Pages

Thursday, February 5, 2015

നാടൻ

 ശുദ്ധഹൃദയനായ ഒരു നാടൻ പശു ഒരു ദിവസം അതിന്റെ ഉടമയോട്‌
 ചോദിച്ചു :'തമ്പുരാനേ,എന്നെ എപ്പോഴാണ് വിദേശത്തേക്ക് കൊണ്ടുപോവുക?'യജമാനൻ മറുപടിയൊന്നും പറയുന്നില്ലെന്നുകണ്ട് പശു വിശദീകരിച്ചു : 'നാടൻജനുസ്സ്,നാടൻ ജനുസ്സ് എന്നു കേട്ടുകേട്ട് നാണക്കേടുകൊണ്ട് ഞാൻ ചാവുകയാണ്;അപമാനം സഹിക്കുന്നതിനുമില്ലേ,ഒരതിര്‌'
'
                                                   5/2/2015

ശുഭം

കള്ളന്മാരും കോമാളികളും കൊലയാളികളുമല്ലാത്തവരായി ആരുമില്ലാത്ത നാട്ടിൽ പരദേശിയായി ഞാൻ ജീവിക്കുന്നു.പോകെപ്പോകെ ഞാനും ഇന്നാട്ടുകാരിൽ ഒരാളായിത്തീരുമെന്ന പ്രതീക്ഷയിൽ രാപ്പകലുകൾ കടന്നുപോവുന്നു.ശുഭം!
5/2/2015

Wednesday, February 4, 2015

ഈ എഴുത്ത് എനിക്കുള്ളതല്ല

'പുതിയ പല പുസ്തകങ്ങലും വായിക്കാനെടുത്താൽ ഒന്നോ രണ്ടോ പേജ് കഴിയുമ്പോൾ ഈ എഴുത്ത് എനിക്കുള്ളതല്ല എന്നു തോന്നും.അവിടെ വെച്ച് ഞാൻ വായന നിർത്തും.' എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളിൽ പലരും പറയാറുണ്ട്.അവരുടെ അഭിപ്രായത്തോട് ഞാൻ യോജിക്കാറുമുണ്ട്.പക്ഷേ,പുതിയ പുസ്തകങ്ങൾ പലതും വായിക്കാൻ പറ്റാതെ വരുന്നത് അവയുടെ നിലവാരക്കുറവ് കൊണ്ടാണെന്ന് ഞാൻ തറപ്പിച്ചു പറയില്ല.എന്റെയും എന്റെ തലമുറയിലെ വായനക്കാരുടെയും അഭിരുചി കൂടി പ്രശ്‌നമാവുന്നുണ്ടാവാം.ഞങ്ങൾ കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമൊക്കെ വായിച്ച എഴുത്തുകാരുടെതിൽ നിന്നും തീർത്തും ഭിന്നമായ ഇതിവൃത്തങ്ങളും ആഖ്യാനശൈലിയുമാണ് പുതിയ എഴുത്തുകാരുടെ നോവലുകളിലും കഥകളിലും ഉള്ളത്.
ഈ എഴുത്തുകാർ മിക്കപ്പോഴും വ്യക്തിഗതാനുഭവങ്ങളെയോ സാമൂഹ്യാനുഭവങ്ങളെത്തന്നെയോ ആധാരമാക്കിയല്ല എഴുതുന്നത്.ജീവിതം അവർക്ക് ദ്വിതീയ സ്രോതസ്സ് മാത്രമാണ്.പ്രാഥമിക സ്രോതസ്സ് ഇന്റർനെറ്റും ബൗദ്ധികമായി കേവലം പൈങ്കിളിയോ സമകാലീന ജീവിതത്തിന്റെ ബാഹ്യമുദ്രകൾ വഹിക്കുന്നതും അതേ സമയം യഥാർത്ഥത്തിൽ താഴ്ന്ന തരം ഡിറ്റക്ടീവ് കഥകളുടെ ആഖ്യാനശൈലി സ്വീകരിക്കുന്നതും ആയ ചില വൈദേശിക സാഹിത്യകൃതികളോ ആണ്. പൊലിപ്പിച്ചെടുത്ത ഭാഷയും വലിയ സാഹിത്യപരിചയമില്ലാത്തവരെ  ഭ്രമിപ്പിക്കുന്ന ഇതിവൃത്ത ഘടനയുമൊക്കെ ഈ കൃതികൾക്ക് ഉണ്ടാവും.
പുതിയകാല ജീവിതം അതിന്റെ അമ്പരപ്പിക്കുന്ന ഗതിവേഗം കൊണ്ടും വിവര ബാഹുല്യം കൊണ്ടും ബാഹ്യമായ ധാരാളിത്തം കൊണ്ടുമൊക്കെ യുവജനങ്ങളെ ആന്തരികമായി അങ്ങേയറ്റം ശൂന്യരാക്കുന്നുണ്ടെന്നു വേണം കരുതാൻ.ഒന്നിലും അല്പനേരം പോലും തങ്ങിനിൽക്കാനാവാത്ത വിധം അവരുടെ മനോലോകം നിരന്തരം അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടാവാം.തങ്ങളെ വേട്ടയാടുന്ന ശൂന്യതയെയും അസ്ഥിരതയെയും  നേരിടുന്നതിനുവേണ്ടി അവർ ഉണ്ടാക്കിയെടുക്കുന്ന കെട്ടുകഥകൾക്ക് ഇക്കാലത്തെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ബാഹ്യജീവിതത്തിന്റെയും മാനസികജീവിതത്തിന്റെയും താളം ഉൾക്കൊള്ളാനാവുന്നുണ്ടാവാം.ഞങ്ങളുടെ ജീവിതം പാകപ്പെട്ടു വന്ന സാഹചര്യവും ഞങ്ങൾ വായിച്ച പുസ്തകങ്ങളുമെല്ലാം തീർത്തും വ്യത്യസ്തമാണ്.യുവജനങ്ങൾ മാറിയ ലോകത്തെ ആഖ്യാനം ചെയ്യുമ്പോൾ അതിന് അല്പം പോലും ജൈവസ്വഭാവമുള്ളതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നില്ല. പക്ഷേ,ഞങ്ങളുടെ പ്രതീതിയെ അടിസ്ഥാനമാക്കിയല്ല മറ്റുള്ളവർ ഏത് പുസ്തകത്തിൽ നിന്നും അനുഭവങ്ങൾ സ്വീകരിക്കുന്നത് എന്ന വസ്തുതയും നിലനിൽക്കുന്നു.അപ്പോഴും 'ഈ പുസ്തകം എന്റേതല്ല' എന്നു പറഞ്ഞ് ഒരു പുതിയകാല നോവൽ മാറ്റിവെക്കാനുളള
 ഞങ്ങളിലോരോരുത്തരുടെയും സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുന്നില്ല.
                                                                                                            4/2/2015

Tuesday, February 3, 2015

ആത്മീയത

 ആത്മീയത ആത്മീയാചാര്യന്മാരായി അറിയപ്പെടുന്നവർക്ക് പകർന്നു തരാനാവുന്ന അനുഭവമല്ല.അത് മനസ്സിനെ പ്രത്യേകരീതിയിൽ പാകപ്പെടുത്തുന്ന വ്യക്തികൾക്കു മാത്രം സാക്ഷാത്കരിക്കാനാവുന്ന ഒന്നാണ്.ഈ പാകപ്പെടുത്തലിന് വലിയ അളവിലുള്ള ജ്ഞാനാർജ്ജനം നിർബന്ധമല്ല.ആഗ്രഹങ്ങളെ സ്വന്തം വരുതിയിൽ നിർത്തുക,ജീവിക്കുന്ന ചുറ്റുപാടുകളിലെ ചെറിയ ജീവികളെയും ചെടികളെയും മരങ്ങളെയുമെല്ലാം നിരീക്ഷിച്ചും സ്‌നേഹിച്ചും ആനന്ദം കണ്ടെത്തുക,അവനവന്റെ ഇടപെടലിൽ നിന്ന് വിശേഷിച്ചാർക്കും ഒരു ഗുണവുമുണ്ടാവില്ല എന്ന് ഉത്തമ ബോധ്യമുള്ള വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുക ഇത്രയുമൊക്കെ സാധിക്കുന്നവർക്ക് ആത്മീയാനന്ദം കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കും.ആശയങ്ങളുടെ ലോകവുമായി തുടർച്ചയായി അടുത്തിടപഴകുന്നത് മനസ്സിനെ നിരന്തരം നവീകരിക്കുന്നതിന് തീർച്ചയായും സഹായിക്കും.പക്ഷ,ഒരാശയത്തെയും രാഷ്ട്രീയ ദർശനത്തെയും സാർവകാലികപ്രസക്തിയുള്ള ശരിയായി തെറ്റിദ്ധരിക്കരുത്.ലോകം മാറാനുള്ളതാണ്.മാറിക്കൊണ്ടേയിരിക്കുന്നതാണ്.അതിൽ ദു:ഖിക്കാൻ ഒന്നുമില്ല.വസ്തുത അതാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണമെന്നു മാത്രം.
തങ്ങൾക്ക് കൈവന്ന ആത്മീയാനുഭവത്തെ പറ്റി വിസ്തരിച്ചെഴുതി വിഖ്യാതരായിത്തീർന്നവരുണ്ട്.ആത്മീയതയെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് സ്വന്തം ബൗദ്ധികശേഷിയുടെ അസാധാരണത്വത്തെയും ജ്ഞാനത്തിന്റെ വൈപുല്യത്തെയും തെളിയിച്ച് കാണിക്കാൻ ശ്രമിച്ചവരുമുണ്ട്.ഓഷോ രജനീഷ്,ജിദ്ദു കൃഷ്ണമൂർത്തി,നിത്യചൈതന്യതി തുടങ്ങിയ പലരുടെയും പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്.അവയിൽ ഒന്നു പോലും എന്നെ ആകർഷിച്ചില്ല,ഒന്നും എന്നെ അത്ഭുതപ്പെടുത്തിയില്ല.മലയാളത്തിലെയും ബംഗാളിയിലെയും പല വിദേശഭാഷകളിലെയും പല കവിതകളും കഥകളും നോവലുകളും തന്ന സാന്ദ്രമായ ആത്മീയാനുഭവത്തിന്റെ നാലയലത്ത് വരുന്ന ഒന്നും ഈ ഗ്രന്ഥങ്ങളിൽ ഞാൻ കണ്ടില്ല.ഒരു പാരഗ്രാഫിൽ പറയാൻ പറ്റുന്ന കാര്യം ഒരു പുസ്തകത്തിൽ വലിച്ചുനീട്ടി എഴുതുന്ന ആരെയും ആത്മീയാചാര്യനായി കാണാൻ എനിക്കാവില്ല.
മറ്റൊരു കാര്യം കൂടിയുണ്ട്.ഏത് ആത്മീയാചാര്യനായാലും അയാൾ തന്റെ കാലത്തെ സാമൂഹ്യാനീതികളോട് എങ്ങനെ പ്രതികരിച്ചു,അവയ്‌ക്കെതിരെ സ്വന്തം നിലയിൽ എന്ത് പോരാട്ടം നടത്തി എന്നതാണ് പരമ പ്രധാനമായ കാര്യം.ശ്രീനാരായണ ഗുരു കേരളം കണ്ട ഏറ്റവും വലിയ ആത്മീയാചാര്യനാകുന്നത് അതുകൊണ്ടാണ്.മഹാത്മജി ആധുനിക ഇന്ത്യയിലെ മഹാഗുരുവാകുന്നതും അങ്ങനെ തന്നെ.
                                                   3/2/2015

Monday, February 2, 2015

ചെറുതേ വലുത്!

ഞാൻ പുറത്തിറങ്ങാതായി
സൗഹൃദസംഭാഷണങ്ങളും സഞ്ചാരങ്ങളും ഇല്ലാതായി
പ്രസംഗവേദികളിൽ നിന്നും
പൊതുചടങ്ങുകളിൽ നിന്നും ഒഴിവായി
എന്റെ ലോകം ചെറുതായി
ഒരു കുട്ടിപ്പുസ്തകത്തിലെ ഭൂഗോളം പോലെയായി
എങ്കിൽ തന്നെ എന്ത്?
അതിലുണ്ട് നാനാജനപദങ്ങൾ
ജീവജാലങ്ങൾ
മഹാസമുദ്രങ്ങൾ
പർവതങ്ങൾ
സമതലങ്ങൾ
അഗാധഗർത്തങ്ങൾ
ഇപ്പോഴറിയുന്നു:
ഈ ചെറിയ ലോകത്തിലെത്തിയപ്പോഴാണ്   
ഞാൻ ഭൂമിയോളം വലുതായത്!
2/2/2015

Sunday, February 1, 2015

പൊരുതി മരിച്ചവർ

ഫാസിസത്തിന്നെതിരെയും വിവിധ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെയും സാമൂഹ്യവിരുദ്ധശക്തികൾക്കെതിരെയും പോരാടി മരിച്ച എത്രയോ എഴുത്തുകാരുണ്ട്.രൂപസങ്കല്പത്തെ കുറിച്ചോ ഭാവഗാംഭീര്യത്തെ കുറിച്ചോ ഉള്ള പൂർവനിശ്ചിത ധാരണകളുമായി അവരുടെ കൃതികളെ സമീപിച്ചാൽ പലപ്പോഴും നിരാശയായിരിക്കും ഫലം.സ്വന്തം സർഗവൈഭവത്തെ സുരക്ഷാകവചമായല്ല പൊറുക്കാനാവാത്ത നീതികേടുകൾക്കെതിരെയുള്ള ആയുധമായാണ് അവർ ഉപയോഗിച്ചത്.ചാരുകസേരയിൽ ഇരുന്ന് തലമുറക
ൾക്ക് വായിക്കാവുന്ന ശുദ്ധസൗന്ദര്യാത്മക രചനകളുമായി അവയ്ക്കു താരതമ്യമില്ല.അവ നൽകുന്ന അനുഭവങ്ങൾ വേറെ ചിലതാണ്.അക്കാര്യം മനസ്സിലാക്കാൻ പറ്റാത്തവർ ആ കൃതികൾക്കു നേരെ വാളോങ്ങുന്നതിന് സാഹിത്യസംബന്ധിയായ അവരുടെ അജ്ഞതയല്ലാതെ മറ്റ് കാരണമൊന്നുമില്ല.
 1/2/2015

ആധുനികർ ചെയ്തത്

  നമ്മുടെ നാട്ടിലെ രാമനും കോമനും രാധയും ജാനുവുമൊക്കെ തന്നെയായിരുന്നില്ലേ ആധുനികരുടെ കഥാപാത്രങ്ങൾ?മലയാളിയുടെ അനുഭവലോകങ്ങളിൽ നിന്നു തന്നെയല്ലേ അവർ തങ്ങളുടെ കഥാവസ്തുക്കൾ കണ്ടെത്തിയത്?അപ്പോൾ പിന്നെ അവരുടെ കഥകളിലെ ജീവിതം യഥാർത്ഥ കേരളീയ ജീവിതമായിരുന്നില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഈ ചോദ്യങ്ങൾക്ക് പെട്ടെന്ന് ബോധ്യം വരത്തക്ക വിധത്തിലുള്ള ഉത്തരങ്ങൾ നൽകുക എളുപ്പമല്ല.പുറം കാഴ്ചയിൽ കേരളീയം എന്നു തോന്നുന്നത് കേരളത്തിനുമേൽ ഏതെങ്കിലുമൊരു വിഭാഗം,മിക്കപ്പോഴും സാംസ്‌കാരിക മേൽക്കോയ്മയുള്ള വർഗം ആരോപിക്കുന്ന,അല്ലെങ്കിൽ സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ഉല്പാദിപ്പിച്ചെടുക്കുന്ന കേരളീയതയുടെ പ്രകടിത രൂപം മാത്രമാവാം.അത് നാം എളുപ്പത്തിൽ തിരിച്ചറിയണമെന്നില്ല.കേരളീയജീവിതത്തെ വലയം ചെയ്തുകൊണ്ട് പല ആശയലോകങ്ങളും പലരും നിർമിച്ചെടുത്ത മൂല്യബോധങ്ങളും സൗന്ദര്യസങ്കല്പങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇവയെയൊക്കെ അടർത്തിമാറ്റി യഥാർത്ഥ കേരളീയജീവിതത്തെ കണ്ടെത്തി,അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം ജീവിതത്തെയും എഴുത്തിനെയും കുറിച്ച് വൈദേശിക സാഹിത്യ രചനകളും ദർശനങ്ങളുമായുള്ള മിക്കവാറും അപൂർണമായ പരിചയത്തിൽ നിന്ന് സ്വരൂപിച്ച ധാരണകൾ സ്വന്തം രചനകളിൽ പ്രയോഗിക്കുകയാണ് ആധുനികർ ചെയ്തത്.ആ രചനകൾ ഉണർത്തിയ കൗതുകം ഇപ്പോഴും അസ്തമിച്ചിട്ടില്ല.കാരണം ഭാവനാനിർമിതികൾ,അവ ദാർശനികമായി എത്രമേൽ പരതന്ത്രമായിരുന്നാലും,തരുന്ന സുഖത്തിലുള്ള കമ്പം വായനാസമൂഹം പെട്ടെന്നൊന്നും കൈവിടുകയില്ല.
ആധുനികരുടെ ജീവിതാവിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ഈ അഭിപ്രായം നിലനിർത്തിക്കൊണ്ടു തന്നെ ഒരു കാര്യം കൂടി പറയാം അവരുടെ പല കഥകളിലെയും നോവലുകളിലെയും കഥാസന്ദർഭങ്ങളും അനുഭവ ശകലങ്ങളും യഥാർത്ഥത്തിൽ കേരളീയം തന്നെയാണ്.ആധുനികരുടെ പലനാട്യങ്ങളെയും ധിക്കരിച്ചുകൊണ്ട് അവ തലയുയർത്തിനിൽക്കുന്നുണ്ട്.കൂട്ടത്തിൽ തീർച്ചയായും ചില കഥാപാത്രങ്ങളും ഉണ്ട്.അപ്പോൾ പോലും,കേരളത്തിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയുമെല്ലാം പുച്ഛിച്ചു തള്ളുന്ന നിലപാടാണ് മുന്നിട്ടു നിന്നത്.മലയാളത്തിലെ സാഹിത്യവായനക്കാരിൽ മഹാഭൂരിപക്ഷത്തെയും സ്വാധീനിച്ചത് ആ നിലപാടാണ് താനും.
1/2/2015