Pages

Tuesday, May 17, 2016

രണ്ട് കവിതകൾ

പ്രാകൃതനാണ് ഞാൻ
എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും
ഒരുത്തരം,ഒരേയൊരുത്തരം 
അത് നിർബന്ധമാണെനിക്ക്
അതിനാൽ ഈയൊരു കഥ :
മനുഷ്യനും കഴുതയും ആദ്യകാലത്ത് രണ്ട് മൃഗങ്ങളായിരുന്നില്ല
മറ്റ് മൃഗങ്ങൾക്കൊപ്പം ഒരേ മനസ്സായി ഇരുമെയ്യാൽ തീർത്ത ഒരുമെയ്യായി അവർ ജീവിച്ചു
സൃഷ്ടിയിലെ ഈ വൈകൃതം ഒരു നാൾ ദൈവത്തിനു തന്നെ സഹിച്ചില്ല
ദൈവം ഒറ്റ വെട്ടിന് രണ്ടിനെയും രണ്ടാക്കിച്ചമച്ചു
അങ്ങനെ മനുഷ്യനും കഴുതയും വേർപിരിഞ്ഞു
എങ്കിലും മനുഷ്യൻ ഇടക്കിടെ ആദിയിലെ തന്റെ മെയ്യും മനസ്സും വീണ്ടെടുക്കാൻ
ആർത്തിപൂണ്ടിറങ്ങുന്നു
അതിൽ നിന്നാണ് മനുഷ്യനെ 'കഴുത ,വെറും കഴുത'
എന്നൊക്കെ വിളിക്കുന്ന ഏർപ്പാടുണ്ടായത്.
10/5/2016
2
അടിമയാണ് ഞാൻ
അതറിയുന്നതായി ഭാവിക്കാതിരിക്കാനുള്ള വിവേകവുമുണ്ട്
അതിനാലാണ്
'വകതിരിവുള്ളവൻ'എന്ന്
ആളുകൾ എന്നെ കുറിച്ച് പറയുന്നത്.
10/5/2016


No comments:

Post a Comment