Pages

Tuesday, May 22, 2012

പ്രതികരണം

നഗരമധ്യത്തിലെ ഫ്ളാറ്റില്‍ ഏകാകിയായി കഴിയുന്ന വൃദ്ധസാഹിത്യകാരന്റെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കെ കൌമാരപ്രായക്കാരനായ അഭിമുഖകാരന്‍ വല്ലാതെ വിയര്‍ത്തിരുന്നു.
'സാര്‍' ഭയവും പരിഭ്രമവും വല്ലപാടും കടിച്ചുപിടിച്ച് അവന്‍ ചോദിച്ചു:
"ഈ കൊലപാതകത്തില്‍ താങ്കള്‍ പ്രതികരിക്കാത്തതെന്താണ്?''
"കൊലപാതകമോ?'' പാതിയുറക്കത്തില്‍ നിന്നെന്ന പോലെ തലയുയര്‍ത്തി സാഹിത്യകാരന്‍ ചോദിച്ചു: "കൊലപാതകശ്രമമല്ലേ ഉണ്ടായത്?''
"അല്ല,സാര്‍"അഭിമുഖകാരന്റെ ശബ്ദം അവനറിയാതെ കുറച്ചൊന്നുയര്‍ന്നു പോയി: "അമ്പത്തൊന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കശാപ്പ് ചെയ്യുകയായിരുന്നു.അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല''
"ആണോ?'' സാഹിത്യകാരന്റെ ശബ്ദം തികച്ചും നിര്‍വികാരമായിരുന്നു.അയാള്‍ പറഞ്ഞു:"കുഞ്ഞുണ്ണി മാഷ് കവിയല്ല''
"അല്ല സാര്‍,ഞാന്‍ അതല്ല...'' അഭിമുഖകാരന്‍ പിന്നെയും തുടങ്ങുമ്പോഴേക്കും സാഹിത്യകാരന്‍ ഒരു പ്രസംഗകന്റെ ഭാവഹാവാദികളോടെ പറഞ്ഞു: "മഴക്കാലത്ത് മഴ പെയ്യും.രാത്രിനേരത്ത് ടോര്‍ച്ചില്ലാതെ നടക്കരുത്.ജ്ഞാനപീഠ പുരസ്കാരത്തിന്റെ തുക വളരെ കുറവാണ്.ശാര്‍ങധരന്‍ നായര്‍ ശരിയായ നായരല്ല.അവന്റെ കഥകളെല്ലാം പൊട്ടയാണ്.എന്റെ കഥകള്‍ സിനിമയാക്കാന്‍ ഇറ്റലിയില്‍ നിന്ന് ആളുകള്‍ വന്നിരുന്നു.ഇത്രയും ഞാന്‍ പ്രതികരിച്ചു.ഇനി തനിക്ക് പോവാം.''

4 comments:

  1. എന്തുകൊണ്ട് പലരും പ്രതികരിക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. ശ്രീ.എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടത് പോലെ ആരോടും സമയം വെച്ച് പ്രതികരിക്കൂ എന്ന ഒരു പരിഹാസമല്ല പൊതുസമൂഹത്തിന്റെ മനസ്സില്‍ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവേകം സാഹിത്യ- സാംസ്കാരിക നായകന്മാര്‍ക്കുണ്ടായിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇവിടെ മരത്തിനും മണ്ണിനും കണ്ടല്‍കാടിനും കരിങ്കുരങ്ങിനും വേണ്ടിവരെ സമയവും കാലവും നോക്കാതെ പ്രതിഷേധവും കുറിപ്പും നിരാഹരപ്രഹസനങ്ങളും നടത്തുമ്പോഴും ഒരു മനുഷ്യജീവന് അത്ര പോലും ഇവരൊന്നും വില കല്പിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ഒരു രാഷ്ട്രീയപാര്‍ട്ടിയെ വിമര്‍ശിക്കുവാനോ കുറ്റപ്പെടുത്തുവാനോ, അല്ലെങ്കില്‍ അത്തരം ഒരു പ്രതികരണപ്രക്രിയ എന്നതല്ലായിരുന്നു പ്രതികരിക്കുന്നില്ലേ എന്ന ഓരോ പൌരന്റെയും മനസ്സില്‍ ഉണ്ടായിരുന്നത് എന്ന് വിവേചിച്ചറിയാന്‍ ഇനിയും തിരിച്ചറിവിന്റെ എത്ര നാളുകള്‍ എഴുത്തിന്റെ ഔന്നിത്യങ്ങള്‍ കീഴടക്കിയവര്‍ക്ക് വേണമെന്ന് ഓര്‍ക്കുമ്പോള്‍ വേദനതോന്നുന്നു..

    ReplyDelete
  2. വളരെ നല്ല ചെറു കഥ. അഭിനന്ദനങ്ങള്‍ ...ഈ സമൂഹത്തില്‍ ഇന്ന് പലതിനോടും പ്രതികരിച്ചിട്ടും കാര്യമില്ല എന്ന സ്ഥിതിക്ക് ഒരു ഭ്രാന്തനെ പോലെ പരിസര ബോധം ഇല്ലാതെ വല്ലതും പുലമ്പുന്നതാണ് നല്ലത്. ഇനിയിപ്പോള്‍ സത്യം പുലമ്പുന്ന ഭ്രാന്തന്മാരെയും ഇവരെല്ലാം കൂടി നാളെ ....

    ReplyDelete
  3. ഒന്നും നഷ്ടപ്പെടാതിരിക്കണമല്ലോ..അതുകൊണ്ടാണ്.

    ReplyDelete
  4. "പ്രതികരണം" എന്ന കഥ എന്തുകൊണ്ടൊ ഏറെ ഹൃദ്യമായി .

    ReplyDelete