Pages

Friday, October 21, 2016

വായനാവികൃതി


കൃതിക്ക് പൂർവനിശ്ചിതവും മാറ്റാൻ പറ്റാത്തതുമായ ഒരർത്ഥവുമില്ല,ഓരോ വായനക്കാരനും/വായനക്കാരിയും കൃതിയിൽ നിന്ന് സ്വന്തമായി അർത്ഥം ഉൽപാദിപ്പിക്കുകയാണ് ചെയ്തുവരുന്നത്, അതുകൊണ്ട് വായനയാണ് യഥാർത്ഥ സർഗവൃത്തി,അത് നിർവഹിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ആൾ മാത്രമാണ് എഴുത്തുകാരൻ/എഴുത്തുകാരി എന്നിങ്ങനെയുള്ള പറച്ചിലുകൾ ഈയിടെയായി ആവർത്തിച്ചാച്ചവർത്തിച്ച് കേട്ടു വരുന്നുണ്ട്.റൊളാങ് ബാർത്ത് 1967 ൽ എഴുതിയ  The death of the Author എന്ന പ്രബന്ധത്തെ പരാമർശിച്ചും  Reader -response theory അവതരിപ്പിച്ച സൈദ്ധാന്തികന്മാരെ ഉദ്ധരിച്ചും ഉദ്ധരിക്കാതെയുമൊക്കെയാണ് ഈ ആശയങ്ങൾ അവതരിപ്പിച്ചു വരുന്നത്.കൃതി വായനക്കാരിൽ ഉണ്ടാക്കുന്ന ബൗദ്ധികവും വൈകാരികവുമായ പ്രതികരണങ്ങൾ പ്രധാനമാണ്,ഒരു കൃതി എല്ലാ വായനക്കാരിലും ഒരേ അനുഭവം തന്നെ ഉണ്ടാക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നൊക്കെയുള്ള വളരെ യുക്തിപൂർണമായ വാദങ്ങളിൽ നിന്ന് ബഹുദൂരം അകലേക്ക് പോയി വായനക്കാർ ഉണ്ടാക്കുന്നതിലും കവിഞ്ഞുള്ള ഒരർത്ഥവും കൃതിക്കില്ലെന്നും വായനയിൽ ഗ്രന്ഥകാരന്റെ ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ വായനക്കാരന്റെ പരിഗണനയിലേ വരേണ്ടതില്ലെന്നും കൃതിയിൽ അങ്ങനെ ഏതെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ നിക്ഷേപിച്ചു വെക്കാൻ എഴുത്തുകാരൻ/എഴുത്തുകാരി ശ്രമിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വായനക്കാർ ആലോചിക്കേണ്ടതേയില്ല എന്നും പറയുന്നതിന് എത്രത്തോളം നീതീകരണം സാധ്യമാവും എന്നതിനെ കുറിച്ചുള്ള ഉത്തരവാദിത്വപൂർണമായ ആലോചനകൾ നമ്മുടെ സാഹിത്യനിരൂപണത്തിന്റെ അടിയന്തിരാവശ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കയാണ്.
വായനക്കാർക്ക് ഒരു കൃതിയിൽ നിന്ന് യഥേഷ്ടം അർത്ഥോൽപാദനം നടത്താനാവും എന്നത് ഒരു തെറ്റിദ്ധാരണയാണ്.ഒറ്റ വായനയിൽ ഒരു കൃതിയുടെ എല്ലാ അർത്ഥതലങ്ങളിലേക്കും എല്ലാവർക്കും ചെന്നെത്താൻ കഴിയണമെന്നില്ല.ഇക്കാര്യത്തിൽ വായനക്കാർക്കിടയിൽ വലിയ അന്തരമുണ്ടാകും.ഒന്നിലധികം ഭാഷകളിലെ സാഹിത്യരചനകളുമായി നല്ല പരിചയമുള്ളവർക്ക്  ആദ്യവായനയിൽ തന്നെ ഒരു കൃതി എന്തൊക്കെ പറയാൻ ശ്രമിക്കുന്നു,ആ ശ്രമത്തിൽ കൃതി എത്രത്തോളം വിജയം കൈവരിച്ചിരിക്കുന്നു എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാനാവും.വലിയ വായനാപരിചയം ഇല്ലാത്തവർക്കും മറ്റുള്ളവർ പറഞ്ഞു കേട്ടതു കൊണ്ടു മാത്രം ഒരു പുസ്തകം വായനക്കായി തിരഞ്ഞെടുക്കുന്നവർക്കും ഇത് സാധ്യമാവില്ല.അങ്ങനെയുള്ള ഒരു വായനക്കാരൻ/ വായനക്കാരി തനിക്ക് ഒന്നും മനസ്സിലായില്ല എന്ന് പോലും പറഞ്ഞേക്കും.അതല്ല, 'ഈ പുസ്തകം വളരെ ഗംഭീരമായിരിക്കുന്നു' എന്നാണ് പറയുന്നതെങ്കിൽ തന്നെ അത് ആധികാരികമായ ഒരഭിപ്രായപ്രകടനമാണ് എന്ന് മറ്റൊരാൾക്ക് ഉറപ്പിക്കാനുമാവില്ല.
സാഹിത്യകൃതികളെ വിശ്വസനീയമായ വിധത്തിൽ മൂല്യനിർണയം ചെയ്യും എന്ന് കരുതിപ്പോരുന്ന മാധ്യമങ്ങൾ ,നിരൂപകർ എന്നിവരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അവാർഡ് കമ്മറ്റികളുടെയുമൊക്കെ വിലയിരുത്തലുകൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട് കൃതികളെ കുറിച്ച് അഭിപ്രായം പറയുന്ന വായനക്കാരുടെ എണ്ണം മലയാളത്തിൽ കൂടിക്കൂടി വരികയാണ്.അത്തരം വായന കൊണ്ട് വായിക്കുന്ന ആൾക്കോ സമൂഹത്തിനോ കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാവില്ല.അവർ നിർവഹിക്കുന്നതായി ഭാവിക്കുന്ന അർത്ഥോൽപാദനം പരതന്ത്രമായിരിക്കുമെന്നതിലേറെ കൃത്രിമമായിരിക്കും.
വ്യാഖ്യാനത്തിലൂടെയാണ് എഴുത്തിലൂടെയല്ല ഒരു കൃതി നിർമിക്കപ്പെടുന്നത് എന്നത് ഒരതിവാദമാണ്.വായനക്കാർക്ക് വ്യാഖ്യാനത്തിനുള്ള പ്രേരണ സൃഷ്ടിക്കുന്ന ഒരു കൃതിയെ മാത്രമേ വായനക്കാർ ആ ആവശ്യത്തിന്നായി സമീപിക്കൂ. 'ഇതിൽ വിശേഷിച്ചൊന്നുമില്ലല്ലോ' എന്ന് തോന്നി ഭേദപ്പെട്ട വായനക്കാരിൽത്തന്നെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുന്ന കൃതികളിൽ ചിലത് പിന്നീടൊരിക്കൽ ശ്രദ്ധേയമായ സാഹിത്യരചന എന്ന പരിഗണന നേടുന്ന അവസ്ഥയിലേക്ക് ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നത് ശരിയാണ്.പക്ഷേ,അതിന്റെ അർത്ഥം കൃതി സ്വന്തമായി ഒന്നും പറയുന്നില്ല വായനക്കാർ അവയെക്കൊണ്ട് ചിലത് പറയിപ്പിക്കുക മാത്രമാണ് എന്നല്ല.
                                പ്രസക്തിയുടെ പ്രശ്‌നം
രണ്ട് സാഹിത്യകൃതികളെ തമ്മിൽ താരതമ്യം ചെയ്ത് അവയിൽ ഏതാണ് മികച്ചത് എന്ന് തീരുമാനിക്കുക വായനക്കാരുടെ ആവശ്യമല്ല, ആ ജോലി വേണമെങ്കിൽ നിരൂപകന്മാർ ചെയ്തു കൊള്ളട്ടെ എന്ന് പറഞ്ഞു കേൾക്കാറുണ്ട്.കൃതികളുടെ താരതമ്യം വാസ്തവത്തിൽ വായനക്കാർ ഒരു ജോലി എന്ന നിലയിൽ ഏറ്റെടുക്കുന്നതല്ല.അത് വായനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്.ഏത് കൃതിക്കും എന്ത് അർത്ഥവും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്,അതുകൊണ്ട് എല്ലാ കൃതികളും എനിക്ക് ഒരു പോലെയാണ് എന്ന് പറയുന്ന വായനക്കാരനെ സത്യസന്ധനായ ഒരു വായനക്കാരനായി ആരും പരിഗണിക്കുകയില്ല.അത്തരത്തിൽ സമ്പൂർണമായും നിർമമനും നിഷ്പക്ഷനുമായി ഇരുന്നുകൊണ്ട് നിർവഹിക്കാവുന്ന പ്രവൃത്തിയല്ല വായന.ഒരു കൃതി തന്റെ അനുഭവങ്ങളെയും ഓർമകളെയും ആലോചനകളെയും ആഴത്തിൽ സ്പർശിക്കും വിധം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കൃതിയോട് വായിക്കുന്നയാൾക്ക് കൂടുതൽ മമത തോന്നും.തന്റെ ബൗദ്ധിക നിലവാരത്തിന് വളരെ താഴെ നിൽക്കുന്ന ഒരു കൃതിയോട് ഒരു വായനക്കാരനും മതിപ്പ് തോന്നില്ല.എഴുത്തിൽ കടുത്ത കൃത്രിമത്വം പുലർത്തിയിരിക്കുന്ന രചനകൾ,ഒട്ടും തന്നെ ചരിത്രബോധം പുലർത്താത്ത കൃതികൾ,ഏത് ഗണത്തിൽ പെടുന്നുവോ ഭാഷയിൽ ആ പ്രത്യേകഗണം നേടിയിരിക്കുന്ന വളർച്ചയെ കുറിച്ച് അജ്ഞത പുലർത്തുന്ന കൃതികൾ ഇവയെയൊക്കെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവർ തന്നെയാണ് നല്ല വായനക്കാർ.എഴുത്തുകാരൻ/എഴുത്തുകാരി നേടിയിരിക്കുന്ന ചിഹ്നമൂല്യത്തെ അൽപവും പരിഗണിക്കാതെ കൃതിയെ കുറിച്ച് അഭിപ്രായം സ്വരൂപിക്കാൻ അവർക്കു കഴിയും. ഒരു കൃതി എത്രത്തോളം മൗലികമാണ്, സാഹിത്യം എന്ന വ്യവഹാരം എത്തിനിൽക്കുന്ന അവസ്ഥയിൽ അത് അതിന്റെ പ്രത്യേകമായ പ്രസക്തി എത്രത്തോളം ബോധ്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ അവർ തിരിച്ചറിഞ്ഞു കൊള്ളും.അപ്രസക്തമെന്ന് തങ്ങൾക്കു തോന്നുന്ന ഒരു കൃതിക്കു ചുറ്റം എന്തൊക്ക പരിവേഷങ്ങൾ ആരൊക്കെ ഉണ്ടാക്കിവെച്ചാലും അതിനൊന്നും അവർ ഗൗരവം കൽപിക്കുകയില്ല. ഈ കഴിവുകളൊന്നും വായനക്കാർക്ക് ഉണ്ടാകരുത് ,ഏത് കൃതിയെയും അർത്ഥത്തിന്റെ അനന്തവും വൈവിധ്യപൂർണവുമായ സാധ്യതകളുടെ സംഭരണി എന്ന നിലക്ക് അവർ കണ്ടുകൊള്ളണം എന്ന നിർദ്ദേശം അല്പമെങ്കിലും സാഹിത്യപരിചയവും ആത്മാഭിമാനവുമുള്ള ഒരു വായനക്കാരനും അംഗീകരിച്ചു കൊടുക്കുകയില്ല.  എങ്കിൽ പിന്നെ ഈ കോലാഹലങ്ങളെല്ലാം തികച്ചും നിരർത്ഥവും നിഷ്ഫലവുമാണോ?
ഏതെങ്കിലുമൊരു കൃതിക്ക് ഒന്നോ അതിലധികമോ ജീവിത വ്യാഖ്യാനങ്ങളെയും സന്ദേശങ്ങളെയും വികാരങ്ങളെയും യാതൊരു മാറ്റവും സംഭവിക്കാത്ത വിധം എക്കാലത്തേക്കുമായി അതിൽ സൂക്ഷിച്ചു വെക്കാനാവും എന്ന് കരുതുന്നത് നിസ്സംശയമായും തെറ്റാണ്.കാലം മാറുമ്പോൾ മനുഷ്യരുടെ ലോകബോധത്തിലും മൂല്യസങ്കൽപങ്ങളിലും മാറ്റം വരും. മനുഷ്യനെയും ഇതരജീവജാലങ്ങളെയും കുറിച്ചും നാനാതരം പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ച് ആകെത്തന്നെയുമുള്ള അവരുടെ അറിവിൽ വലിയ വർധനവുണ്ടാകും.പുതിയ രാഷ്ട്രീയാശയങ്ങളും ജീവിത ദർശനങ്ങളും അവരെ സ്വാധീനിക്കും.ഇതെല്ലാം പഴയ കൃതികളെ പുതിയ രീതിയിൽ സമീപിക്കാൻ അവരെ പ്രേരിപ്പിക്കും.ആധുനിക കാലത്തെ സാഹിത്യരചനകൾക്കു മാത്രമല്ല,പഴങ്കഥകൾക്കും പുരാവൃത്തങ്ങൾക്കുമെല്ലാം അവർ പുതിയ പാരായണ സാധ്യതകൾ കണ്ടെത്തും.ഒരു കാലത്ത് കൊണ്ടാടപ്പെട്ട കൃതികൾക്ക് സാഹിത്യചരിത്രപരമായ പ്രാധാന്യമൊഴിച്ച് മറ്റൊന്നും അവകാശപ്പെടാനില്ലെന്ന് അവർ കണ്ടെത്തിയേക്കും.ഒരിക്കൽ പുരോഗമനപരമെന്ന് വാഴ്ത്തപ്പെട്ട കൃതി യഥാർത്ഥത്തിൽ യാഥാസ്ഥിതികത്വത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞേക്കും.വായനയിൽ ചരിത്രം ഇടപെടുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.കൃതികളുടെ അർത്ഥതലം നിശ്ചലമല്ലെന്നും അവ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഈ അർത്ഥത്തിൽ പറയാം.അപ്പോഴും ബാക്കി നിൽക്കുന്ന ഒരു വസ്തുത എല്ലാ കൃതികളുടെ വായനയിലും ചരിത്രം ഒരേ അളവിൽ ഇടപെടുന്നില്ലെന്നതതാണ്.രാമചരിതതത്തിന്റെയോ കൃഷ്ണഗാഥയുടെയോ വായനയെ നവീകരിച്ചെടുക്കുന്നതിൽ വായനക്കാർക്ക് താൽപര്യമുണ്ടാവില്ല.അവയുടെ അർത്ഥതലത്തിന്റെ നവീകരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്.ഈഡിപ്പസിന്റെ കഥയ്ക്ക് പല വായനകൾ ഉണ്ടായിക്കഴിഞ്ഞു.വ്യത്യസ്തമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള വായനകൾ ഇനിയും ഉണ്ടായേക്കാനുള്ള സാധ്യതയെ സംശയിക്കാനുമില്ല.എന്നാൽ മറ്റു പല പുരാവൃത്തങ്ങളുടെയും പുനർവായനയിൽ ഈ സാധ്യത പ്രതീക്ഷിക്കാനാവില്ല.
കുമാരാനാശാന്റെ മിക്ക കൃതികളും ഏറ്റവും പുതിയ നിരൂപണസങ്കേതങ്ങളുടെയും വിവിധ ജ്ഞാനമേഖലകളിൽ സംഭവിക്കുന്ന വികാസങ്ങളുടെ ഫലമായി കൈവരുന്ന ഏറ്റവും പുതിയ അറിവുകളുടെയും സഹായത്തോടെ വീണ്ടും വീണ്ടും പഠിക്കപ്പെടുന്നുണ്ട്.ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.'ഖസാക്കിന്റെ ഇതിഹാസ'ത്തിന് എത്രയോ വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഉണ്ടായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'സ്മാരകശിലകളു'ം ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി പഠനസ്വഭാവമുള്ളതോ വിമർശനാത്മകമോ ആയ വായനകൾ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.കാക്കനാടന്റെ വസൂരി,ഏഴാം മുദ്ര,ഉഷ്ണമേഖല തുടങ്ങിയ കൃതികളാകട്ടെ നിരൂപകരും ഗവേഷകരും മിക്കവാറും മറന്ന മട്ടായി.
എല്ലാ കൃതികളും പുതിയ പുതിയ പാരായണ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നില്ലെന്ന കാര്യം തീർച്ചയാണ്.സാഹിത്യചരിത്രത്തിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന കൃതികളിൽത്തന്നെ പലതും കാലം കഴിയുന്നതോടെ പഠനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നവയായിത്തീരുന്നുണ്ട്.പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കാനാവാത്ത വിധത്തിൽ അവയുടെ ഭാഷയും ഇതിവൃത്തവുമെല്ലാം പഴകിപ്പൂതലിച്ചു പോവുന്നുണ്ട്.അങ്ങനെ സംഭവിക്കാതെ അനേകനൂറ്റാണ്ടുകൾക്കു ശേഷവും പുതിയ വായനക്കാരോട് മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കാൻ ശേഷിയുള്ള കൃതികൾ,അവയെ ആശ്രയിച്ച് പുതിയ പാഠങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നിലനിന്നു വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.അങ്ങനെ പാഠങ്ങൾ ഉൽപാദിപ്പിക്കാൻ പ്രേരണ നൽകുന്ന എന്തൊക്കെ ഘടകങ്ങളാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്.
കഥകളിൽ നിന്നും കവിതകളിൽ നിന്നുമൊക്കെ ആർക്കും യഥേഷ്ടം പാഠങ്ങൾ നിർമിക്കാം,എല്ലാ പാഠങ്ങളും ഒന്നു പോലെ പ്രസക്തമാണ് എന്നുള്ള വാദം നിഷ്‌കളങ്കമോ യുക്തിഭദ്രമോ അല്ലെന്ന് അനായാസമായി സ്ഥാപിക്കാൻ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ചില പാഠനിർമിതികളെ മാത്രം ആശ്രയിച്ചാൽ മതി. ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരിനെ മുൻനിർത്തി കഥ ഒരു മതത്തെ അനുകൂലിക്കുന്നതും മറ്റൊന്നിനെ നിന്ദിക്കുന്നതുമാണെന്ന് വിധിച്ചുകൊണ്ട് നടത്തുന്ന പാഠനിർമാണം ആശാസ്യമായ വായനയുടെ ഫലമല്ല.അത് അൽപമെങ്കിലും ഭേദപ്പെട്ട ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുമില്ല. വായനയെ ആശാസ്യമെന്നും അല്ലാത്തതെന്നും വേർതിരിക്കുന്നതും ഭാവുകത്വത്തിന് നിലവാരം നിശ്ചയിക്കുന്നതുമെല്ലാം അനാവശ്യമാണെന്ന് വീറോടെ വാദിക്കാൻ ആളുകളുണ്ടായേക്കും. തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപായങ്ങൾ അവർ സമർത്ഥമായി പ്രയോഗിച്ചെന്നും വരും.പക്ഷേ,ഒരു കഥ ഏത് യാഥാർത്ഥ്യത്തെയാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ഒറ്റ വായനയിൽത്തന്നെ തിരിച്ചറിയാമായിരുന്നിട്ടും ആ യാഥാർത്ഥ്യത്തെ പാടെ അവഗണിച്ച് വായനയിൽ കലക്കമുണ്ടാക്കാൻ എളുപ്പമുള്ള ഒന്നിനെ കഥയിൽ നിന്ന് കണ്ടെടുത്ത് അതിൽ ഊന്നിക്കൊണ്ട് നിരൂപണവും സംവാദവും സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ തെറ്റാണ്. ഒരു കഥ അവസാനിക്കുന്ന ഭാഗത്ത് സാധാരണ ജനങ്ങൾ നിലവിൽ അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീർത്ത ബഹുമുഖമായ  ഉദാസീനതയെയും നിർമമതയെയും കരകയറേണ്ടതുണ്ട് എന്ന തോന്നലില്ലാതെ ലജ്ജാരഹിതമായി അവർ അനുഭവിച്ചു വരുന്ന നിസ്സഹായതയെയും ന്യായീകരിക്കാനെന്ന ഭാവത്തിൽ  അവരിലൊരാൾ തന്നെയായ കഥാപാത്രം 'അഹം ബ്രഹ്മാസ്മി, തത്വമസി' എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങുന്നത് വായിച്ച പാടെ 'ദാ,കഥാകൃത്ത് ദൈവവിശ്വാസത്തിലും ഹൈന്ദവദർശനത്തിലും അഭയം തേടുന്നു' എന്ന്  ഒരു നിരൂപകൻ വിളിച്ചു പറയുകയാണെങ്കിൽ അയാളുടെ വായന നിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമാണെന്ന് വിധിക്കാൻ ഒരു വായനാസിദ്ധാന്തവും തടസ്സമാകേണ്ടതില്ല.വലിയ സാഹിത്യപരിചയമൊന്നുമില്ലാത്ത സാധാരണവായനക്കാർ ആ കഥാസന്ദർഭത്തിലെ നർമത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും വളരെ വേഗം എത്തിച്ചേരുകയും നിരൂപകനെന്ന് സ്വയം കരുതുന്ന ഒരാൾ സന്ദർഭം ഒട്ടുമേ അനുവദിക്കാത്ത മറ്റൊരു വഴിയിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ അത് വിവരക്കേടാണെന്നു വിളിച്ചുപറയാൻ അൽപം പോലും സംശയിക്കേണ്ട കാര്യമേ ഇല്ല.
                    അസ്തിത്വവാദത്തിന്റെ തുടർച്ചയും മറ്റു ചിലതും
കൃതി എന്ന ഒന്നില്ല ,പാഠങ്ങൾ മാത്രമേ ഉള്ളൂ;പാഠങ്ങളുടെ ഉൽപാദനമാണ് കൃതിയെ സൃഷ്ടിക്കുന്നത് എന്ന ആശയം അവതരിപ്പിക്കുന്നവർ മിക്കവാറും ആദ്യം ഉദ്ധരിക്കുന്നത് റൊളാങ് ബാർത്തിനെയും മിഷേൽ ഫൂക്കോവിനെയും ആയിരിക്കും.തൊട്ടു പിന്നാലെ വരും ദെറീദ. 'പാഠത്തിന് ( പിന്നെ ലോകമാകുന്ന പാഠത്തിനും)  'രഹസ്യ'വും അന്തിമവുമായ ഒരർത്ഥം കൽപിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നതിലൂടെ ദൈവശാസ്ത്രവിരുദ്ധമെന്നു വിളിക്കാവുന്നതും സത്യമായും വിപ്‌ളവകരവുമായ ഒരു പ്രവൃത്തിയെ സ്വതന്ത്രമാക്കി വിടുകയാണ് ചെയ്യുന്നത് 'എന്ന് ബാർത് തന്റെ ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പാഠത്തിന് ഗ്രന്ഥകാരനെ നൽകുക എന്നതിന്റെ അർത്ഥം ആ പാഠത്തിന്  പരിധി കൽപിക്കുക,അതിന് അന്തിമമായ ഒരു സൂചിതം നൽകുക,ആ എഴുത്തിനെ അടച്ചിടുക എന്നൊക്കെയാണ്.ഓരോ കൃതിയും പാഠങ്ങളുടെ,പാഠനിർമാണത്തിനുള്ള സാധ്യതകളുടെ അനന്തമായ ലീലയാണ് എന്ന് പറയുന്നത് കേൾക്കാൻ ഇമ്പമുണ്ടായേക്കാമെങ്കിലും പറയുന്ന അത്രയും ലാഘവത്തോടെ ഒരു കൃതിയും അങ്ങനെ പാരായണത്തിന് വഴങ്ങിക്കൊടുക്കില്ല എന്നതാണ് വസ്തുത.അവ ഉണ്ടായ കാലത്തെ ജീവിതബോധവും ആ കാലം ആവശ്യപ്പെട്ട ധർമങ്ങളുടെ ഏറ്റെടുപ്പും കൃതി നിർവഹിച്ചിട്ടുണ്ടാവും.അവയെ വിമർനബുദ്ധിയോടെ പരിശോധിക്കാനും അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ധാരണകളെയും താൽപര്യങ്ങളെയും വെളിപ്പെടുത്താനും പുതിയ വായനയിലൂടെ സാധിക്കും.അതിനപ്പുറത്ത് കൃതി എന്തെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് പ്രാഥമികമായും കൃതിയുടെ മികവ് കൊണ്ടു തന്നെയാണ്.
ബാർത്തിന്റെ 'The death of the Author' ലും ഫൂക്കോവിന്റെ    'What is an Author?'
ലും ആദ്യവായനയിൽ ഉണ്ടെന്നു തോന്നിയേക്കാവുന്ന സ്‌ഫോടനാത്മകത വാസ്തവത്തിൽ അവയ്ക്ക് അവകാശപ്പെടാനാവില്ല.ജീവിതത്തിന് പൂർവനിശ്ചിതമായ ഒരർത്ഥവുമില്ലെന്ന, മനുഷ്യൻ ജീവിതത്തിലൂടെ എന്തായിരുന്നുവോ അതു തന്നെയാണ് ജീവിതത്തിന്റെ സത്ത,അസ്തിത്വം സത്തയ്ക്ക് മുമ്പേ വരുന്നു (Existence preceeds Essence) എന്ന ആശയം അസ്തിത്വവാദികൾ നേരത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ബുദ്ധിജീവിലോകത്തിന് അത് അതിപരിചിതമായിത്തീർന്നതിനു ശേഷമാണ് ഗ്രന്ഥകാരന്റെ മരണം ഉൽഘോഷിച്ച്, കൃതിക്ക് അചഞ്ചലവും പൂർവനിശ്ചിതവുമായ ഒരർത്ഥവുമില്ല,വായനയിലൂടെ നിർമിക്കപ്പെടുന്ന പാഠത്തിലൂടെയാണ് കൃതി ഉണ്ടാവുന്നത് എന്ന ആശയം മുന്നോട്ടു വെക്കപ്പെടുന്നത്.ഇതിനു പിന്നിൽ അസ്തിത്വവാദത്തിന്റെ കൂടി സ്വാധീനമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് 'The author does not precede the works' എന്ന ഫൂക്കോവിന്റെ വാക്യഖണ്ഡം.
കൃതിയുടെ അർത്ഥം ഓരോ വായനയിലും പുനർനിർമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു മാത്രമാണ് എന്നു പറയുന്നത് ഏത് ആശയത്തിനും നിലപാടിനും താൽക്കാലികമായ നിലനിൽപ് മാത്രമേ ഉള്ളൂ,അത്രയേ ഉണ്ടാവേണ്ടതുള്ളൂ എന്ന് പറയുന്നതിനോട് ഏറെക്കുറെ തുല്യമാണ്. 'ചരിത്രം എന്ന ഒന്നില്ല,വ്യാഖ്യാനം മാത്രമേ ഉള്ളൂ' എന്ന ആശയം ഇതിന്റെ വകഭേദം മാത്രമാണ്.ചരിത്രം ഇല്ല,എല്ലാ ബ്രഹദാഖ്യാനങ്ങളും അപ്രസക്തമാണ്,ഗ്രന്ഥകാരൻ മരിച്ചു എന്നൊക്കെയുള്ള പ്രസ്താവങ്ങൾ രക്തബന്ധമുള്ളവയാണ്.ഒന്നു കൂടി ചുഴിഞ്ഞുനോക്കിയാൽ ഈ ആശയങ്ങളിൽ നിന്ന് അധ്യാപകർ പഠിപ്പിക്കേണ്ടതില്ല,ജ്ഞാനം വിദ്യാർത്ഥി സ്വന്തമായി നിർമിക്കേണ്ടതാണ്,അതിന് സഹായിയായി നിൽക്കുക എന്നത് മാത്രമാണ് അധ്യാപകന്റെ റോൾ എന്ന നിലപാടിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ് എന്ന് മനസ്സിലാവും.വ്യത്യസ്ത മേഖലകളിൽ ഒരേ കാലയളവിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കു തമ്മിൽ ഇങ്ങനെ സാഹോദര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതു പോലും പലർക്കും,വിശേഷിച്ചും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വ്യവഹാരങ്ങളും വിപണിയോട് സൗഹൃദം പുലർത്തുന്നവയായിരിക്കണം എന്ന് വാദിക്കുന്നവർക്ക് തീരെ രസിക്കില്ല.

അടിക്കുറിപ്പ്: മലയാളത്തിലെ ആദ്യചെറുകഥയായ 'വാസനാവികൃതി'യുടെ നൂറ്റിരപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമായതുകൊണ്ടു കൂടിയാവാം ഈ ലേഖനത്തിന് 'വായനാവികൃതി' എന്ന ശീർഷകം നൽകാമെന്നു തോന്നിയത്.
 






Saturday, October 1, 2016

പാഠങ്ങളാണോ കൃതി?


വായനക്കാരാണ് എഴുത്തുകാരല്ല കൃതികളുടെ യഥാർത്ഥ രചയിതാക്കളെന്നും വായനക്കാരിൽ ഓരോരുത്തരും താന്താങ്ങളുടെ സഞ്ചിത സംസ്‌കാരത്തിനും ഭാവുകത്വത്തിനും വ്യാഖ്യാനശേഷിക്കും അപ്പപ്പോഴത്തെ മാനസികാവശ്യങ്ങൾക്കും ഇണങ്ങും പടി കൃതികളിൽ നിന്ന് ഓരോരോ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയാണെന്നുമെല്ലാം പുതിയ കാലത്തെ പല സാഹിത്യസൈദ്ധാന്തികരും നിരൂപകരും പല മട്ടിൽ പറഞ്ഞു വെച്ചിട്ടുണ്ട്.കൃതി എന്ന ഒന്നില്ല.അത് വായനയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭിന്ന പാഠങ്ങൾക്കെല്ലാം കൂടി നൽകുന്ന പേര് മാത്രമാണ് എന്നിടം വരെ ഈ വാദം പോകും.ഒരു വശത്തു നിന്ന് നോക്കിയാൽ ഇത് നിഷ്‌കളങ്കവും അതീവ ദുർബലവുമായ ഒരതിവാദം മാത്രമാണ്.വായന പക്ഷേ തങ്ങൾ വാദിച്ചുറപ്പിതായി ഇവർ സങ്കൽപിക്കുന്ന സർവതന്ത്ര സ്വതന്ത്രമായ അർത്ഥോൽപാദന കേളിയല്ല.ആർക്കും എന്തും ഖനനം ചെയ്‌തെടുക്കാവുന്ന വിചിത്രഖനിയല്ല ഒരു പുസ്തകവും. 'സാഹിത്യകൃതികൾ വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് വായനയുടെ പല അടരുകൾക്ക് ഇടമുള്ള  വ്യവഹാരം നമുക്ക് സമ്മാനിക്കുന്നതിലൂടെയും    ഭാഷയുടെയും യഥാർത്ഥജീവിത്തിന്റെയും സന്ദിഗ്ധതകളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയുമാണ്.സാഹിത്യസൃഷ്ടികളെ വ്യത്യസ്തമായ രീതിയിൽ വായിക്കാൻ ഓരോ തലമുറയെയും അനുവദിക്കുന്ന കളിയിൽ നാം ഏർപ്പെടുന്നത്  കൃതിയുടെ ഉദ്ദേശ്യത്തോടുള്ള അഗാധമായ ബഹുമാനത്താൽ പ്രേരിതരായിട്ടു തന്നെയാവണം' എന്ന് ഉംബർട്ടോ എക്കോ പറയുന്നുണ്ട്.(On some functions of  Literature).അദ്ദേഹം എഴുതി: 'സാഹിത്യകൃതികളുടെ വായന വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു തന്നെ ആത്മാർത്ഥമായ കൃത്യനിർവഹണത്തിന്റെയും അഭിമാനത്തിന്റെയും അഭ്യസനം നിർവഹിക്കാൻ  നമ്മെ നിർബന്ധിക്കുന്നുണ്ട.്'
ഒരു സാഹിത്യകൃതിക്കും സ്ഥിത്യാത്മകമായ അർത്ഥമില്ലെന്നും ഓരോ കാലത്തും അവയുടെ അർത്ഥം മാറിക്കൊണ്ടിരിക്കുമെന്നും വാദിക്കുമ്പോൾ ഓരോ വായനക്കാരനും/വായനക്കാരിക്കും താന്താങ്ങൾക്ക് തോന്നും പടി എന്ത് അർത്ഥവും കൃതിക്കുമേൽ ആരോപിക്കാമെന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ആ വാദത്തിനു പിന്നിൽ ഒട്ടും അഭിലഷണീയമല്ലാത്ത ഉത്തരവാദിത്വരാഹിത്യമാണ് പ്രവർത്തിക്കുന്നത് എന്ന്  ഉറപ്പിച്ചു തന്നെ പറയാം.ഒരു പ്രാചീന നാടകത്തിന്റെ ഇതിവൃത്തത്തിലേക്ക് നൂറ്റാണ്ടുകളുടെ ഇടവേളകൾക്കു ശേഷം, ചിലപ്പോൾ അതിലും ചെറിയ കാലയളവിനുള്ളിൽ തന്നെ, വന്നു ചേരുന്ന പുതിയ അർത്ഥങ്ങൾ ആരുടെയെങ്കിലും ഭ്രമകല്പനകളിൽ നിന്നോ തികച്ചും അയുക്തികമായ ചിന്തകളിൽ നിന്നോ സൗന്ദര്യശാസ്ത്രത്തിന്റെയോ മന:ശാസ്ത്രത്തിന്റെയോ ദാർശനികാന്വേഷണങ്ങളുടെയോ ഒന്നും പിന്തുണയില്ലാത്ത വ്യാഖ്യാനകേളികളിൽ നിന്നോ ഒരുവം കൊള്ളുന്നവയല്ല.പ്രപഞ്ചത്തെ കുറിച്ചും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചും മനസ്സിന്റെ വ്യാപാരങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന് കൈവരുന്ന പുതിയ ബോധ്യങ്ങൾ പുതിയ അർത്ഥോൽപാദനത്തോടെയുള്ള പുതിയ പാരായണങ്ങളെ ആവശ്യമാക്കിത്തീർക്കുന്നു;അതാണ് സംഭവിക്കുന്നത്.
പഴയ പ്രയോഗങ്ങളുടെ സ്മരണയും അനുഭൂതികളുടെ ഇന്ന് നമുക്ക് അപരിചിതമായിത്തീർന്നിരിക്കുന്ന വഴികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നതും ഭംഗിയായി മിതപ്പെടുത്തപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങൾ, അതായത് വർത്തമാനത്തിലെ ഒന്നിനോടും സാദൃശ്യമില്ലാത്ത പഴയകാലത്തിന്റെതായ അടയാളങ്ങൾ, അവയാണ്  പല ക്ലാസിക് രചനകളിലും നമ്മെ കാത്തിരിക്കുന്നതെന്നും അവയുടെ വർണഭംഗികൾക്ക് കൂടുതൽ തെളിച്ചം കൈവരുന്നത് കാലം അവയ്ക്കു മുകളിലൂടെ കടന്നുപോയതിനു ശേഷം മാത്രമാണെന്നും മാർസൽ പ്രൂസ്റ്റ് പറയുന്നുണ്ട് (Days of Reading- Marcel Proust). ഇതിഹാസങ്ങളെയും അതിപ്രാചീനമായ മറ്റ് കൃതികളെയും സമീപിക്കുമ്പോൾ  അവയോടുള്ള നമ്മുടെ ആദരവിനോട് മനുഷ്യസംസ്‌കാരത്തിന്റെ വിദൂരഭൂതകാലത്തോടുള്ള സ്‌നേഹവാത്സല്യങ്ങൾ കൂടിക്കലരും.അത്രയേറെ കാലപ്പഴക്കം അവകാശപ്പെടാനില്ലാത്ത കൃതികളോടും പലപ്പോഴും നമുക്ക് അതിയായ സ്‌നേഹം തോന്നാറുണ്ട്..അടുത്ത കാലത്തായി പലരും നിർമിച്ചു വരുന്ന നാട്ടുഭാഷാ നിഘണ്ടുക്കളിലെ പദങ്ങളിൽ പലതും ഇപ്പോൾ വാർധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നവർ തന്നെ അവരുടെ കുട്ടിക്കാലത്ത് പ്രയോഗിച്ചവയാവും.എങ്കിലും ദശകങ്ങളോളം തങ്ങൾ ദൈനംദിന സംഭാഷണഭാഷയിൽ നിന്ന് മാറ്റി നിർത്തിയ വാക്കുകളെ വീണ്ടും കണ്ടുമുട്ടുമ്പോൾ അവർക്കുണ്ടാവുന്ന അത്ഭുതാഹ്ലാദങ്ങൾ വളരെ വലുതായിരിക്കും.ക്ലാസിക്കുകളിൽ നിന്ന് നമുക്ക് കൈവരുന്ന ആഹ്ലാദം തീർച്ചയായും സമാന സ്വഭാവമുള്ള ഒന്നല്ല.എങ്കിലും നമ്മുടെ ഭൂതകാലാഭിരതിയുടെ ഒരംശം കൂടി അതിൽ കലരുന്നുണ്ടെന്ന് ന്യായമായും കരുതാം.പക്ഷേ,സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും പുതുപുത്തൻ വായനാനുഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ക്ലാസിക്കുകളെയും ഏതാനും ദശകങ്ങൾക്കുള്ളിൽ തന്നെ  അർത്ഥസാധ്യതകളുടെ   വിസ്മയകരമായ അനേകം പുതിയ വഴികളിലേക്ക് വായനക്കാരെ നയിച്ച ചില സമീപ ഭൂതകാല കൃതികളെയും നാം ആദരിക്കുന്നത് ഏതെങ്കിലും മൃദുവികാരത്തെ അടിസ്ഥാനമാക്കിയല്ല.മറിച്ച് അവ നമ്മുടെ പുതിയ ജ്ഞാനപരിസരങ്ങളോടും രാഷ്ട്രീയസമസ്യകളോടുമെല്ലാം ചേർന്നുനിൽക്കുന്നതുകൊണ്ടു തന്നെയാണ്.ഈ വാസ്തവത്തെ വലിച്ചു നീട്ടി കൃതിക്ക് സ്ഥിരമായ ഒരർത്ഥമോ ഉദ്ദേശ്യമോ ഇല്ലെന്ന് വാദിക്കുന്നതിനെ നൂതനവും ഉന്നതവുമായ സാഹിത്യദർശനത്തിന്റെ ഉൽപന്നമായി കണക്കാക്കാനാവില്ല.
മനുഷ്യജീവിതത്തിന് പൂർവനിശ്ചിതമായ യാതൊരു സത്തയുമില്ലെന്നും ജീവിക്കുന്നതിലൂടെ ഓരോ മനുഷ്യനും എന്തായിത്തീരുന്നുവോ അതാണ് അവന്റെ/അവളുടെ ജീവിത്തിന്റെ സത്ത എന്നും ജീവിതത്തിന്റെ സാമാന്യസത്തയെ കുറിച്ചുള്ള ധാരണകൾക്ക് പുറത്തുനിന്നുകൊണ്ടാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ അർത്ഥം നിർമിക്കുന്നതെന്നും അസ്തിത്വവാദികൾ പറഞ്ഞതിനെ ഓർമിപ്പിക്കുന്നതു തന്നെയാണ് കൃതി എന്ന ഒന്നില്ല പല പാഠങ്ങൾ മാത്രമേ ഉള്ളൂ,അവയാണെങ്കിൽ വായനക്കാരുടെ നിർമിതികൾ മാത്രവുമാണ് എന്ന് വാദിക്കുന്നതും.അസ്തിത്വവാദത്തോളം പുറകിലേക്കൊന്നും പോവേണ്ട ഘടനാവാദാനന്തര കാലഘട്ടത്തിലെ ദാർശനികാന്വേഷണങ്ങളും സാഹിത്യാപഗ്രഥനങ്ങളുമൊന്നും കൃതിക്കുള്ളിൽ എക്കാലത്തേക്കുമായി ഒരർത്ഥം സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു എന്ന ധാരണയെ അംഗീകരിക്കുന്നതേയില്ല എന്നും  കൃതിയുടെ സാർവകാലികമായ അർത്ഥവും സകലവായനക്കാർക്കും ഒന്നുപോലെ അനുഭവിക്കാനാവും വിധം കൃതി ഉൽപാദിപ്പിക്കുന്ന വികാരങ്ങളും അനുഭൂതികളുമൊക്കെ തേടിയുള്ള അന്വേഷണത്തിന് ഇനിയങ്ങോട്ട് യാതൊരു പ്രസക്തിയുമില്ലെന്നും ഉറപ്പിച്ചു പറയുന്നവരായി പലരുമുണ്ടാവും.ഈ വാദം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാൻ അധികമായി അധ്വാനിക്കുന്നതിൽ കഴമ്പില്ലെന്നു തോന്നുന്നു.കാരണം വായിക്കുന്ന ആൾ ആരായാലും അയാൾ ഒരു കൃതിയിലൂടെയാണ് കടന്നു പോവുന്നത്.ആ കൃതിക്ക്  എഴുത്തുകാരൻ/എഴുത്തുകാരി കൽപിക്കുന്നതായി കൃതിയുടെ കാലം, കൃതി അഭിസംബോധന ചെയ്ത സമൂഹം,കൃതിയുടെ അപ്പോഴത്തെ സാമൂഹ്യഫലം എന്നിവയെയൊക്കെ അടിസ്ഥാനമാക്കി മുൻകാലവ്യാഖ്യാതാക്കളും നിരൂപകരും കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായ അർത്ഥവും ഉദ്ദേശ്യവുമെല്ലാം പുതിയ കാലത്തെ വായനക്കാർക്ക് കണ്ടെത്താം.പക്ഷേ, 'പാവങ്ങളി'ൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ അൽബേർ കമ്യുവിന്റെ 'അന്യനി'ൽ നിന്ന് കണ്ടെത്താനാവില്ല.ഈ ഒരു വസ്തുതയെങ്കിലും രണ്ട് കൃതികൾക്ക് രണ്ട് അസ്തിത്വമാണുള്ളതെന്ന് സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്.ഇത്രയെങ്കിലും ഉറപ്പിച്ചു വെക്കാതുള്ള  സാഹിത്യവായന അർത്ഥശൂന്യമായ ബൗദ്ധികാഭ്യാസങ്ങളിലും കുതർക്കങ്ങളിലുമൊക്കെയാണ് ചെന്നെത്തുക.ആ വഴിയിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അല്പമായിപ്പോലും താൽപര്യമില്ല.

(മാധ്യമം വാരികയിൽ എഴുതിവരുന്ന ജീവിച്ചു മതിവരാത്ത പുസ്തകങ്ങൾ എന്ന പംക്തിയുടെ ആമുഖലേഖനത്തിൽ നിന്ന് -ശീർഷകം പുതുതായി നൽകിയത്.)

Friday, September 30, 2016

തളരുന്ന പൊതുബോധം,വളരുന്ന അരാഷ്ട്രീയത


കേരളത്തിനകത്തു തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന മലയാളിയുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോവുന്നുണ്ടെന്നും ഏറ്റവും പുതിയ തലമുറയുടെ കാര്യത്തിലാണ് ഇത് ഏറ്റവും കൂടിയ അളവിൽ സംഭവിച്ചുകൊണ്ടി രിക്കുന്നതെന്നും ഉള്ള പറച്ചിലിന് രണ്ട് മൂന്ന് ദശകക്കാലത്തിന്റെയെങ്കിലും പഴക്കമുണ്ട്.ഈ പറച്ചിൽ ഏറെക്കുറെ എല്ലാ കോണുകളിൽ നിന്നുമായി ആവർത്തിച്ചു കേൾക്കാൻ തുടങ്ങിയത് സമീപവർഷങ്ങളിലാണെന്ന് മാത്രം.
നാം നമ്മെക്കുറിച്ച് പൊതുവായി പങ്കുവെക്കുന്ന ഈ നിരീക്ഷണത്തിന് അനുഭവത്തിന്റെ പിൻബലമുണ്ടെന്നതിൽ സംശയമില്ല.പക്ഷേ,സാമൂഹ്യമായ പ്രതീക്ഷകളും ഉൽക്കണ്ഠകളും രോഷവുമെല്ലാം നമുക്ക് അന്യമായി ത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഗൗരവപൂർണമായ അന്വേഷണങ്ങളൊന്നും ഇതേവരെയായി ഉണ്ടാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു ഉത്തരത്തിൽ എത്തിച്ചേരുക എളുപ്പമല്ല.
സാങ്കേതിക സാക്ഷരതയുടെ വ്യാപനവും നവസാമൂഹ്യമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നൽകുന്ന അതിശ്രദ്ധയുമാണ് കേരളത്തിലെ യുവജനങ്ങളെയും മധ്യവയസ്‌കരെയും വൃദ്ധജനങ്ങളെപ്പോലും അവനവനിലേക്കും അവളവളിലേക്കും ചുരുങ്ങാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാൽ നന്നേ ചെറിയ അളവിലേ അത് ശരിയാവുകയുള്ളൂ.സാ മൂഹ്യ മാധ്യമങ്ങളിലെ ആവിഷ്‌ക്കാരങ്ങൾ ഏറെയും വ്യക്തികൾ സ്വയം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ ആ ആവിഷ്‌ക്കാരങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ (കമന്റ്‌സ്) അതിലും പതിന്മടങ്ങ് മോശമായ രീതിയിൽ അഹന്തയുടെയും ധിക്കാരത്തിന്റെയും പ്രകടനമാവുന്നതായിട്ടാണ് കാണുന്നത്.ഫെയ്‌സ്ബുക്ക്,ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ നടക്കുന്ന സാമൂഹ്യവിമർശനത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതുവെയുള്ള സ്വഭാവം ഒരുതരം ആധിപത്യവ്യഗ്രതയാണ്.തർക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയാക്കാനുമുള്ളതായിരിക്കണം സംവാദം എന്ന ബോധ്യത്തിന്റെ നാലയലത്തുപോലും എത്താത്ത കമന്റുകളിലൂടെ വലിയ അളവിൽ ആശയ വിനിമയം നടക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.ചില വാർത്തകളും വിവരങ്ങളും അധികാരകേന്ദ്രങ്ങളുടെ സമ്മതിക്ക് കാത്തു നിൽക്കാതെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അപ്പപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ തികച്ചും ജനവിരുദ്ധമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളും സൈബർമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നതും വസ്തുതയാണ്.ഭയരഹിതമായ ഇത്തരം പ്രതികരണങ്ങൾ ജനനേതാക്കളുടെ പരിവേഷം കുറച്ചെങ്കിലും നഷ്ടപ്പെടുത്തുകയും ബഹുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യക്ഷത്തിലെങ്കിലും കൂടുതൽ മാന്യതയും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അത്രത്തോളമെങ്കിലും അവയുടെ സംഭാവന ഉണ്ടെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.സമൂഹമനസ്സിനെ പുറകോട്ട് വലിച്ചേ അടങ്ങൂ എന്ന വാശി കൈവിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിക്കാത്ത മതമൗലികവാദികളെയും മറ്റ് പ്രതിലോമ ശക്തികളയും പ്രകോപിപ്പിക്കുന്ന ചില നൂതനാശയങ്ങളും നിലപാടുകളും നവമാധ്യമങ്ങളിൽ ഇടയ്‌ക്കൊക്കെ ഇടം നേടാറുണ്ട് എന്ന കാര്യവും എല്ലാവർക്കും അറിയാം. ഇതിനൊക്കെ അപ്പുറം എന്തുണ്ട്?നമ്മുടെ പൊതുബോധത്തെ അവ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിനകത്തെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പരിതോവസ്ഥയിൽ വിമർശനാത്മകമായും നിർമാണാത്മകമായും ഇടപെടുന്നതിനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും അവയുടെ ഭാഗത്തുനിന്ന് ഗണ്യമായ എന്തെങ്കിലും സംഭാവനകൾ ഉണ്ടാവുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായ മറുപടികളേ സാധ്യമാവൂ.
പക്ഷേ, ഇന്റർനെറ്റിലും നവസാമൂഹ്യമാധ്യമങ്ങളിലും  വ്യാപരിക്കുന്നതിന് നമ്മുടെ യുവജനങ്ങൾ കാണിക്കുന്ന  അത്യുത്സാഹമൊന്നു മാത്രമാണ് അവർക്കിടയിൽ സാമൂഹിക സാക്ഷരതയുടെ ശോഷണം സംഭവിപ്പിച്ചതെന്ന് പറയാനാവില്ല. പുതുതലമുറ വാസ്തവത്തിൽ അങ്ങനെ നിരക്ഷരാവുകയാണോ ചെയ്തത് എന്ന് സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ നിരക്ഷരതയല്ല ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കടുത്ത കഴിവുകേടും വൈമുഖ്യവുമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.ഇവ രണ്ടും പല വഴിക്കാണ് അവരിൽ എത്തിച്ചേർന്ന് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്.ആദ്യവഴി വിദ്യാഭ്യാസത്തിന്റെതു തന്നെ.പ്രൈമറി തലം മുതൽ ഗവേഷണതലം വരെ സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസം ഉപരിപ്ലവവും അപൂർണവുമായ വിവരശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.വസ്തുതകളുടെ അപഗ്രഥനത്തിനുള്ള പരിശീലനം വളരെ ചെറിയ തോതിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ആ അപഗ്രഥനത്തിന്റെ പോലും ലക്ഷ്യം ജ്ഞാനാർജ്ജനമല്ല ജ്ഞാനിയായി ഭാവിക്കലും പ്രദർശിപ്പിക്കലുമൊക്കെയാണ്.ഗവേഷണവിദ്യാർത്ഥികളുടെ കാര്യത്തിൽ പോലും ഏറിയ കൂറും അതാണ് സംഭവിക്കുന്നത്.ഉന്നത തലത്തിലുള്ള ഒരു പരിശോധനയ്ക്കുവേണ്ടി കോളേജിലെത്തിയ വിദഗ്ധസംഘത്തിലെ ഒരംഗം ' നിങ്ങൾ നെറ്റിൽ നോക്കണം.പന്ത്രണ്ടിടത്ത് എന്റെ പേര് കാണാം,നിങ്ങളും അത് പോലെ പേര് വരുത്തണം' എന്ന് പറഞ്ഞതായി ഒരു ദശകം മുമ്പ് ഒരു കോളേജ് അധ്യാപകൻ എന്നോട് പറഞ്ഞിരുന്നു.വിദഗ്ധരുടെ നിലവാരം ഇതാണെങ്കിൽ അവരെ അനുസരിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരുടെ നിലവാരം എത്രമേൽ പരിതാപകരമാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തങ്ങൾക്ക് പ്രാഥമികധാരണപോലുമില്ലാത്ത വിഷയത്തെ കുറിച്ചുപോലും വാചാലരാവാനും തർക്കിക്കാനും യാതൊരു മടിയിലുമില്ലാത്തവരാണ് നമ്മുടെ വിദ്യാർത്ഥികളിൽ വളരെയേറെ പേർ.പരീക്ഷകൾ ഉയർന്ന നിലയിൽത്തന്നെ പാസ്സാവാനുള്ള സൂത്രപ്പണികൾ വശത്താക്കുന്നതിനല്ലാതെ പഠനം ആവശ്യപ്പെടുന്ന അധ്വാനത്തിനോ ക്ലേശപൂർണമായ അന്വേഷണങ്ങൾക്കോ അവർ തയ്യാറാവുകയില്ല.അതൊന്നും ആവശ്യമില്ലെന്നും മികച്ച പെർഫോമൻസിനുള്ള കഴിവ് മാത്രമാണ് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്നുമുള്ള പ്രതീതിയിലാണ് ചെറിയ ക്ലാസ്സുകൾ തൊട്ടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.പുതിയ ബോധനരീതി അതൊന്നുമല്ല ലക്ഷ്യം വെക്കുന്നതെന്നും അത് വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ജ്ഞാനനിർമാണത്തിനും നിലവിലുള്ള ഏത് അറിവിനെയും വിമർശനാത്മകമായി സമീപിക്കുന്നതിനും ഉള്ള ശേഷി  ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക എന്നും  ആരൊക്കെ എത്രയൊക്കെ ആവേശം കൊണ്ടാലും അതിന്റെ പ്രയോഗത്തിന് ഇങ്ങനെയൊരു വിപരീത ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.  .
'തൊഴിൽ വിപണിയിൽ നിങ്ങളെ വാങ്ങുന്നതിൽ ആരും വലുതായ താൽപര്യം കാണിക്കില്ല,ഏറ്റവും എളുപ്പത്തിലും വിജയകരമായും സ്വയം വിൽക്കാനുള്ള വൈദഗ്ധ്യമാണ് നിങ്ങൾ ആർജിക്കേണ്ടത്.അതിനുള്ള തയ്യാറെടുപ്പും തന്ത്രപ്രയോഗങ്ങളുമാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്' എന്ന് വിദ്യാർത്ഥികളോട് താൻ ആവർത്തിച്ചു പറയാറുണ്ടെന്ന് ഒരധ്യാപകൻ അഭിമാനപൂർവം പറയുന്നത് കേൾക്കാനിടയായപ്പോൾ അദ്ദേഹത്തോട് എനിക്ക് പുച്ഛമോ സഹതാപമോ  തോന്നിയില്ല.നമ്മുടെ കാലത്ത് ലോകം യുവജനങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൃത്യമായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ,ഈ മനോഭാവം നമ്മുടെ പൊതു ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രകടമാ വുമ്പോൾ അതിനു നേർക്ക്  ഔദാര്യമോ ഉദാസീനതയോ കൈക്കൊ ള്ളാനാവില്ല.സാമൂഹ്യജീവിതത്തിൽ ചില മൂല്യങ്ങൾ നിലനിൽക്കണമെന്നും അവിടെ നടക്കുന്ന വ്യവഹാരങ്ങൾ സത്യസന്ധമായിരിക്കണമെന്നും അവ ജനവിരുദ്ധമാകരുതെന്നുമൊക്കെയുള്ള നിർബന്ധം ഏത് വിപരീത സാഹചര്യത്തിലും മുറുകെ പിടിക്കേണ്ടവരാണ് അവർ.അവരുടെ അലംഭാവത്തിലൂടെ ഒരു സമൂഹത്തിന് നഷ്ടമാവുന്നത് ആത്മാഭിമാനം തൊട്ടുള്ള അനേകം ഗുണങ്ങളാണ്.അവയിൽ പരമ പ്രധാനമായ ഒന്നാണ് ഉണർവും ഉശിരും സത്യസന്ധതയുമുള്ള പൊതുബോധം.അതിന് സംഭവിച്ച തകർച്ചയാണ് വർത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.സാമൂഹിക സാക്ഷരതയുടെ നാശത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്.
മലയാളിയുടെ പൊതുബോധത്തിൽ സമകാലിക സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ചുള്ള ധാരണകളും  ഉത്കണ്ഠകളും അപഗ്രഥനങ്ങളും സജീവമായി നിലനിൽക്കാതായിട്ട് ചുരുങ്ങിയത് മൂന്ന് ദശകക്കാലമെങ്കിലും ആയി.അതിനും കുറച്ചു മുമ്പേ തന്നെ പൊതുബോധത്തിന്റെ സഞ്ചാരം ഉദാസീനതയിലേക്ക് വഴിതിരിഞ്ഞു തുടങ്ങിയിരുന്നു.ഈയൊരു മാറ്റത്തിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിന്റെ വഴിമാറ്റം തന്നെയാണ്.വർഗീയ കക്ഷികൾക്കും പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന കക്ഷികൾക്കും അവരവരുടെതായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമുണ്ട്.മറ്റ് രാഷ്ട്രീയപ്പാർട്ടികളെല്ലാം താന്താങ്ങൾ കാലാകാലമായി ഉയർത്തിപ്പിടിച്ചു വന്നിരുന്ന രാഷ്ട്രീയം വലിയൊരളവോളം  ഉപേക്ഷി ക്കുകയും അധികാരത്തിലേറാനുള്ള നാനാതരം വ്യവഹാരങ്ങൾ മാത്രമാ യിരിക്കണം രാഷ്ട്രീയം എന്ന് തീരുമാനിക്കുകയും ചെയ്തത് അവരുടെ പല ചെയ്തികളിൽ  നിന്നും പൊതുപ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിൽ നിന്നും ജനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.വിമർശനങ്ങളൊന്നും ഫലവത്താകുകയില്ലെന്നും രാഷ്ട്രീയകക്ഷികൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നിനെയും ചോദ്യം ചെയ്യാതെ അനുസരണയോടെ പെരുമാറാനുള്ള സന്നദ്ധത മാത്രമാണെന്നും അനേകം അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
കാര്യങ്ങൾ മറ്റൊരു വിധത്തിലായിത്തീരാനുള്ള സാധ്യതകളൊന്നും കൺവെട്ടത്തിലില്ല.താരതമ്യേന കൂടുതൽ ആത്മാനുരാഗവും പാരമ്പര്യപ്രണയവും യാഥാസ്ഥിതികത്വവുമൊക്കെയുള്ള ഒരു ജനതയായി നരവംശശാസ്ത്രകാരന്മാർ നേരത്തേ തന്നെ നിർണയിച്ചിട്ടുള്ള മലയാളികൾ സാമൂഹ്യപ്രശ്‌നങ്ങളുടെ നേർക്ക് അവർ/ അവരുടെ പൂർവികർ പണ്ട് കാണിച്ചിരുന്ന ജാഗ്രത വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമേ കേരളത്തിലെ രാഷ്ട്രീയം,വിദ്യാഭ്യാസം,സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ ദൈനംദിന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണും കാതും മനസ്സും തുറക്കുന്ന ആർക്കും തോന്നുകയുള്ളൂ.ഇത് അൽപവും ആശാസ്യമായ അവസ്ഥയല്ലെന്ന് അറിയുമ്പോഴും തങ്ങൾക്ക് ഫലപ്രദമായ ഇടപെട ലുകളൊന്നും സാധ്യമാവില്ലെന്ന നിസ്സഹായതാബോധം അവരെ ഒന്നു കൂടി പരിക്ഷീണരാക്കുകയും ഒരു പ്രതികരണത്തിനും പ്രതിരോധത്തിനും മുതിരാതെ പിന്മാറാൻ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി രൂപപ്പെട്ടിരിക്കുന്ന ആന്തരിക നിശ്ചലതയാണ് ഇന്നത്തെ കേരളീയ പൊതുജീവിതത്തിലെ ഏറ്റവും വലിയ ദു:ഖാനുഭവം.




Saturday, September 17, 2016

ഭാഷാസമഗ്രതാ ദർശനം : അവകാശവാദവും അനുഭവവും തമ്മിലുള്ള അകലം

                        
ഡി.പി.ഇ.പി കാലം മുതൽ ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനം  കേരളത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപകർ ക്ലാസ്മുറിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ്. ഈ ബോധനരീതിയിൽ  ഉൾച്ചേർന്നിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഇന്നിപ്പോൾ ഏറെക്കുറെ എല്ലാവർക്കും അറിയാം.എട്ടാം ക്ലാസിലെത്തുമ്പോഴും കുട്ടികളിൽ പലർക്കും മലയാളത്തിലെ അക്ഷരങ്ങൾ പലതും അറിയില്ലെന്ന് പറയുന്ന നൂറുകണക്കിന് അധ്യാപകർ സംസ്ഥാനത്തെ ഓരോ ജില്ലയിലുമുണ്ട്. അക്ഷരമാല അറിയില്ലെന്നതു മാത്രമല്ല പ്രശ്‌നം.സ്‌കൂളിൽ പഠനേതര പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്ന സമയം പഴയ കാലത്തെതിന്റെ പതിന്മടങ്ങായിട്ടും , കവിത എഴുതാനും പത്രറിപ്പോർട്ടും പരസ്യങ്ങളും സ്വന്തം പ്രദേശത്തിന്റെ ചരിത്രവുമൊക്കെ  തയ്യാറാക്കാനും സ്‌കൂൾ ക്ലാസുകളിൽ വെച്ചു തന്നെ പ്രോത്സാഹനം ലഭിച്ചിട്ടും,മഴയറിവും പുഴയറിവും കൃഷിയറിവുമൊക്കെ സ്വന്തമാക്കിയിട്ടും  കോളേജിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളുടെയും പ്രശസ്തമായ സാഹിത്യകൃതികളുടെയും പേര് പറയാൻ ബുദ്ധിമുട്ടുന്നതായി കണ്ട് അമ്പരക്കുക എന്നതും അധ്യാപകരിൽ എത്രയോ പേരുടെ അനുഭവമാണ്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ  പല കോണുകളിൽ നിന്നായി ഉയർന്നു വരാറുള്ള എതിർവാദങ്ങൾ താഴെ അക്കമിട്ടെഴുതാം:
1.    ഭാഷാസമഗ്രതാദർശനം വിദേശ രാജ്യങ്ങളിലെ പല ഗവേഷകർ നടത്തിയ പഠനങ്ങളിൽ  നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.അത് ഭാഷാധ്യാപനത്തിന് പുതിയൊരു ദാർശനികാടിത്തറ ഉണ്ടാക്കിയ ആശയങ്ങളുടെ സമാഹാരമാണ്.
2.     കുട്ടികളെ ഭാഷയിലെ അക്ഷരങ്ങൾ ഓരോന്നോരോന്നായി പഠിപ്പിക്കേണ്ട ആവശ്യമില്ല.നടക്കാനും സംസാരിക്കാനും പഠിക്കുന്നതുപോലെ വളരെ സ്വാഭാവികമായിത്തന്നെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും.
3.    എല്ലാ ഭാഷകൾക്കും ഒരേ നിലവാരമാണുള്ളത്.ഒരു ഭാഷ എത്ര പേർ സംസാരിക്കുന്നു എന്നത് പ്രശ്‌നമേയല്ല.ഓരോ ഭാഷയും ആ ഭാഷ ഉപയോഗിക്കുന്നവരുടെ ആശയാവിഷ്‌ക്കാരങ്ങൾക്ക് ഉതകുന്നുണ്ട്.ഭാഷ പഠിപ്പിക്കുന്നതിന് അമിതമായ അളവിൽ ഊർജം ചെലവഴിക്കേണ്ട കാര്യമില്ല.സ്വന്തം ആവശ്യത്തിന് അനുസരിച്ച് പുതിയ പദങ്ങളും പ്രയോഗങ്ങളും നിർമിക്കാൻ ഓരോ ഭാഷാസമൂഹത്തിനും കഴിയും.
4.    അനുഭവങ്ങൾ വാക്കുകളുടെ സഹായത്തോടെ വിസ്തരിച്ച് അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു.ഭാഷ പ്രാഥമികമായും ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്.അതിന് വാക്കുകളുടെ സംഗ്രഹീതരൂപമോ ചിലപ്പോൾ ഏതാനും അക്ഷരങ്ങൾ തന്നെയോ മതി.ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന രീതി നെറ്റ് വഴി ആശയവിനിമയം നടത്തുന്നവർ വളരെ സാധാരണമായി ഉപയോഗിച്ചു വരുന്നുണ്ട്.ഭാഷ വിവിധ ഗണങ്ങളിൽ പെടുന്ന വാക്കുകളും പ്രത്യയങ്ങളും വ്യാകരണസമ്മതമായ ഘടനയുമൊക്കെയായി നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഇനി ഏറെ കാലത്തേക്ക് നിലനിൽക്കില്ല.സാഹിത്യം എഴുതുന്നവരും വായിക്കുന്നവരുമൊക്കെ അത്തരത്തിലുള്ള ഭാഷ നിലനിർത്തിക്കൊള്ളട്ടെ.ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വളരെ കുറച്ച് വാക്കുകൾ മാത്രം ആവശ്യമായി വരുന്ന സംഭാഷണഭാഷയും എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിന് ഏതാനും ചുരുക്കെഴുത്തുകളും ചിഹ്നങ്ങളും മാത്രമുള്ള കോഡ്ഭാഷയും മതി.
5.    കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വന്തം തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ പഠിക്കേണ്ടത്.സത്യം പലതാണെന്നും സർവർക്കും ബാധകമായ ശരിതെറ്റുകൾ ഇല്ലെന്നും വസ്തുത എന്ന ഒന്നില്ല വ്യാഖ്യാനങ്ങളേ ഉള്ളൂ എന്നുമൊക്കെ മനസ്സിലാക്കി മുന്നേറുന്നവരുടെ കാലം വന്നു കഴിഞ്ഞു.ലോകത്തിന്റെ ഏതുകോണിലുള്ള മനുഷ്യരുടെയും ജ്ഞാനസങ്കൽപത്തിന്റെ  മൂശ തന്നെ മാറിക്കഴിഞ്ഞു.ഇനിയുള്ള കാലം ബഹുസ്വരതയെ കൊണ്ടാടുന്ന കാലമായിരിക്കും.അങ്ങനെയുള്ള കാലത്ത് ജീവിക്കേണ്ടുന്ന കുട്ടികളെ അധ്യാപകർ അധികാരികളുടെ സ്ഥാനത്തു നിന്നുകൊണ്ട് ശരികൾ മാത്രം പഠിപ്പിക്കേണ്ട കാര്യമില്ല.കുട്ടികൾ കണ്ടും കേട്ടും അനായാസമായിത്തന്നെ അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേരട്ടെ.എഴുത്തിൽ അവർ തെറ്റുകൾ വരുത്തിയാൽ അധ്യാപകർ അത് തിരുത്താൻ പുറപ്പെടരുത്.അത്യാവശ്യമാണെന്നു കണ്ടാൽ അവർ സ്വയം തെറ്റ് തിരുത്തിക്കൊള്ളും.അക്ഷരം തെറ്റിച്ചാലും കുട്ടിക്ക് ശരിയായി വായിക്കാൻ കഴിയുന്നുന്നുണ്ടെങ്കിൽ അതിൽ ആഹ്ലാദിക്കാൻ അധ്യാപകന് കഴിയണം. പല ഇംഗ്ലീഷ് വാക്കുകളുടെയും ഉച്ചാരണം  മാത്രമല്ല സ്‌പെല്ലിംഗ് പോലും പല രാജ്യങ്ങളിൽ പലതാണ്.പക്ഷേ,ആശയ വിനിമയത്തിന് ആ വ്യത്യാസം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.മലയാളത്തിൽ ഉള്ള അത്രയും അക്ഷരങ്ങളില്ലാത്ത ഭാഷകളിലും എഴുത്തിലും സംസാരത്തിലും പ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നില്ല.അതിഖരം എഴുതേണ്ടിടത്ത് ഒരു വിദ്യാർത്ഥി ഖരാക്ഷരം എഴുതിയാലും ഘോഷത്തിന്റെ സ്ഥാനത്ത് മൃദു എഴുതിവെച്ചാലും ആകാശം ഇടിഞ്ഞുവീണെന്ന മട്ടിൽ അധ്യാപകൻ/അധ്യാപിക ബഹളം വെക്കേണ്ട കാര്യമില്ല.
6.    അക്ഷരമാല മുതൽ വ്യാകരണ നിയമങ്ങൾ വരെയുള്ള കാര്യങ്ങൾ കുട്ടികളെ അടിച്ചു പഠിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അധ്യാപകർ തെറ്റിദ്ധരിക്കകരുത്.പഠിപ്പിക്കല്ല പഠിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കലാണ് അവരുടെ കടമ.കുട്ടികൾ പരസ്പരം സഹായിച്ചും ചർച്ച ചെയ്തും ശരിയും തെറ്റും തിരിച്ചറിയട്ടെ.
7.    ആവർത്തിച്ചെഴുതിച്ചും അഭ്യാസങ്ങൾ നൽകിയുമല്ല കുട്ടികളുടെ ഭാഷാബോധം വികസിപ്പിക്കേണ്ടത്.എല്ലാ കുട്ടികളും പഠിക്കാൻ കഴിവുള്ളവരാണ്.ആ കാര്യം അവരെ ബോധ്യപ്പെടുത്തുക.അത് സാധിച്ചു കഴിഞ്ഞാൽ ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളും.എല്ലാം താനേ പഠിയും.
8.    അക്ഷരങ്ങൾ ഓരോന്നോരോന്നായി എഴുതി വാക്കുകളിലും പിന്നെ വാക്യങ്ങളിലും എത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ചിത്രങ്ങൾ കണ്ടും വാക്കുകൾ പരിചയിച്ചും അക്ഷരങ്ങളിലേക്ക് എത്തിച്ചേരുന്നത്.കൂടുതൽ ആഹ്ലാദകരമായ പഠന രീതി അതാണ്.
9.    കുട്ടികളുടെ ഭാഷാപ്രയോഗശേഷി വികസിക്കുന്നതിന് അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കണം എന്നു പറയുന്നത് തെറ്റാണ്.വാക്കുകളുടെയും പ്രത്യയങ്ങളുടെയും ശരിയായ പ്രയോഗവും വ്യാകരണകാര്യങ്ങളും കുട്ടി പഠിക്കുക ഭാഷ പ്രയോഗിക്കുന്ന സന്ദർഭങ്ങളിൽ നിന്നാണ്.അവ നേരത്തേ പഠിച്ചുവെക്കേണ്ട സംഗതികളല്ല.
10.    ഭാഷാ സമഗ്രതാ ദർശനം വികസിച്ചു വന്നത് വൈഗോട്‌സ്‌കി,പിയാഷേ തുടങ്ങിയവരുടെ വിദ്യാഭ്യാസ ദർശനങ്ങളെയും നോം ചോസ്‌കിയുടെ ഭാഷാശാസ്ത്ര സിദ്ധാന്തത്തിന്റെയുമൊക്കെ പിൻബലത്തിലാണ്.കോൺസ്റ്റൈൻസ് വീവർ,വാട്‌സൺ തുടങ്ങിയ അനേകം പേരുടെ പഠനഗവേഷണ പ്രവർത്തനങ്ങളും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതിക്കു പിന്നിലുണ്ട്.ഇവരെയൊന്നും ചോദ്യം ചെയ്യാനുള്ള ബൗദ്ധിക ശേഷിയും അറിവും കേരളത്തിലെ വിദ്യാഭ്യാസചിന്തകർക്കില്ല.കാര്യമറിയാതെ ബഹളം വെക്കുന്നവർ മാത്രമാണ് അവർ.

ഈ വാദങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്നത് അൽപവും പ്രയാസമുള്ള കാര്യമല്ല.പക്ഷേ,ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏറ്റവും കാതലായ ആശയം ഏതാണെന്ന് കണ്ടെത്തി അതിനെ വിശകലനം ചെയ്താൽത്തന്നെ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയിൽ എത്തിച്ചേരാം.മുകളിൽ അഞ്ചാമതായി എഴുതിയിരിക്കുന്നതാണ് ആ ആശയം. സമൂഹത്തിന് മൊത്തം ബാധകമായ ശരികളില്ലെന്നും ചരിത്ര വസ്തുത എന്ന് പറയുന്നതുപോലും വ്യാഖ്യാനങ്ങളുടെ സൃഷ്ടി മാത്രമാണെന്നും  അതുകൊണ്ടൊക്കെ തന്നെ ഭാഷാപഠനത്തിന്റെ ആരംഭഘട്ടം മുതൽക്കേ തെറ്റ് എന്ന പരികൽപന ഉപേക്ഷിക്കണമെന്നും പല ശരികൾ എന്ന സാധ്യതയെ കുറിച്ചുള്ള ബോധത്തിലേക്ക് കുട്ടികൾ എത്തിച്ചേരണമെന്നും പറയുന്നവർ തന്നെയാണ്  ഫോണിക്‌സ് തെറ്റാണെന്നും ഗുണനപ്പട്ടിക പഠിക്കുന്നത് ശരിയല്ലെന്നും അധ്യാപകർ ഫെസിലേറ്റർ മാത്രമാണ് എന്ന നിലപാട് മാത്രമേ ശരിയാവൂ എന്നും മറ്റും പറയുന്നത്.തങ്ങൾ പറയുന്നതിലെ വൈരുദ്ധ്യം ഈ ആശയം അവതരിപ്പിക്കുന്നവർ തിരിച്ചറിയുന്നില്ലായിരിക്കാം.പക്ഷേ,മറ്റുള്ളവർക്ക് അങ്ങനെ അജ്ഞത കൈക്കൊണ്ട് അനങ്ങാതിരിക്കാനുള്ള ബാധ്യതയില്ല.
  വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനമേ ഉള്ളു; ഒരു ശരി എന്ന അവസ്ഥയില്ല,പല ശരികളേ ഉള്ളൂ എന്ന് വാദിച്ചുറപ്പിക്കുന്നത് അധികാര കേന്ദ്രങ്ങളുടെയും മൂലധന ശക്തികളുടെയും തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ പല കോണുകളിൽ നിന്നായി ഉയർന്നു വരാൻ ഇടയുള്ള പ്രതിഷേധങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഏകോപനം സാധ്യമാക്കാതിരിക്കാൻ വേണ്ടിയാണ്. 'അതും ശരി,ഇതും ശരി' എന്നു പറയുന്നതാണ് ശരി എന്നു വാദിക്കുന്നവർ തങ്ങൾക്ക് അയ്യായിരം കോടി ലാഭം കിട്ടിയാലും അഞ്ച് കോടി ലാഭം കിട്ടിയാലും ഒരു പോലെയാണെന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനി കരുതും എന്ന് ധരിക്കുമെന്ന് തോന്നുന്നില്ല. രോഗം വന്നാൽ ഡോക്ടറെ കാണുന്ന കാര്യത്തിൽ, ന്യായം സ്ഥാപിച്ചു കിട്ടാൻ കോടതിയിൽ പോകുന്ന കാര്യത്തിൽ,ട്രാഫിക് നിയമം പാലിക്കുന്ന കാര്യത്തിൽ,വർഗീയതയെ മനസ്സിലാക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശരി ആവാമെന്നും ഇവിടെയൊന്നും ആരും ആരെയും തിരുത്താൻ ശ്രമിക്കേണ്ടതില്ലെന്നും വാദിക്കാൻ ഭാഷാസമഗ്രതാ ദർശനക്കാരും തയ്യാറാവുമെന്ന് തോന്നില്ല.രാജ്യത്തിന്റെ സമ്പദ്ഘടന,അധികാരത്തിലിരിക്കുന്നവരുടെ വികസന സങ്കൽപം,വിദ്യാഭ്യാസ നയം എല്ലാം കൃത്യമായ ചില ലക്ഷ്യങ്ങളോടെ രൂപപ്പെടുത്തിയെടുക്കുന്നവയാണ്.എന്തും ഏതും ശരിയാണ് എന്ന നിലപാടുമായി ഈ കാര്യങ്ങളെയൊന്നും സമീപിക്കാനാവില്ല.അക്ഷരത്തെറ്റ് പ്രശ്‌നമല്ല, വാക്കിനെ മുഴുവനായി എടുത്ത് കണ്ടും കേട്ടും പരിചയിച്ച് പതുക്കെ അക്ഷരങ്ങളിലേക്ക് എത്തിച്ചേർന്നാൽ മതി,ഗുരു എന്നെഴുതുന്നതിന് പകരം കുരു എന്നെഴുതിയാലും ഗുരു എന്ന് കുട്ടി ശരിയായി വായിക്കുന്നുണ്ടെങ്കിൽ തൃപ്തിപ്പെടാം,ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എന്ന് എഴുതുന്നതിന് പകരം ഡാർവിന്റെ പരിണാമം എന്നെഴുതിയാലും അതിനെ തെറ്റായി കാണേണ്ടതില്ല,പാത എന്നെഴുതുന്നതിന് പകരം പാദ എന്നെഴുതിയാലും മുഴുവൻ മാർക്ക് കൊടുക്കണം,ഒരു ക്ലാസിൽ വെച്ച് കുട്ടി ആർജിക്കേണ്ടതായി നിശ്ചയിച്ചിട്ടുള്ള ജ്ഞാനത്തിന്റെ അഞ്ചിലൊന്നു പോലും ആർജിച്ചില്ലെങ്കിലും ആ കാരണം പറഞ്ഞ് കുട്ടിയുടെ പ്രമോഷൻ തടയുന്നത് ശരിയല്ല എന്നിങ്ങനെയുള്ള നിലപാടുകൾക്ക് പൊതുവായ അംഗീകാരം വരുത്തുന്ന പ്രക്രിയയിലൂടെ ഏറ്റവും പുതിയ തലമുറയെ ചെറുപ്രായത്തിൽ തന്നെ കടത്തിവിട്ടാൽ അതിന്റെ നേട്ടം കൊയ്യുന്നത് വിപണിയുടെ ആധിപത്യം കയ്യാളുന്ന ശക്തികളും അവരുടെ ഒത്താശക്കാരായിത്തീരുന്ന ഭരണാധികാരികളും മാത്രമായിരിക്കും.ഒരു കാര്യത്തിലും ഉറച്ച നിലപാടില്ലാത്തവരെയും ഉയർന്ന ചിന്തയെയും ആശയങ്ങളെയും സ്‌നേഹിക്കാത്തവരെയും മാർക്കറ്റിന് എളുപ്പത്തിൽ കീഴടക്കാനാവും.അങ്ങനെയുള്ള കേവല ഉപഭോക്താക്കളെ സൃഷ്ടിക്കലായിരിക്കും ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനത്തിന്റെ ആത്യന്തിക ഫലം.
കഴിഞ്ഞ രണ്ട് ദശകത്തിലധികം കാലമായി നടപ്പിലാക്കി വരുന്നതും കൺസ്ട്രക്ടിവിസം എന്ന വിദ്യാഭ്യാസ ദർശനത്തിന്റെ പിന്തുണയുള്ളതും പ്രശ്‌നാധിഷ്ഠിത സമീപനം,ഭാഷാ സമഗ്രതാ ദർശനം എന്നിവയിൽ ഊന്നുന്നതും പ്രവൃത്തിയിലൂടെയും അധ്യാപകനെ സഹായിയുടെ സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ട്  നേരിട്ടുള്ള അനുഭവസ്വീകരണത്തിലൂടെയും സഹപാഠികളുടെ സഹായത്തോടെയുള്ള ജ്ഞാനനിർമിതിയിലൂടെയും നടത്തുന്ന പഠനത്തിന്റെ അപര്യാപ്തകളിലേക്ക് കേരളസമൂഹം ഇതിനകം ഉണർന്നിട്ടുണ്ടെങ്കിലും പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ എതിരാളികൾ പറയുന്നതുപോലുള്ള ഭയാനകമായ തകർച്ചയൊന്നും വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചിട്ടില്ലെന്നും അധ്യാപകർ കുറച്ചുകൂടി ഉത്തരവാദിത്വബോധവും ഉത്സാഹവും കാണിക്കുകയാണെങ്കിൽ ഈ പദ്ധതിയിൽ കാര്യമായ യാതൊരു മാറ്റവും വരുത്താതെ തന്നെ വളരെ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കാനാവുമെന്നും ചിലർ പറയാറുണ്ട്.ഭാഷാ സമഗ്രതാദർശനത്തെ അെസ്ഥാനമാക്കിയുള്ള സമീപനമോ പ്രശ്‌നാധിഷ്ഠിത ബോധനമോ ഒന്നും നമ്മുടെ അധ്യാപകരിൽ ബഹുഭൂരിപക്ഷവും പ്രയോഗത്തിൽ വരുത്തിയില്ല എന്നും പഴയ മട്ടിൽ അക്ഷരം പഠിപ്പിക്കാനും പഠനാഭ്യാസങ്ങൾ നൽകാനും ആവർത്തിച്ച് എഴുതിച്ചും ഒരുവിട്ടും പഠിപ്പിക്കാനും പല അധ്യാപകരും അറച്ചു നിന്നില്ല എന്നും അതുകൊണ്ടു മാത്രമാണ് കുറെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടുവരുന്നതെന്നും ഉള്ള എതിർവാദവും കേൾക്കാറുണ്ട്.വിളപ്പിൽ ശാലയിൽ ഇംഗ്ലീഷ് ബോധനത്തിന്റെ കാര്യത്തിൽ നടത്തിയ പരീക്ഷണത്തിൽ ഡ്രില്ലിംഗ് തന്നെയാണ് പ്രധാനമായും പ്രയോഗിച്ചതെന്നും സ്‌പെല്ലിംഗിന്റെ കാര്യത്തിൽ നിഷ്‌കർഷിച്ചിരുന്നുവെന്നും വ്യാകരണവും വാക്യഘടനയും കൃത്യമായി പഠിപ്പിച്ചിരുന്നുവെന്നും അത്ഭുതകരമായ വേഗത്തിലാണ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം പുരോഗമിച്ചതെന്നും ആ പരീക്ഷണത്തിന് നേതൃത്വം നൽകിയ സുഹൃത്ത് കഴിഞ്ഞ ദിവസം നേരിട്ട് പറയുകയുണ്ടായി.പല സ്‌കൂളുകളിലും വലിയ നിലവാരത്തകർച്ച സംഭവിക്കാത്തത് സ്വകാര്യപ്രസാധകരും ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താക്കളും അച്ചടിച്ചിറക്കിയ പുസ്തകങ്ങളും മാർക്കറ്റിൽ ലഭ്യമാവുന്ന ഗൈഡുകളുമൊക്കെ വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാണെന്ന വാദവും കേൾക്കുകയുണ്ടായി.എന്തായാലും ഒരു കാര്യം തീർച്ചയാണ്: ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിച്ചുകൊണ്ട് ഭാഷ പഠിപ്പിക്കുന്നതിൽ ഗൗരവതരമായ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഭൂരിപക്ഷം അധ്യാപകരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 1980 കളിലും 90 കളിലും Whole Language Approach ന് വലിയ സമ്മതി ലഭിച്ചിരുന്ന ആസ്‌ട്രേലിയയിലും അമേരിക്കയിലും തന്നെ കടുത്ത വിമർശനത്തെ തുടർന്ന് ഗൗരവപൂർണമായ പുനർവിചാരങ്ങൾ ഉണ്ടാവുകയും Whole Language Approach  നും Phonics നും യുക്തിസഹമായ അളവിൽ പരിഗണന ലഭിക്കുന്ന സന്തുലിത സമീപനമാണ് ആവശ്യം എന്ന നിലപാടിന് വലിയ പിന്തുണ കിട്ടിത്തുടങ്ങിയിട്ടുമുണ്ട്.
  ഒരു കാര്യം കൂടി: എല്ലാ ഭാഷകളിലും ഒരേ അളവിൽ ആശയാവിഷ്‌കാരം നടക്കുമെന്ന് അരൊക്കെ വാദിച്ചാലും അത് ശരിയാവുകയില്ല.ലിപി ഇല്ലാത്തതും വളരെ കുറച്ച് ആളുകൾ സംസാരിക്കുന്നതും പദസമ്പത്ത് നന്നേ കുറഞ്ഞതുമായ ഭാഷകളും വികസിത ഭാഷകളും തമ്മിലുള്ള വ്യത്യാസം ഒട്ടും തന്നെ ചെറുതല്ല. അന്യഭാഷകളിൽ നിന്ന് നിരന്തരം പദങ്ങൾ കടം കൊണ്ടും സ്വന്തം പദസമ്പത്തിനെ മറ്റു പല രീതിയിലും വിപുലീകരിച്ചും മുന്നോട്ടു പോകാൻ കഴിയാത്ത ഭാഷകൾക്ക് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും.
'എന്റെ ഭാഷക്ക് ലിപി ആവശ്യമില്ല , ഈ ഭാഷക്ക് പുതിയ പദങ്ങളൊന്നും വേണ്ടതില്ല, നവീന സാങ്കേതിക വിദ്യകളും ജ്ഞാനവിസ്‌ഫോടനവും ആവശ്യമാക്കിത്തീർക്കുന്ന വാക്കുകളുമായി പരിചയപ്പെടാൻ ഞാൻ ഒരുക്കമല്ല' എന്നൊക്കെ ശാഠ്യം പിടിക്കുന്ന ഒരാളുടെ വൈകാരികവും ഭൗതികവുമായ അനുഭവങ്ങൾ വല്ലാതെ പരിമിതപ്പെട്ടുപോവുകയും അയാളുടെ ആശയാവിഷ്‌ക്കാരങ്ങൾ അപര്യാപ്തവും അപൂർണവുമാവുകയും ചെയ്യും.ഭാഷാസമഗ്രതാദർശനക്കാർ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതയിൽ മാറ്റം വരില്ല.

ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം കൈക്കൊണ്ട് ഭാഷ പഠിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ നാം വിദേശങ്ങളിൽ രൂപപ്പെട്ട വിദ്യാഭ്യാസചിന്തകളിലേക്കും ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളിലേക്കുമൊന്നും പോവേണ്ട കാര്യമേ ഇല്ല.നാം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യം ശരിയല്ല എന്ന് ഏത് വിദേശ ചിന്തകനെ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതും തെറ്റാണ്.നമുക്ക് ബോധ്യപ്പെട്ട കാര്യങ്ങൾക്ക് പിൻബലം നൽകാൻ, അതും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ, മറ്റൊരാളെ ഉദ്ധരിക്കേണ്ടതുള്ളൂ.വൈഗോട്‌സ്‌കിയുടെയോ ചോംസ്‌കിയുടെയോ വാക്കുകൾ നമ്മുടെ അനുഭവത്തെ മറ്റൊന്നാക്കിത്തീർക്കുകയില്ല.





Friday, August 26, 2016

ചിറകുള്ള രത്‌നങ്ങൾ

കൊളക്കാട് സാന്തോം ഹയർസെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകൻ രഞ്ജിത് മാർക്കോസ് മൂന്ന് പതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ അതിരുകൾ നാമമാത്രമായി നിലനിൽക്കുന്ന നല്ല സൗഹൃദമാണ് ഞങ്ങളുടെത്.കൊട്ടിയൂരേക്കും ആറളം ഫാമിലേക്കുമെല്ലാം ഈ സുഹൃത്ത് വളരെ ഉത്സാഹപൂർവം എന്നെ അനുഗമിച്ചിട്ടുണ്ട്.അതിപരിചിതമായ ഒരു വാക്ക് ഉപയോഗിച്ചുപോയി എന്നതിനപ്പുറം 'അനുഗമിച്ചു' എന്നതിൽ അർത്ഥമൊന്നുമില്ല.രഞ്ജിത്തിന്റെ കൂട്ട് നൽകിയ സന്തോഷവുമായി ഞാൻ അവിടെയൊക്കെ പോയി എന്നതാണ് സത്യം.
 എന്റെ കുടകുയാത്രയിലും നേരത്തെ രണ്ടു തവണ കൂടെ ഉണ്ടായിരുന്നു രഞ്ജിത്ത്.ഈ കഴിഞ്ഞ മെയ് 19ന് വീണ്ടും ഞങ്ങൾ കുടകിലേക്ക് പോയി. ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്ന ദിവസമായിരുന്നു അത്. രാവിലെ എട്ടരയോടെ ഞങ്ങൾ ഇരിട്ടിയിൽ വെച്ച് സന്ധിച്ചു. രഞ്ജിത് കാറെടുത്താണ് വന്നത്.എങ്ങോട്ട് വേണമെങ്കിലും പോകാം,എത്ര നേരം വേണമെങ്കിലും ഓടിക്കാം എന്ന മൂഡിലായിരുന്നു എന്റെ വിദ്യാർത്ഥി സുഹൃത്ത്.ആ ഉത്സാഹം സ്വാഭാവികമായും എന്നിലേക്കും പടർന്നു.ഇരിട്ടിയിൽ നിന്ന് കുറച്ചു ദൂരം ഓടി വഴിയരികിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കെ വോട്ടെണ്ണൽ വാർത്തകൾ വന്നുതുടങ്ങി..ഞങ്ങൾ കൂട്ടുപുഴ പിന്നിടുമ്പോഴേക്കും ട്രെന്റ് ഇടതുപക്ഷത്തിന് ഏറെ അനുകൂലമാണെന്ന വിവരം കിട്ടി.
ചുരം കയറി പെരുമ്പാടിയിലെത്തിയപ്പോൾ ഞങ്ങൾ ഇടത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു.പിന്നെ പെഗ്ഗള,കൊതമുള്ളൂർ, കരട വഴി ചെയ്യണ്ടന വരെ പോയി തിരിച്ച് കടങ്ക,കല്ലുമൊട്ട,ഫോർത്ത് മൈൽ,കദനൂർ വഴി വീരാജ് പേട്ടയിലെത്തി.വഴിയിൽ വെച്ച് കണ്ടുമുട്ടിയ തുളുനാട്ടുകാരനും കരടയ്ക്ക് അടുത്ത് ഒരു എസ്റ്റേറ്റിലെ ജോലിക്കാരനുമായ ശേഷപ്പയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.പേട്ടയിൽ വലിയ അസൗകര്യം തോന്നാത്ത ഒരിടത്ത് കാറ് നിർത്തിയിട്ട് ഞങ്ങൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി വിസ്തരിച്ച് ഊണ് കഴിച്ചു. അത്യന്തം രുചികരമായ ഒന്നാന്തരമൊരു പച്ചക്കറിയൂണ്.
പിന്നെ ഞങ്ങൾ ഡോ.നരസിംഹനെ കാണാൻ പോയി.വീരാജ് പേട്ട ടൗണിലെ ജെയിൻ സ്ട്രീറ്റിൽ നിന്ന് അര കിലോമീറ്ററോളം താഴോട്ട് പോയാൽ ഡോക്ടറുടെ വീട്ടിലെത്തും.പേട്ടയിൽ കുറേ വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.ആ നിലക്ക് ഇന്നാട്ടിലെ വളരെയേറെ പേർക്ക് സുപരിചിതനാണ് അദ്ദേഹം.കാൽനൂറ്റാണ്ടോളമായി അദ്ദേഹം കാർഡിൽ ചിത്രങ്ങൾ വരച്ച് ആയിരക്കണക്കിന് ആളുകൾക്ക് അയച്ചുകൊടുത്ത് പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.കുടകിലെ പക്ഷികളെ കുറിച്ച് ഡോക്ടർ എഴുതിയ പുസ്തകമാണ് ' Feathered Jewels of Coorg'.
ഈ പുസ്തകത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ട് ഞാൻ കുറച്ചു ദിവസം മുമ്പ് ഡോ.നരസിംഹന് മെയിൽ ചെയ്തിരുന്നു.ഞങ്ങൾ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തിയപ്പോൾ ഡോക്ടർ വളരെ സന്തോഷത്തോടെ പറഞ്ഞു: ' ഇന്നലെയാണ് ഞാൻ മർക്കാറയിൽ പോയി പുസ്തകം വാങ്ങിക്കൊണ്ടുവന്നത്.എന്റെ കയ്യിൽ ഒരു കോപ്പി പോലും ബാക്കിയുണ്ടായിരുന്നില്ല.നിങ്ങൾക്ക് അടുത്ത ദിവസം തന്നെ പുസ്തകം അയക്കാമെന്ന് വിചാരിക്കയായിരുന്നു.ഇന്നിപ്പോൾ  ഇങ്ങോട്ടു വന്നതിൽ വളരെ സന്തോഷം.'ഡോ.നരസിംഹൻ പുസ്തകത്തിന്റെ കോപ്പി ഒപ്പിട്ടു തന്നു.എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില വാങ്ങാൻ അദ്ദേഹം തയ്യാറായില്ല.കാപ്പിയും മധുര പലഹാരവും കഴിച്ച് അല്പനേരം കുടകുവിശേഷങ്ങൾ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
ഡോ.നരസിംഹൻ നാട്യങ്ങളില്ലാത്ത പ്രകൃതിസ്‌നേഹിയാണ്.1983 മുതൽ അദ്ദേഹം  പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം താൻ തന്നെ വരച്ചയക്കുന്ന ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതാണ്.ആദ്യവർഷം 120 കാർഡയച്ച ഡോക്ടർ 2012 ജൂൺ ആവുമ്പോഴേക്കും 55,320 കാർഡുകൾ അയച്ചു. ഈ അപൂർവ സംഭാവനയുടെ പേരിൽ 2013 ൽ അദ്ദേഹം ലിംകാബുക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി. ആ വർഷം തന്നെ കുടകിലെ ആദ്യത്തെ ന്യൂസ്‌പോർട്ടലായ www.coorgtourisminfo.com  ഡോ.നരസിംഹനെ  'Coorg Person of the Year' ആയി തിരഞ്ഞെടുത്തു.
1982ൽ വളരെ യാദൃച്ഛികമായാണ് പ്രകൃതിസംരക്ഷണ സന്ദേശം  ചിത്രക്കാർഡുകളിലൂടെ ജനങ്ങളിലെത്തിക്കാമെന്ന ആശയം ഡോ.നരസിംഹന്റെ മനസ്സിലെത്തിയത്. ആ വർഷത്തെ ലോകവന്യജീവിവാരാചരണത്തിന്റെ ഭാഗമായി നാട്ടുകാരായ ചിലർക്കു വേണ്ടി അദ്ദേഹം ഏതാനും കാർഡുകളിൽ ചിത്രം വരച്ചു നൽകി.ആ ചിത്രങ്ങൾ വളരെ പെട്ടെന്ന് ജനങ്ങളുടെയും ചില പ്രാദേശികമാധ്യമങ്ങളുടെയുംശ്രദ്ധ പിടിച്ചുപറ്റി. അവിചാരിതമായി അത്രയും ജനപ്രീതിയും അംഗീകാരവും ലഭിച്ചതിൽ നിന്നുണ്ടായ ആവേശവും ആത്മവിശ്വാസവും ആ വഴിയിൽ തുടരാൻ അദ്ദേഹത്തിന് കരുത്തേകി.ആയിരക്കണക്കിന് കാർഡുകളിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും പെൻസിൽ,ബാൾപോയിന്റ് പെൻ, സ്‌കെച്ച് പെൻ എന്നിവ ഉപോയഗിച്ച് വരച്ചോ വാട്ടർകളറിൽ പെയിന്റ് ചെയ്‌തോ ജന്മം നൽകി ഏതാനും വാക്കുകളിൽ പരിസ്ഥിതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കാനും സംരക്ഷിക്കാനും പ്രേരണ നൽകുന്ന ശക്തമായ സന്ദേശങ്ങൾ ചുവടെ എഴുതിച്ചേർത്ത് അയച്ചുകൊടുക്കലായി അതിന്റെ ഫലം.
പക്ഷിനിരീക്ഷണത്തിനു പുറമെ ഫോട്ടോഗ്രാഫിയിലും ജ്യോതിശ്ശാസ്ത്രത്തിലും കംപ്യൂട്ടർ സാങ്കേതിക വിദ്യയിലും നല്ല താൽപര്യമുള്ളയാളാണ് ഡോക്ടർ.
'കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി'യാണ് ഡോ.നരസിംഹന്റെ 'Feathered Jewels of Coorg' പ്രസിദ്ധീകരിച്ചിരിക്കുന്നത്.2004 ൽ ഒന്നാം പതിപ്പ്.2008ൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.കുടകിൽ കാണപ്പെടുന്ന 310 ഇനം പക്ഷികളെ കുറിച്ച് കന്നടത്തിലും ഇംഗ്ലീഷിലുമുള്ള ലഘുവിവരണവും പക്ഷികളുടെ മനോഹരമായ ചിത്രങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകാരൻ തന്നെ പക്ഷികളുടെ വർണചിത്രങ്ങൾ  അത്യാകർഷകാം വിധം വരച്ചുവെച്ചിരിക്കുന്നു എന്നതു തന്നെയാണ് പുസ്തകത്തെ ഏറെ കൗതുകകരമാക്കി തീർക്കുന്നത്.ഡോക്ടർ നരസിംഹനെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പുസ്തകം ഒപ്പിട്ടു വാങ്ങാൻ കഴിഞ്ഞത് എന്റെ കുടകുയാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്.
കുടകിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ കാറ് ചുരമിറങ്ങിക്കൊണ്ടിരിക്കെ  ഗൃഹാതുരതയും നഷ്ടബോധവും കൂടിക്കലർന്നതും പേരിടാനാവാത്തതുമായ ഒരു വികാരം എന്നെ കീഴടക്കി. നിത്യവും ചെയ്യുന്ന ഡോക്ടറുടെ ജോലിക്കപ്പുറത്ത് മറ്റ് താൽപര്യങ്ങളും കഴിവുകളും തനിക്കുണ്ടെന്ന് കണ്ടെത്തുകയും അവയിൽ മുന്നിട്ടു നിൽക്കുന്നതിനെ പിൻപറ്റി കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നയാളാണ് ഡോ.എസ്.വി.നരസിംഹൻ.പ്രകൃതിയെ സ്‌നേഹിക്കുക,സംരക്ഷിക്കുക എന്ന ആശയത്തിന് അദ്ദേഹം തന്റെതായ രീതിയിൽ ആവിഷ്‌കാരം നൽകുന്നു.അത് ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനുള്ള  ലളിതവും മനോഹരവുമായ മാർഗം അവലംബിക്കുന്നു.വിശേഷിച്ചൊന്നും ഭാവിക്കാതെ അറുപത് പിന്നിട്ടതിന്റെ ലക്ഷണങ്ങൾ പ്രകടമാവാത്ത ശരീരവും മനസ്സുമായി തന്റെ കർമമണ്ഡലങ്ങളിൽ തുടരുന്നു.ആവേശത്തോടും ആത്മവിശ്വാസത്തോടുമൊപ്പം മനസ്സിന്റെ തികഞ്ഞ സന്തുലിതത്വം സമ്മാനിക്കുന്ന സാന്ദ്രമായ ശാന്തതയും ആരോഗ്യകരമായ ഒരു തരം നിസ്സംഗതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നി.ഇങ്ങനെയുള്ള മനുഷ്യർ എന്റെ കുട്ടിക്കാലത്ത് അതായത് അരനൂറ്റാണ്ടിനും മുമ്പ് ഇന്നത്തേതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്നു തോന്നുന്നു.അവരുടെ വംശം സമ്പൂർണനാശത്തിന്റെ വക്കിലെത്തിയോ എന്ന് ചിലപ്പോഴൊക്കെ സംശയിച്ചു പോവാറുണ്ട്.അങ്ങനെ ചിന്തിക്കുന്നത് ഒട്ടും നല്ലതല്ലെന്നു മാത്രമല്ല ശരിയുമല്ല.
അസാധാരണമായ ഉൾക്കരുത്തോടും സമർപ്പണബുദ്ധിയോടും കൂടി ഒട്ടും പ്രകടനപരതയില്ലാതെ സമൂഹത്തെ നാനാതരത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്ന പലരും ഇന്നുമുണ്ട്. പ്രശസ്തിയുടെ പ്രകാശമണ്ഡലത്തിലേക്ക് വരാൻ അൽപവും താൽപര്യവുമില്ലാത്തവരാണ് അവരിൽ പലരും.അത്തരക്കാരുടെ പ്രവൃത്തികളെ താൽപര്യപൂർവം നിരീക്ഷിക്കുന്നതിലും അവയുടെ വിശദാംശങ്ങൾ മനസ്സിൽ കുറിച്ചിടുന്നതിലും ഇത്രയും നാൾ ഞാൻ കാണിച്ച താൽപര്യം  കുറഞ്ഞ അളവിലായിപ്പോയി. വളരെ വ്യത്യസ്തവും മൗലികവുമായ ഒരു രീതി കണ്ടെത്തി തങ്ങളുടെ അസ്തിത്വത്തിന് സാധാരണഗതിയിൽ കൈവരുന്നതിനേക്കാൾ പല മടങ്ങ് കൂടുതൽ അർത്ഥം നൽകുന്ന  മനുഷ്യരെ വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടി ആശയവിനിമയം നടത്തുമ്പോഴാണ് അക്കാര്യം പ്രത്യേകമായി ഓർമിക്കുന്നത്.ആത്മാനുരാഗവും അഹങ്കാരവും സാധ്യമാവുന്നതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. അവനവനെ ശരിയാം വണ്ണം കണ്ടെത്തലും വ്യക്തിഗതമായ നേട്ടങ്ങളിൽ മനസ്സ് വെക്കാതെ ആത്മവിശ്വാസപൂർവം ഏകാഗ്രതയോടെ മുന്നോട്ടു പോകലും വേറിട്ട സംഗതികളാണ്.   



Sunday, August 14, 2016

മുന്താരിയിൽ ഒരു സന്ധ്യ;രാത്രിയും

2012 ഏപ്രിൽ 23. ധർമടത്തുനിന്ന് രാവിലെ ഏഴേകാലിന് ഞാൻ കണ്ണൂർ താവക്കര ബസ്സ്റ്റാന്റിലെത്തുന്നു.പിന്നെ  ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തിനോടൊപ്പം തളിപ്പറമ്പ്-ആലക്കോട് വഴി ഉദയഗിരിയിലെത്തുന്നു. അവിടത്തെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ റീഡേഴ്‌സ് ഫോറത്തിന്റെ യോഗത്തിൽ  സാഹിത്യത്തെ കുറിച്ച് പ്രസംഗിക്കാനാണ്  ബെന്നി എന്നെ കൂട്ടിക്കൊണ്ടുപോയത്.ഒന്നാന്തരം വായനക്കാരനും നല്ല കൃഷിക്കാരനുമാണ് കറാത്തേയിൽ ബ്ലാക്‌ബെൽട്ടുള്ള ബെന്നി.ഉദയഗിരിയിൽ ബെന്നിയുടെ കൂടി ഉത്സാഹത്തിൽ രൂപപ്പെട്ട വായനക്കാരുടെ കൂട്ടായ്മ ചെറുതെങ്കിലും വളരെ ആർജവമുള്ള ഒന്നാണെന്ന് തോന്നി.സാഹിത്യം എന്ത്?,എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞ് ഒരു മണിക്കൂർ നേരം അവരോട് സംസാരിച്ചതും പിന്നെ സൗഹൃദം പങ്കിട്ടതും നല്ല അനുഭവമായിരുന്നു.പഴയ ഏജീസ് ഓഫീസ് ജീവനക്കാരനും കഥാകൃത്ത് എം.സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ പി.ടി തോമസ്സിനെ ഈ പരിപാടി വഴിയാണ് പരിചയപ്പെട്ടത്.വായനയും വിവർത്തനവുമൊക്കെയായി വർഷങ്ങളായി നാട്ടിൽ ഒതുങ്ങിക്കഴിയുകയാണ് തോമസ്.
ഉച്ചയ്ക്ക് ഉദയഗിരിയിൽ നിന്ന് ഊണുകഴിച്ച് ബെന്നിയും ഞാനും കാനംവയലിലേക്ക് തിരിച്ചു.അവിടെ നിന്ന് ബെന്നി ,ബെന്നിയുടെ സുഹൃത്ത് തോമസ് എന്നിവരോടൊപ്പം ബെന്നി എന്നു തന്നെ പേരായ ഒരാളുടെ ജീപ്പിൽ മുന്താരിയിലേക്ക് പുറപ്പെട്ടു.കർണാടത്തിലെ കുടക് ജില്ലയിൽപ്പെട്ട ഈ സ്ഥലത്തെ പറ്റി ബെന്നി  നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു.
ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഏകദേശം 4 മണി കഴിഞ്ഞാണ് മുന്താരിയിൽ കൊച്ചേട്ടൻ എന്ന ജോസഫേട്ടന്റെ വീട്ടിലെത്തിയത്.നാട്ടിൽ നിന്ന് ആദ്യം മുന്താരിയിൽ എത്തിയ ആളാണ് കൊച്ചേട്ടൻ.1963-64 കാലത്ത് 12 വയസ്സുള്ളപ്പോഴാണ് കൊച്ചേട്ടൻ ഇവിടെ എത്തുന്നത്.അക്കാലത്ത് മുന്താരിയിൽ മലങ്കുടിയാൻ വിഭാഗത്തിൽ പെട്ട അപ്പണ്ണ എന്ന ആൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ കാട്ടുതേനും മറ്റും വിൽക്കാനായി കാനം വയൽ ഭാഗത്ത് വരുമായിരുന്നു.ഒരു തവണ അങ്ങനെ വന്നപ്പോൾ 'കാട്ടിൽ വരുന്നോ,എറച്ചി പിടിക്കാം' എന്ന് പന്ത്രണ്ടുകാരനായ കൊച്ചേട്ടനോട് അതായത് അന്നത്തെ ജോസഫിനോട് ചോദിച്ചു.നായാട്ടിനെയാണ് കാനംവയൽ ഭാഗത്ത് എറച്ചി പിടിക്കുക എന്ന് പറഞ്ഞിരുന്നത്.കാട്ടിൽ നായാട്ടിന് പോകുന്നതിന്റെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവന്ന ജോസഫ് അതിന്റെ ഹരത്തിൽ അണ്ണനോടൊപ്പം കാട് കയറി.പിന്നെ കാട്കയറ്റം പതിവായി.മുന്താരിയിൽ കൊച്ചേട്ടൻ സ്ഥലം വാങ്ങുന്നത് 1984 ലാണ്.ആദ്യം രണ്ടേക്കർ പത്ത് സെന്റ് സ്ഥലം.ഇപ്പോൾ 6 ഏക്കർ 15 സെന്റ് സ്ഥലം കയ്യിലുണ്ട്.
നടുമുന്താരി (498 ഏക്കർ),കൊടിമുന്താരി (235 ഏക്കർ),ഇടിയങ്കൊല്ലി (215 ഏക്കർ),തേർത്തല്ലി മല( 75 ഏക്കർ) അങ്ങനെ മൊത്തം 1023 ഏക്കർ വനപ്രദേശമാണ് മുന്താരി.ആദ്യകാലത്ത് മുന്താരിയിലെ സ്ഥലം മുഴുവൻ മർക്കാറയിൽ താമസക്കാരനായ ഒരു ജഡ്ജിയുടെതായിരുന്നു. ബ്രാഹ്മണനായ  ജഡ്ജിയുടെ പൂർവികർക്ക് കുടകുരാജാവ് സമ്മാനമായി കൊടുത്ത സ്ഥലമാണ് മുന്താരി എന്നാണ് കേട്ടുകേൾവി.അതല്ല,തുളുനാട്ടുകാരായ ജന്മിമാരിൽ നിന്ന് അദ്ദേഹം വില കൊടുത്ത് വാങ്ങിയതാണ് എന്ന് പറയുന്നവരും ഉണ്ട്.എന്തായാലും ജഡ്ജി മുന്താരിയിൽ നേരിട്ടെത്തി ഒന്നും ചെയ്തില്ല.10 ഏക്കർ സ്ഥലം സ്വന്തമായി കൊടുത്ത് അപ്പണ്ണയെ അവിടത്തെ വനവിഭവങ്ങൾ ശേഖരിക്കാൻ നിയോഗിച്ചു.
കാനം വയലിൽ നിന്ന് കർണാടക ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകാർ ചങ്ങലയിട്ട് അടച്ചിരിക്കുന്ന കൂപ്പ് റോഡിലെത്തിയാൽ പിന്നെയും ഏഴര കിലോമീറ്റർ ദൂരെയാണ് മുന്താരി.മുന്താരിക്കാർ ഒരു മണിക്കൂർ കൊണ്ട് ഇങ്ങോട്ട് കയറിയെത്തും.30-40 മിനുട്ടുകൊണ്ട് ഇറങ്ങി താഴെ എത്തും.
2012 ൽ കൂലിപ്പണിക്കാരായി രണ്ടുപേരാണ് മുന്താരിയിൽ ഉണ്ടായിരുന്നത്.പാടിച്ചാലുകാരനായ കുഞ്ഞിരാമൻ എന്ന കൃഷ്ണനും കാനം വയലുകാരനായ രാഘവനും.ദിവസവും ഭക്ഷണത്തിനു പുറമെ 250 രൂപയായിരുന്നു അവരുടെ കൂലി.പത്തുനാൽപത് വർഷം മുമ്പ് ഇവിടത്തെ കൂലിപ്പണിക്കാരുടെ കൂലി 25 പൈസയായിരുന്നുവെന്ന് കൊച്ചേട്ടന് ഓർമയുണ്ട്.
മല കയറിയെത്തി പാർപ്പുറപ്പിച്ച പത്തറുപത്തഞ്ച് കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു ഇടക്കാലത്ത് മുന്താരിയിൽ.അന്ന് ഒരു ചായക്കടയുമുണ്ടായിരുന്നു ഈ കാട്ടിൽ.അടക്ക,കുരുമുളക്,പാവൽ എന്നിവയായിരുന്നു മുന്താരിയിൽ കാട് വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടങ്ങളിൽ നിന്ന് അക്കാലത്ത് പ്രധാനമായും കിട്ടിയിരുന്നത്. അതിനു പുറമെ കാപ്പിയും കപ്പയും വാഴക്കുലയും ഏലവും മറ്റും.ഒന്നാന്തരം വിളവ്.ഒരു മൂട് കപ്പ കിളച്ചാൽ 20-25 കിലോ വരെ കിട്ടുമായിരുന്നു.
പിന്നെപ്പിന്നെ കമുങ്ങും കുരുമുളകുകൊടിയുമൊക്കെ നശിച്ചു.കപ്പകൃഷി തീരെ ഇല്ലാതായി.മണ്ണിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടാതായപ്പോൾ ഓരോരുത്തരായി മലയിറങ്ങിത്തുടങ്ങി.ഇന്നിപ്പോൾ മുന്താരിയിൽ അകെ അഞ്ചാറ് കുടുംബങ്ങളേ ഉള്ളൂ.
                                കാട്ടിലെ കാറ്റ്
ആദ്യകാലത്തൊക്കെ മുന്താരിയിൽ ഭയങ്കരമായ കാറ്റ് വീശിയിരുന്നു.അലറി വിളിക്കുന്ന കാറ്റ്. നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിൽ ആഞ്ഞുവീശുന്ന കാറ്റിൽ മേൽക്കൂരയിലെ ഓട് പറന്നുപോവുന്നത് സാധാരണമായിരുന്നു.ആ മാസങ്ങളിൽ മേഘങ്ങൾ താഴ്ന്നിറങ്ങി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാമായിരുന്നു.നേരത്തെ ഉണ്ടാക്കി വന്നിരുന്നതോ അതോ ആരോ ഒക്കെ സമീപിച്ച് പുതുതായി ഉണ്ടാക്കിച്ചതോ എന്നറിയില്ല,മംഗലാപുരത്തെ ഓട്ടുകമ്പനികളിൽ നിന്ന് മുന്താരിക്കാർക്ക് ചുവടെ തുളയിട്ട പ്രത്യേകതരം ഓടുകൾ കിട്ടി.തുളയിലൂടെ കമ്പയിട്ട് കഴുക്കോലിനോട് കെട്ടി മേൽക്കൂരയിൽ അവർ ഓടിനെ പിടിച്ചുനിർത്തി.
കുറച്ചുകൊല്ലങ്ങളായി അത്തരം ഓടിന്റെ ആവശ്യം വരുന്നില്ല.കാരണം ആ പഴയ കാറ്റ് ഇപ്പോൾ മുന്താരിയെ പിടിച്ചുകുലുക്കാനും ഓട് പറത്തിക്കളയാനുമൊക്കെയായി എത്താറില്ല.അത് പഴയ ഒരോർമയായി മാറിക്കഴിഞ്ഞു.
പക്ഷേ,ഉൾക്കാട്ടിൽ പലേടത്തും ഇപ്പോഴും അങ്ങനെയുള്ള കാറ്റ് വീശുന്ന ഇടങ്ങളുണ്ട്.ഒരടി മുന്നോട്ട് വെക്കുന്ന ആളെ രണ്ടടി പുറകോട്ടാക്കുന്ന കാറ്റ്.ബെന്നിക്ക് ഈ ഭാഗത്തുള്ള കാടിനെ ഉള്ളം കയ്യിലെ രേഖകളെന്ന പോലെ അറിയാം.കുടകുകാട്ടിൽ കുറേ ഉള്ളോട്ട് ചെന്നാൽ കറുത്ത കാട് എന്നു പറഞ്ഞു വരുന്ന പ്രത്യേകതരം കാടുകളുണ്ട്.കറുത്ത കാട്ടിൽ ഏത് നേരവും കാറ്റും കൊടുംതണുപ്പും ഇരുളുമായിരിക്കും.അതു കാരണം ശീതക്കൊല്ലി എന്നാണ് ഈ കാടുകളെ പറയുക.ഇവിടെ മരങ്ങൾ ഉയരത്തിൽ വളരില്ല.അവ ഒടിഞ്ഞു മടങ്ങി വളഞ്ഞുപിരിഞ്ഞിരിക്കും.അവയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വള്ളികൾക്ക് നല്ല ബലമായിരിക്കും.
മടിക്കേരി താലൂക്കിലെ അയ്യങ്കേരി വില്ലേജിലെ ബാഗമണ്ഡലം പഞ്ചായത്തിലാണ് മുന്താരി.മുന്താരിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് മടിക്കേരിയിലേക്ക്.കുരുടി,അയ്യങ്കേരി വഴി പോകാം.ഇടയ്ക്ക് വഴി മാറി വേണമെങ്കിൽ ബാഗമണ്ഡലത്തെത്താം.അപ്പോൾ ദൂരം 16 കിലോമീറ്ററായി  കുറഞ്ഞു കിട്ടും. .വൻകയറ്റങ്ങൾ,കൊല്ലികൾ,കറുത്ത കാടുകൾ അങ്ങോട്ടേക്കുള്ള യാത്ര അങ്ങേയറ്റം വിഷമം പിടിച്ചതാണ്.മലകയറ്റം നന്നായി വശമുള്ളവർക്കു പോലും ആറ് മണിക്കൂറോളം വേണ്ടി വരും.എങ്കിലും  ആവശ്യം ഒഴിവാക്കാനാവാത്തതാണെങ്കിൽ ആളുകൾ ആ വഴിയത്രയും താണ്ടി മടിക്കേരിയിലോ ബാഗമണ്ഡലത്തോ എത്തും.
മുന്താരി എന്നും മുന്താര എന്നും പലരും സ്ഥലപ്പേര് മാറ്റിമാറ്റി പറയുന്നതായി ഞാൻ ശ്രദ്ധിച്ചു.സ്ഥലവാസികളിൽ ചിലർ തന്നെ മുന്താര എന്നാണ് പറഞ്ഞത്.മുൻതറയാണ് മുന്താരയായതെന്ന് കൃഷ്ണൻ എന്നയാൾ സ്ഥലനാമത്തെ വ്യാഖ്യാനിച്ചു തന്നു.മുൻ താര(മുൻപേയുള്ള വഴി)യും ആകാം.ബാഗമണ്ഡലം പഞ്ചായത്തിലെ 90 വോട്ടർമാർ മുന്താരക്കാരാണ്.അവർ വിചാരിച്ചാൽ ഒരു വാർഡിലെ തോൽവിയും ജയവും നിശ്ചയിക്കാം.
                              കാട്ടിലെ വെളിച്ചങ്ങൾ
കൊച്ചേട്ടന്റെ രണ്ട് ആൺമക്കളിൽ ഒരാൾ എറണാകുളത്തും മറ്റേയാൾക്ക് ചെന്നൈയിലുമാണ്.രണ്ടുപേരും വല്ലപ്പോഴുമേ മുന്താരിയിലെത്തൂ. എങ്കിലും കൊച്ചേട്ടൻ ഇവിടെ തനിച്ചല്ല.വീട്ടിൽ ഭാര്യ ലില്ലിയുണ്ട്.സഹായിയായി അനിയൻ കുഞ്ഞാപ്പ എന്ന മാത്യുവും മുന്താരിയിലുണ്ട്.പിന്നെ,ഈ മലമുകളിലുള്ള എല്ലാവരും നിത്യവും   അടുത്തു ബന്ധപ്പെടുന്നവരുമാണ്.
വലിയ തിടുക്കമോ ഭയമോ പരിഭ്രമമോ ഒന്നുമില്ലാത്ത ശാന്തവും ഏറെക്കുറെ സംതൃപ്തവുമായ ജീവിതമാണ് കൊച്ചേട്ടന്റെത് എന്നു തോന്നി. വീട്ടിൽ ടി.വിയും ഫോണുമൊക്കെ ഉണ്ട്.കാട്ടിൽ ഒരു കിലോമീറ്ററോളം അകലെ നിന്ന് വെള്ളം കൊണ്ടുവന്ന് വീട്ടുമുറ്റത്തെത്തിച്ച് ഡയനാമോ പ്രവർത്തിപ്പിച്ചാണ് അദ്ദേഹം കറന്റുണ്ടാക്കുന്നത്.ഒരു ലക്ഷം രൂപയോളം അതിന് ചെലവായി.എങ്കിലും,വീട്ടിൽ വെളിച്ചമെത്തിയതിന്റെ ആഹ്ലാദം ചെലവായ പണത്തേക്കാൾ എത്രയോ വലുതായിരിക്കുമല്ലോ.രാത്രികളിൽ കാട്ടിനു നടുവിൽ കനം തൂങ്ങുന്ന നിശ്ചലാവസ്ഥയെയും നാട്ടിൽ നിന്ന് അകന്നുള്ള നിൽപിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒറ്റപ്പെടലിന്റെതായ അനുഭവത്തെയും   ഈ വെളിച്ചം കുറെയൊക്കെ ഇല്ലായ്മ ചെയ്യുന്നുണ്ടാവും. ഒരു പക്ഷേ,കൊച്ചേട്ടനെ പോലുള്ള സാഹസികരായ കർഷകർ കാടിനെ കാണുന്നതും അനുഭവിക്കുന്നതും ഞാൻ വിചാരിക്കുന്ന തരത്തിലൊന്നും ആയിരിക്കില്ല.നിശ്ചലതയും ഏകാന്തതയുമൊന്നും അവരുടെ നിഘണ്ടുവിൽ ഉണ്ടാവണമെന്നില്ല.
'ഈ ഭാഗത്ത് വലിയ വിഷപ്പാമ്പുകളൊക്കെ  ഉണ്ടാവില്ലേ ,രാജവെമ്പാല തന്നെ ഉണ്ടാവാൻ സാധ്യതയില്ലേ ,എപ്പോഴെങ്കിലും അങ്ങനെ ഏതിനെയെങ്കിലും കണ്ടിരുന്നോ?'  രാത്രി ഉറക്കത്തിന് വട്ടം കൂട്ടുന്നതിനിടയിൽ അൽപം ഭയത്തോടെ തന്നെ ഞാൻ ചോദിച്ചപ്പോൾ കൊച്ചേട്ടൻ  വളരെ സാധാരണ മട്ടിൽ പറഞ്ഞു:'ഉണ്ട് ദാ,കുറച്ചപ്പുറം ഒന്ന് മുട്ടയിട്ട് അടയിരിക്കുന്നുണ്ട്. കരിയില അടിച്ചുകൂട്ടിയിരിക്കുന്നത് ഇന്നലെയാണ് ഞാൻ കണ്ടത്.'
രാജവെമ്പാല അതിന്റെ ശരീരം ചുഴറ്റി കരിയിലകൾ അടിച്ചുകൂട്ടി അതിനുമേലാണ് മുട്ടയിടുക.ഇങ്ങനെയുള്ള കരിയിലക്കൂമ്പാരം കണ്ടാൽ ആ കൂമ്പാരത്തിനു നടുവിൽ കരിമൂർഖൻ അതായത് രാജവെമ്പാല അടയിരിക്കുന്നുണ്ടാവുമെന്ന് കാടിനെ പരിചയമുള്ളവർ പെട്ടെന്ന് മനസ്സിലാക്കും.അവർ എത്രയും വേഗം വഴിമാറി നടക്കും.ആ കരിയിലക്കൂമ്പാരത്തിലെങ്ങാനും ഒരാൾ അറിയാതെ ചവിട്ടിപ്പോയെങ്കിൽ മിനുട്ടുകൾക്കകം അയാളുടെ കഥ തീർന്നതു തന്നെ.
കൊച്ചേട്ടൻ വളരെ ലാഘവത്തോടെയാണ് രാജവെമ്പാലയുടെ കാര്യം പറഞ്ഞതെങ്കിലും പാമ്പുകളുടെ രാജാവോ റാണിയോ രാത്രിയിൽ എപ്പോഴെങ്കിലും വീട്ടുചുമരിലെ ഏതെങ്കിലും പഴുതിലൂടെ അകത്തെത്തിയേക്കുമോ എന്ന് പേടിച്ചുപേടിച്ച്,അതിന്റെ വരവിനെ പല രൂപത്തിൽ സങ്കൽപിച്ചു വിറച്ച് രാത്രി ഏറെ നേരം ഉറങ്ങാനാവാതെ കിടക്കേണ്ടി വന്നു എനിക്ക്.ആ പഴയ രാത്രിയെ കുറിച്ചുള്ള ഓർമയെ ഞാൻ മൂടുന്നത് മറ്റൊരോർമ കൊണ്ടാണ്.അന്ന് സന്ധ്യ കഴിഞ്ഞ് നേർത്ത ഇരുട്ടുവീണ് ഇത്തിരി  നേരം കൂടി കഴിഞ്ഞപ്പോൾ കൊച്ചേട്ടന്റെ വീടിന്റെ മുറ്റത്തും ഇത്തിരിയകലെ കാടിനു മുകളിലും പരന്നു തുടങ്ങിയ അരണ്ടതെങ്കിലും അസാധാരണമാം വിധം മനോഹരമായ നിലാവിന്റെ ഓർമകൊണ്ട്.
അടുത്ത ദിവസം രാവിലെ ചായകുടി കഴിഞ്ഞ് കൊച്ചേട്ടനോടും ഭാര്യയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് ഞാനും ബെന്നിയും ഏതാനും സുഹൃത്തുക്കളോടൊപ്പം മലയിറങ്ങി.ഈ കാട്ടുപാതയുടെ ഒരു തിരിവിൽ വെച്ച് രണ്ടു വർഷം മുമ്പ് ഒരാളെ കാട്ടാന ഓടിച്ചിട്ട് കുത്തിക്കൊന്ന കാര്യം തലേ ദിവസം തന്നെ കേട്ടിരുന്നതുകൊണ്ട് പേടിച്ചു പേടിച്ചാണ് ഓരോ ചുവടും വെച്ചത്.താഴെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് അടുത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.കൂപ്പ് റോഡിലെ ചങ്ങലക്കരികിൽ എത്തുന്നതിന് ഏതാനും മീറ്റർ ഇപ്പുറം വെച്ച് ഒരു കാട്ടുകോഴിയെ കണ്ടു.മിന്നിൽ പോലെ.ഒരു നിമിഷം കൊണ്ട് കണ്ണിൽ നിന്ന് തെന്നിയകന്ന് കാടിന്റെ മറവിനപ്പുറത്തേക്ക് പാഞ്ഞും പറന്നും പോയ ആ സുന്ദരമായ രൂപം ഇപ്പോഴും അകക്കണ്ണിൽ മായാതെ നിൽക്കുന്നു.




Friday, August 5, 2016

നമ്മുടെ രാഷ്ട്രീയനാടകവേദിക്ക് എന്ത് സംഭവിച്ചു?


വിദ്വാൻ പി.കേളുനായരുടെ ദേശസ്‌നേഹപ്രചോദകവും സാമൂഹ്യപരിഷ്‌കരണോന്മുഖമായ നാടകങ്ങൾക്കു ശേഷം 1929 ൽ വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' മുതൽ സാമൂഹ്യപരിഷ്‌കരണമെന്ന ലക്ഷ്യം ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുത്ത നാടകങ്ങളുടെ ഒരു ധാരയും 1937 ൽ 'പാട്ടബാക്കി 'അരങ്ങിലെത്തിയതു  മുതൽ രാഷ്ട്രീയനാടകങ്ങളുടെ മറ്റൊരു ധാരയും മലയാളത്തിൽ ശക്തിപ്പെട്ടു.'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി 'മുതൽ കരിവെള്ളൂർ മുരളി എഴുതി രജിതാമധു 1700 ഓളം വേദികളിൽ അവതരിപ്പിച്ച 'അബൂബക്കറിന്റെ ഉമ്മ പറയുന്നു'വരെയുള്ള വിപുലമായ ജനപ്രീതി നേടിയ അനേകം നാടകങ്ങൾ ഈ ധാരയെ പ്രതിനിധാനം ചെയ്യുന്നവയായി നമ്മുടെ മുന്നിലുണ്ട്.എൻ.എൻ.പിള്ള ,കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രശസ്തർ തൊട്ട് നാട്ടിൻപുറങ്ങളിലെ കലാസമിതികൾക്കു വേണ്ടി എഴുതിയ വിശേഷാൽ പരിഗണനകളൊന്നും ലഭിക്കാത്തവർ വരെയുള്ള നൂറ് കണക്കിന് നാടകകാരന്മാർ എഴുതിയ സാമൂഹ്യനാടകങ്ങളും തെരുവുനാടകങ്ങളും വേറെയും ഉണ്ട്.എന്നിട്ടും രാഷ്ട്രീയ നാടകവേദി ഏറെ ദുർബലമായിത്തീർന്നതായി ഏറെക്കുറെ എല്ലാവർക്കും അനുഭവപ്പെടുകയും നമ്മുടെ മാനസികജീവിതത്തെ ആഴത്തിൽ സ്പർശിക്കുകയും സാംസ്‌കാരികചർച്ചകളിൽ ആവർത്തിച്ച് ഇടം പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങളൊന്നും ഉണ്ടാവുന്നില്ല എന്ന തോന്നൽ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
                                         ആഴങ്ങളോടുള്ള ഭീതി
രാഷ്ട്രീയാനുഭവങ്ങളുടെ പ്രത്യക്ഷതലത്തിന് അപ്പുറം കടക്കാൻ  നമ്മുടെ രാഷ്ട്രീയനാടകകാരന്മാരിൽ ബഹുഭൂരിപക്ഷവും ഭയപ്പെടുന്നുവെന്ന വാസ്തവത്തെയാണ് ഈ ആലോചന നമ്മുടെ മനസ്സിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിന്നാണ് ഏറെപ്പേരും തങ്ങൾക്കാവശ്യമായ ഇതിവൃത്തം കണ്ടെത്തുക.സത്യത്തിൽ അതൊരു സുരക്ഷിതമായ ഇടമാണ്. ചരിത്രത്തിൽ നിന്നുള്ള മുഴങ്ങുന്ന ചോദ്യങ്ങൾ വലിയ രാഷ്ട്രീയജാഗ്രതയൊന്നും പുലർത്താതെ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നവരുടെ കാതുകളിൽ വന്നു വീഴുകയില്ല.ആ ചോദ്യങ്ങൾ കേൾക്കാനുള്ള ബൗദ്ധികവും രാഷ്ട്രീയവുമായ ഉണർവ് നാടകകൃത്തിനു തന്നെ ഇല്ലാതെ പോവുമ്പോൾ നാടകത്തിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലേ അവ ഉയരുകയുള്ളൂ എന്ന പ്രശ്‌നവുമുണ്ട്.മലയാളത്തിലെ പുതിയകാല രാഷ്ട്രീയ നാടകങ്ങളുടെ പൊതുസ്വഭാവം അതാണ്.ചരിത്രത്തെ പുളിപ്പിച്ചെടുത്തുണ്ടാക്കുന്ന രുചികരവും നിരപദ്രവുമായ ലഹരിപാനീയങ്ങൾ മാത്രമാണ് അവയിൽ തൊണ്ണൂറ്റൊമ്പത് ശതമാനവും.
ചരിത്രത്തിന്റെ അന്തർഗതങ്ങളെ മാത്രമല്ല സമകാലിക രാഷ്ട്രീയത്തിന്റ ഉപരിതലത്തിൽ നിന്ന് ഇത്തിരിയൊന്നു താഴോട്ടിറങ്ങിയാൽ കണ്ടെത്തുന്ന കുഴക്കുന്ന ചോദ്യങ്ങളെയും, എന്തിന്, യഥാർത്ഥരാഷ്ട്രീയപ്രശ്‌നങ്ങളുടെ സൂചനകളെ പോലും നമ്മുടെ രാഷ്ട്രീയവേദി ഭയപ്പെടുന്നതായാണ് കാണുന്നത്.പകരം സാമൂഹ്യജീവിത്തിലെ ശാശ്വത പ്രശ്‌നങ്ങളെന്നപോലെ അവതരിപ്പിക്കാവുന്ന സംഘർഷങ്ങളെ തിരഞ്ഞുപിടിച്ച് വേദിയിലെത്തിക്കുകയാണ് അവർ ചെയ്യുക.അതല്ലെങ്കിൽ മതസാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പോലെ കടുത്ത വർഗീയവാദികളൊഴിച്ചുള്ള ആർക്കും വിയോജിപ്പില്ലാത്ത വിഷയങ്ങളിലേക്ക് തിരിയും.എന്തായാലും സമകാലിക രാഷ്ട്രീയത്തിലെ യഥാർത്ഥ വൈരുദ്ധ്യങ്ങളിലേക്ക് പ്രേക്ഷകരെ ഉണർത്തുന്ന യാതൊന്നും ഇതിവൃത്തത്തിന്റെ ഭാഗമായി വരാതിരിക്കാൻ അവർ ശ്രദ്ധിക്കും.
വർത്തമാനകാല രാഷ്ട്രീയത്തെ തന്നെയാണ് വിഷയമാക്കുന്നതെങ്കിൽ അത് പ്രത്യക്ഷരാഷ്ട്രീയത്തിൽ ഒതുങ്ങുകയും പ്രതിലോമശക്തികൾ എന്ന് കാലാകാലമായി നിർണയിച്ചുവെക്കപ്പെട്ടിട്ടുള്ളവരുടെ അഴിമതിയുടെയും ഹിംസയുടെയും മറ്റും ചിത്രീകരണത്തിലും അവർക്കെതിരായ മുന്നേറ്റങ്ങളുടെ അതിവൈകാരികമായ അവതരണത്തിലും അവർ സംതൃപ്തിയടയുകയും ചെയ്യും.ഇത്രയും മാത്രമാണ് ചെയ്യുന്നതെങ്കിൽ കേരളത്തിലെ നാടകപ്രേക്ഷകരിൽ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷകരുടെ അംഗീകാരവും പിന്തുണയും ഉറപ്പിക്കാം.നമ്മുടെ രാഷ്ട്രീയത്തിന് മൊത്തത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അർത്ഥവ്യതിയാനത്തെയും അർത്ഥലോപത്തെയും കുറിച്ചുള്ള ഗാഢമൗനമാണ് ആ പ്രേക്ഷകസമൂഹവും ആഗ്രഹിക്കുന്നത്.തങ്ങളുടെ രാഷ്ട്രീയബോധത്തിന് അപകടകരമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്നതിലൂടെ കൈവരുന്ന വ്യാജസംതൃപ്തിയെയാണ് അവർ പ്രധാനമായും ഉന്നംവെക്കുന്നത്.കാര്യം ഈ വിധത്തിലായിത്തീർന്നത് വർഗീയശക്തികളെ പിന്തുണക്കുന്നവർ ഒഴിച്ചുള്ള കേരളജനത മൊത്തത്തിൽ വലിയൊരളവുവരെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതുകൊണ്ടാണ്.കക്ഷിരാഷ്ട്രീയബന്ധം ഏതായാലും ഏത് വർഗത്തിൽ പെടുന്ന ആളായാലും അവനവനിൽ കേന്ദ്രീകരിച്ച് ജീവിതവിജയം കൈവരിക്കാനുള്ള വഴി നോക്കുക എന്നതായിത്തീർന്നിരിക്കുന്നു ഓരോരുത്തരുടെയും മനോഭാവം.ബഹുരാഷ്ടമുതലാളിത്തം എല്ലാ അതിർത്തികളും ഭേദിച്ചുള്ള മൂലധനവ്യാപനത്തെ സുഗമമാക്കുന്ന ആത്മനിഷ്ഠ സാഹചര്യത്തിന്റെ നിർമാണത്തിനു വേണ്ടി ലോകവ്യാപകമായി പ്രചരിപ്പിച്ചു വരുന്ന ചരിത്രത്തിന്റെ മരണം,ദർശനത്തിന്റെ മരണം,ബൃഹ്ദാഖ്യാനങ്ങളുടെ പ്രസക്തിയില്ലായ്ക എന്നിങ്ങനെയുള്ള ആശയങ്ങളും പുത്തൻ വിദ്യാഭ്യാസ പദ്ധതിയിലൂടെ സൃഷ്ടിച്ചെടുത്ത ജ്ഞാനവിരോധവും ടെക്‌നോളജിയോടുള്ള ഭക്തിയുമെല്ലാം ഈ മനോഭാവത്തിന്റെ നിർമിതിയിൽ പങ്കു വഹിച്ചിട്ടുണ്ട്.കമ്യൂണിസ്റ്റ് ദർശനത്തിന്റെ പ്രയോഗത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സംഭവിച്ച കനത്ത തിരിച്ചടികളും തീർച്ചയായും കോടിക്കണക്കിനാളുകളിൽ രാഷ്ട്രീയത്തിലുള്ള താൽപര്യരാഹിത്യവും വിശ്വാസരാഹിത്യം തന്നെയും വളർന്നു വരുന്നതിന് കാരണമായിട്ടുണ്ട്.
രാഷ്ടസേവനം,പ്രസ്ഥാനത്തിനു വേണ്ടിയുള്ള ആത്മസമർപ്പണം,സാമൂഹ്യപ്രവർത്തനങ്ങളിലെ ഊർജ്ജസ്വലമായ പങ്കാളിത്തം,സത്യസന്ധവും ക്ലേശകരവുമായ ജ്ഞാനാന്വേഷണം എന്നിങ്ങനെയുള്ള അനേകം ആദർശങ്ങളെ സ്വജീവിതത്തിന്റെ മുഖ്യചാലകശക്തികളാക്കി മാറ്റിയ എത്രയോ പേർ ഒരു കാലത്ത് നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു.അവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയും രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മണ്ഡലങ്ങളെയും പ്രൊഫഷനലിസം കീഴടക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക കേരളത്തിലെ അവസ്ഥ.ഈ പരിണാമം വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ ആഴങ്ങൾ നമ്മുടെ നാടകങ്ങളിലെ മുഖ്യവിഷയമായിത്തീരേണ്ടതാണ്.പക്ഷേ,അങ്ങനെ സംഭവിക്കുന്നതേയില്ല.ബഹുജനത്തെ പൊതുവായി ബാധിച്ചിരിക്കുന്ന രാഷ്ട്രീയമായ ഉദാസീനത നാടകകാരന്മാരെയും കീഴടക്കിയിരിക്കുന്നുവെന്നേ ഇതിൽ നിന്ന് മനസ്സിലക്കാനാവൂ.
                         രാഷ്ട്രീയതേരമേഖലകളിലെ രാഷ്ട്രീയം
രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയം,വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ,ടെലിവിഷൻ ചർച്ചകളിലെ ഏറ്റുമുട്ടലുകൾ,അഴിമതി വിവാദങ്ങൾ എന്നിങ്ങനെയൊക്കെയുള്ള ചില സംഗതികളേ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിലേക്ക് കടന്നു വരൂ.വിദ്യാഭ്യാസരംഗത്തെ പുത്തൻ പരിഷ്‌കരണങ്ങൾ വഴി വിദ്യാർത്ഥികളുടെ താൽപര്യങ്ങളെയും ജീവിതസങ്കൽപങ്ങളെ തന്നെയും വിപണിക്ക് അനുകൂലമാക്കി മാറ്റിയതിനു പിന്നിലെ ബുദ്ധിയുടെ പ്രയോഗം,പുത്തൻ തൊഴിലിടങ്ങളിൽ നടന്നു വരുന്ന വമ്പിച്ച ചൂഷണം,അവിടങ്ങളിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതത്വം, സാഹിത്യവും ഇതര കലകളും ആസ്വാദകരുടെ അപ്പപ്പോഴത്തെ അഭിരുചികളെ മാത്രം അഭിസംബോധന ചെയ്യുന്നതു കാരണം ജനതയുടെ ഭാവുകത്വത്തിന് മൊത്തത്തിൽ സംഭവിക്കുന്ന തകർച്ച എന്നിങ്ങനെയുള്ള ഒരുപാട് സംഗതികളിലെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി അവർ തിരിച്ചറിയുന്നതേ ഇല്ല.ഇങ്ങനെയൊരു തിരിച്ചറിവ് നമ്മുടെ നാടകകാരന്മാർക്കും കൈവരുന്നതായി കാണുന്നില്ല.
കാണികളുടെ രാഷ്ട്രീയ ധാരണകൾക്ക് നേരിയ തോതിൽ പോലും ഇളക്കം വരുത്താത്തതും തങ്ങൾ വിധേയത്വം പുലർത്തുന്ന രാഷ്ട്രീയ കക്ഷിയുടെ ഒരു നിലപാടിനെയും പ്രവൃത്തിയെയും ചോദ്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കാത്തതുമായ ഇതിവൃത്തങ്ങൾ നിർമിച്ചെടുക്കുന്നതിലാണ് നമ്മുടെ നാടകകാരന്മാർ പൊതുവെ ശ്രദ്ധിച്ചു പോരുന്നത്. വലതുപക്ഷ രാഷ്ട്രീയ കക്ഷികളെ അയഞ്ഞ പരിഹാസത്തിലൂടെയും ചിലപ്പോൾ കിടിലൻ ഡയലോഗുകളിലൂടെയും വളരെ സ്ഥൂലമായ രീതിയിൽ വിമർശിക്കുന്നതിന് അവർ മടി കാണിക്കില്ല.എന്നാൽ വിദ്യാർത്ഥികളും വിവിധ മേഖലകളിലെ അസംഘടിതരായ തൊഴിലാളികളും സംഘടനാസ്വാതന്ത്ര്യത്തെ പറ്റി സ്വപ്നം കാണാനേ അനുവാദമില്ലാത്ത ഐ.ടി മേഖലയിലെ യുവജനങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളിൽ ആരിൽ നിന്നും ശ്രദ്ധ കിട്ടാത്തവരുടെ ജീവിതത്തിൽ തേർവാഴ്ച നടത്തുന്ന ബഹുമുഖമായ അനീതികളും ഒന്നും തന്നെ അവരുടെ വിഷയമാകാറില്ല.
ഏതാനും ദശകങ്ങൾക്കു മുമ്പ് വരെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉയർന്ന രാഷ്ട്രീയ ബോധമുള്ള നാടകകാരന്മാർ പലരുമുണ്ടായിരുന്നു.നാടകാവതരണത്തിൽ വലിയ പരീക്ഷണങ്ങൾ നടത്താൻ അവർ ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.1960 നുശേഷമുള്ള കാലം തന്നെ എടുത്താൽ ഉത്പൽദത്ത്,ബാദൽ സർക്കാർ,ജി.പി.ദേശ്പാണ്‌ഡെ,വിജയ് ടെണ്ടുൽക്കർ,ഹബീബ് തൻവീർ,പ്രസന്ന,സഫ്ദർഹാശ്മി എന്നിങ്ങനെ പല പേരുകളും ഓർമയിലെത്തും.ബംഗാളിലും മഹാരാഷ്ടയിലും കേരളത്തിലും രണ്ടു ദശകത്തോളം കാലം ബെർടോൾട് ബ്രെഹ്ത്തിന്റെ നാടക സിദ്ധാന്തത്തെയും  അതിന്റെ പ്രയോഗത്തെയും കുറിച്ചുള്ള ഗൗരവപൂർണമായ ചർച്ചകൾ വലിയൊരു പ്രചോദന മായി പ്രവർത്തിച്ചിരുന്നു.1964 ൽ ഉത്പൽദത്ത് കൽക്കത്തയിൽ 'ഇന്ത്യൻ ബ്രഹ്ത് സൊസൈറ്റി' തന്നെ സ്ഥാപിക്കുകയുണ്ടായി.
ഈ തരത്തിലുള്ള ഉണർവുകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും തുടർച്ച മലയാള നാടകത്തിൽ കാണാനില്ല.നാടകത്തിന്റെ പ്രമേയം രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയും അവതരണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ നാടകപ്രവർത്തകർ അത്യുത്സാഹം കാണിക്കകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഇതിവൃത്തത്തിൽ ഊന്നുന്ന നാടകങ്ങളാണെങ്കിൽ ആരംഭത്തിൽ പറഞ്ഞതുപോലെ പുതിയ കാലത്തേക്ക് വരാൻ അറച്ചറച്ചു നിൽക്കുകയുമാണ്.ഈ വിഷമ സന്ധി തരണം ചെയ്യാതെ നമ്മുടെ നാടകവേദിക്ക് ഇനി മുന്നോട്ടു പോവാൻ ആവില്ല.
                                   പരീക്ഷണങ്ങളിലെ രാഷ്ട്രീയം
അര നൂറ്റാണ്ടുകാലമായി നാടകവേദിയിലെ പരീക്ഷണങ്ങൾക്ക് മലയാളത്തിൽ യാതൊരു പഞ്ഞവുമുണ്ടായിട്ടില്ല.സി.എൻ.ശ്രീകണ്ഠൻ നായർ,രാമാനുജം,ജി.ശങ്കരപ്പിള്ള,കാവാലം നാരായണപ്പണിക്കർ എന്നിങ്ങനെയുള്ള വ്യക്തികളും സ്‌കൂൾ ഓഫ് ഡ്രാമയും അനേകം കലാസമിതികളും ഈ പരീക്ഷണങ്ങൾക്കു വേണ്ടി വലിയ തോതിൽ ഊർജം ചെലവഴിച്ചിരുന്നു.എന്നാൽ ആ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം,രാഷ്ട്രീയം,ഫലം എന്നിവയെ കുറിച്ചൊന്നും ഗൗരവപൂർണമായ ആലോചനകളുണ്ടായില്ല.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയുടെ യഥാർത്ഥ ലക്ഷ്യവും ഫലങ്ങളുമെല്ലാം നമുക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്.
നാടകത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഘടകം സംവിധാനമാണ്,നടീനടന്മാർക്ക് അവരുടെ ശരീരത്തെ,അതായത് ശരീരം വഴി സാധ്യമാവുന്ന ചലനങ്ങളെയും അഭ്യാസങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനുള്ള പരിശീലനം നൽകേണ്ടതാണ്,നാടകം കണ്ണിന്റെ കലയാണ്,അതിനാൽ വേദിയിൽ പല തരം കാഴ്ചകൾ ഒരുക്കാൻ സംവിധായകൻ ശ്രദ്ധിക്കണം,സംഭാഷണത്തിന് നാടകത്തിൽ ഊന്നൽ കൈവരരുത്,സ്‌ക്രിപ്റ്റിലൂടെ സാധ്യമാവുന്ന ആശയ പ്രചരണമാവരുത് വേദിയിൽ സൃഷ്ടിക്കുന്ന ചലനങ്ങളും ദൃശ്യങ്ങളും വഴി കാണികൾക്ക് നൽകാനാവുന്ന അനന്യമായ അനുഭവമായിരിക്കണം സംവിധായകന്റെ ലക്ഷ്യം എന്നിവയൊക്കെയാണ് രംഗഗവേദിയിൽ നടന്ന പരീക്ഷണങ്ങളിലൂടെ കേരളത്തിലെ നാടകപ്രവർത്തകർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ആശയങ്ങൾ.ഈ ആശയങ്ങളുടെ മൊത്തത്തിലുള്ള ഫലം നാടകം എന്ത് പറയുന്നു എന്നതിനെ കുറിച്ചുള്ള ആലോചനയിൽ നിന്ന് കാണികൾ അകറ്റപ്പെട്ടു എന്നതാണ്.വേദിയിൽ നടീനടന്മാർ ശരീരം കൊണ്ടും സംവിധായകൻ പല നൂതനസങ്കേതങ്ങളുപയോഗിച്ചും സൃഷ്ടിക്കുന്ന അത്ഭുതദൃശ്യങ്ങൾ കണ്ട് സംതൃപ്തരാവുക എന്നതായി അവരുടെ രീതി.വന്നുവന്ന് ഒരു നാടകത്തിന്റെ ഗുണമെന്നത് പെർഫോമൻസിൽ സാധിക്കുന്ന മികവ് മാത്രമായി.നടീനടന്മാർ 'അഭിനയിക്കുകയായിരുന്നില്ല,രംഗത്ത് ജീവിക്കുകയായിരുന്നു' എന്ന് പഴയ പ്രേക്ഷകരും പറയാറുണ്ടായിരുന്നു.ഇപ്പോൾ അതും കടന്ന് രംഗത്ത് നേരിട്ട് മഴ പെയ്യുന്നതുപോലെ ഗംഭീരമായി മഴ പെയ്യിച്ചു,അതിനു ശേഷം തീ ആളിപ്പടർന്നു, കഥാപാത്രങ്ങൾ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷരാവുന്നത് പെർഫക്ടായി കാണിച്ചു എന്നൊക്കെയുള്ളതായി കാഴ്ചയുടെ ആനന്ദം.ഒരു സംഭവത്തിന്റെ ചിത്രീകരണത്തെ പൂർണതയുള്ള ഒരു ഐന്ദ്രിയാനുഭവമെന്ന പോലെ കാണികളിലേക്ക് പകരാൻ കഴിയുന്നതിൽ അപ്പുറമുള്ള ഒരു മിടുക്കം സംവിധായകനിൽ നിന്ന് മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.നാടകകൃതിയിൽ എന്തൊക്കെ ഉണ്ടായിരുന്നു, നാടകം വേദിയിൽ എത്തുമ്പോഴേക്കും അതിൽ നിന്ന് എന്തൊക്കെ ഇല്ലാതായി എന്നൊന്നും അവർ ആലോചിക്കുന്നതേയില്ല.
                                            തനതു നാടകം
തനതുനാടകവേദി എന്ന ആശയം എം.ഗോവിന്ദന്റെ പിന്തുണയോടെ സി.എൻ.ശ്രീകണ്ഠൻ നായർ 1960 കളുടെ ആദ്യപകുതിയിൽ  തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും അതിനെ യാഥാർത്ഥ്യമാക്കി തീർക്കുന്നതിനുള്ള വിജയകരമായ ശ്രമം കാവാലം നാരായണപ്പണിക്കരിൽ നിന്നാണ് ഉണ്ടായത്.ക്ലാസിക്കൽ കലകൾ,അനുഷ്ഠാനകലകൾ,നാടൻകലകൾ എന്നിവയിലെ അംശങ്ങളെ വിളക്കിച്ചേർത്താണ് കാവാലം പുതിയ ഒരവതരണശൈലി രൂപപ്പെടുത്തിയത്. വേദിയിലെ വസ്തുക്കൾക്കും നടീനടന്മാരുടെ വേഷത്തിനും നാടോടിത്തവും അനുഷ്ഠാനപരതയും നൽകിയും നൃത്തഗീതവാദ്യങ്ങളെ ഭംഗിയായി സമന്വയിപ്പിച്ചും നാട്യധർമിയായ അഭിനയശൈലി കൈക്കൊണ്ടും  വേദിയിലെത്തിയ കാവാലത്തിന്റെ നാടകങ്ങൾ ഏത് കേരളീയതക്കാണ് രംഗഭാഷ്യം ചമച്ചത്?,ഏത് തരം പ്രേക്ഷകരോടാണ് സംവദിച്ചത്?,ഏത് വിഷയങ്ങളാണ് അവയിൽ ആവിഷ്‌കൃതമായത്? അവയുടെ രാഷ്ട്രീയം എന്തായിരുന്നു?,ആ നാടകങ്ങൾ കണ്ണിനും കാതിനും അപ്പുറം പ്രേക്ഷകരുടെ മനസ്സിനും ബുദ്ധിക്കും എന്തൊക്കെയാണ് നൽകിയത്? എന്നീ ചോദ്യങ്ങൾക്ക് തീർത്തും നിഷ്പക്ഷമായും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും നടത്തുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്താൻ സാധ്യതയുള്ള ഉത്തരങ്ങളുടെ കാതൽ അവ കേരളീയ ജനജീവിതത്തിന്റെ ആഴങ്ങളിലെ യഥാർത്ഥ സംഘർഷങ്ങളെയും ആവശ്യങ്ങളെയും  വേദനകളെയും അവ ആവശ്യപ്പെടുന്ന ഘടനയിൽ വേദിയിലെത്തിച്ചില്ല എന്നതു തന്നെയായിരിക്കും.അക്കാര്യത്തിൽ നേർത്ത സംശയത്തിനു പോലും സാധ്യതയില്ല.ആ നാടകങ്ങളിലൂടെ പലരും മികച്ച നടന്മാരായി,നമ്മുടെ അനുഷ്ഠാനകലകളുടയും നാടൻകലകളുടെയും പല അംശങ്ങളുടെയും ഹൃദയഹാരിയായ സമന്വയം അവയിൽ യാഥാർത്ഥ്യമായി,നാട്യധർമിയായ അഭിനയത്തിന്റെ സാധ്യതകൾ എത്രമേൽ മനോഹരമാണെന്ന് മനസ്സിലാക്കാനുള്ള അവസരം സാധാരണ നാടകപ്രേക്ഷകർക്കും ലഭിച്ചു,അഭിനേതാക്കളുടെ ചലനങ്ങളുടെ താളാത്മകത ഉചിതമായ സംഗീതത്തിന്റെ പിന്തുണയോടെ സൃഷ്ടിച്ച സൗന്ദര്യാനുഭവത്തിന് താരതമ്യമില്ല എന്നീ നിരീക്ഷണങ്ങളൊന്നും മേൽപ്പറഞ്ഞ വസ്തുതയെ ദുർബലമാക്കില്ല.
എന്നാൽ മലയാളനാടകങ്ങൾക്ക് അവയുടെതായ സ്വതന്ത്രവും മൗലികവുമായ അവതരണ ശൈലി ആവശ്യമാണെന്ന ആശയത്തിന് ശക്തി പകരാൻ കാവലത്തിന്റെ തനതുനാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.പുതിയ സാധ്യതയ്ക്ക് കാവാലം നൽകിയ മാതൃകകളെ മുൻനിർത്തി ആലോചിക്കുമ്പോൾ പക്ഷേ നാം ചെന്നെത്തുന്നത് മറ്റൊരു വസ്തുതയിലായിരിക്കും.കാവലത്തിന്റെ തനതുനാടകങ്ങൾ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കെ തന്നെ തീർത്തും കേരളീയവും കേരളത്തിന്റെ ഫോക്പാരമ്പര്യത്തെ കാലോചിതമായ രീതിയിൽ സർഗാത്മകമായി ഉൾക്കൊണ്ടവയുമായ നാടകങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ആദിവാസി ജീവിതവും ഗ്രാമങ്ങളിലെ ദരിദ്രകർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും രാഷ്ട്രീയമായ പുതിയ തിരിച്ചറിവുകളിലൂടെ ആവിഷ്‌കരിക്കപ്പെട്ട ആ നാടകങ്ങൾ ഒരേ അളവിൽ സാഹിത്യഭംഗി ഉള്ളവയോ ഒരേ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ചവയോ ,ഒരേ രംഗഭാഷ ആവശ്യപ്പെട്ടവയോ ആയിരുന്നില്ല.എങ്കിലും അവയായിരുന്നു നമ്മുടെ യഥാർത്ഥ തനതുനാടകങ്ങൾ.കെ.ജെ.ബേബിയുടെ നാടുഗദ്ദിക.പി.എം.താജിന്റെ കുടുക്ക,രാവുണ്ണി,മനോജ് കാനയുടെ ഉറാട്ടി എൻ.ശശിധരന്റെ ഹിംസാടനം എന്നിവ ഈ ഗണത്തിൽ പെടുന്ന മികച്ച നാടകങ്ങളായിരുന്നു.സമീപകാലത്ത് വായിച്ചവയിൽ ഇവയോട് ചേർത്തുവെക്കാവുന്നതായി ഒരു നാടകമേ എന്റെ ശ്രദ്ധയിൽ വന്നുള്ളൂ.അത് എ.ശാന്തകുമാറിന്റെ 'നീലക്കുറുക്കൻ' ആണ്.
യഥാർത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളോ ആത്മസംശയങ്ങളോ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷമോ ആവിഷ്‌ക്കരിക്കുന്ന നാടകങ്ങൾക്ക് അവതരണം സാധ്യമാവുക എളുപ്പമല്ലെന്നതു തന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.പല വിധ വിട്ടുവീഴ്ചകൾക്ക് സദാ സന്നദ്ധമായി,ആരുമായും ഒരു സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനവുമായും സംഘർഷത്തിനു മുതിരാതെ ജീവിച്ചു പോവുക എന്നതാണ് കുറച്ചു കാലമായി ഇവിടത്തെ സാധാരണജനങ്ങളുടെ പൊതുരീതി.അതുകൊണ്ട് ഏത് തിന്മയെയും കടുത്ത മൗനത്തിലൂടെയും തികഞ്ഞ ഉദാസീനതയിലൂടെയും നേരിട്ട് ,സ്വയം രക്ഷിച്ച് അവർ മുന്നേറുന്നു.ഏറ്റവും പുതിയ തലമുറയിലെ യുവജനങ്ങളാണെങ്കിൽ ,അവരിൽ പ്രൊഫഷണൽ സ്പിരിറ്റോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ,രസകരമായ കാഴ്ചക്കും കേൾവിക്കും പറ്റുന്ന സംഗതികളായും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും തമാശകൾ പങ്കുവെക്കുന്നതിനുള്ള വിഭവങ്ങളായും മാത്രമേ എല്ലാ രാഷ്ട്രീയ സംഭവങ്ങളെയും കാണുന്നുള്ളൂ.പ്രത്യയശാസ്ത്രം,നിലപാട്,പ്രതിരോധം എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കാൻ മാത്രമേ അവർക്ക് കഴിയൂ.ഇങ്ങനെ ഏത് തരത്തിൽ നോക്കിയാലും,ആഴമേറിയതും  സത്യസന്ധവുമായ രാഷ്ട്രീയാന്വേഷണങ്ങളെയും വിശകലനങ്ങളെയും പ്രതികരണങ്ങളെയും വേദിയിലേക്കെത്തിക്കുന്നതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്ന സാംസ്‌കാരിക രാഷ്ട്രീയ പരിസരത്തിലാണ് മലയാളത്തിലെ നാടകകാരന്മാർ നിലകൊള്ളുന്നത്.ഈ അവസ്ഥയുമായി പൊരുത്തപ്പെടുക എന്നതും മൗനം അവലംബിക്കുന്നതും തമ്മിൽ കാര്യമായ അന്തരമൊന്നുമില്ല.
നാടകം എന്ന മാധ്യമത്തിലൂടെ മലയാളികളോട് സംവദിക്കാൻ തീവ്രമായി അഭിലഷിക്കുന്ന നാടകകാരന്മാരും സംവിധായകരും പക്ഷേ പ്രാതികൂല്യങ്ങളെപ്പറ്റി പേർത്തും പേർത്തും ആലോചിച്ച് അടങ്ങിയിരിക്കേണ്ട കാര്യമില്ല.അങ്ങനെയുള്ള ഇരിപ്പ് അവർക്ക് സാധ്യമാവുകയുമില്ല. കാണികളുടെ താൽപര്യങ്ങൾക്ക് സംഭവിച്ച നാടകവിരുദ്ധമായ വ്യതിയാനങ്ങളെ അൽപവും ഗൗനിക്കാതെ അവർക്ക് മുന്നോട്ടു പോകാം. ഒരു ജനത അനുഭവിക്കുന്ന ഇച്ഛാഭംഗങ്ങളുടെയും വേദനകളുടെയും ഉദ്വിഗ്നതയുടെയും ആഴങ്ങളെ അവർക്കു തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിയുന്ന നാടകങ്ങൾക്ക്   ദശകങ്ങളായുള്ള പരീക്ഷണങ്ങളിലൂടെ അഭിനയത്തെയും രംഗഭാഷയെയും കുറിച്ച് രൂപപ്പെട്ടിട്ടുള്ള ആശയങ്ങളിൽ ഏറ്റവും അർത്ഥവത്തായവയെ സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു സംവിധാനശൈലിയിലൂടെ വേദിയിൽ സാക്ഷാത്കാരം നൽകാൻ സാധിക്കുമെങ്കിൽ അവയ്ക്കു നേരെ കണ്ണും കാതും അടച്ചു നിൽക്കാൻ പ്രേക്ഷകർക്കും നാടകനിരൂപകർക്കും സാധ്യമാവില്ല.വസ്തുത ഇതാണെങ്കിലും ഒരു കാര്യം തീർച്ചയാണ്.'പാട്ടിബാക്കി'യെ പോലെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾ ഒരു നാടകത്തെ സ്വമേധയാ ഏറ്റെടുത്ത് അത്യാവേശത്തോടെ വീണ്ടും വീണ്ടും വേദിയിൽ എത്തിക്കുന്ന  അനുഭവം ഇനി പ്രതീക്ഷിക്കാനാവില്ല.അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല.കാരണം കേരളത്തിന്റെ  രാഷ്ട്രീയത്തിലും വർഗപരമായ യാഥാർത്ഥ്യങ്ങളിലും ജനങ്ങളുടെ അനുഭവങ്ങളിലും അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയിലും കലാസ്വാദനശീലങ്ങളിലുമെല്ലാം അടിസ്ഥാനപരമായ ഒട്ടുവളരെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവയെ അപ്പാടെ അട്ടിമറിക്കുന്ന രചനയോ അവതരണമോ തൽക്കാല പരിതസ്ഥിതിയിലെങ്കിലും അസാധ്യമാണ്.അത് പക്ഷേ നിരാശയിലേക്ക് നയിക്കേണ്ടുന്ന സംഗതിയല്ല.മാറിയ കാലത്തോട് മാറിയ ഭാഷയിലൂടെ തന്നെ നാടകത്തിന് സംസാരിക്കാനാവുമെന്ന് തെളിയിക്കാൻ നാടകകൃത്തുക്കൾക്കും സംവിധായകർക്കും കഴിയണം.വെല്ലുവിളികളില്ലാത്ത സർഗാത്മക ജീവിതം കലാകാരന്മാർ ആഗ്രഹിച്ചുകൂടാത്തതാണ്.