസ്തുത.തിരുവിതാംകൂർ പ്രദേശത്ത് ജനിച്ചുവളർന്ന ഒരാൾക്ക് വളരെ ഗംഭീരമായി അനുഭവപ്പെടുന്ന ഒരു കൃതി വടക്കൻകേരളത്തിലെ ഒരാൾക്ക് വായിച്ചുമുന്നോട്ടുപോവാൻ പ്രയാസം തോന്നുന്ന ഒന്നായി അനുഭവപ്പെടാം.ചരിത്രവും നാട്ടറിവുകളും പ്രാദേശികമായി പ്രചാരത്തിലുള്ള കഥകളിലൂടെ രൂപപ്പെട്ടുവന്ന കഥാപാത്രസങ്കല്പവുമെല്ലാം അതിന് കാരണമാകാം.സി.വി.രാമൻപിള്ളയുടെ നോവലുകൾ തെക്കൻകേരളത്തിലെയും വടക്കൻ കേരളത്തിലും വായനക്കാർക്ക് ഒരേ അനുഭവമല്ല നൽകുക എന്ന കാര്യം ഉറപ്പാണ്.ഇത് ഭാവുകത്വത്തിന്റെ നിലവാരവും നിലവാരമില്ലായ്കയും മറ്റുമായി വ്യാഖ്യാനിക്കുന്നത് ശാസ്ത്രീയമല്ല.
അഭിരുചികളുടെ കാര്യത്തിൽ വായിക്കുന്നയാളുടെ പ്രദേശം,ജീവിതസാഹചര്യങ്ങൾ,അയാളുടെ സാഹിത്യപരിചയം,രാഷ്ട്രീയം എന്നീ ഘടകങ്ങളൊക്കെ നിർണായകമായ അളവിൽ സ്വാധീനം ചെലുത്തും.ഒരു കീഴാളന്റെ സാംസ്‌കാരികമൂലധനം മേലാളന്റെതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.ഹിന്ദുദേവീദേവന്മാരെ സ്തുതിച്ചുകൊണ്ട് എഴുതപ്പെട്ട കൃതികളും വേദാന്തചിന്തകൾ അവതരിപ്പിക്കുന്ന കൃതികളും ഒരു ആദിവാസിക്കോ ദളിതനോ ആകർഷകമായി അനുഭവപ്പെടില്ല.തിരിച്ച്,ആദിവാസി പുരാവൃത്തങ്ങളോ കഥാഗാനങ്ങളോ ദളിത് അനുഭവലോകങ്ങൾ ആവിഷ്‌ക്കരിക്കുന്ന നോവലുകളോ സവർണഭാവുകത്വത്തിന് പുറത്തുകടക്കാനുള്ള ആർജവം കൈവരിക്കാത്ത ഉപരിവർഗ വായനക്കാരെ വൈകാരികമായി സ്വാധീനിക്കാനുള്ള സാധ്യതയും കുറവാണ്.
ഭാവുകത്വവും അധീശത്വവും
ഭാവുകത്വം വളരെ സ്വാഭാവികമായി താനേ രൂപപ്പെട്ടുവരുന്ന ഒന്നാണെന്ന ധാരണ ശരിയല്ല.നൂറ്റാണ്ടുകളോളം നമ്മുടെ നാട്ടിലെ ആഢ്യവാനക്കാർ കരുതിയിരുന്നത് ഹൈന്ദവ പുരാണേതിഹാസങ്ങളിലെ കഥാവസ്തുക്കൾ സ്വീകരിച്ചു മാത്രമേ കവിതകൾ എഴുതാവൂ എന്നാണ്.അതല്ലെങ്കിൽ ഗണികകളുടെയും പ്രഭുക്കന്മാരുടെയും മറ്റും ജീവിതരംഗങ്ങൾ ചിത്രീകരിക്കാം.അതിനപ്പുറമുള്ള ജീവിതം,സാധാരണക്കാരന്റെ ജീവിതം സാഹിത്യത്തിന് വിഷയമാകാനേ പാടില്ല എന്നൊരു സമീപനമാണ് പൊതുവെ ഉണ്ടായിരുന്നത്.പൊയ്കയിൽ അപ്പച്ചന്റെ
കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകവംശത്തിൻ
ചരിത്രങ്ങൾ
എന്ന് തുടങ്ങുന്ന കവിതയിൽ പറഞ്ഞിരിക്കുന്ന തമസ്‌കരണം ദളിതരുടെ ചരിത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല അവരുടെ സർഗാത്മകാവിഷ്‌കാരങ്ങളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.സാഹിതീക്ഷേത്രത്തിന്റെ മുന്നിലൂടെ വഴി നടക്കാൻ പോലും ഒരു കാലത്ത് അവയ്ക്ക് അനുവാദമുണ്ടായിരുന്നില്ല.
ഗ്രീക്കിലും ഇംഗ്ലീഷിലും മറ്റ് വിദേശഭാഷകളിലുമൊന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.സ്ത്രീകളും അടിമകളും ദുരന്തനാടകത്തിലെ കേന്ദ്രകഥാപാത്രമായി വരരുത് എന്നും ഉന്നതരായ പുരുഷന്മാരുടെ  ഭാഗ്യവിപര്യയം മാത്രമേ കാണികളെ സ്പർശിക്കുകയുള്ളൂ എന്നുമുളള അരിസ്റ്റോട്ടിലിന്റെ അനുശാസനമാണ് അതിദീർഘമായ ഒരു കാലയളവിൽ യൂറോപ്യൻ നാടകവേദിയെ നിയന്ത്രിച്ചത്.ഷെയ്ക്‌സ്പിയർ ഉൾപ്പെടെയുള്ള മഹാന്മാരായ നാടകകാരന്മാരുടെയൊന്നും രചനകളിൽ പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങൾക്കും ഹൃദയവേദനകൾക്കും ഇടം ലഭിച്ചില്ല.അവയെല്ലാം കോമിക്‌റിലീഫിനുവേണ്ടിയുള്ള ചെറിയ  ചില സീനുകളിലെ ഏതാനും പരാമർശങ്ങളിൽ ഒതുക്കപ്പെട്ടു.താദാത്മ്യത്തിലൂടെ കഥാപാത്രങ്ങളുടെ ദൂരന്താനുഭവങ്ങൾ ഏറ്റുവാങ്ങുന്ന കാണിയുടെ മനസ്സിൽ സംഭവിക്കുന്ന വികാരവിരേചത്തെയും അതുവഴി ഉണ്ടാവുന്ന മാനസിക സന്തുലിതത്വത്തെയും ദുരന്തനാടത്തിന്റെ പരമമായ ലക്ഷ്യമായി കാണുന്ന അരിസ്റ്റോട്ടിലിന്റെ ദർശനം ചോദ്യം ചെയ്യപ്പെട്ടത് ബെർടോൾട് ബ്രെഹ്ത് ദൂരവൽക്കരണസിദ്ധാന്തം അവതരിപ്പിച്ചപ്പോൾ മാത്രമാണ്.ദൂരവൽക്കരണത്തിലൂടെ താദാത്മ്യത്തിന് വിച്ഛേദം സംഭവിക്കുകയും താൻ കണ്ടുകൊണ്ടിരിക്കുന്നത് ജീവിതമല്ല നാടകമാണ് എന്ന ബോധത്തിലേക്ക് ഉണർത്തപ്പെടുകയും ചെയ്യുന്ന പ്രേക്ഷകൻ മാത്രമേ നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ജീവിതാനുഭവങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയുള്ളൂ.അപ്പോൾ മാത്രമേ തന്റെ പൂർവധാരണകളിൽ ചിലത് തിരുത്താനും ജീവിതത്തെ പുതിയ രീതിയിൽ കാണാനും കാണി തയ്യാറാവുകയുള്ളൂ.ബ്രെഹ്ത് തന്റെ നാടകദർശനം അവതരിപ്പിക്കും വരെ ലോകത്തിലെ നാടകപ്രേക്ഷകരും വായനക്കാരും ഈ സംഗതികളെപ്പറ്റിയൊന്നും ഗൗരവമായി ആലോചിച്ചിരുന്നില്ല.
കൃതിയിൽ ആവിഷ്‌കൃതമായിരിക്കുന്ന അനുഭവത്തെ,അല്ലെങ്കിൽ അതിലെ നായകന്റെയോ നായികയുടെയോ ജീവിതദുരന്തങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ പ്രേരിപ്പിക്കപ്പെടും വിധം പൂർണമായും താദാത്മ്യം അനുഭവിച്ചുകൊണ്ടുള്ള അനുകരണാത്മകവായന നല്ല വായനയല്ല.അപഗ്രഥനബുദ്ധിയും കൃതി നൽകുന്ന അനുഭവത്തെ കരുതലോടെ ഇഴപിരിച്ചു പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യവും അടിയറവെച്ചുകൊണ്ടുള്ള വായനയിൽ നിന്ന് ലഭിക്കുന്ന അനുഭവം എന്തുതന്നെയായാലും മികച്ച വായനാനുഭവമായിരിക്കില്ല.പുസ്തകവുമായുള്ള സ്വതന്ത്രമായ സംവാദം തന്നെയായിരിക്കണം വായന.സംവാദത്തിനുള്ള കൃത്യമായ തയ്യാറെടുപ്പോടെയായിരിക്കണം ഒരു കഥയെയോ കവിതയെയോ സമീപിക്കേണ്ടത് എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം.സംവാദം ഏറ്റവും സ്വാഭാവികമായും ശാന്തമായും തികച്ചും കാലുഷ്യരഹിതമായും സംഭവിക്കേണ്ടതാണ്.അങ്ങനെ സംഭവിക്കുമ്പോൾ മാത്രമേ വായന നമ്മുടെ മാനസികജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുന്നു എന്നു പറയാനാവൂ.
പല തരം ആനന്ദങ്ങൾ
ഏത് തരത്തിലുള്ള അനുഭവങ്ങളുടെ ആവിഷ്‌കാരം സാധിച്ചിട്ടുള്ള കൃതിയാണ് മികച്ച വായനാനുഭവം നൽകുക എന്ന് പറയാനാവില്ല.ഏറ്റവും വിഷാദാത്മകമവും വ്യർത്ഥതാബോധം വളർത്തുന്നതുമായ അനുഭവങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഒരു കൃതിയും വായനക്കാർക്ക് ആഹ്ലാദകരമായ,അല്ലെങ്കിൽ ജീവിതപ്രേരകമായ അനുഭവങ്ങൾ നൽകാം.ഖസാക്കിന്റെ ഇതിഹാസം അത്തരമൊരു കൃതിയാണ്.ഖസാക്ക് എന്തുകൊണ്ട് മനോഹരമാണ് എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ സാധ്യമാണ്.അസാധാരണമാം വിധം കാവ്യത്മകമായ ബിംബങ്ങളുടെ സമൃദ്ധി, തികച്ചും അനാഗരികമായ ജീവിതങ്ങളുടെ അനുഭാവപൂർണവും സത്യസന്ധവുമായ ചിത്രീകരണം,നാട്ടുകഥകളും മിത്തുകളും വിശ്വാസങ്ങളുമെല്ലാം ചേർന്ന് രൂപപ്പെടുത്തുന്ന സവിശേഷമായ അന്തരീക്ഷം എന്നിങ്ങനെ ഖസാക്കിന്റെ ഓരോരോ ഗുണങ്ങളാവും വായനക്കാർ എടുത്തുപറയുക.എങ്കിലും ആത്യന്തികമായി 'ഖസാക്ക്' അവശേഷിപ്പിക്കുന്നത് കടുത്ത നിസ്സഹായതാബോധവും വ്യർത്ഥതാബോധവുമൊക്കെയാണ് എന്ന വസ്തുത അവശേഷിക്കും.ഈ അനുഭവങ്ങളെ വായനക്കാർ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം അവർ അതിലൂടെ തങ്ങളുടെ ഏകാന്തതയെയും അസ്തിത്വവ്യഥകളെയും മരണാഭിമുഖ്യത്തെയുമെല്ലാം മറികടക്കാനുള്ള ശേഷി നേടി എന്നതാണ്.കലാസൃഷ്ടികൾ ചിലപ്പോൾ ഇങ്ങനെയും പ്രവർത്തിക്കും. ആരോഗ്യവാനായ ഒരാളിൽ രോഗത്തിന്റെതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള വസ്തു തന്നെ അതിന്റെ ഏറ്റവും ചെറിയ ഡോസിൽ അവർത്തിച്ചെടുത്ത് ഉണ്ടാക്കുന്ന മരുന്ന് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നടത്തുന്നത്.സമം സമത്തെ ശമിപ്പിക്കുന്നു.( Similia Similibus Curantur) എന്നതാണ്  അതിന്റെ തത്വം.ചില സാഹിത്യകൃതികളും ഇങ്ങനെ പ്രവർത്തിക്കും.വിഷാദം ജനിപ്പിക്കാനുള്ള ശേഷികൊണ്ട് കനം തൂങ്ങുന്ന ഒരു കൃതി കൊടിയ വിഷാദം അനുഭവിക്കുന്ന ഒരാളെ ചിലപ്പോൾ ആ അനുഭവത്തിൽ നിന്ന് കരകയറാൻ സഹായിക്കും.
ഒരു വായനക്കാരൻ/വായനക്കാരി കൃതിയുമായി സ്ഥാപിക്കുന്ന ബന്ധത്തിന്റെ അടിസ്ഥാനം ഇന്നതു മാത്രമേ ആകാവൂ എന്നില്ല.എങ്കിലും ഒരു കാര്യം തീർച്ചയാണ്.താൻ ആർജിച്ചുകഴിഞ്ഞ സാഹിത്യബോധത്തെ പരിഹസിക്കുന്നതായി അനുഭവപ്പെടുന്ന,തന്റെ ബൗദ്ധിക നിലവാരത്തേക്കാൾ വളരെ താഴെ നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന ഒരു കൃതിയുമായി ഹൃദയബന്ധം സ്ഥാപിക്കാൻ ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും.ഒരു ചെറുകഥയാണെങ്കിൽ അതിന്റെ ആദ്യ പാരഗ്രാഫ് വായിച്ചു കഴിയുമ്പോൾത്തന്നെ അത് തനിക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്ന് വായനക്കാരന് നിശ്ചയിക്കാനാവും.നോവലാവുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ അധ്യായം വായിക്കേണ്ടി വന്നേക്കാം.തനിക്ക് പുതുതായി ഒന്നും നേടാനില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു കൃതി വായിച്ചു തീർക്കാൻ ഒരാൾ മിനക്കെടേണ്ട കാര്യമില്ല.
                          ജീവിതത്തെ വലുതാക്കുന്ന മഹാപ്രവൃത്തി
വായന ജീവിതത്തെ വലുതാക്കുന്ന മഹത്തായ ഒരു പ്രവൃത്തിയാണ്.പുസ്തകവായന ശീലമാക്കിയ ഒരാളും വായനയുടെ ലോകത്തേക്ക് പ്രവേശിച്ചിട്ടില്ലാത്ത ഒരാളും രണ്ട് ലോകങ്ങളിലാണ്.ഇത് വിശദീകരിക്കുമ്പോൾ ഒരു കാര്യം ഒന്നു കൂടി ഊന്നിപ്പറയേണ്ടതുണ്ട്.ജോലി നേടാനോ പ്രമോഷൻ നേടാനോ മറ്റേതെങ്കിലും ലക്ഷ്യം മുന്നിൽ കണ്ടോ നടത്തുന്ന വായന,അത് മിക്കവാറും നേരത്തെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെയും ജനറൽ നോളജ് പുസ്തകങ്ങളുടെയും ഗൈഡുകളുടെയും മറ്റും വായനയായിരിക്കും, ആ വായനയെ കുറിച്ചല്ല ഇവിടെ പറയുന്നത്.അത് ഒരാളുടെ മാനസികജീവിതത്തിന്റെ സ്വരൂപത്തിലും ഗുണനിലവാരത്തിലും കാര്യമായ മാറ്റമൊന്നും വരുത്തണമെന്നില്ല.
പുസ്തകങ്ങളെ പുസ്തകങ്ങളെന്ന നിലയിൽ തന്നെ സ്‌നേഹിച്ച്, വായനയുടെ ആനന്ദമൊഴിച്ച മറ്റ് ലാഭേച്ഛയൊന്നുമില്ലാതെ നിർവഹിക്കുന്ന വായനയാണ് ഒരു മനുഷ്യനെ അടിമുടി മാറ്റിപ്പണിയുക.വായന തുടരുന്നിടത്തോളം ഈ മാറ്റിപ്പണിയൽ നടന്നുകൊണ്ടിരിക്കും.വായന അന്തമില്ലാത്ത ഒരു പ്രവൃത്തിയാണ്.ഒരിക്കൽ വായനയുടെ ആനന്ദം അനുഭവിച്ചറിഞ്ഞ ഒരാൾക്ക് ജീവിതാന്ത്യം വരെ അത് വേണ്ടെന്നുവെക്കാനാവില്ല.ലോകം എത്ര വലുതാണ്,മനുഷ്യജീവിതം എത്രയേറെ വൈവിധ്യപൂർണമാണ്,എന്തെല്ലാം സാധ്യതകളുള്ളതാണ്,പ്രകൃതിയിൽ നിന്നും സംസ്‌കൃതിയിൽ നിന്നും നമുക്ക് എന്തെന്തൊക്കെ പുതിയ പുതിയ അനുഭവങ്ങൾ ലഭിക്കാനുണ്ട് എന്നൊക്കെ പിന്നെയും പിന്നെയും അറിഞ്ഞുകൊണ്ടുള്ള അവസാനിക്കാത്ത,അതായത് വായനക്കാരന്റെ/വായനക്കാരിയുടെ മരണത്തിൽ മാത്രം അവസാനിക്കുന്ന ഗംഭീരമായൊരു യാത്രയാണത്.
ലോകത്തെ അറിയാൻ പുതിയ മനസ്സും പുതിയ കണ്ണും നൽകുന്ന പ്രവൃത്തിയാണ് വായന.ഏത് പ്രവൃത്തി ചെയ്യുന്നവരും വായനയുടെ ഗുണം അറിഞ്ഞ്,ആ അറിവിനെ സ്വന്തം കർമമണ്ഡലത്തിൽ മറ്റുള്ളവർക്ക് ഗുണകരമാവുംവിധം പ്രയോഗിക്കാനുള്ള ശേഷി നേടേണ്ടതാണ്.സാഹിത്യം അറിയുന്ന ഒരു ഡോക്ടറും അറിയാത്ത ഡോക്ടറും അവരുടെ രോഗികളുടെ അവസ്ഥയെ,രോഗത്തെ തന്നെ തിരിച്ചറിയുന്നത് രണ്ട് തരത്തിലായിരിക്കും.കാരണം പല രോഗങ്ങളും ശരീരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല.രോഗി മനുഷ്യനാണ്.അയാളിലെ/അവളിലെ മനുഷ്യജീവിയെ അറിയാൻ ഡോക്ടർക്ക് കഴിയണം.സാഹിത്യമറിയുന്ന ഒരു ഡോക്ടർക്ക് അതിന് കഴിയും.അറിയാത്ത ഒരാൾ ലക്ഷണങ്ങളെയും യന്ത്രങ്ങൾ നൽകുന്ന തെളിവുകളെയും അടിസ്ഥാനമാക്കി മരുന്ന് കുറിച്ചുകൊടുക്കുന്ന ഒരാൾ മാത്രമായിരിക്കും.
ഓരോ വായനക്കാരനും/വായനക്കാരിയും സ്വയം അിറയാതെ തന്നെ തങ്ങളുടെ ആന്തരിക ലോകത്തെ വിപുലീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്; ലോകത്തെ അറിയാനുള്ള പുതിയ കണ്ണുകളും സ്പർശിനികളും നേടിക്കൊണ്ടിരിക്കുന്നുണ്ട്.ഞാൻ ദീർഘിപ്പിക്കുന്നില്ല.വിശ്വവിഖ്യാതനായ സിറിയൻ കവി അഡോണിസിന്റെ ചില വരികൾ ഉദ്ധരിക്കാം:
' Live and be radiant
Create a poem
and go away
Increse the expanse of the earth.'
' create a poem' എന്നുള്ള വാക്കുകളെ തൽക്കാലം ഈ സന്ദർഭത്തിന്റെ ആവശ്യം കണക്കിലെടുത്ത് read a poem എന്നോ  read a novel എന്നോ നമുക്ക് മാറ്റി വായിക്കാം.എഴുത്തിനെ പോലെ വായനയും ഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുന്ന പ്രവൃത്തിയാണ്.

(2016 ഏപ്രിൽ 23 ന് തേർത്തല്ലിയിലെ ഷൊറീൻ റീയു കരാത്തെ ക്ലബ്ബും അപ്പോളോ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച വായനാദിനാചരണ പരിപാടിയിൽ ചെയ്ത പ്രസംഗം.)

1 comment:

  1. സത്യം പറഞ്ഞാൽ ഈ ബ്ലോഗും ഫേസ് ബുക്കും ഒക്കെ ശീലിച്ചതിൽപ്പിന്നെ വായന വളരെ പുറകിലേക്ക് പോയി. ഇതങ്ങോട്ട് ഉപേക്ഷിക്കാനും കഴിയുന്നില്ല വായനക്കായി സമയം ഒട്ട് ഒതുക്കാനും കഴിയുന്നില്ല

    ReplyDelete