Pages

Tuesday, April 16, 2013

അവിശ്വാസി

ഞാന്‍ മലയുടെ ഇപ്പുറത്തായിരുന്നു
ദൈവമേ,അപ്പുറത്തെ ഗുഹയിലിരുന്ന്
താങ്കളെന്നെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു
നന്ദി
മനുഷ്യമാംസം വറുത്തെടുക്കുന്ന ഗന്ധം
ആ ഗുഹയില്‍ നിന്നല്ല വരുന്നതെന്ന്
എനിക്ക് പക്ഷേ,വിശ്വസിക്കാനേ ആവുന്നില്ല.
13/4/13

വഴി

മുന്നേറാനുള്ള വഴി
അവരും ഇവരുമൊക്കെ
കാണിച്ചു തന്നു
പിന്നേറാനുള്ള വഴി
പരസഹായമില്ലാതെ
ഞാന്‍ തന്നെ കണ്ടെത്തി.
12/4/13

സമയമായില്ല

മരണദേവന്റെ ക്ഷേത്രവാതില്‍ക്കല്‍ ചെന്ന്
വിവരദോഷിയായ ഞാന്‍ മണിയടിച്ചു
കണ്ണ് തിരുമ്മി എഴുന്നേറ്റു വന്ന ദൈവം പറഞ്ഞു:
പോടാ,പോ സമയമായില്ല.
11/4/13

മൂരാച്ചി,ശില,മൌനി

1
തെരുവിലെ ചോരയില്‍ നിന്നുയിര്‍ക്കൊള്ളുന്ന
'പുതിയ വീര്യ'ത്തിന്‍ പഴങ്കഥ പാടുവാന്‍
മടിയുണ്ടതിനാല്‍ സഖാക്കളേ ഞാനൊരു
മടിയനായ്,ഭീരുവായൊരുവേള
കൊടിയ മൂരാച്ചി തന്നെയായ്
കാലം കഴിക്കുന്നു.
2
പലതുണ്ട് പ്രാര്‍ത്ഥിക്കാനെങ്കിലും ദൈവമേ
ബധിര കര്‍ണത്തിലാണവചെന്നു വീഴ്കയെ-
ന്നറിവതിനാലിന്നു മോഹങ്ങള്‍,നോവുകള്‍,ഭീതികളൊക്കെയും
കുഴികുത്തിയാഴത്തില്‍ മണ്ണിട്ടുമൂടി-
യതിന്മേലെയെന്നെ ഞാന്‍
കഠിനമാം ശിലയായെടുത്തു വെക്കുന്നു
3
പലതുണ്ട് പറയുവാനെങ്കിലുമെന്‍ പ്രിയേ
പ്രണയമില്ല,തിനാലെ മൌനിയാകുന്നു ഞാന്‍.

Thursday, April 11, 2013

ദയവുണ്ടാകണം

‘സത്യം പറയരുത്
ഒറ്റപ്പെട്ടുപോവും
ഒറ്റപ്പെട്ടുപോയാല്‍
ചെന്നായ പിടിക്കും’
ഓരോ ഉപദേശിയോടും അയാള്‍ പറഞ്ഞു:
വിവരവും വകതിരിവുമുള്ളവനാണ് താങ്കള്‍
രണ്ടും ഇല്ലാത്ത ഒരാളെ
അയാളുടെ പാട്ടിനു വിടാന്‍ ദയവുണ്ടാകണം.
11/4/2013

നേതാക്കള്‍,അനുയായികള്‍

നേതാക്കള്‍ പല തരക്കാരാണ്
അനുയായികളെ കിടുകിടാവിറപ്പിക്കുന്നവര്‍
അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍
പഞ്ചാരവാക്കുപറഞ്ഞ് പറ്റിക്കുന്നവര്‍
ഒന്നിനും മിനക്കെടാതെ ഉണ്ടുറുങ്ങി കാലം കഴിച്ചും
നേതാവായി തുടരുന്നവര്‍
അനുയായികള്‍ പക്ഷേ ഒരേയൊരു തരമാണ്
നേതാക്കളുടെ മുന്നില്‍
'ഞാനേ വിശ്വാസി,ഞാനേ വിശ്വാസി' എന്ന്
തൊഴുകയ്യുമായി നിന്ന്
തിരിഞ്ഞുനോക്കി പല്ലിളിക്കുന്നവര്‍.
11/4/2013

ഇമ്മാനുവല്‍

ഇമ്മാനുവല്‍ എന്ന പടം കണ്ടു.(പൂര്‍ണപേര് : ഇമ്മാനുവല്‍ ദൈവം നമ്മോടുകൂടെ,സം വിധാനം:ലാല്‍ ജോസ് തിരക്കഥ: എ.സി.വിജീഷ്). മമ്മൂട്ടി(ഇമ്മാനുല്‍), റീനു മാത്യൂസ് (ഇമ്മാനുവലിന്റെ ഭാര്യ),ഗൌരി ശങ്കര്‍ (മകന്‍)ഫഹദ് ഫാസില്‍, (ഇമ്മാനുവല്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജര്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.ഗൌരി ശങ്കറിന്റെ അഭിനയം വിശേഷിച്ചും വളരെ ആകര്‍ഷകം.ഉടനീളം അല്പവും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ ലോകത്തിന്റെ സാമ്പത്തിക നിയന്ത്രണം മുഴുവന്‍ കയ്യടക്കിയിരിക്കുന്ന കാലത്ത് അവരുടെ പ്രവര്‍ത്തന ശൈലി പിന്‍പറ്റുന്ന സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും വളരുന്നതും എത്രമേല്‍ നീചവും ഹിംസാത്മകവും ഭയാനകവുമായ വ്യവഹാരങ്ങളിലൂടെയാണെന്ന്  വളച്ചുകെട്ടില്ലാത്ത വിളിച്ചു പറയുകയാണ് സിനിമ ചെയ്യുന്നത്. നല്ല പുതുമയുള്ള ഇതിവൃത്തം.നാട്യങ്ങളില്ലാത്ത ആവിഷ്ക്കാരം.അധ്യാപകരീതി അവലംബിച്ചാല്‍ നിസ്സംശയം എ ഗ്രേഡ് കൊടുക്കാം.സിനിമയിലെ പല സന്ദര്‍ഭങ്ങളും അതിശക്തമാണ്. പക്ഷേ,പതിവ് ശൈലി പിന്‍പറ്റി നായകന്റെ വ്യക്തിഗത വൈഭവം കൊണ്ട് കീഴ്പ്പെടുത്താവുന്നതേയുള്ളൂ ഏത് അധുനാതന സാമ്പത്തിക ഭീമന്റെ കുതന്ത്രങ്ങളെയും എന്നു പറഞ്ഞുവെച്ചാണ് സിനിമ അവസാനിക്കുന്നത്.ഇത് സിനിമയില്‍ അതേ വരെ സംഭവിച്ച ഇതിവൃത്ത വളര്‍ച്ചയെയും പ്രമേയവികാസത്തെയും അര്‍ത്ഥശൂന്യമാക്കിക്കളഞ്ഞു.മലയാളത്തില്‍ ഒരു സിനിമക്ക് ജനപ്രിയമാകാന്‍ നായകന്റെ വിജയം ഉദ്ഘോഷിച്ചേ മതിയാവൂ എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.നമ്മുടെ സംവിധായകരും തിരക്കഥാകാരന്മാരും ഈയൊരു അബദ്ധധാരണയില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെട്ടേ മതിയാവൂ.ഉയര്‍ന്ന ഭാവുകത്വമുള്ള വലിയൊരു പ്രേക്ഷകസമൂഹം രൂപപ്പെട്ടു കഴിഞ്ഞ നാടാണ് കേരളം.ചലച്ചിത്രകാരന്മാര്‍ അവരെ ബഹുമാനിക്കുക തന്നെ വേണം.