Pages

Wednesday, May 25, 2016

കുടക് വിശേഷങ്ങൾ

1
ഇത്തവണത്തെ കുടക് യാത്രയിൽ രഞ്ജിത്ത് മാർക്കോസ് ആയിരുന്നു കൂട്ട്.കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ രഞ്ജിത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. മലയാളം ബി.എ ക്ലാസിലായിരുന്നു രഞ്ജിത്ത്.
ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ എട്ടരയോടെ ഞങ്ങൾ ഇരിട്ടിയിൽ വെച്ച് സന്ധിച്ചു.രഞ്ജിത്ത്  കാറെടുത്താണ് വന്നത്.'എങ്ങോട്ട് വേണമെങ്കിലും പോവാം.എത്ര നേരം വേണമെങ്കിലും ഓടിക്കാം' എന്ന ഉത്സാഹത്തിലായിരുന്നു മൂപ്പര്.ആ ഉത്സാഹം സ്വാഭാവികമായും എന്നിലേക്കും പടർന്നു. 
ഇരിട്ടിയിൽ നിന്ന് കുറച്ചുദൂരം ഓടി വഴിയിരികിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണൽ വാർത്തകൾ വന്നു തുടങ്ങി.യാത്ര തുടർന്ന് കൂട്ടുപുഴ കഴിയുമ്പോഴേക്കും ട്രെന്റ് തികച്ചും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന വിവരം കിട്ടി.
ചുര#ം കയറി പെരുമ്പാടി എത്തിയപ്പോൾ ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു.വഴിയിൽ വിശേഷിച്ചൊന്നും കാണാനുണ്ടായിരുന്നില്ല.ആളുകളെ തന്നെ നന്നേ കുറച്ചേ കണ്ടുള്ളൂ.പെഗ്ഗള സീനിയർ സ്‌കൂളിനടുത്ത് രഞ്ജിത്ത് കാറ് നിർത്തി.അവിടെ ഒന്നു രണ്ട് കടകളുണ്ട്.ഒരു പെൺകുട്ടി ബസ്സ് കാത്തു നിൽക്കുന്നുണ്ട്.നാട്ടുകാരോട് രണ്ട് ലോഹ്യം പറഞ്ഞിട്ടാകാം യാത്ര തുടരുന്നത് എന്ന തീരുമാനവുമായി ഞങ്ങൾ പുറത്തിറങ്ങി.
ചെറിയ സ്റ്റേഷനറി കടയിൽ നിന്ന് ഒരു ബോൾപെന്ന് വാങ്ങി കടയുടമയോട് ഞാൻ വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.മണി എന്നാണ് മൂപ്പരുടെ പേര്.പത്തര വയസ്സുള്ളപ്പോൾ കുടകിലേക്ക് വന്നതാണ്.വീട് ഷൊർണൂരാണ്.അച്ഛൻ എന്തുകൊണ്ടോ കുടകിലേക്ക് വന്നു.മണിക്ക് ഇപ്പോൾ 74 വയസ്സായി.ജീവിതം ശാന്തമാണ്,പ്രശ്‌നങ്ങളൊന്നുമില്ല.ഈ ഭാഗത്ത് മലയാളികൾ കുറേ പേരുണ്ട് എന്ന് മണി പറഞ്ഞു.നാട്ടിൽ ഇടതുപക്ഷം ജയിക്കുകയാണല്ലോ എന്ന് പറഞ്ഞ മണിയോട് എന്താണ് രാഷ്ട്രീയമെന്ന് ചോദിച്ചപ്പോൾ ഇല്ല,അങ്ങനെ രാഷ്ട്രീയമൊന്നുമില്ല എന്ന മറുപടിയാണ് കിട്ടിയത്.
ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിക്കും മലയാളം സംസാരിക്കാനറിയാമായിരുന്നു.അവൾ കന്നടക്കാരിയാണ്.പക്ഷേ.തെളിഞ്ഞ മലയാളത്തിൽ തട്ടും തടവുമില്ലാതെയായിരുന്നു സംസാരം.വീരാജ്‌പേട്ടയിൽ ഒരു ഷോപ്പിലാണ് അവൾക്ക് ജോലി.പേട്ട ബസ്സും കാത്താണ് നില്പ്.
മണിയോടും പെൺകുട്ടിയോടും യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.കുറച്ചപ്പുറത്തായിരുന്നു ഹെഗ്ഗള സെന്റ് ജൂഡ്‌സ് കത്തോലിക്കാ പള്ളി.വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ആ പള്ളിയിൽ പോയി അവിടത്തെ അച്ചന്റെയും കന്യാസ്ത്രീകളുടെയും ആഥിത്യം സ്വീകരിച്ചിരുന്നു.മനോരോഗികളെ കിടത്തി ചികിത്സിക്കുന്ന സ്ഥലം എന്ന പേരുണ്ടായിരുന്നു ഒരു കാലത്ത് ഈ പള്ളിക്ക്. പള്ളിയുടെ കോമ്പൗണ്ടിൽ അതിനുവേണ്ടി ഉണ്ടാക്കിയിരുന്നതും കുറച്ചു മുമ്പേ തന്നെ നിരു  പയോഗമായിത്തീർന്നതുമായ ഇടുങ്ങിയ ഒറ്റ മുറികളുടെ ദൃശ്യം കാലപ്പഴക്കം കൊണ്ട് നിറം മങ്ങി മനസ്സിന്റെ അടിത്തട്ടിലുണ്ട്.
ഈ യാത്രയിൽ പള്ളി ഒഴിവാക്കാമെന്ന് വെച്ച് ഞങ്ങൾ യാത്ര തുടർന്നു.പിന്നെ കൊതമുള്ളൂർ ഗ്രാമത്തിന്റെ ഭാഗമായ തോറ എന്ന സ്ഥലത്താണ് വണ്ടി നിർത്തിയത്.നീലേശ്വരം സ്വദേശിയായ ഒരാളുടെ ചെറിയ കടയുണ്ട് ഇവിടെ.ചായക്കടയല്ലെങ്കിലും ചായയും കിട്ടും.ഓരോ ചായ കുടിച്ച് അവിടെ നിന്നിറങ്ങി.കുടകൻ തന്ന ആയ ഒരാളെ പരിചയപ്പെടണമല്ലോ എന്നു വിചാരിച്ചിരിക്കെ ഒരോട്ടോറിക്ഷ മുന്നിൽ വന്നു നിന്നു.ചെറുപ്പക്കാരനായ അർജുൻ എന്ന കുടകന്റെതായിരുന്നു ഓട്ടോ.കുടകരുടെതായി ഇവിടെ എന്ത് കാണാനുണ്ട്? എന്നു ചോദിച്ചപ്പോൾ 'വിശേഷിച്ചൊന്നുമില്ല,കുറച്ചപ്പുറം ഒരു ടെംപിൾ ഉണ്ട്' എന്നായിരുന്നു മറുപടി. ഓട്ടോയിൽ ഞങ്ങളെ അങ്ങോട്ടുകൊണ്ടുപോകാൻ റെഡിയായിരുന്നു അവൻ.കാറ് കടയുടെ മുന്നിൽ തന്നെ വെച്ച് ഞങ്ങൾ അർജുന്റെ ഓട്ടോയിൽ കയറി.അവൻ ആദ്യം കാണിച്ചു തന്ന അമ്പലം ഒരുപാട് പടവുകൾ കയറി പോവേണ്ടുന്ന ഒന്നായിരുന്നു.എന്റെ ശ്വാസകോശം അത്തരമൊരു കയറ്റത്തിന് സമ്മതം തരുന്നതായിരുന്നില്ല.അതുകൊണ്ട് അങ്ങോട്ടു പോവേണ്ടെന്ന് വെച്ചു.അർജുൻ ഞങ്ങളെ കുറച്ചു ദൂരം കൂടി മുന്നോട്ടു കൊണ്ടുപോയി മറ്റൊരു അമ്പലത്തിന്റെ മുന്നിലെത്തിച്ചു.നന്നേ ചെറുതായിരുന്നു ആ അമ്പലം.ഉള്ളിലോ പുറത്തോ ആരുമില്ല.പരിസരവും വിജനം.തിരിച്ച് കാറിനടുത്തേക്ക് ഞങ്ങളെ കൊണ്ടുവിടുന്നതിനിടയിൽ താൻ പയ്യാവൂരിലെ ശിവക്ഷേത്രത്തിൽ രണ്ടുമൂന്ന് തവണ പോയിട്ടുണ്ടെന്ന് അർജുൻപറഞ്ഞു.കാളപ്പുറത്ത് അരിയുമായി ചേലാവാരം വഴി കാട് കയറി മലയിറങ്ങിയിട്ടാണ് പോവുക.പത്തമ്പതാളുകളുണ്ടാവും സംഘത്തിൽ.കരട,കൊതമുള്ളൂർ ഭാഗത്തുള്ളവരൊക്കെ ഉണ്ടാവും.പുറപ്പെടുമ്പോൾ എല്ലാവരും അടിച്ചു ഫിറ്റാവും.പയ്യാവൂരെത്തിയാൽ പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് മടങ്ങും വരെ മദ്യം തൊടില്ല. ഇത്രയുമാണ് പയ്യാവൂർ യാത്രയെപ്പറ്റി അർജുൻ തന്ന വിവരങ്ങൾ.                          
അർജുന് കുറച്ചു ദൂരെ ഒരു കല്യാണത്തിന് പോവാനുണ്ടായിരുന്നു.അതുകൊണ്ട്‌
 ഞങ്ങളോടൊപ്പമുള്ള ഒരു ചുറ്റിനടപ്പ് അയാൾക്ക് സാധ്യമാവുമായിരുന്നില്ല.ഇനി വരുമ്പോൾ കാണാമെന്നു പറഞ്ഞ് അയാൾ പിരിഞ്ഞു.ഞങ്ങൾ കരട ഭാഗത്തേക്ക് വണ്ടി വിട്ടു.                            

No comments:

Post a Comment