Pages

Thursday, January 16, 2014

ആം ആദ്‌മി ആലോചനകള്‍

ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നത്‌ സംബന്ധിച്ചുള്ള എന്റെ കഴിഞ്ഞ കുറിപ്പിന്‌ രണ്ട്‌ ദിവസത്തിനകം ലഭിച്ചത്‌ അഞ്ഞൂറിലധികം പേജ്‌ വ്യൂസ്‌ ആണ്‌.സാധാരണയായി ഒരു ദിവസം ശരാശരി 20-25 പേജ്‌ വ്യൂസ്‌ മാത്രം ഉണ്ടായിക്കൊണ്ടിരുന്നിടത്താണ്‌ ഈ അത്ഭുതം സംഭവിച്ചത്‌.മറ്റ്‌ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഞാനെഴുതുന്ന ഒരു കുറിപ്പിനോടോ കവിതയോടോ താല്‌പര്യം പ്രകടിപ്പിക്കുന്നതിന്റെ പത്തിരട്ടി ആളുകളെയാണ്‌ ആ കുറിപ്പ്‌ ആകര്‍ഷിച്ചത്‌.രണ്ട്‌ കാര്യങ്ങളാണ്‌ അതില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.ഒന്ന്‌: ആം ആദ്‌മി പാര്‍ട്ടി വലിയൊരു ജനകീയ വികാരമായി വളരുകയാണ്‌.രണ്ട്‌:രാഷ്ട്രീയമാണ്‌ ഇന്നാട്ടിലെ ജനങ്ങളെ ഏറ്റവും ആഴത്തില്‍ സ്‌പര്‍ശിക്കുന്ന വിഷയം.
ആം ആദ്‌മിയില്‍ ചേരാനുള്ള എന്റെ തീരുമാനത്തിന്‌ ഫോണ്‍വഴിയും അല്ലാതെയും ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന്‌ മറ്റ്‌ ചില കാര്യങ്ങള്‍ കൂടി എനിക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.അവയും അക്കമിട്ടെഴുതാം.
1.നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും അവയുടെ അനുഭാവികളും കടുത്ത യാഥാസ്ഥിതികരും അവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഫ്യൂഡല്‍ മനോഭാവങ്ങള്‍ മുറുകെ പിടിക്കുന്നവരുമാണ്‌.
2.പാര്‍ട്ടി ബോധത്തിനല്ലാതെ ജനാധിപത്യബോധത്തിന്‌ ഇന്നാട്ടില്‍ വേരോട്ടമുണ്ടായിട്ടില്ല.
3.പാര്‍ട്ടി കൂറ്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ഉള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ്‌ മുതല്‍ മുസ്ലീംലീഗ്‌ വരെയുള്ള വലതുപക്ഷ പാര്‍ട്ടിക്കാര്‍ക്കാണ്‌ ഉള്ളത്‌.പാര്‍ട്ടിയുടെയും നേതാക്കളുടെയും നടപടികളെ ചെറിയ അളവിലെങ്കിലും വിമര്‍ശനബുദ്ധിയോടെ കാണാന്‍ സി.പി.ഐ(എം)ലെ ചെറിയ ഒരു വിഭാഗം ആളുകള്‍ തയ്യാറാണ്‌.വലതുപക്ഷ പാര്‍ട്ടിക്കാരില്‍ അത്തരമൊരു സമീപനം മിക്കവാറും ഇല്ല.നേതാക്കളില്‍ ചിലരെ അധിക്ഷേപിക്കാനും ഗ്രൂപ്പ്‌ തിരിഞ്ഞ്‌ വിമര്‍ശിക്കാനും ആവേശം കാണിക്കുമെങ്കിലും പാര്‍ട്ടി എന്ന സ്ഥാപനത്തോടുള്ള അവരുടെ കൂറ്‌ കുറേക്കൂടി ശക്തമാണ്‌.
4.ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ബാധിക്കുമെങ്കിലും അത്‌ കൂടുതല്‍ നഷ്ടം വരുത്തുന്നത്‌ ഇടത്‌ മുന്നണിക്കായിരിക്കും.കാരണം കോണ്‍ഗ്രസ്സിലെയും ലീഗിലെയും കേരളാ കോണ്‍ഗ്രസ്സിലെയും തൊണ്ണൂറ്റൊമ്പത്‌ ശതമാനം ആളുകളും സ്വന്തം പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിച്ചുകളയാം എന്ന്‌ ആലോചിക്കുന്നതേയില്ല.താന്താങ്ങളുടെ പാര്‍ട്ടിയില്‍ ഏതളവില്‍ തിന്മ അടിഞ്ഞുകൂടിയാലും അവര്‍ക്ക്‌ പ്രശ്‌നമല്ല.
5.ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തേ പറ്റൂ അല്ലെങ്കില്‍ രാജ്യത്തിന്‌ വന്‍നാശം സംഭവിക്കും എന്ന വികാരം പൊതുവെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌.
6.രാഷ്ട്രീയത്തിലും ജനകീയപ്രശ്‌നങ്ങളില്‍ പൊതുവെയും ഏറ്റവും ഉദാസീനരായിട്ടുള്ള വിഭാഗം അധ്യാപകരാണ്‌.മറ്റ്‌ സര്‍ക്കാര്‍ ജീവനക്കാരിലും താല്‌പര്യരാഹിത്യം പ്രകടമാണ്‌.
7.ചിട്ടപ്പടി രാഷ്ട്രീയത്തിന്‌ അപ്പുറം കടക്കുന്നതിനെ കടുത്ത അപരാധമായി കാണുന്നവര്‍ മാര്‍ക്‌സിറ്റുകാര്‍ക്കിടയില്‍ മാത്രമല്ല അവരില്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു പോയവരിലും ധാരാളമായുണ്ട്‌.ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസത്തോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ച ഒരു വ്യക്തിയുടെ ചിന്തകള്‍ മറ്റൊരു ഘട്ടത്തില്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്‌ അപ്പുറത്തേക്ക്‌ കടക്കാവുന്നതാണെന്നും ആ മാറ്റം ബഹുജന സമക്ഷം അവതരിപ്പിക്കാന്‍ അയാള്‍ക്ക്‌ സ്വാതന്ത്രയമുണ്ടൈന്നുമുള്ള കാര്യം അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല.
8.ആം ആദ്‌മി പാര്‍ട്ടിയോട്‌ ഏറ്റവും കൂടിയ അളവില്‍ വൈകാരികമായ അടുപ്പം കാണിക്കുന്നത്‌ യുവജനങ്ങളാണ്‌.
9.പ്രത്യയശാസ്‌ത്രം,രാഷ്ടീയ ദര്‍ശനം തുടങ്ങിയ സംഗതികള്‍ ആം ആദ്‌മി പാര്‍ട്ടിക്കില്ല എന്ന്‌ കരുതുന്ന ഒരുപാട്‌ പേരുണ്ട്‌.ഈ വക പദങ്ങളെ കൊണ്ട്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതിന്‌ അപ്പുറത്ത്‌ ഒന്നും അര്‍ത്ഥമാക്കിക്കൂടാ എന്ന്‌ വാശിപിടിക്കുന്നവരാണ്‌ അവര്‍.ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ആം ആദ്‌മി പാര്‍ട്ടിക്കാരെ എളുപ്പത്തില്‍ തോല്‍പ്പിക്കാം എന്ന കടുത്ത ആത്മവിശ്വാസമുള്ള പ്രതയശാസ്‌ത്ര വിദഗ്‌ധരുണ്ട്‌.അങ്ങനെ ആരെയെങ്കിലും തോല്‍പ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന്‌ ഇനിയും അവര്‍ തിരി
ച്ചറിഞ്ഞിട്ടില്ല 
10.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ആം ആദ്‌മിപാര്‍ട്ടിയെ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന നൂറ്‌ കണക്കിന്‌ ആളുകളുണ്ട്‌.ഈ പാര്‍ട്ടിയുടെ മുന്നിലുള്ള ഉത്തരവാദിത്വങ്ങള്‍ ഭാരിച്ചതാണ്‌.
15/1/2014 

1 comment:

  1. വന്‍പിച്ച ഒരു ജനകീയമുന്നേറ്റമായിത്തീരട്ടെ

    ReplyDelete