മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്ന ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ അങ്ങാടിച്ചൂടില്‍
അകംചുട്ട് ചത്തുപോയി
അതിന്റെ കുഞ്ഞുശരീരം അടക്കം ചെയ്തിടത്ത്
ഇപ്പോഴിതാ പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.
(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)
എന്തെന്നറിയാതെ കുത്തിക്കുറിച്ചതാണെങ്കിലും എല്ലാം പറയുന്നു ഈ വരികള്‍
ReplyDelete