Pages

Tuesday, January 21, 2014

ആം ആദ്‌മി ആലോചനകള്‍

വര്‍ഗം എന്ന പരികല്‌പനയുടെ അപൂര്‍ണതയും അപര്യാപ്‌തതയും നേരത്തേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയതാണ്‌.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ അത്തരത്തിലുള്ള ആലോചനകളെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്‌.കേരളീയ ജീവിതത്തിലാണെങ്കില്‍ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ വേണ്ടും വണ്ണം വിശകലനം ചെയ്യുന്നതിന്‌ ഒട്ടും തന്നെ സമര്‍ത്ഥമല്ലാതായിത്തീര്‍ന്നിട്ടുണ്ട്‌ വര്‍ഗം എന്ന ആശയം.ഇന്നാട്ടിലെ തൊഴിലാളികളില്‍ ഗണ്യമായ ഒരു വിഭാഗം അവരുടെ തന്നെ പല നടപടികളിലൂടെയും ജീവിതപരിസരങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ പല മാറ്റങ്ങളിലൂടെയും അടിസ്ഥാനവര്‍ഗത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പല സ്വഭാവവിശേഷങ്ങളും കൈമോശം വന്നവരായിത്തീര്‍ന്നിരിക്കയാണ്‌.നേരിട്ട്‌ അധ്വാനശേഷി വിറ്റ്‌ ഉപജീവനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മാനസികമായി തൊഴിലാളികളല്ല.അവരില്‍ ഒരു വിഭാഗം പല തരത്തിലുള്ള ഏജന്‍സി പണികള്‍ ചെയ്യുന്നവരാണ്‌.കുറച്ചു പേര്‍ ഭാഗികമായി തൊഴിലാളികളും വ്യാപാരിസമൂഹത്തില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നവരുമാണ്‌.തങ്ങളുടെതിന്‌ തുല്യമോ തങ്ങളെക്കാള്‍ മോശമായതോ ആയ സാമ്പത്തിക സ്ഥിതിയിലുള്ളവരെ ചൂഷണം ചെയ്യുന്നതിലും വഞ്ചിക്കുന്നതിലും നിന്ദിക്കുന്നതിലും അവരില്‍ പലര്‍ക്കും  യാതൊരു മടിയുമില്ല.
തൊഴില്‍ ദാതാക്കളുടെ താല്‌പര്യങ്ങള്‍ തൊഴിലാളികളുടെതിന്‌ കടകവിരുദ്ധമായി അവര്‍ കേവലം ചൂഷകരും മര്‍ദ്ദകരുമായി മാത്രം നിലകൊള്ളൂന്ന അവസ്ഥ കേരളത്തില്‍ നന്നേ കുറവാണ്‌.ഇവിടെ തൊഴിലെടുപ്പിക്കുന്നവരില്‍ ചെറുതല്ലാത്ത ഒരു വിഭാഗം തൊഴിലാളികളേക്കാള്‍ അല്‌പം മാത്രം മെച്ചപ്പെട്ട അവസ്ഥയില്‍ ഉള്ളവരാണ്‌.അതേ സമയം സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അനേകലക്ഷം തൊഴിലാളികളില്‍ പാതിയ്‌ിലേറെ പേര്‍ താഴ്‌ന്ന ഇടത്തരം കച്ചവടക്കാരെയും ചെറുകിട മുതലാളിമാരെയുംകാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്ന സുരക്ഷിത വിഭാഗത്തില്‍ പെടുന്നവരുമാണ്‌.കൂലിപ്പണിക്കാരും ചെറുകിട വ്യാപാരികളും സ്വന്തം നിലക്ക്‌ ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുന്നവരും ഒക്കെയാണ്‌ ഇന്നാട്ടിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും.രണ്ടറ്റവും കൂട്ടിമുട്ടിക്കാനാനാവാതെ വിഷമിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ അവരുടെയൊക്കെ ജീവിതത്തില്‍ സാധാരണമാണ്‌.അതിനു പക്ഷേ മുതലാളിമാര്‍ നേരിട്ട്‌ ഉത്തരവാദികളാവുന്നത്‌ ഏതാനും ചില മേഖലകളില്‍ മാത്രമാണ്‌.ഭരണകൂടം ഈ തൊഴിലാളികളുടെ കാര്യങ്ങളില്‍ കടുത്ത അലംഭാവം പുലര്‍ത്തുന്നു എന്നതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം, ജീവിതച്ചെലവില്‍ ഉണ്ടാവുന്ന വന്‍ വര്‍ധനവ്‌,തൊഴിലിന്റെ സാധ്യതയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍,തൊഴിലുമായോ തൊഴിലുപകരണങ്ങളുമായോ ബന്ധപ്പെട്ട്‌ ഇടക്കിടെ ഉണ്ടാവുന്ന അനുബന്ധച്ചെലവുകള്‍ ഇവയൊക്കെ തൊഴിലാളികളെ രൂക്ഷമായി ബാധിക്കാറുണ്ട്‌.ഈ പ്രശ്‌നങ്ങള്‍ പക്ഷേ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ച്‌ സമരം ചെയ്യുന്ന അവസ്ഥയിലേക്ക്‌ തൊഴിലാളികളെ എത്തിക്കുന്നില്ല.സാമ്പത്തികമായി അവശതയും ദുരിതങ്ങളും അനുഭവിക്കുന്നവര്‍ തന്നെ വര്‍ഗബോധത്തിന്റെയും വര്‍ഗതാല്‌പര്യങ്ങളുടെയും കാര്യത്തില്‍ പല തട്ടിലാണെന്നതാണ്‌ വാസ്‌തവം.തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവരായി ഭാവിച്ചും നേതൃത്വത്തിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്നവരെ അതിരില്ലാത്ത വിധേയത്വത്തിലൂടെ പ്രീണിപ്പിച്ചും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ അധികാരകേന്ദ്രങ്ങളായി മാറിയവരില്‍ തൊണ്ണൂറ്‌ ശതമാനവും വന്‍കിടസാമ്പത്തിക ശക്തികളുമായി ചേര്‍ന്ന്‌ വ്യാപാരം നടത്തുന്നതിലും അതിനു സാധ്യതയില്ലെങ്കില്‍ അവരുടെ ഒത്താശക്കാരായി ധനം സമ്പാദിക്കുന്നതിലും അതീവ തല്‌പരരാണെന്ന്‌ തൊഴിലാളികള്‍ക്കറിയാം.ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്റെ പ്രായോഗിക പാഠങ്ങളാണ്‌ അടിസ്ഥാന വര്‍ഗത്തില്‍ പെടുന്നവര്‍ ഈ നേതാക്കളില്‍ നിന്ന്‌ പഠിക്കുന്നത്‌.വ്യക്തികളെന്ന നിലയില്‍ നേതാക്കള്‍ നല്‍കുന്ന മാതൃകയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രശ്‌നം.സഹകരണത്തിന്റെ രാഷ്ട്രീയം,വികസനത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെയൊക്കെയുള്ള പേരുകളില്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കി തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ കമ്യൂണിസ്റ്റുകാര്‍ തന്നെ ദശകങ്ങളായി പിന്‍നിരയിലേക്ക്‌ തള്ളിക്കൊണ്ടിരിക്കയാണ്‌.ഇനി അതിനെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയാക്കി മാറ്റാന്‍ അവര്‍ക്കു പോലും സാധ്യമാവില്ല.
ആഗോളവല്‍ക്കരണം അനേകം പുതിയ തൊഴില്‍മേഖലകള്‍ സൃഷ്ടിക്കുകയും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന അവസ്ഥയിലേക്ക്‌ ചെറിയ ഒരു വിഭാഗം തൊഴിലാളികളെ ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.വിദേശ തൊഴിലാളികളുടെ എണ്ണത്തിലും അവരില്‍ നിന്ന്‌ വര്‍ഷം തോറും സംസ്ഥാനത്തേക്ക്‌ ഒഴുകിയെത്തുന്ന പണത്തിലും കഴിഞ്ഞ രണ്ടുമൂന്ന്‌ ദശകങ്ങള്‍ക്കുള്ളില്‍ വന്‍വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.ഇതൊക്കെ കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തെയും തൊഴിലാളികളുടെ മൂല്യസങ്കല്‌പങ്ങളെയും വന്‍തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്‌.അരപ്പട്ടിണിക്കാരനായി പാടത്തോ തൊഴില്‍ശാലയിലോ എല്ലുമുറിയെ പണിയെടുക്കുകയും നിത്യപട്ടിണിക്കാരനായി ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ ചിത്രം സിനിമയിലോ നാടകത്തിലോ ഒന്നും അവതരിപ്പിക്കാന്‍ പറ്റാതായിട്ടുണ്ട്‌.അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്‌ കുറച്ചെങ്കിലും വിശ്വാസ്യത ലഭിക്കണമെങ്കില്‍ അവര്‍ ആദിവാസികളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ചില വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം.ദാരിദ്ര്യം പാടേ തുടച്ചുനീക്കപ്പെട്ട ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം എന്നല്ല പറഞ്ഞു വരുന്നത്‌.ഇന്നാട്ടിലെ ദാരിദ്യത്തിന്റെ അളവിലും തരത്തിലുമെല്ലാം സാരമായ മാറ്റങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌.മദ്യത്തിനു വേണ്ടി ദിവസവും നൂറ്‌ രൂപയെങ്കിലും ചെലവാക്കിയില്ലെങ്കില്‍ ഉറക്കം വരാത്ത ലക്ഷക്കണക്കിന്‌ തൊഴിലാളികളാണ്‌ ഇവിടെയുള്ളത്‌.ബീവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന്‌ മാസം തോറും വിറ്റുപോവുന്നത്‌ എട്ടും ഒന്‍പതും പത്തും കോടിരൂപയുടെ മദ്യമാണ്‌.ഇത്‌ വാങ്ങുന്നവരില്‍ എഴുപത്‌ ശതമാനമെങ്കിലും സാധാരണ തൊഴിലാളികളാണ്‌.ഇവരെ പഴയ മട്ടില്‍ മര്‍ദ്ദിതരും ചൂഷിതരും പൊട്ടിച്ചെറിയാന്‍ വില
ങ്ങുകള്‍ മാത്രമുള്ളവരുമായി കണക്കാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല.
കേരളത്തില്‍ ഉയര്‍ന്നു വരേണ്ട പുതിയ രാഷ്ട്രീയ സംസ്‌കാരത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടത്തെ തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങളിലും മാനസികജീവിതത്തിലും വന്നു ചേര്‍ന്ന മാറ്റങ്ങളെയെല്ലാം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്‌.
20/1/14 

1 comment:

  1. കേരളത്തില്‍ ഉയര്‍ന്നു വരേണ്ട പുതിയ രാഷ്ട്രീയ സംസ്‌കാരത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടത്തെ തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങളിലും മാനസികജീവിതത്തിലും വന്നു ചേര്‍ന്ന മാറ്റങ്ങളെയെല്ലാം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്‌.

    വളരെ ശരി

    ReplyDelete