Pages

Friday, May 27, 2016

കുടക് വിശേഷങ്ങൾ

2
ശേഷപ്പയെ കണ്ടത് ഞാനും രഞ്ജിത്തും ഒന്നിച്ചാണ്.എന്നാൽ അയാൾ 'നമുക്ക് വേണ്ടപ്പെട്ട ആളാ'ണെന്ന കണ്ടെത്തൽ രഞ്ജിത്തിന്റെതായിരുന്നു.
റോഡരികിലൂടെ ഉന്മേഷവാനായി അതേസമയം വിശേഷിച്ചൊരു തിടുക്കവുമില്ലാതെ നടന്നു പോകുന്ന മനുഷ്യനു മുന്നിൽ കാറ് നിർത്തി രഞ്ജിത്ത് കന്നടത്തിൽ വിശേഷങ്ങൾ തിരക്കി.എങ്ങോട്ട് പോവുന്നു?എന്തു ചെയ്യുന്നു?പേരെന്താണ് ?എന്നീ ചോദ്യങ്ങൾക്കെല്ലാം ചെറുചിരിയോടെ യാതൊരു അപരിചിതത്വവും ഭാവിക്കാതെ അയാൾ മറുപടി പറഞ്ഞു.അതും പച്ച മലയാളത്തിൽ.വീരാജ് പേട്ടയിലേക്ക് പുറപ്പെട്ടതാണ്.വീട് അടുത്തു തന്നെയാണ്.ഒരു തോട്ടത്തിൽ പണിയാണ്.പേര് ശേഷപ്പ.തുളുനാട്ടുകാരനാണ്.ഇവിടെ വന്നിട്ട് വർഷങ്ങൾ കുറച്ചായി.
വീരാജ് പേട്ടക്ക് ഞങ്ങളോടൊപ്പം വണ്ടിയിൽ വരുന്നോ എന്നു ചോദിച്ചപ്പോൾ ശേഷപ്പ സന്തോഷപൂർവം കാറിൽ കയറി.ഇന്ന് അടുത്തൊരിടത്ത് ഒരു തുളുതെയ്യമുണ്ട്.തെയ്യത്തിന്റെ കോമരമാവേണ്ടതാണ് ശേഷപ്പ.ആ ജോലി വേറൊരാളെ ഏൽപിച്ചിരിക്കയാണ്.പേട്ടയിൽ പോയി ചില കാര്യങ്ങളൊക്കെ ചെയ്ത് നേരമിരിട്ടുമ്പോഴേക്കും തെയ്യസ്ഥലത്തെത്തണം.തുളുനാട്ടിൽ നിന്ന് പാഷാണമൂർത്തി,പഞ്ചുരുളി,വർണ പഞ്ചുരുളി,ഗുളിക രാജൻ എന്നിവരടക്കം ഒമ്പത് തെയ്യങ്ങൾ കുടകിലേക്ക് വന്നിട്ടുണ്ട്.ശേഷപ്പ വർത്തമാനം തുടരുന്നതിനിടയിൽ വണ്ടി അയാളുടെ വീട്ടിനരികിൽ എത്തി.ഏതായാലും വീട് കണ്ടിട്ട് പോകാമെന്നു പറഞ്ഞപ്പോൾ ശേഷപ്പ വിസമ്മതം പറഞ്ഞില്ല.ഒരു കാപ്പിത്തോട്ടത്തിന്റെ അതിരിൽ റോഡിന് അടുത്തായിട്ടായിരുന്നു ശേഷപ്പയുടെ വീട്.
കുരച്ചു കൊണ്ട് ഓടി വന്ന നായയെ ശേഷപ്പയുടെ ഭാര്യയും മകളും ചേർന്ന് അടക്കി.അതിഥികളെ സൽക്കരിക്കാൻ പുനാർപുളി വെള്ളമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുനാർപുളി എന്ന ഒരിനം പുളിയുടെ സത്ത് കടയിൽ നിന്ന്  വാങ്ങാൻ കിട്ടും.ഈ സത്തിൽ നല്ല പോലെ മധുരം ചേർത്ത് വെള്ളമൊഴിച്ചാണ് കുടിക്കാൻ പാകത്തിലുള്ള നേർത്ത വയലറ്റ് നിറത്തിലുള്ള വെള്ളം തയ്യാറാക്കുന്നത്.രുചികരം തന്നെയാണ് ഈ പാനീയം.
ശേഷപ്പയുടെ ഭാര്യ മീനാക്ഷിയും മകൾ മമതയും മമതയുടെ കുട്ടികളായ ഗ്രീഷ്മയും നിശാന്തുമെല്ലാം നല്ല സൗഹൃദത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്.ഒന്നാം ക്ലാസിൽ പഠിക്കുന്ന നിശാന്തിന് ഞാൻ കന്നടത്തിലെ അ,ഇ എന്നീ അക്ഷരങ്ങൾ എഴുതി കാണിച്ചു.അതോടെ അവന് എന്നോട് വലിയ ബഹുമാനമായി.ഭാഗ്യത്തിന് എന്റെ പോക്കറ്റിൽ രണ്ട് മുട്ടായി ഉണ്ടായിരുന്നു.ഓരോന്ന് ഗ്രീഷ്മക്കും നിശാന്തിനും കൊടുത്തു.പിന്നെ വീട്ടുവരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങി.
ഡ്രൈവറായ മകനെ കുറിച്ചും മമതയുടെ ഭർത്താവിനെ കുറിച്ചും (പെരുമ്പാടിക്കാരനായ അയാൾ.വാർപ്പു പണിക്കാരനാണ്.) അവളുടെ മുടങ്ങിപ്പോയ നേഴ്‌സിംഗ് വിദ്യാഭ്യാസത്തെ കുറിച്ചും ശേഷപ്പ ചുരുക്കത്തിൽ ഓരോന്ന് പറഞ്ഞു.
ഉച്ചയൂണിന് സമയമായിരുന്നില്ലെങ്കിലും ഞങ്ങൾക്ക് പോകാൻ തിടുക്കമുണ്ടെന്നും ഇനി വരുമ്പോൾ ഊണ് കഴിക്കാം എന്നും  സൗകര്യത്തിനു വേണ്ടി വീട്ടിലുള്ളവരോട് പറഞ്ഞ് അടുത്തുള്ള ഒന്നു രണ്ട് സ്ഥലങ്ങൾ കൂടി കണ്ട് വീരാജ്‌പേട്ടയിലേക്ക് പോകാം എന്ന് നിർദ്ദേശിച്ച് ഞങ്ങൾ ശേഷപ്പയെയും കൂട്ടി ഇറങ്ങി.              

No comments:

Post a Comment