Pages

Friday, January 10, 2014

ചില ദൈവവിചാരങ്ങള്‍

1
ദൈവം ശലഭത്തെ പോലെയാണെന്നും
പടര്‍ന്നു പന്തലിച്ച മാമരത്തെ പോലെയാണെന്നും
ശാന്തമായ തടാകം പോലെയാണെന്നും
കളകളം പാടുന്ന കാട്ടാറ്‌ പോലെയാണെന്നും
താങ്കള്‍ പറയുന്നു
ദൈവം തീര്‍ത്ത പ്രകൃതിയില്‍
ഉപമകള്‍ പിന്നെയുമെത്രയോ ബാക്കിയുണ്ട്‌ സുഹൃത്തേ
ചീങ്കണ്ണിയുടെ പല്ല്‌ പോലെ
കഴുകന്റെ കണ്ണ്‌ പോലെ
കൊടുങ്കാറ്റിന്റെ കാലുകള്‍ പോലെ
പ്രളയം പോലെ...
2
ഇരുട്ടില്‍ കരഞ്ഞുകരഞ്ഞിരിക്കുന്ന മനുഷ്യനോട്‌
പുരോഹിതന്‍ ചോദിച്ചു:
"എന്താണ്‌ കുഞ്ഞേ നിന്നെ വേദനിപ്പിക്കുന്നത്‌?
ദൈവം സൃഷ്ടിച്ച ഈ ഭൂമിയില്‍
പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ?"
കരയുന്ന മനുഷ്യന്‍ കണ്ണീരിനിടയിലൂടെ പറഞ്ഞു:
"അച്ചോ,അച്ചന്‍ ദൈവം സൃഷ്ടിച്ച ഭൂമിയുടെ കാര്യമാണ്‌ പറയുന്നത്‌
എന്റെ ഭൂമിയോ,കഷ്ടം,ചെകുത്താന്‍ ഉണ്ടാക്കിയതാണ്‌.
3
ദൈവം എന്റെ വെള്ളംകോരിയോ വിറകുവെട്ടിയോ
സുഹൃത്തോ യജമാനനോ അല്ല
എന്റെ ഭക്ഷണം,വസ്‌ത്ര,പാര്‍പ്പിടം,ഇണ
എല്ലാം ഞാന്‍ തന്നെ കണ്ടെത്തുന്നു
എന്റെ വേദനകള്‍ ഞാന്‍ തന്നെ തിന്നുന്നു
എന്റെ മരണം ഞാന്‍ തന്നെ മരിക്കുന്നു.

2 comments:

  1. ദൈവം പണ്ടത്തെ മുത്തശിക്കഥയിലെ കോടാലിസൂപ്പിലുള്ള കോടാലിയാകുന്നു

    ReplyDelete
  2. http://vaisakhtrr.blogspot.in/2014/02/blog-post.html

    ReplyDelete